Tuesday, December 16, 2014

നിന്നില്‍ നിന്നുമൊരേട് ..!


ഉദയത്തില്‍ പൂത്ത് തുടങ്ങുന്ന പെണ്‍പൂവ് , 
അഴിഞ്ഞ മുടിക്കെട്ട് വാരികെട്ടി ഓട്ടമാണ് , 
അടുക്കളിലേക്കുള്ള വഴിയിലാണ് കുഞ്ഞുവിരല്‍ 
അരികില്‍ തട്ടി പ്രാണന്‍ പിടയുന്നത് ..

കിട്ടാത്ത ചുംബനത്തിന്റെ കാര്‍മേഘം
പുതച്ചിരിപ്പുണ്ട് പത്രത്തിലൊരുത്തന്‍ , 
കിടക്കപായില്‍ കിടന്നുരുളുന്നുണ്ട് 
കുളിക്കാറായിട്ടും രണ്ട് കുറുമ്പുകള്‍ ..

ഒരുത്തിയുടെ മുടി മെടയുമ്പൊളാകും 
ഒരുത്തന്റെ പെന്‍സിലിന്റെ കൂര്‍പ്പിക്കല്‍ , 
കുനിഞ്ഞ് സോക്സിടാന്‍ കഴിയാത്ത വയറന്റെ
വിളിയിലാണ് പിന്നെയുമോടുക ..

എന്തുണ്ടാക്കണമെന്നറിയാതെ വേവുമ്പൊഴും 
അടുക്കള ഉപ്പുമാവിനെ കരയിപ്പിക്കുകയും 
ചായയെ കുളിപ്പിക്കുകയും , ചോറിനെ ചിരിപ്പി-
ക്കുകയും ചെയ്ത് കഴിഞ്ഞിരിക്കും..

അവളേ ചവിട്ടി മെതിച്ചാണ് മൂവരും 
ഇറങ്ങിയോടുക , പിന്നീടാണ് അവള്‍
ഉണങ്ങാത്ത മുടിയുമായ് , ചേല ചുറ്റി 
യാന്ത്രികമായ് പെടച്ചടിച്ച് എന്നും 
വൈകിയോടുന്ന മൗനമാകുന്നത്..

സന്ധ്യതൊടും മുന്നേ തിരികേ പറക്കലാണ് 
ചുടു വേവുകളേ മാറോടണച്ച് , തിരക്കുകളില്‍ 
പിന്നാമ്പുറത്ത് വന്ന് തട്ടുന്ന കാമതുടിപ്പുക്കളെ 
അവഗണിച്ച് , നാളേക്കുള്ള മരണപ്പാച്ചില്‍ ..

തിരികേ വരുമ്പോള്‍ , 
നാസറിന്റെ പോസ്റ്റിന് ലൈക്കിയതിനും 
ചുള്ളന്‍ ജോണിയെ കണ്ടൊന്ന് ചിരിച്ചതിനും 
കറണ്ട് ബില്ല് കൂടിയതിനും , മക്കള്‍ക്ക് കണക്കിന്
കണക്കായതിനുമെല്ലാം ഒരുമിച്ച് പഴി നിറച്ചവന്‍ 
കാത്തിരിപ്പുണ്ടാകും .. ഉടുതുണിയഴിച്ച് മുകളില്‍ 
ശൃഗാര നൃത്തമാടിയിട്ടും രാവിലെ കാര്‍മേഘം 
പുതച്ചവന്‍ പുച്ഛ സ്വരത്തില്‍ പെണ്ണേ 
നിന്നെ പഴിക്കുന്നുണ്ടാകുമെന്നും ...!

(ചിത്രത്തിന് കടപ്പാട് : ഗൂഗിളില്‍ നിന്നും തപ്പി തന്നവളൊട് )