Sunday, September 16, 2012

തീനാമ്പുകള്‍ ....

"പ്രവാസം"

വിടുതല്‍, ജീവിതത്തിലേക്കുള്ള തിരിവ്..
വളവില്‍ പതിയിരിക്കുന്ന മുറിവ്,
ഗൃഹാതുരത്വത്തെ കഴുത്ത് ഞെരിച്ച് കുഴിച്ചുമൂടി ,
ഏറ്റുപറഞ്ഞോടി തിരികേ കേറി ..!


"പ്രണയം"

മൂന്നക്ഷരം , മൂവായിരം വികാരങ്ങള്‍..
കണ്ണുകളിലായിരം പ്രേമാഗ്നി , കരുതല്‍ ,
മുന്നിട്ട് നിന്ന കാമം പിന്നിട്ട് നിന്ന്
വയറിനെ പെരുക്കി നാട് വിട്ടു ...


" മഴ "

ആദ്യമാദ്യം പനി ..
രണ്ടാം വട്ടം ചുട്ട അടി ..
പിന്നെ പിന്നെ തീവ്രപ്രണയം
അന്ത്യം, തിരികെടുത്തും നാശം ...


" മനസ്സ് "

ഇന്നലെ കടല്‍ , തിരയെന്ന് ..
മിനിഞ്ഞാന്ന് തീ , വെന്തുരികിയെന്ന് ..
ഇന്ന് മഴ , വേവിലും കുളിര്‍ത്തെന്ന്
നാളെ പുഴ , എങ്ങോട്ടോ ഒഴുകുമെന്ന് ....!


" ദാമ്പത്യം "

കൈകള്‍ കോര്‍ത്തേ നടക്കൂ ,
ഹൃദയം കോര്‍ത്തേ ഇരിക്കൂ..
ഇടക്ക് വാക്കുകള്‍ കോര്‍ത്ത്
ഹൃദയവും മനസ്സും വേര്‍പിരിഞ്ഞു ..


" മകള്‍ ''

പിച്ച വച്ച് , ഒച്ച വച്ച്
കരുതലോടെ ചേര്‍ത്തു വച്ച്
നാളെയുടെ രാവിലേതോ
ജീവനറ്റ തലക്കലിരുന്ന് കരയേണ്ടവള്‍ ..!


"ബാര്‍ "

ചുണ്ടില്‍ കവിത നിറച്ചും
മനസ്സില്‍ മഴ നിറച്ചും
ഹൃദയത്തിന്റെ ഭാരം കുറച്ചും
തലയില്‍ ചിന്ത നിറച്ചും, കലപില കൂട്ടുന്നിടം ..


"അര്‍ബുദം"

വേവാറും മുന്നേ ..
കൊതിയാറും മുന്നേ..
ഉള്ളില്‍ കനം കൊണ്ട താപം
നിര്‍ജീവമാക്കിയ അരിമണി തുണ്ടുകള്‍ ..


"അവള്‍ "

അനുവാദം ചോദിക്കാതെ ..
ഒട്ടൊന്ന് മുട്ടാതെ ,
ഹൃദയവാതില്‍ തള്ളി തുറന്ന്
എന്റെയെന്നോതി, എങ്ങോ പോയവള്‍ ..


" നീ "

മഴ പോലെ .. .
മഞ്ഞു പോലെ ...
അമ്മയേപ്പോലെ ..
നിന്നില്‍ ജനിച്ച് എന്നില്‍ ജീവിക്കുന്നത് ...


" മരണം "

പതിയേ വരും , തണുക്കും
കാറ്റായി തഴുകും , അടര്‍ത്തിയെടുത്ത്
കൈകുമ്പിളില്‍ ശ്രദ്ധയോടെ വച്ച്
മണ്ണിലേക്ക് ഒരു സ്വീറ്റ് ലാന്‍ഡിംഗ് ....


ചിത്രം : ഗൂഗിളില്‍ നിന്നും കൂട്ടുകാരിയുടെ വക ..!

Monday, September 3, 2012

"പ്രണയ സൂര്യന്‍"


ഉരുകി ഉരുകി പൊലിയുന്ന
പ്രണയാവേശമല്ല നിന്നോട് ...
എത്ര വേനലിന്റെ പെടപ്പിലും
നിന്നില്‍ നിറയുവതത്രെ എന്റെ ജന്മനിയോഗം ..
നീയല്ലാതൊരു മണ്ണും ഈ മഴ തൊടില്ല ..
വെറുതെ മേല്‍ത്തട്ടില്‍ പൊഴിഞ്ഞ് വിണ്ണിനു കൊടുക്കാനല്ല ..
നിന്റെ ഉള്ളം കുതിര്‍ത്ത് പ്രണയവിത്തു പാകി
നിന്റെ അന്തരാത്മാവിനെ കുളിര്‍പ്പിക്കാന്‍ .....


വിശ്വസ്സിക്കാനാവുന്നില്ല .....!
എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കൊഴിയുന്നത് ..
കഴിഞ്ഞ ഓണം ഇന്നലെ പോയതു പോല്‍ ...
ഇന്നിതാ ഈ ഓണവും കൊഴിഞ്ഞെങ്ങോ പോയി ..
പ്രീയതരമായ പലതും നമ്മേ വിട്ടകലുന്നതും
വന്നു ചേരുന്നതും നാം പോലുമറിയാതെ ആണ്....
സ്വപ്നങ്ങളില്‍ നാം കാണുന്നതൊക്കെ നമ്മുടെ ജീവിത
യാഥ്യാര്‍ത്ഥ്യങ്ങളിലേക്ക് ഒരിക്കലും വന്നു ചേരണമെന്നില്ല ....
പക്ഷേ നാം ഒന്നും കൊതിക്കാതിരിക്കുന്നുമില്ല ..
ചില മുഖങ്ങള്‍ കാണുമ്പോള്‍ ചില വരികള്‍ കാണുമ്പോള്‍ ,
ചില സ്നേഹാദ്രമൊഴികളില്‍ ചേരുമ്പോള്‍ വെറുതേ മനസ്സ് പറയും ,
"എന്തോ ... ഒരിഷ്ടം .. എവിടെയോ ..."
പലപ്പൊഴും കരുതും , ലോകത്തിന്റെ ഗതിയും ഗതികേടുകളും ,
അരിക്ഷിതാവസ്ഥയും ദാരിദ്ര്യവും എല്ലാം എന്റെ ഉള്ളത്തില്‍ നിന്ന്
വരികളിലേക്ക് പകര്‍ത്തി വയ്ക്കണമെന്ന് ..
പക്ഷേ എഴുതി നോക്കുന്ന വരികളില്‍ എന്റെ ഉള്ളിലേ
അഗ്നി പകര്‍ത്തപ്പെടാതെ പോകുന്നു ..കാരണം മഴയെന്ന
പ്രണയം എന്നെ വല്ലാതെ മൂടുന്നതു കൊണ്ടാകാം ... ഈ " വര്‍ഷമേഘത്തിനകലേ "
എന്നത് പ്രവാസം നല്‍കിയ മഴവിരഹത്തില്‍ നിന്നും രൂപപ്പെട്ടതാണ് ..
പക്ഷേ ആ മഴ എന്നും എന്നരുകില്‍ പെയ്തു കൊണ്ടിരിക്കുന്നു ..
ഏത് വികാരമെന്ന പേരു ചൊല്ലി വിളിക്കണമെന്നറിവതില്ല ..
പ്രണയം , അതു മനസ്സില്‍ നിറഞ്ഞു നില്‍ക്കാത്തൊരാളു പോലും
എന്റെ ഈ വരികള്‍ വായിച്ച് പോയവരില്‍ പെടില്ല ..
ഹൃദയത്തില്‍ കൈയ്യ് വച്ചൊന്നു പറയുമോ നിങ്ങള്‍ക്ക് പ്രണയമില്ലെന്ന് ?
ഇല്ലെട്ടൊ ... ഉണ്ട് .. അതു തുറന്നു പറയാതിരിക്കുവാന്‍ നാം എന്നൊ പഠിച്ചിരിക്കുന്നു .. അല്ലേ ?

വെണ്മേഘങ്ങള്‍ എത്ര പെട്ടെന്നാണ് മഴയെ ഗര്‍ഭം ധരിക്കുന്നത് ....
ഒന്ന് മാറി നില്‍ക്കാന്‍ പോലും അവസരം തരാതെ അവളെത്ര വേഗത്തിലാണ് നമ്മേ നനക്കുന്നത് ...
കനലെരിയുന്ന കരളില്‍ സ്നേഹസ്പര്‍ശം പോലെ വന്നലച്ചു
പെയ്യുന്ന വേഗത്തെ എന്തിനോടാണ് ഉപമിക്കാന്‍ ആകുന്നത് ..
അവളൊരിക്കല്‍ എന്നോട് പറഞ്ഞെട്ടൊ .. ' നീ വരുന്നതിന് മുന്നേ ..
മഴ ഉണ്ടായിരുന്നോ എന്നെനിക്ക് അറിയില്ല , സത്യത്തില്‍
ഞാനത് ശ്രദ്ധിച്ചിരുന്നില്ല എന്നതാകും ..
പക്ഷേ ഇന്ന് ഓരോ മഴയും കടന്ന് പോകുന്നത് നിന്നേ ഓര്‍മിപ്പിച്ച് കൊണ്ടാണ് ,
നിന്റെ കുളിര്‍ സ്പര്‍ശം നല്‍കി കൊണ്ടാണെന്ന് '...
മഴ നല്‍കുന്ന വികാരവിചാരങ്ങളെ പകര്‍ത്തി വച്ചാല്‍ ചിലപ്പോള്‍
അവളുടെ നിറമാകും ഉണ്ടാകുക , അവളുടെ രൂപവും , അവള്‍ക്കറിയാമല്ലൊ ,
എന്റെ മഴ അവള്‍ മാത്രമാണെന്ന് .. ഇല്ലേ ?



എന്നോടൊത്തുണരുവാനോ , എന്നോടൊത്തുറങ്ങുവാനോ
അനുവദിക്കാത്ത കാലത്തെ പഴിക്കുമ്പോള്‍ ..
ആ കാലം തന്നെ നമ്മുടെ ലോകത്തെ സൃഷ്ടിച്ചതെന്ന്
മറക്കരുതെട്ടൊ എന്നവള്‍ പറയും ..
ഓരോ വാക്കും കരുതലാണ് , എന്റെ സ്നേഹമാണ്
നിന്നെ പൂര്‍ണമായി മൂടുന്നതെന്ന് അഹങ്കാരം പറയുമ്പോഴും ,
ഇടക്ക് സമ്മതിച്ചു കൊടുക്കേണ്ടി വരും " ആ പ്രണയത്തിന് പകരം വയ്ക്കാന്‍
"ശതകോടി മഴക്കാലങ്ങള്‍ വേണ്ടി വരുമെന്ന് ,
തീവ്രത മുറ്റി നില്‍ക്കുന്ന ഓരോ മൊഴികളും
കാലവേവുകളെ തൂത്തെറിയുന്നത് എന്ത് പെട്ടെന്നാണെന്നൊ ...
കണ്ടൊ ഞാന്‍ പറഞ്ഞത് ..... ഞങ്ങള്‍ എന്തു ചിന്തിച്ചാലും അതു ഒന്നാകും ...
ഇഷ്ടങ്ങളും , അനിഷ്ടങ്ങളുമൊക്കെ ..
"ഇപ്പൊ ദേ ഉണരുന്നതും , ഉറങ്ങുന്നതും പറഞ്ഞതെ ഉള്ളു ..
എന്റെ കണ്ണന്റെ മെയില്‍ കണ്ടൊ .. ആ വരികള്‍ കണ്ടൊ ...."

"നീ സൂര്യനും ഞാന്‍ ആമ്പലുമാണ് .
ഒരുമിച്ചുണരാനും ഉറങ്ങാനും വിധിയില്ലാത്തവര്‍ !!!
അടുത്ത ജന്മം എനിക്കൊരു ചെന്താമരയാകണം..
നിന്‍റെ ആദ്യകിരണത്തില്‍ ഉണര്‍ന്ന്
നിന്‍റെ ചുംബനത്തില്‍ ശോണിമയാര്‍ന്ന്
നിന്‍റെ അസ്തമനത്തില്‍ നിന്നെമാത്രം കിനാകണ്ട്‌ ഉറങ്ങാന്‍ !!!"

ഒരു സങ്കടം വന്നില്ലേ നിങ്ങള്‍ക്കും , എനിക്കും വന്നെട്ടൊ ,
 ഞാന്‍ ചോദിച്ചു .. അല്ല അടുത്ത ജന്മമോ , അപ്പോളീ
ജന്മത്തിന്റെ കാര്യം പോക്കായോ ..?
എടാ , അടുത്ത ജന്മമെന്നാല്‍ നമ്മുടെ കാലമാണ് , നമ്മള്‍ ഒന്നാകുന്ന കാലം ..
അപ്പോളത് ഉടനേ ഉണ്ടാകുമോ .. ? പറയൂ കണ്ണാ ..
ആവോ .. അതു പറയേണ്ടത് ഞാനാ .. നീയല്ലേ ....


ഞങ്ങള്‍ക്ക് നഷ്ടമായി പോയ ബാല്യകാലം ഞങ്ങളിലൂടെ തീര്‍ക്കുമ്പോള്‍
ദീര്‍ഘ മൗനത്തിന്റെ ഇടവേളക്ക് ശേഷം ഒരുമിച്ച് " കണ്ണാന്ന് " വിളിക്കുമ്പോള്‍ ,
രാവിന്റെ മഴചാറ്റലില്‍ ഒന്നിച്ചു നനയുമ്പോള്‍ , നിളയുടെ തീരങ്ങളില്‍ ആകാശം നോക്കി കിടക്കുമ്പോള്‍
" ദേ കണ്ണാ നോക്കിയേ ആകാശത്ത് അമ്പിളിമാമന്‍ ഒരു കുഞ്ഞു കാര്‍മേഘത്തോട് പ്രണയിക്കുന്നത് ...
എന്തു രസമാണല്ലേ .. " ആ ചിരി കാണണം .. നിറഞ്ഞുള്ള ചിരി .. കാലമേകിയ ഒരു നുള്ളു നൊമ്പരം പോലുമില്ലാതെ അവള്‍ ചിരിക്കുന്നു , എന്റെ ഉള്ളമറിഞ്ഞ പോലെ അവള്‍ പറയും ..
" നീ ഇല്ലേടാ എനിക്ക് , ഈ മഴ മതി , എനിക്കെന്നും ചിരിച്ചലിയാന്‍ ",
അതുമൊരു സുഖമാണല്ലേ..നമ്മുടെ സാമീപ്യം കൊണ്ടൊന്ന് ഒരു മനസ്സ് ചിരിക്കുന്നത് ,
അതും പ്രീയപ്പെട്ട ഒന്ന് ..വന്യമായ സൗന്ദര്യമാണവള്‍ക്ക് ,
ഇണങ്ങിയാല്‍ ആരും കൊതിച്ച് പോകുന്ന സ്നേഹസൗന്ദര്യം ...
ഇത് ഞാന്‍ പറയുമ്പോള്‍ അവള്‍ കൈയ്യ് പൊത്തി ചിരിക്കും ,
മതി മതിയെട്ടൊ .. സുഖിച്ചു ..എന്ന് പറയും ..

കുഞ്ഞു കുട്ടികളെ പോലെ പെട്ടെന്ന് ചോദിക്കും :
കാട്ടില്‍ പൂവ്വാം ...ഉം ... വീട്ടില്‍ പൂവ്വാം ..ഉം..
കണ്ണനേ കണ്ടാല്‍ പേടിക്കുമോ ? ..
ഇല്ലാ പേടിക്കില്ല പ്രേമിക്കും :)
ആകെ കിട്ടിയ ഒരു മാര്‍ക്കാ എനിക്കിത് ..
ബാക്കിയെല്ലാം അവളു കൊണ്ട് പോയി ..!

തീരുമാനങ്ങള്‍ എടുക്കാന്‍ എപ്പൊഴും നമ്മുക്ക് എളുപ്പമാണ് ,
പക്ഷേ അവളുണ്ടല്ലൊ ..
നന്മ കൊണ്ട് മനസ്സിനെ വല്ലാതെ മൂടി വച്ചിട്ടുണ്ട് ..
അപ്പുറവും ഇപ്പുറവും ചിന്തിക്കാതെ
കടല്‍ വാരി എടുക്കാന്‍ പുറപ്പെടുന്ന എന്നെ വിലക്കും ,
കണ്ണാ നിന്നോടൊപ്പം ഉണ്ട് ഞാനെന്നും..
പക്ഷേ കടലാണ് , ഒരു നിമിഷത്തെ ചിന്ത മതി
തീരത്തെ വന്നു മൂടി പോകുവാന്‍ ..

എനിക്കും നിനക്കുമിടയില്‍ രൂപം കൊള്ളുന്നത് ...
നിനക്കെന്നോതി ഞാനും , എനിക്കെന്നോതി
നീയും പകര്‍ന്ന് നല്‍കുന്നത് .....
നേര്‍ത്ത ശബ്ദത്തിലും ഉള്ളില്‍ വിസ്ഫോടനം
തീര്‍ക്കുന്ന നിന്റെ സാമീപ്യം ..
മടിച്ച് മടിച്ച് എന്നിലേക്ക് പെരുമഴക്കാലം തീര്‍ത്ത നിന്റെ സ്നേഹം ..
ഒരുകാലം കൊണ്ടും . ഒരു മഴ കൊണ്ടും നനക്കാതെ ആഴങ്ങളിലേക്ക്
"നീ ഇറങ്ങി പോയെന്ന് " നാണമോടെ നീ പറഞ്ഞ നിമിഷം ..
എന്നിട്ടും .. ഏത് കരുക്കള്‍, അപ്പുറം നിരത്തി വച്ചാണ്
നിന്നെ ത്യജിക്കുവാന്‍ നീ ആവശ്യപ്പെടുന്നത് ..?

നിന്റെ വരണ്ടമണ്ണിലേക്ക് , ആദ്യമെന്‍ പ്രണയ തുള്ളി തൊടുമ്പോള്‍
ഭാവപ്പകര്‍ച്ചയില്ലാതെ നീയതു ഏറ്റു വാങ്ങുമ്പോള്‍ ...
നീ പറയാതെ പറഞ്ഞതോര്‍മയുണ്ടെനിക്കിപ്പൊഴും ..
നിന്നില്‍ പൂര്‍ണമാകാന്‍ കഴിയാതെ പോകുന്നവളുടെ
വ്യഥ നീ അറിയണമെന്ന് ..
പിന്നേ എന്നോ ഒരു പകല്‍ മഴയില്‍ സ്നേഹതീരത്ത് വച്ച്
അവളാദ്യമെന്നില്‍ നിറഞ്ഞു പോയ ദിനം , ജീവിതമെന്നത്
ഇത്രയേറെ പ്രണയവര്‍ണ്ണങ്ങളുടെ കൂടിച്ചേരലാണെന്ന്
എന്നെ ഓരോ വാക്കുകള്‍ കൊണ്ടവള്‍ ഓര്‍മിപ്പിച്ചു
തന്ന നിമിഷങ്ങള്‍ ..കൂടെ ചേരാന്‍ മനം വെമ്പുമ്പോള്‍
അറിയാതെ പറഞ്ഞു പോകും , "നമ്മുക്ക് പോകാമെന്ന് "
ദൂരെ ദൂരേ , നമ്മേ അറിയാത്ത ദേശത്ത് , പുഴക്കരയില്‍
ഒരു കൊച്ചു വീട്ടില്‍ .. നീയും ഞാനും നമ്മുടെ സ്വപ്നങ്ങളും
മാത്രം ചേര്‍ത്ത്, ജീവിതത്തിന്റെ ബാക്കി മഴനൂലുകള്‍ കോര്‍ക്കാമെന്ന് ..
അപ്പോഴും പ്രീയമായവള്‍ രസച്ചരട് പൊട്ടിച്ചു കൊണ്ട് പറയും ,
കണ്ണാ ... നിനക്കും എനിക്കുമിടയില്‍ ജീവിതം തീര്‍ത്ത വടുക്കളുണ്ട് ,
നമ്മുടെ പ്രണയം കൊണ്ടത് മൂടുവാനാകും വരെ ,
നമ്മുക്ക് ഈ പ്രണയതീരത്ത് വിരഹത്തിന്റെ ചെറിയ നീറ്റലുകളുമായി ,
കൈകോര്‍ത്ത് , തിരതട്ടി നടക്കാമെന്ന്...

അവിശ്വാസ്സത്തിന്റെ ഒരു കണിക പോലും ബാക്കി വയ്ക്കാതെ
പൂര്‍ണ പ്രണയത്തിന്റെ നറും നിലാവ് ഏകിയവള്‍ ..
പക്ഷേ...എന്നെ മാത്രം നിറക്കുന്ന മനസ്സില്‍ ജീവിതം കൊടുത്ത
ചിലതിന്റെ അവിശിഷ്ടങ്ങള്‍ ബാക്കിയാകുന്നത് അവളേക്കാളേറെ
എന്നെ നോവിക്കുന്നുണ്ടാവാം , നിന്നില്‍ നിറഞ്ഞു പോയതോളം
മറ്റെന്തിലാണ് ഞാന്‍ അലിഞ്ഞില്ലാതായിട്ടുള്ളത് .........
നിന്റെ സാമീപ്യത്തില്‍ എന്നിലേക്ക് പകരുന്ന സ്നേഹതാപം മറ്റാര്‍ക്കാണ് പകരുവാനാകുക ..

നിന്നെ പിരിഞ്ഞു പോകുകയെന്നാല്‍ , മൃതിയുടെ മണമാണെന്നറിയുന്നുണ്ട്..
നിന്നില്‍ ഒരു കുഞ്ഞു മിഴിപ്പൂക്കള്‍ വിടര്‍ന്നാല്‍ അതെന്റെ പരാജയമാണെന്നും
ഓരോ ഇഷ്ടങ്ങള്‍ ചോദിച്ചറിയുമ്പോഴും ,
എല്ലാം സാമ്യമാകുമ്പോഴും ഇടക്ക് അവള്‍ പറയും നമ്മുക്കിനി
നമ്മുടെ അനിഷ്ടങ്ങള്‍ പറയാമെന്ന് ..ഒരുപാട് പരതും അതിനു വേണ്ടീ ,
എന്നിട്ട് പറയും , ഒന്നും കിട്ടണില്ലോ കണ്ണോന്ന് ..


തലേന്നത്തെ മഴ നിറച്ച് തറവാട്ട് കുളത്തില്‍ ഇറങ്ങി ചെല്ലുമ്പോള്‍
അവള്‍ക്കായിരുന്നു വല്ലാത്ത ആകാംക്ഷ , പലപ്പോഴും എന്നോട്
കെഞ്ചി പറഞ്ഞിട്ടുണ്ട് പാവം , ഒരിക്കല്‍ നിന്നെ കൊണ്ടു പോകാമെന്ന്
പറഞ്ഞ, വാക്ക് പാലിച്ച നിര്‍വൃതിയിലായിരുന്നു ഞാന്‍ ..
നേര്‍ത്ത കൊലുസിട്ട പാദങ്ങള്‍ കൊണ്ട് കുളത്തിലെ തണുത്ത
വെള്ളത്തില്‍ അലകള്‍ തീര്‍ക്കുമ്പോള്‍ എന്തു രസമായിരുന്നു കണ്ണേ നിന്നെ കാണാന്‍ ..
ഡാ എനിക്ക് ദേ , അതിന്റെ മധ്യം വരെ പോകണം ,
കൊണ്ടു പോകുവോ ..കൊച്ചു കുട്ടികളെ പോലെയാ മിക്കപ്പൊഴും അവള്‍ ,
കൊഞ്ചല്ലേ പെണ്ണേന്ന് പറയും ഞാനെങ്കിലും ,ഉള്ളിന്റെ
ഉള്ളില്‍ എനിക്കതിഷ്ടാണ് , അവള്‍ ഇടക്കെന്റെ മോളാകുന്നതും..
അതിനാലാവാം , സ്നേഹം കൂടുമ്പോള്‍ കെട്ടിപ്പിടിച്ച് പറയും ന്റെ അച്ചാച്ചീന്ന് ..
കുളിര്‍ത്ത കുളത്തിന്റെ ഉള്ളങ്ങളിലേക്ക് ഊളിയിടുമ്പോള്‍ മനസ്സും ശരീരവും തണുത്തിരിന്നു ..
അവളുടെ കൈയ്യ് പിടിച്ച് നിലയില്ലാത്തിടം വരെ എത്തുമ്പോള്‍ അവള്‍ പേടിച്ചു വിറക്കുന്നത്
കാണാന്‍ എന്തൊരു ചേലാണെന്നോ .. കണ്ണാ പ്ലീസ് ..
നിക്ക് നീന്താനറീല്ലെടാ , ഒന്നെന്നെ കൂടീ ..

അടര്‍ന്ന് വീണ അരയാലിന്‍ ഇലയുടെ മുകളില്‍ പതിയെ വന്നിരുന്ന അപ്പൂപ്പന്‍ താടിയേ നനക്കുമ്പോള്‍
ഞാന്‍ അറിഞ്ഞിരുന്നു അവളെ പൂര്‍ണമായി , എത്ര വിശ്വാസ്സമാണവള്‍ക്കുള്ളതെന്ന്, എന്റെ കൈയ്യിലൂടെ
ആഴങ്ങള്‍ക്ക് മീതെ എത്ര ഭാരമില്ലാതെയാണവള്‍ നനഞ്ഞലിയുന്നത് ...... മാമന്റേ കണ്ണുകള്‍ ഞങ്ങളുടെ മേല്‍ പതിക്കും വരെ , വെറുമൊരു സഹയാത്രിക മാത്രമല്ല അവളെന്ന് അമ്മയോട് പറയും വരെ ..
അതിനെല്ലാമുപരി , വിവാഹിതന്റെ ലിഖിത നിയമങ്ങള്‍ കുളക്കരയിലെ ചെറു കാറ്റില്‍
പറന്നു പോകും വരെ കുളത്തിനെ പ്രണയിച്ച് , മഴയെ പ്രണയിച്ച് ഞങ്ങള്‍ ....

ചില നേരങ്ങളില്‍ എന്റെ കുറുമ്പുകളില്‍ മിഴിപൂക്കള്‍ നിറക്കുന്നവള്‍ ..
ഒരു വാക്ക് കൊണ്ട് പോലും ഞാന്‍ വേദനിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്നവള്‍ ..
സ്നേഹമെന്ന വികാരം മാത്രം കൊണ്ട് കീഴടക്കാന്‍ കഴിയുന്നവള്‍ ..ഞങ്ങള്‍ ഒന്നു ചേരുമെന്നും ,
ഞങ്ങള്‍ക്ക് മാത്രമൊരു ലോകമുണ്ടെന്നും എപ്പോഴും സ്വപ്നം കാണുകയും , പറയുകയും ചെയ്യുന്നവള്‍ ..

ഞാന്‍ എന്നോ , നീ എന്നോ പറയുമ്പോള്‍ സ്നേഹപൂര്‍വം
" നമ്മളെന്ന് " തിരുത്തുന്നവള്‍ ..
ഒരു മകനേ പോലെ എന്നെ താരാട്ടു പാടുന്നവള്‍ ...
ഏത് കാരണങ്ങളിലും ഇവളെ അകറ്റുക ,
ജീവനറ്റ് പോകുന്നതിന് തുല്യമാകാം

നിങ്ങള്‍ പറയണം , ജീവിതത്തിലേക്ക് നിറമുള്ള സ്വപ്നങ്ങളും , വര്‍ണ്ണമഴകളും
തരുന്ന എന്റെ പ്രീയ കണ്ണനെ എന്തു കാരണങ്ങള്‍ അടുക്കി വച്ചാണ് .....??
സ്നേഹം ഒരിക്കല്‍ മാത്രമുണ്ടാകുന്ന വികാരമാണേല്‍ ..
നാം എന്നേ ജീര്‍ണിച്ചു പോയേനെ അല്ലേ ...?

എനിക്ക് , നിനക്ക് കാലമേകിയ മഴ ..
നിന്നിലും എന്നിലും നമ്മളിലും ...
നിന്നിലേക്കൊഴുകുന്ന എന്റെ പ്രണയ മഴച്ചാലുകള്‍ക്ക് ..
നീ ഉതിര്‍ക്കുന്ന സ്നേഹപനിനീര്‍ ദളങ്ങള്‍ക്ക് ..
നമ്മളിലേക്ക് പടരുന്ന നന്മയുടെ മുല്ല വള്ളികള്‍ക്ക് ..
നിന്നെ ഒറ്റക്കാക്കില്ലെന്ന് കാലത്തിന്റെ , എന്റെ കയ്യൊപ്പ് ...

....................................................................................................................................................................
{ചിത്രങ്ങള്‍: മുന്‍മ്പെങ്ങൊ എവിടെന്നെക്കെയോ
കിട്ടിയതാണ് , ഗൂഗിളിനും മറ്റ് പലതിനും നന്ദിയോടെ ...}