കരുണാതന്‍ കാതലെ കൈതൊഴാം, സ്നേഹരശ്മിയേ ഞങ്ങള്‍ കൈതൊഴാം
മഹിമതന്‍ കോവിലേ കൈതൊഴാം , തൊഴാം മഹിതന്‍ വെളിച്ചമേ കൈതൊഴാം
ഒരു ചെറു ദീപവുമേന്തി ഞാന്‍, നിന്റെ അരികിലായി അര്‍ച്ചനക്കെത്തവേ
കനവിന്‍ കടാക്ഷങ്ങള്‍ ഏകണേ, എന്നില്‍ കരളില്‍ അമൃതം പൊഴിക്കണേ
അവിവേക ശാലികള്‍ പാപികള്‍, ഞങ്ങള്‍ അഖിതങ്ങള്‍ വല്ലതും ചെയ്യുകില്‍
അഖില പ്രകാണ്ട പ്രകാശമേ, ഞങ്ങള്‍ക്കരുളണേ മാപ്പ് നീ ഈശ്വരാ
ഞങ്ങള്‍ക്കരുളേണേ മാപ്പ് നീ ഈശ്വരാ .......!
ശ്രീദേവീ ടീച്ചര്‍ ഇന്നും ഈശ്വരപ്രാര്‍ത്ഥന കഴിഞ്ഞാണ് സ്കൂളില്‍ എത്തിയത്
രജിസ്ടറില്‍ ഒപ്പിടാന്‍ ഓഫീസ് റൂമിന്റെ പടിവാതിക്കല്‍ എത്തിയപ്പോള്‍
പ്രധാനധ്യാപകന്‍ പ്രദീപ് മാഷ് ഇരുത്തിയൊന്നു മൂളി ..
എന്താ ടീച്ചറേ ഇത് , കണക്ക് പഠിപ്പിക്കുന്ന നിങ്ങളിങ്ങനെ , കഷ്ടാണേട്ടൊ ..
അതു മാഷേ ......... വാക്കുകള്‍ തൊണ്ടയിലെവിടെയോ കുരുങ്ങി ..
പുതുക്കം മാറാത്ത ഒപ്പിലേക്ക് ആരും കാണാതെ ഒളിപ്പിച്ച രണ്ടു തുള്ളി കണ്ണീര്‍ വീണ് ചിതറി ..
ബോലോ .. ഭാരത് മാത കീ .......... ജയ് .. ജയ് .. അനേകായിരം കണ്ഠങ്ങള്‍ ഒന്നിച്ച്
അന്തരീക്ഷത്തില്‍ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദത്തില്‍ എരിഞ്ഞടിങ്ങയത് ഒരു ജനതയുടെ
പ്രതീക്ഷകളായിരുന്നു എന്നു എം എല്‍ എ വാതൊരാതെ പറഞ്ഞപ്പോള്‍ താലികെട്ടി
ഏതാനും മാസങ്ങള്ക്കകം വിധവയായ് പോയവളുടെ നൊമ്പരമല്ലായിരുന്നു ശ്രീദേവിയുടെ ഉള്ളില്‍,
എവിടെയോ അഭിമാനത്തിന്റെ , ഭാരതത്തിന് വേണ്ടി ബലി കഴിക്കപ്പെട്ടവളുടെ മനസ്സായിരുന്നു ..
ഒരു പട്ടാളക്കാരന്റെ മണവാട്ടിയായ് കാലെടുത്ത് വയ്ക്കുമ്പോഴും മനസ്സില്‍ ഏതൊരു
നവവധുവിനെപ്പോലെ അവള്‍ക്കും സങ്കലപ്പങ്ങളുടെ പല വിധ ലോകമുണ്ടായിരുന്നു ,
ആദ്യമായി കുഞ്ഞിന്റെ തുടിപ്പുകള്‍ അറിഞ്ഞ നാള്‍ , ഫൊണിലൂടേ കിട്ടിയ കാശ്മീരിന്റെ
തണുത്തുറഞ്ഞ മുത്തത്തിന്റെ മാധുര്യം മാറും മുന്നേയാണ് , ഇന്ത്യന്‍ പതാക പുതച്ച ശരീരം മുറ്റത്ത്,
പച്ച വണ്ടികള്‍ കൊണ്ടിറിക്കിയത് ... പ്രാദേശിക മാധ്യമങ്ങള്‍ കൊണ്ടാടിയത് ,
ധീരനായ ഭര്‍ത്താവിന്റെ ഭാര്യ എന്ന പദവിയില്‍ കൊണ്ടേറ്റി നടന്നത് , സഹതാപത്തിന്റെ
നോട്ടത്തിന് പകരം ധൈര്യം തന്ന നാട്ടു കരങ്ങളില്‍ , സ്വന്തം ദുഖം എപ്പൊഴോ വച്ചു മറന്നത് ...
ഔദ്യൊഗികമായ ആചാരങ്ങള്‍ക്ക് നടുവില്‍ കുടുംബത്തിലെ കുഞ്ഞു മരുമകന്‍
പ്ലാവിന്റെ കനലുകള്‍ ചിതയില്‍ ചേര്‍ക്കുമ്പോള്‍ , അഗ്നി ഒരു വശത്ത് നിന്നു
വിശപ്പ് മൂത്ത് ആളി പടരുമ്പോള്‍, ആയിരം കരങ്ങള്‍ മേലൊട്ട് ഉയര്‍ന്ന്
വന്ദേ മാതരവും , ഭാരത് മാത കീ ജയ്യും നിറഞ്ഞ അന്തരീഷത്തില്‍ ,
മുകളിലത്തെ , അനിലേട്ടന് ഏറ്റവും ഇഷ്ടമുള്ള കിളിചുണ്ടന്‍ മാവ് ചാഞ്ഞു
നില്‍ക്കുന്ന ജനല്‍ പാളികളില്‍ ഹൃദയം നിറയുന്ന വേവോടെ ചേര്‍ന്നു നിന്നത് .......
ഒരു പട്ടാളക്കാരന്റെ വിധവക്ക് കരയുവാന്‍ പോലും അവകാശമില്ലെന്ന്
തോന്നി പോയിരുന്നു, അന്ന് ശ്രീദേവിക്ക് ...
ഒരു വടി എടുത്ത് അടിക്കുന്നതിനേക്കാള്‍ വേദനയാണ് കുത്തുവാക്കുകള്‍ കൊണ്ട് ഉണ്ടാകുന്നത്
നിരന്തരം എങ്ങോട്ട് തിരിഞ്ഞാലും കുത്തുവാക്കുകളുടെ മുള്‍ മുനകളില്‍ തട്ടി
നൊമ്പരപ്പെന്നൊരു മനസ്സ് , അനിലേട്ടന്റെ ആത്മാവ് തങ്ങി നില്‍ക്കുന്ന ഇവിടം വിട്ട്
എങ്ങനെയാണ് പടി ഇറങ്ങി പോകുക , അച്ഛനേ തിരക്കുമ്പോള്‍
എന്തടിസ്സ്ഥാനത്തിലാണ് ഞാന്‍ ഉണ്ണിക്കുട്ടന് പറഞ്ഞു കൊടുക്കുക ..
ഏക ആശ്വാസ്സം സ്കൂളിലെ കുട്ടികളോടൊത്തുള്ള നിമിഷങ്ങളാണ് ..
കണക്കുകളില്‍ സ്നേഹം ചേര്‍ത്ത് അവരോട് കൂടി ഹരിച്ചും കൂട്ടിയുമിങ്ങനെ ...!
വൃദ്ധ സദനങ്ങള്‍ കൂടി പോകുന്നതിനെ പറ്റി വാചാലമാകുന്നത് കേള്‍ക്കുമ്പോള്‍
പലപ്പൊഴും തന്നിലേക്ക് ചേക്കേറി ശ്രീദേവി ചിന്തിക്കാറുണ്ട് ..
വയസ്സായ രണ്ടു മുഖങ്ങളിലും , മൊഴികളില്‍ നിന്നും തനിക്ക്
നേരിടേണ്ടി വരുന്ന വേദനകള്‍ , ഒരു പ്രയോജനം ഇല്ലെങ്കില്‍ കൂടി
അവരുടെ മാനസിക സന്തൊഷത്തിന് വരെ കുറ്റങ്ങളുടെ ഘോഷയാത്ര തീര്‍ക്കുന്ന
ഒരൊ ദിനങ്ങളും , പ്രത്യേകിച്ച് അവധി ദിവസങ്ങള്‍ ..
ചിലപ്പൊള്‍ സഹിക്ക വയ്യാതെയാകും ചിലര്‍ കടും കൈയ്യ് ചെയ്യുകയല്ലേ ..
ഇല്ലെട്ടൊ , അങ്ങനെ ചിന്തിക്കാന്‍ പാടില്ല , അനിലേട്ടനു ജന്മം നല്‍കിയവരെന്ന
ചിന്ത എന്നില്‍ നിന്നും വിട്ടകലുന്നുണ്ട് ഈയിടയായ് , ഉണ്ടായിരുന്ന ആത്മാര്‍ത്ഥത
ചോര്‍ന്നു പോകുന്നുണ്ടെന്ന് വല്ലാതെയായിട്ട് തോന്നി തുടങ്ങിയിരിക്കുന്നു ...
വിവിക്തമായ നിമിഷങ്ങളിലേക്ക് കാലം കൊണ്ടെത്തിക്കുമ്പോള്‍
ചുറ്റിനും വിരിമാറ് കാട്ടിയ സ്നേഹവും , മൊഴികളും
ഒരു നിമിഷം കൊണ്ട് പിരിഞ്ഞു പോകുമ്പോള്‍
നനുത്ത ഏകാന്ത നിമിഷങ്ങളില്‍ , ഹൃദയം കുതിരുമ്പോള്‍
നിര്‌വ്വികാരമായ ചിന്തകള്‍ വരികളായി പരിണമിക്കും ..
അതില്‍ നിന്നൊരു അരുവി പിറക്കും , പുഴയാകും
കടലില്‍ ചേരും .. കടലാഴത്തില്‍ അടിയും ..
അതീന്നൊരു തുള്ളി ഹൃത്തെടുത്ത് , മിഴികളില്‍ മഴ വിരിയിക്കും ......!
കാലം നമ്മളില്‍ നിന്ന് ഒന്നെടുക്കുമ്പോള്‍ മറ്റൊന്നു നല്‍കുമെന്നാണ്,
അതിനോളം വരില്ലെങ്കിലും കൂടി ശ്രീദേവിക്ക് ഉണ്ണിക്കുട്ടനെ കൊടുത്ത പോലെ ..
പക്ഷേ അവന്റെ കുറുമ്പ് ഈയിടയായ് വളരെ കൂടുതലാണ്..
ആ നിഷ്കളങ്ക കുറുമ്പുകളില്‍ കേള്‍ക്കേണ്ടി വരുന്നത് സഹനത്തിനപ്പുറവും ..
വിശേഷിച്ച് ഒന്നും പറയാനില്ലെങ്കില്‍ കൂടി ആരെയെങ്കിലും ഒരു ബന്ധുവിനെയോ
സുഹൃത്തിനേയൊ വിളിക്കും , ഒരുപാട് നേരം സംസാരിക്കും , അതു വീട്ടിലേക്ക്
വരുന്ന വഴിക്കാണ് പലപ്പൊഴും ചെയ്യുക , വീട്ടിലാണേല്‍ അതും പ്രശ്നമാകും ..
മനസ്സിന്റെ കടിഞ്ഞാന്‍ പൊട്ടി പോകുമോ എന്ന ഭയമുണ്ട് ഈയിടെയായ്,
ഇതല്ലാതെ മറ്റൊരു ലളിതമായ മാര്‍ഗമില്ല , പഠിക്കുമ്പൊഴും പറയത്തക്ക
ആത്മബന്ധങ്ങളൊന്നും ആരോടും പുലര്‍ത്തിയിരുന്നില്ല , അതു കൊണ്ട് തന്നെ
ഹൃദയം തുറക്കുവാന്‍ ആദ്യം നല്ലൊരു ബന്ധം സൃഷ്ടിക്കുന്നതിന്റെ ആവശ്യകത
കൂടി വരുന്നുണ്ട് , ചിലരുടെ ഭാഗത്ത് നിന്നും രണ്ടാമത്തെ വിവാഹത്തിനുള്ള
ഒരുക്കങ്ങളേ കുറിച്ചുള്ള ചോദ്യങ്ങളാണ് , സ്വന്തം വീട്ടുകാര്‍ക്ക് പിന്നെ ആ ചിന്തയില്ല
മരണത്തിന് കിട്ടിയ കാശൊക്കെ അനിലേട്ടന്റെ അച്ഛന്റെ പേരിലാണ് , അതു കൈയ്യിലേക്ക്
കിട്ടും വരെ അവരൊന്നും മൊഴിയുമെന്ന് കരുതണ്ട , ഇനിയുമുണ്ടേ കെട്ടിക്കാന്‍
പ്രായത്തിലൊരാള്‍ അവിടെ , അതിന്റെ ആകുലതകള്‍ അവരും പ്രകടിപ്പിക്കാതിരിക്കില്ലല്ലൊ..!
ചില കണ്ണുകളില്‍ ആര്‍ത്തിയുണ്ട് , പേടിപ്പെടുത്തുന്ന ഇരയോടുള്ള ആര്‍ത്തി
ചിലതില്‍ സഹതാപത്തിന്റെ നിറം കലര്‍ത്തിയ നോട്ടമുണ്ട് ,പതിയേ മാറുന്നത് ..
കാമം തന്നെയാണ് എല്ലാന്റിന്റേയും അവസ്സാനം , ആ വികാരം മാത്രമാണ്
മുന്നിട്ട് നില്‍ക്കുന്നതും , ബസ്സില്‍ പിറകില്‍ നിന്നു മുട്ടുന്നവരും , നടക്കുമ്പോള്‍
അറിയാതെ തട്ടുന്നവരും , കണ്ണുകളും കൈകളും കൊണ്ട് ആംഗ്യം കാട്ടുന്നവരുമെല്ലാം
എന്താണാവോ ധരിച്ച് വച്ചിരിക്കുന്നത് , നിര്‌വ്വികാരമായ തുരുത്തുകളില്‍
വേര്‍തിരിച്ചറിയുവാന്‍ വയ്യാത്ത നിമിഷങ്ങള്‍ , എല്ലാ തരത്തിലുള്ള വികാരങ്ങളും
നഷ്ടപ്പെട്ട് നില്‍ക്കുമ്പോള്‍ , ഇവരുടെയൊക്കെ വിചാരം ഞാന്‍ ദാഹിച്ച് നടക്കുകയാണെന്നാകും ..
ഇന്ന് ഞാറാഴ്ച്ച ആണ് , ഇത്തിരി വൈകി ഉണര്‍ന്ന് ഉണ്ണിയുമായി താഴേക്ക് ചെല്ലുമ്പൊഴേ
മുറുമുറുപ്പുകള്‍ തുടങ്ങി , നാട്ടുകാരെ ആരെയെങ്കിലും കിട്ടിയാല്‍ ,ഞാന്‍ വന്ന് കയറി
മരണത്തിലേക്ക് അനിലേട്ടനേ വിട്ട പോലെയാകും പിന്നെ വാതോരാതെ വര്‍ത്തമാനം ..
സ്പേഷ്യല്‍ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ച രമ്യയുടെ വീട്ടില്‍ പോയിരുന്നു
ഉണ്ണി അവര്‍ക്ക് പ്രീയപെട്ടവന്‍ തന്നെ , അതെങ്കിലും ആശ്വാസ്സം , അല്ലെങ്കിലും ഞാന്‍
ആണല്ലൊ അധികപ്പറ്റ് , ഈ ഭൂമിക്ക് തന്നെ , ഈ ജോലി കൂടി ഇല്ലായിരുന്നേല്‍ ...?
പെണ്ണിന്റെ ശത്രു പെണ്ണാണെന്ന് തോന്നിപ്പോകും ഇടക്കൊക്കെ ..
ശാപ വാക്കുകള്‍ കൊണ്ട് മനസ്സ് മുരടിച്ച് പോകുന്നു ..
അല്ല , ഇന്നലെ രാത്രീ മഴ പെയ്തൊ , അനിലേട്ടനെ ദഹിപ്പിച്ച സ്ഥലത്തെ തെങ്ങിന്‍ തൈയ്യ്
നന്നായി വളര്‍ന്നു തുടങ്ങിയിക്കുന്നു , വെറുതേ അതിനടുത്ത് പോയി നില്‍ക്കുമായിരുന്നു
ഇത്തിരി നാള്‍ മുന്നേ വരെ , അപ്പൊഴേ തുടങ്ങും ഇത്തിരി ഉച്ചത്തില്‍ തന്നെ
ജീവിച്ചിരുന്നപ്പൊഴോ സ്വസ്ഥത കൊടുത്തില്ല ഇനി മരിച്ചിട്ടും കൊടുക്കരുത് നീയ്യ് ...
തെങ്ങിന്‍ തൈയ്യില്‍ നിന്നും ഇറ്റ് വീണ മഴത്തുള്ളികലള്‍ തീര്‍ത്ത വിടവുകള്‍ മണ്ണില്‍ കാണാം
ഒരോ തുള്ളിയും കുളിരോടെ പതിക്കുമ്പോള്‍ ഇക്കിളി കൊണ്ട് കുന്നു കൂടിയ മണ്ണിന്റെ മനസ്സ്
" അനിലേട്ടാ ................ ഒന്നു വിളി കേള്‍ക്കു ഏട്ടാ ... " കണ്ണീരു പോലും വറ്റിപ്പോയോ ദേവീ ..?
കാലില്‍ എന്തോ അരിച്ച് കേറുന്നത് പോലെ തോന്നിയിട്ട് നോക്കുമ്പോള്‍ , താഴേന്ന് ഒരു കൂട്ടം
ഉറുമ്പുകള്‍ കയറി വരുന്നുണ്ട് , പതിയേ അവരെന്തോ പറയും പോലെ ..
ഏട്ടന്റെ ആത്മാവ് കണ്ടിട്ടുള്ള വരവായിരിക്കുമോ ..... പതിയെ കുനിഞ്ഞിരുന്നു
കൈയ്യ് വിരലുകള്‍ താഴേക്ക് വച്ച് ഒരോ ഉറുമ്പുകളേ കൈയ്യിലേക്കെടുത്തു .. പരക്കം പായും പോലെ
തലങ്ങും വിലങ്ങും ഓടി കളിക്കുന്നുണ്ടവ , ഒരിക്കല്‍ കടലു കാണാന്‍ ഏട്ടനോടൊപ്പം പോയപ്പോള്‍
എന്റെ കൈകളില്‍ വിരല്‍ തുമ്പ് കൊണ്ട് തൊട്ട് തൊട്ടില്ല പോലെ ഓടിച്ച് കളിച്ചിരുന്നത് .....
"മഴ പെയ്യുന്നുണ്ട് , തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെ , ഒരു കൈയ്യ് അരയില്‍ ചേര്‍ത്ത്
താഴേ കായലിലേക്കുള്ള നടത്തത്തില്‍ നിന്നില്‍ നിറഞ്ഞിരിക്കുമ്പോഴുള്ള സുഖം ..
ഒരു ചെറിയ വഞ്ചിയില്‍ , നിന്റെ തുഴച്ചിലിനോടൊപ്പം , ആടിയുലഞ്ഞ്
മഴ ചാറ്റല്‍ കൊണ്ട് ജീവിതത്തിന്റെ അങ്ങേയറ്റം വരെ നിന്നോടൊപ്പം ......."
ഞെട്ടിയാണ് ഉണര്‍ന്നത് ,സ്വപ്നം പോലും പൂര്‍ത്തിയാക്കാനാവാതെ
രാവിലെപ്പൊഴോ .. പുറത്ത് മഴ പെയ്യുന്നുണ്ട് , കൈയ്യില്‍ എന്തോ
കടിച്ച പോലെ .. ഹോ .. ഉറുമ്പുകളാണല്ലൊ , ഉണ്ണിനെ കടിച്ചു കാണുമോ ആവോ ..?
രാവിലത്തെ പണികളൊക്കെ ധൃതിയില്‍ തീര്‍ത്ത് ഉണ്ണിയെ എഴുന്നേല്പ്പിച്ച് കുളിപ്പിച്ചിട്ട്
വേണം സ്കൂളില്‍ പോകാന്‍ , ഈയിടയായ് സ്വപ്നത്തില്‍ അലിഞ്ഞലിഞ്ഞ്
ഉറക്കം കൂടുതലാകുന്നു , ഇനിയും പ്രദീപ് മാഷിന്റെ മുഖം കാണാന്‍ വയ്യ ....
ഉണ്ണിയെ ഉമ്മ വച്ച് വയറ്റില്‍ ഇക്കിളിയിട്ട് എഴുന്നേല്പ്പിക്കുമ്പോഴാണ് ശ്രദ്ധിച്ചത്
ജനലിന്റെ ഇടയിലൂടെ ഒരു കൂട്ടം എറുമ്പുകള്‍ പാത തെളിച്ച് നിര നിര ആയി നീങ്ങുന്നത്
പതിയെ ജനല്‍ പാളി തുറന്ന് നോക്കുമ്പോള്‍ താഴേക്ക് പോകുന്നുണ്ട് വളരേ വേഗത്തിലവര്‍ ..
പൊടുന്നനേ മിഴികള്‍ ചെന്നു വീണത് അനിലേട്ടനേ ദഹിപ്പിച്ചടുത്തേക്കാണ് ...
കേറി ചെല്ലുമ്പോള്‍ തന്നെ സ്വാഗതം ചെയ്യുന്നത് വാകമരമാണ്..
എന്തു വലുതാണല്ലേ ഈ മരം , എത്രയോ വര്‍ഷമായി
ഇവിടത്തെ കുട്ടികളെ കണ്ടും , തണലേകിയും ...
അതിനു താഴെ സുന്ദരന്‍ ചേട്ടനെ കാണാം , എന്നും ഒന്നു ചിരിക്കും ..
ഐസ്സും , കാരക്കയും വില്‍ക്കുന്ന ആ ചേട്ടനും ഈ വിദ്യാലയം
തുടങ്ങിയന്നു മുതല്‍ ഇവിടെയുള്ളത് പോലേ തോന്നും അത്രക്ക്
ആ പരിസരവുമായി ചേര്‍ന്നു പോയിരിക്കുന്നു ആ മനുഷ്യന്‍ ..
സ്റ്റാഫ് റൂമിലിരിക്കുമ്പോള്‍ പുറകു വശത്തെ അരയാലിന്റെ ഇളക്കം
കാണാനും ഭംഗിയാണ് , വൃശ്ചികമാസത്തിലെ കാറ്റിനൊപ്പം നൃത്തം
വയ്ക്കുന്ന ഇലകളുടെ ശബ്ദം മനസ്സിനെ വല്ലാതെ നിറക്കും ...
ഒരു ദിനം കൂടി കൊഴിയുന്നു , എന്തോ വല്ലാത്തൊരു അസ്വസ്ത്ഥത പോലെ
ബസ്സിറങ്ങി വീട്ടിലെത്തുമ്പോള്‍ ആകെ വിയര്‍ത്തിരുന്നു , നല്ല ക്ഷീണം കൊണ്ട്
പടിപ്പുരയില്‍ ഇത്തിരി നേരമിരുന്നു , പാടം മഴയില്‍ നനഞ്ഞ് കിടപ്പുണ്ട്
മൂന്ന് മൈനകള്‍ എന്തോ തല വെട്ടിച്ച് കൊത്തി കൊത്തി തിന്നുന്നുണ്ട്
വീണ്ടും എന്റെ ഉണ്ണിയുടെ , നാലു ചുവരുകളുടെ, വേവുകളുടെ അകത്തളങ്ങളിലേക്ക് ....
ഇരുട്ടിനുള്ളില്‍ ആരൊ വരിഞ്ഞ് മുറുക്കുന്ന പോലെ
അടങ്ങാത്ത സ്നേഹത്തിന്റെ നിശ്വാസ്സം .. പിന്‍ കഴുത്തിലൂടെ അധരങ്ങള്‍
താഴേക്ക് നനവ് പടര്‍ത്തിയിറങ്ങും പോലെ , കാലുകല്‍ പതിയെ നിവര്‍ന്ന് പോകുന്നു
കരതലങ്ങള്‍ കൂട്ടി പിടിച്ച് , ഹൃദയത്തിലേക്ക് പുറത്തേ മഴയുടെ കുളിര്‍ പൊഴിക്കുന്നു
എത്രയൊ കാലങ്ങളായി കാത്തിരുന്നൊരു സാമീപ്യം , മിഴികളടഞ്ഞ് , ഇരുട്ടിന്റെ
ആഴത്തിലേക്ക് പടിയിറങ്ങി പോകുന്ന ഒരു മിന്നല്‍ പിണര്‍ ....
എത്രയോ കാതങ്ങള്‍ അകലേന്ന് വരുന്ന കാറ്റിന്റെ മണം , നിന്നെ അറിയും പോലെ ...!
ഇന്നും , എന്തേ ഇത്ര പുലര്‍ന്നിട്ടും എഴുന്നേല്‍ക്കാനാവുന്നില്ല
ഒന്നും കൂടി കിടക്കാം വല്ലാത്ത ക്ഷീണം പോലെ , ഉണ്ണിക്കുട്ടനും എഴുന്നേറ്റില്ലല്ലൊ ..
ഇന്നും സ്കൂളില്‍ വൈകിയാകുമോ എത്തുക , ഒന്നിനും വയ്യാത്തൊരു അവ്സ്ഥ ..
ഉണ്ണീ എഴുന്നേല്‍ക്കെട കുറുമ്പാ , യ്യൊ , എന്താ കൈകള്‍ മരവിച്ച പോലെ ..
ഈ ജനല്‍ ആരാ തുറന്നിട്ടേ , മൊത്തം തണുപ്പ് ഉള്ളിലേക്ക് കയറിയല്ലൊ ..
ഉണ്ണിക്ക് തണുപ്പ് കിട്ടിക്കാണുമോ ആവോ ........ എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ലല്ലൊ ...
ഇന്നലത്തേ മഴയില്‍ കുതിര്‍ന്ന് മാവ് നാണിച്ച് ചാഞ്ഞ് നില്പ്പുണ്ട് ...
വെയില്‍ പരക്കേ പടര്‍ന്ന് കഴിഞ്ഞു , ഹോ മുഴുവന്‍ ഉറുമ്പരിച്ചിരിക്കുന്നല്ലൊ
ദേഹത്തൂടെ ഉരുമ്പുകള്‍ കയറി പോയിട്ടും ഞാന്‍ അറിയുന്നില്ലല്ലൊ ...................
കണ്ണാ , എഴുന്നേല്‍ക്കെടാ ......... എത്ര നേരായി അമ്മ വിളിക്കണൂ .........
കൈകള്‍ മാറി മാറി ഉണ്ണി വിതുമ്പുന്നത് തടയുവാനാവാതെ ,
ഉറുമ്പുകള്‍ പറയുന്നത് കാതോര്‍ത്ത് , വീണ്ടും കണ്ണുകളടച്ച് ഉറക്കത്തിലേക്ക് ......!
{ചിത്രങ്ങള്‍ , ഗൂഗിളിന് സ്വന്തം }