Saturday, May 26, 2012

വേരറ്റ് പോകുന്നത്...
















അച്ചൂ ............... അച്ചൂ ................ ഈ കുട്ടി ഇതെവിടെയാ ?
ഇവിടെ വാ അച്ചൂ .. ഒരു കൂട്ടം പറയാനുണ്ട് ..
എപ്പോള്‍ നോക്കിയാലും കളി തന്നെ ..
സ്കൂള്‍ ഇല്ലാന്ന് വച്ച് , ഇതിത്തിരി കൂടുതാലാട്ടോ കുട്ടീ ..
ഞാന്‍ ദാ വരുന്നമ്മേ .. അതേ അപ്പുറത്തേ സുമുവും , പ്രീയയും
വന്ന് അവരുടെ പൂച്ച കുഞ്ഞിനെ കാണിക്കുവാ ..
അതേടാ , നിനക്കല്ലേലും പെണ്‍പിള്ളേരെ കണ്ടാല്‍ പിന്നേ വേറെ ആരും വേണ്ടാല്ലൊ ..
കൊന്നത്തെങ്ങു പൊലെയായ് ഇപ്പൊഴും കൊച്ചു കുട്ടിയെന്നാ വിചാരം
ഇനി പത്തിലാ ഓര്‍മ്മ വേണം .. അല്ല ഇപ്പൊളതൊക്കെ ഓര്‍ത്തിട്ടെന്താ..
നീ വല്ലതും അറിഞ്ഞൊ കുട്ടി ?
വരുന്ന വഴിക്ക് ഒരു പുളിഞ്ചിക്ക വായില്‍ ഇട്ട് , പുളിപ്പോടെ
അച്ചു വന്ന് അമ്മക്കരുകില്‍ ഇരുന്നു .. എന്താണമ്മേ ? എന്തറിഞ്ഞൊന്നാ ?


















പിറന്ന് വീണ മണ്ണ് വിട്ട് പോകുക , പുലരികളും സന്ധ്യകളും
നല്‍കിയ വര്‍ണ്ണാഭ നിമിഷങ്ങളുടെ പ്രതലം പൊടുന്നനേ മായുക ..
നാട്ടു വഴികളിള്‍ തിരിച്ചറിയുന്ന കണ്ണുകളിലൂടെ ഒരു പുഞ്ചിരി
സമ്മാനമായി കിട്ടുക , തായ് വേരെന്നത് പുണ്യമാണ് ..
അതു വെട്ടി മാറ്റി പുതിയ മണ്ണ് തേടുമ്പൊള്‍ നമ്മുക്ക് നഷ്ടമായി
പോകുന്നതറിയണമെങ്കില്‍ , ഒരിക്കലെങ്കിലും നാം വളര്‍ന്ന
വീടും നാടും മണ്ണും വിട്ട് ജീവിക്കുവാനുള്ള അവസ്ഥ സംജാതമാകണം ..











അച്ചൂനത് താങ്ങാവുന്നതില്‍ അധികമായിരുന്നു ..
കണ്ണുകളില്‍ നിന്നല്ല അവന്റെ ഹൃദയത്തില്‍ നിന്നും നീര്‍മുത്തുകള്‍
അടര്‍ന്നു വീണു...ഞാന്‍ മുട്ടിലിഴഞ്ഞ എന്റെ ഇടനാഴികള്‍
മണ്ണപ്പം ചുട്ടു നനഞ്ഞ ചുവന്ന മണ്ണ് , ഒരു കുഞ്ഞു കുടുംബം
ആദ്യമായി പടുത്ത് കളിച്ച പേര മരത്തിന്‍ ചുവട് ..
ഒരു സന്ധ്യയില്‍ മസാല മണമെന്ന് കരുതി തേടി
പിടിച്ച പറമ്പിന്റെ അങ്ങേയറ്റത്തേ പാലമരവും പൂവും ..
പരല്‍ മീനുകളെ പിടിച്ചിരുന്ന കൈത്തോടുകള്‍ , കാവ് , തറവാട് കുളം
അപ്പുപ്പന്‍ , അമ്മുമ്മ , എല്ലാറ്റിനുമുപരി നെഞ്ചൊട് ചേര്‍ത്ത സൗഹൃദങ്ങള്‍..പിന്നെ...
പനിക്കോള് കൊണ്ട് വിയര്‍ത്ത നെറ്റിയില്‍ ഒരു നനുത്ത ചുംബനം
നല്‍കി എന്നിലേക്ക് വളര്‍ന്നു വന്ന പ്രണയത്തിന്റെ മുല്ല ...


















" വിളക്ക് " .. അമ്മയുടെ നാവില്‍ നിന്നും പ്രകാശം പോലെ
പൊഴിഞ്ഞ് വീണ വാക്ക് കേട്ടാണ് അച്ചു ചിന്തയില്‍ നിന്നുണര്‍ന്നത് ..
അല്ല മോനേ , സന്ധ്യയായിട്ടും നീയിതുവരെ കുളിച്ചില്ലേ അച്ചൂ ..
പോയി കുളിച്ച് വരൂ .. എന്നിട്ട് വന്നിരിന്നു നാമം ചൊല്ലൂ അച്ചൂ ..
എന്താ പറ്റിയേ ഇവന് .. അച്ഛന് തിരി കത്തിച്ചോ നീയ് ?
അച്ഛനോട് ആദ്യമായി ദേഷ്യം തോന്നിയോ അച്ചൂന് ...?
ഇല്ല .. തോന്നിയില്ല , തോന്നരുത് , അച്ഛനുണ്ടേല്‍ ഈ മണ്ണ്
വിട്ട് പോകുവാന്‍ ഇടവരില്ലായിരുന്നു .. പക്ഷേ അച്ഛനുറങ്ങുന്ന
ഈ മണ്ണ് .. ഞാന്‍ അതോര്‍ത്തുവോ ഇത്രയും നേരമായിട്ടും ?
എന്നും അന്തി തിരി വയ്ക്കുന്ന ഉമ്മറത്തേ വലിയ ചിത്രത്തില്‍
ഗാംഭീര്യമുള്ള മുഖവുമായീ , വാല്‍സല്യ കഥകെട്ടുകള്‍ നിറഞ്ഞ
ആ പാവം മനുഷ്യന്‍ അലിഞ്ഞ് ചേര്‍ന്ന ഇവിടം എനിക്ക്
മറ്റുള്ളതിനോളം പ്രധാന്യമല്ലാതായൊ ?














അറിയപ്പെടാത്ത ഭൂമിയിലേ ഒരറ്റത്തേക്ക് പോകുന്നു നാം ..
സമയമായി മകനേ ഇവിടം നമ്മുക്ക് അന്യമായി തീരും
ഒഴിഞ്ഞ് കൊടുക്കേണ്ട നിമിഷങ്ങള്‍ വിധിയുടെ കരങ്ങളാണ്
സമ്മാനിക്കുന്നത് , അതു സന്തൊഷത്തൊടെ എതിരേല്‍ക്കണം
നീ എന്റെ കൂടെയുണ്ടേല്‍ എനിക്കെന്തു വിഷമം കുഞ്ഞേ !
എല്ലായിടവും എനിക്കൊരു പോലെ തന്നെ ..
അമ്മ അതു പറയുമ്പൊള്‍ ഒരു കടല്‍ ഇരമ്പുന്നുണ്ട് ഉള്ളിലെന്ന്
അച്ചൂനറിയാം .. ഏതൊരമ്മയും മക്കളുടെ താങ്ങാണ്
അവര്‍ക്കതേ പറയുവാന്‍ കഴിയൂ , സ്വന്തം വേദനകളേ
മറച്ച് അവര്‍ താരാട്ട് പാടും , കണ്ണുനീര്‍ ഒഴികിയാലും
ശബ്ദം ഇടറില്ല , അമ്മ എന്ന വാക്ക് ദൈവം നല്‍കിയതാണെന്ന് തോന്നുന്നു .

പുതിയ ദേശങ്ങളില്‍ നമ്മള്‍ വരുത്തരാകും , എത്രത്തോളം ഇഴുകിയാലും
ആ ദേശത്തിന്റെ തായ് വേരുകളില്‍ നാം അപരിചിതര്‍ തന്നെ ..
എത്ര കാലം കാത്തിരിക്കണം പരിചയത്തിന്റെ ഒരു തുണ്ട്
പുഞ്ചിരി കിട്ടുവാന്‍ .. എത്ര നിമിഷങ്ങള്‍ എണ്ണി കൊടുത്താലാണ്
ഒരു ഹൃദയ വേരുകളില്‍ ഇറങ്ങി ചെല്ലുവാനാകുക ..
എത്ര വട്ടം ഓതി കൊടുത്തലാണ് എന്റെ അസ്ഥിത്വത്തേ പകര്‍ത്തുവാന്‍ കഴിയുക ..
കുടുംബനാഥന്റെ അസ്സാന്നിധ്യം എത്ര കണ്ണുകള്‍ക്കാണ് വ്യക്തമായി മറുപടി നല്‍കുക ..
















" കണി കാണും നേരം കമലാനേത്രന്റെ
നിറമേഴും മഞ്ഞ തുകില്‍ ചാര്‍ത്തീ "
കനകകിങ്ങിണി വളകള്‍ മൊതിരം
അണിഞ്ഞ് കാണേണം ഭഗവാനേ" !
മേടക്കാറ്റ് കൊണ്ടു വന്ന വിഷു ...
മനസ്സുകള്‍ കണ്ണനെ കണി കണ്ടുണരുമ്പോള്‍
രണ്ടു ദേഹങ്ങള്‍ ദൂര യാത്രക്കൊരുങ്ങി ..
അച്ചുവില്‍ ചേര്‍ത്തു പിടിച്ച അച്ഛന്റെ ചിത്രം
പ്രകൃതി പോലും കണ്ണിര്‍ വാര്‍ക്കുന്നു , ചെറു മഴ പൊടിയുന്നു
പലപ്പൊഴും കാണാന്‍ , അമ്മയൊടൊപ്പൊം ഒരുമിച്ച്
യാത്ര ചെയ്യാന്‍ കൊതിച്ച നഗരവും വിട്ട് , കടലും , കടല്പാലങ്ങളും കടന്ന്,
പിന്നില്‍ എവിടെയോ മനസ്സ് പറിച്ചെടുത്ത ദേശവും വിട്ട് ...

യാത്ര പറയുവാന്‍ അരയാല്‍ ചുവട്ടില്‍ വച്ച് കാണുമ്പോള്‍
ഒരു നുള്ള് കണ്ണുനീരൊ വാക്കോ അവളില്‍ നിന്നും ഉതിര്‍ന്നില്ല ,
കോര്‍ത്ത കൈകള്‍ പിരിയുമ്പൊള്‍ ഒരു തേങ്ങല്‍ കേട്ടിരുന്നു ..
കേള്‍ക്കാത്ത ഭാവത്തില്‍ തിരികേ പോരുമ്പോള്‍ ഞാന്‍ പക്വത ചെന്ന
കാമുകന്റെ പരിവേഷമെടുത്തണിഞ്ഞിരുന്നു എന്ന് തോന്നുന്നു... ..

പാതി ചാരിയ ഹൃദയവാതിലിലൂടെ
നിന്റെ സ്നേഹം അരിച്ചെത്തുന്നുണ്ട് ..
നിലാവിന്റെ പട്ട് കൊണ്ട് എന്നേ മൂടിയിരുന്ന നിന്റെ അംശം
മഴക്കാറ് കൊണ്ടു പൊയി കടലിലെറിഞ്ഞിരിക്കുന്നു ..

ജീവിതം ഒരു യാത്രയാണ് , പുതിയ പുതിയ മുഖങ്ങളേ
കണ്ടും , മറഞ്ഞും തുടരുന്നൊരു യാത്ര ..
കാറ്റും മഴയും ചൂടും ചൂരും കൊണ്ടുള്ള യാത്ര ..
പുതു മണ്ണ് , പുതിയ ബന്ധങ്ങള്‍ വേരുകളാഴ്ത്തി
തഴച്ചു വളരുവാന്‍ ചിലരെ പ്രാപ്തരാക്കുന്നു ..
കാലത്തിനൊത്ത് വളരുമ്പൊള്‍ മനസ്സിന്റെ ലോല ഭാവങ്ങളേ
തട്ടി തട്ടിത്തെറുപ്പിച്ചു ജീവിക്കാനുറച്ച് ബന്ധങ്ങളേ പോലും കൈവെടിയുന്നു ..























ഒറ്റ മുറിയില്‍ വെള്ളവും വെളിച്ചവും ഇല്ലാതെ പുഴുവരിച്ച്
കിടന്ന വൃദ്ധയേ " ദയ " പ്രവര്‍ത്തകര്‍ ആശുപത്രിയിലാക്കി ..
സ്വന്തം അമ്മയോട് കാണിച്ച ക്രൂരതക്ക് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ
മകനേ ദയ പ്രവര്‍ത്തകരുടെ പരാതി പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു ..
മലയാളത്തിലേ പ്രമുഖ ദിനപത്രത്തിലേ പതിവ് വാര്‍ത്തകളില്‍ ഒന്ന് ..

വൃദ്ധസദനത്തിന്റെ പടികെട്ടുകളിലേക്ക് ആ അമ്മ കാലുകളെടുത്ത്
വയ്ക്കുമ്പൊള്‍ അടുത്ത് തന്നെ മകന്‍ ഉണ്ടായിരുന്നു ..
ഒരു വേള നിറമിഴികളൊടെ തിരിഞ്ഞ് നോക്കുമ്പൊള്‍
ആ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു " ഏമാനേ എന്റെ മോനേ ഒന്നും ചെയ്യല്ലേന്ന് "
വേരറ്റ് പോകുന്ന ആ അമ്മമരം പുതിയ മണ്ണിലേക്ക് ..
അപ്പൊഴും അവരുടെ നെഞ്ചില്‍ ചേര്‍ത്തു വച്ച ഒരു പഴയ-
ചിത്രമുണ്ടായിരുന്നു അവരുടെ പ്രീയപെട്ട " അച്ചൂന്റെ " ...























{ചിത്രങ്ങള്‍ ഗൂഗിളിനു മാത്രം സ്വന്തം}

Tuesday, May 8, 2012

നിന്നോട് ...




















നീ നിറയുമ്പൊള്‍ എനിക്ക് അതിരുകളാകും
എന്റെ കാലം തീര്‍ത്ത കനലതിരുകള്‍..
ഞാന്‍ നിറയുമ്പൊള്‍ നിനക്ക്
പാര്‍ക്കുവാന്‍ തുരുത്തുകള്‍ രൂപപ്പെടും ..
എങ്ങുമെത്താതെ നമ്മുടെ സ്നേഹം ഒഴുകുന്നുണ്ട് ..
അല്ലേ പ്രീയേ !

നീ നിലാവില്‍ നിറഞ്ഞുറങ്ങുമ്പൊള്‍ ..
ഓര്‍മകളുടെ കളിവെള്ളം തുഴഞ്ഞ് -
സ്വപ്നത്തിലൂടെ അരികിലെത്തുമ്പൊള്‍ ..
ഓര്‍ക്കണം സഖി ..
മുനിഞ്ഞ് കത്തുന്ന വഴിവിളക്കിന്‍
കീഴിലേ പാഥേയമില്ലാത്ത പഥികനാണ് ഞാന്‍ ....

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിളിനോട് ...
അതു തപ്പാന്‍ ജോലി സമയം പകുത്ത്
തന്ന "വലിയ മുതലാളിയോട് "