Monday, July 23, 2012

കരയിലേക്ക് ...


















ഇന്നലെ കണ്ണുകള്‍ കഥപറഞ്ഞു ...
അരികെ ചെല്ലുമ്പോള്‍ ആട്ടുമെന്ന് കരുതി ..
ഒന്നു മുട്ടി , എത്രയുണ്ട് കൈയ്യിലെന്നവള്‍ ..
ശ്വാസഗതിയില്‍ ഇത്തിരി പുരോഗമനം ..

തീരം തേടി പിടിക്കാന്‍ കുറച്ചലഞ്ഞു ..
വാരി പുണരുമ്പോള്‍ , മാറിടം ഒന്നുലഞ്ഞപ്പോള്‍..
അമ്മയുടെ മണം , ആ പഴയ പാല്‍ചൂര് ..
ഒന്നിടറി , ഒരു കുത്തെടുത്ത് അരികില്‍ ചേര്‍ത്ത്
മനസ്സ് കൊണ്ട് എള്ളും പൂവും ചേര്‍ത്ത് ...
പഴയ ഉണ്ണിയായ് തെരുവിന്റെ മഴയിലേക്കിറങ്ങീ ..
അവളുടെ മനസ്സപ്പോള്‍ ഉരുവിടുന്നത് എത്ര അകലേക്ക്
എത്തിയിട്ടും കാതുകള്‍ നുണഞ്ഞിറക്കുന്നുണ്ട് ..
" ഹേയ് വാട്ട് ഹാപ്പന്‍ ? ആര്‍ യൂ മാഡ് ?"

ഉഷ്ണത്തിന്റെ സഹനഗര്‍ഭത്തില്‍ നിന്നുമൊരു
തുള്ളി മഴയെന്ന പേരില്‍ നെറുകില്‍ തൊട്ടു ,
ഒന്നു ചിരിക്കണമെന്നുണ്ടായിരുന്നു ..
പാതി നിന്നുപോയ വികാരതള്ളിച്ചയില്‍
ഹൃദയം അതു ചെവി കൊണ്ടില്ല ,
എന്തായാലും കരയണ്ട അമ്മയെ കണ്ടല്ലൊ ഉണ്ണീ ..!

പുതുമയില്ല , അമ്മ പല രൂപത്തില്‍ മുന്നിലെത്തുന്നു ..
മാഞ്ഞു പോകുമ്പോള്‍ , കണ്‍തടം വിങ്ങിയിരുന്നില്ല
കരള്‍ വിങ്ങിയതാരും കണ്ടതുമില്ല .. കാലമാണെങ്കില്‍
ഒരിക്കലും അതു മായ്ക്കുവാന്‍ മെനക്കെട്ടതുമില്ല ..
അപ്പോള്‍ പിന്നെ എന്റെ വികാരങ്ങളില്‍ അടിക്കടി
അമ്മ കേറി വരുന്നതിനെ കുറ്റപ്പെടുത്തുവതെങ്ങനെ ...!

പുഴ കരയാന്‍ തുടങ്ങുന്ന വര്‍ഷകാലങ്ങളുണ്ട് ..
മിഴികളൊഴുകി ചാലുകളായി മുന്നിലെത്തുമ്പോള്‍
മനസ്സൊരു കളിവഞ്ചിയാകും , കടലാസുകള്‍ തോണികളും ..
കൂട്ട് കാത്ത് നിമിഷങ്ങളെണ്ണി നില്‍ക്കും .. ആരു വരാന്‍ !
പിന്നെ പതിയെ നീര്‍ തൊടും എന്റെ തോണികള്‍ ..
ഒരൊ മനസ്സിന്റെ പ്രതീക്ഷകളേയും കാലം കൊണ്ടു-
വരുമോളങ്ങള്‍മുക്കി താഴ്ത്തും ..
ബാല്യത്തിന് അതു നീറ്റലാണ്...

നിലാവ് പൂത്തിട്ടാണ് അമ്മ വരാറ് ..
ചുവന്ന ചുണ്ടാലേ ചേര്‍ത്തൊരുമ്മയാണ് സമ്മാനം ..
നെറ്റിത്തടത്തിലേ വിയര്‍പ്പ് ചേര്‍ത്തൊരു കിടപ്പുണ്ട് ..
ഉണ്ണിക്ക് പിന്നെ വേറെന്തു വേണം ....
എങ്കിലും എന്തേ എന്നമ്മ വൈകുന്നത് നിത്യം ?

ഉണ്ണീ .. നോക്കി പോകെട്ടൊ .. കൈതക്കൂട്ടത്തില്‍
ഗ്രഹണം വിഷം തേയ്ച്ച നീര്‍ക്കോലിയുണ്ടാകും ..
കാത്ത് കാത്ത് ഇരുന്ന കണ്ണുകള്‍ക്ക് ഞാന്‍
അഭയം കൊടുത്ത് ഓടി മറയുമ്പോള്‍ ആശ്വസ്സിക്കാം ,
കാത്ത് നില്പ്പിന്റെ മുഷിപ്പ് മുറിച്ചതിന് ..

കൗതുകം പൂണ്ടാണ് എണ്ണ മണക്കുന്ന കടല്‍ക്കരയിലെത്തിയത് ..
ഒരു കുഞ്ഞിന്റെ കൈകളില്‍ വിരിയുന്ന തോണികള്‍
പതിയെ വന്നു തലോടുന്ന കടലമ്മയെ കണ്ടു ഞാന്‍ ...
മനസ്സ് നാലായി മടക്കി , ഉള്ളിലെ ഹൃദയം നിവര്‍ത്തി
ഒന്നിറക്കി നോക്കി , ഒരു തിരയിലൂടെ ഉണ്ണിയുടെ അമ്മ വന്നു
ആവേശമോടിറങ്ങി അലിഞ്ഞ് ഭാരമേതുമില്ലാതൊരു
കടലാസ് തോണിയായ് ...


"ചിത്രങ്ങള്‍ : ഗൂഗിളിന് നന്ദി "

Tuesday, July 10, 2012

എന്‍ ഹൃദയ പൂത്താലം നിറയേ നിറയേ ...


















കാത്ത് കാത്ത് നിന്നതല്ല ..
ഓര്‍ത്ത് ഓര്‍ത്ത് നേടിയതല്ല ..
മഴ നിറഞ്ഞ നേരത്ത് കുടക്കീഴില്‍ ചേര്‍ന്നതല്ല ..
പ്രണയം പറഞ്ഞ് ഹൃദയം കൊരുത്തതുമല്ല ..
പെരുമഴ തോര്‍ച്ചയില്‍ പൂമരം കാത്ത് വച്ച
പ്രണയമുത്തുകളെല്ലാം വാരിയെടുത്തെന്മേല്‍ നിറച്ചതുമല്ല ..
അവള്‍... സ്നേഹത്തിന്റെ ചൂടുമായി ഹൃദയവാതില്‍ പോലും
മുട്ടാതെ " നീ എനിക്ക് " എന്നോതി കൊടുങ്കാറ്റിലൂടെ വന്നവള്‍ ..
ഒരു പ്രണയവാക്ക് പോലും ഉരിയാടാതെ എന്റെ പ്രണയം കവര്‍ന്നവള്‍ ..



ഹലൊ .. ഹലോ ..
നീ ഇപ്പോള്‍ എവിടെ എത്തീ ..?
ഞാന്‍ ത്രിശ്ശൂര്‍ കഴിഞ്ഞു .. എന്തേ ?
അതേ .. നീ വല്ലതും കഴിച്ചിട്ടാണോ വരുന്നേ ?
ഇവിടെങ്ങും നല്ല കറികള്‍ ഞാന്‍ വച്ചിട്ടില്ലെട്ടൊ ..
അല്ലെങ്കില്‍ നീ എപ്പൊഴാ വയ്ക്കുക ..
ഞാന്‍ എവിടെന്നെങ്കിലും കഴിച്ചിട്ട് വരാമേ .. നീ ഇനി അതിന് ബുദ്ധിമുട്ടണ്ട ..
" എടീ ഞാന്‍ ഹോട്ടലിലാ "..
ശ്ശോ .. ഡാ എന്തുവാ അവിടെ സ്പെഷ്യല്‍
കരിമീനുണ്ട് .. വേണോ ?..
'ഹോ കൊതിപ്പിക്കാതെ .. കളിയാക്കുമോ ? എനിക്കൊരു കരിമീന്‍ വാങ്ങി വരുമോ '?
ഇതാണവള്‍ .. ആദ്യായ് കാണാന്‍ പോകുവാ അവളെ ..
അപ്പോഴും എന്നില്‍ അവള്‍ പൂര്‍ണമാണെന്ന് തെളിയിക്കുന്നുണ്ടവള്‍ ..
പ്രണയത്തിനപ്പുറം .. എന്നില്‍ സര്‍വ്വസ്വാന്തന്ത്ര്യവും ഉള്ളവള്‍ ..............
ഒരു പേരു കൊണ്ടെന്നില്‍ മഴക്കാലം തീര്‍ത്തവള്‍ ..



സുഹൃത്തുക്കളേ .. പ്രണയിക്കാത്തവരായി ആരും കാണില്ല ..
മനസ്സില്‍ പ്രണയം ഒരിക്കല്‍ പോലും മൊട്ടിടാത്തവര്‍..
ഈ ഭൂമുഖത്ത് ജീവിക്കുകയോ മരിച്ചു പോകുകയോ ചെയ്തു കാണില്ല ..
പ്രകൃതിയോട് , അമ്മയോട് , മഴയോട് , അവളോട് അങ്ങനെ
എതെങ്കിലും ഒന്നില്‍ നാം ബന്ധിക്കപ്പെടുന്നുണ്ട് , അറിയാതെ പ്രണയിക്കുന്നുണ്ട് ..
പ്രണയം .. മണ്ണാങ്കട്ട ..! എന്നു പറയുന്നവര്‍ പൊലും ഒരു നിമിഷം കൊണ്ട്
ചെന്നു വീണേക്കാവുന്ന ഒന്നാണ് അത് .. അതു മനസ്സിനെ പതിയേ ആര്‍ദ്രമാക്കും
പിന്നെ നോവോ , കുളിരോ നല്‍കും .. ! അതു കാലം നല്‍കുന്നതാണ് ...
നഷ്ടമാകുമ്പോഴാണ് പ്രണയത്തിന്റെ ആഴമറിയുക ..
എനിക്കെന്തേ പ്രണമിങ്ങനെ എഴുതിയാലും എഴുതിയാലും തീരുന്നില്ല ..?
അതൊ ഇനി ആവര്‍ത്തനമാകുന്നുണ്ടൊ ആവൊ ..





 
 
 
 
 
 
 
 
 
 
 
 
 
 
 
ആദ്യമായിട്ട് അവളെ കാണാന്‍ ചെല്ലുമ്പോള്‍
അവളെ മിഴികള്‍ പരതുമ്പോള്‍ ഒരു വശത്ത് നിന്നും
ഒരു ചിരിയാണ് കേട്ടത് .. കോടി വര്‍ഷം ഒന്നിച്ച്
ജീവിച്ച ആത്മബന്ധമുണ്ട് ഞങ്ങള്‍ തമ്മില്‍ .. പക്ഷേ ഹൃദയമിടിച്ചത് ..
ഒന്ന് തൊട്ടത് . ആ ചുണ്ടില്‍ ഒന്നു മുത്തമിട്ടത് ..
പിന്നീട് ആ ഉമിനീരിന്റെ ആഴങ്ങളില്‍ ചേര്‍ന്നു നിന്നത് ..
അപ്പോഴൊക്കെ പതിയെ അവളുടെ ഉള്ളില്‍ നിന്നും
മഴ നനഞ്ഞ വാക്കുകള്‍ അടര്‍ന്നു വീണിരുന്നു ...
ജീവിതത്തില്‍ ചിലതിങ്ങനെയാണ് .. " പെട്ടെന്ന് വരും .. പെട്ടെന്ന് പൊകും "
പക്ഷേ അതിനിടയിലേ നിമിഷങ്ങളില്‍ പകരുന്നത് ഒരു ജീവിതകാലമത്രയും നില നില്‍ക്കും ..
അവളുടെ സംസാരം കേള്‍ക്കാന്‍ വലിയ ഇഷ്ടായിരുന്നു ..
ഒരൊ വാക്കും പറയുന്നതിന് ഒരു പ്രത്യേകതയുണ്ട് ..
അതവളോട് അനുകരിച്ച് കാണിച്ചപ്പോള്‍ അവളന്ന് ചിരിച്ചിട്ട് പറഞ്ഞു .." പോടാ ദുഷ്ടാ "
കണ്ണുകളില്‍ വല്ലാത്ത തിളക്കമാണവള്‍ക്ക് .. എനിക്ക് വേണ്ടീ എത്ര രാത്രികള്‍ വേണമെങ്കിലും
ഉറങ്ങാതിരിക്കും .. സ്നേഹമാണവള്‍ കൊതിച്ചത് .. എന്നില്‍ മാത്രം നിറയുവാന്‍ കൊതിച്ചവള്‍ ..

എന്തേ നിന്റെ കണ്ണിന്റെ താഴെ കറുപ്പ് നിറം ..?
അതു കൊള്ളാം .. എനിക്കതിനുറക്കമുണ്ടൊ .. ?
നിനക്ക് വേണ്ടി ഇങ്ങനെ തന്നേക്കുവല്ലേ എന്റെ രാവുകള്‍ ..
"ഇങ്ങു വന്നേ" ..
'എന്തിനാ '
"വാ "..
' ഈ ചെറുക്കനെന്താ'?
"ഒരു മണമുണ്ട് നിന്റെ വാക്കുകളില്‍ ..
പിന്നെ നിന്നെയും ..
ഒന്നു തൊടുമ്പോള്‍ എന്തിനാ ഇങ്ങനെ പൂക്കുന്നത് "
'അയ്യേ .. പോടാ .. ഞാന്‍ പോകുവാ ' ..








 
 
 
 
 
 
 
 
 
 
എന്തു നിശബ്ദമാണിവിടെ അല്ലേ ..?
കായല്‍ എന്തു രസമാല്ലേ .. ദൂരെ നിര്‍ത്തിയിട്ടിരിക്കുന്ന ചരക്ക് കപ്പലുകള്‍ കണ്ടൊ നീ?
അതൊക്കെ ഇങ്ങനെ വരുന്നുണ്ട് .. ഭാരമൊഴിച്ച് .. പിന്നെയും നിറച്ച്
തീരം വിട്ട് .. നമ്മള്‍ ഇതുപൊലെ പിരിയുമോ എപ്പൊഴെങ്കിലും .. ?
എത്ര പിണങ്ങി പോയാലും , ഒന്ന് തളരുമ്പോള്‍ നാം തീരം തേടും ..
എന്തൊ ഒരു സങ്കടം വരുന്നു .. തിരിച്ച് പോകാന്‍ സമയമാകുന്നു ..
"നമ്മുക്കിവിടെ ഇരിക്കാം .. വന്നേ നീ "..
'നീ എന്താ കാണിക്കുന്നേ .. കൊച്ചു കുഞ്ഞാണല്ലൊ '..
"ഒന്നു തല വച്ചോട്ടെന്നു .. ആ നീളമുള്ള വിരലുകള്‍
ഒന്നോടിച്ചേ തലമുടികളിലൂടെ .. എന്നിട്ട് ആ വരികള്‍ ഒന്നു മൂളിയേ ..

" വെളുത്ത പട്ടു കൊണ്ടമ്മ കെട്ടിയ പൂതൊട്ടിലൊന്ന്
പതുക്കേ പതുക്കേ കാറ്റിലാടി നില്‍ക്കുന്നു "

"ഹോ .. ഈ കവിത നീ ചൊല്ലി കേള്‍ക്കുമ്പോള്‍ ..
അമ്മയാകും നീ എനിക്ക് .. എന്തു സ്നേഹം കൂടുമെന്നോ എനിക്ക്
ചേര്‍ത്തണക്കാന്‍ തോന്നും എന്റെ ജീവനെ "
യ്യൊടാ .. എന്റെ പൊന്നൂന്റെ കണ്ണു നിറഞ്ഞല്ലൊ ..





 
 
 
 
 
 
 
 
 
 

എന്റെയീ ജീവിതത്തിലെ എറ്റവും നിറമുള്ള ദിനങ്ങളായിരുന്നു അത് ..
അവളരുകില്‍ നിന്ന നിമിഷമത്രയും മനസ്സ് സ്വാന്തനമറിഞ്ഞിരിന്നു ..
സ്നേഹത്തിന്റെ പട്ട് കൊണ്ട് അവളെന്നെ മൂടിയിരുന്നു എപ്പൊഴും ..
ഓരോ നോട്ടത്തില്‍ , ഓരോ പ്രവൃത്തിയില്‍ , ഒരു നിമിഷം അനുവദിച്ച് കിട്ടിയാല്‍
അരികില്‍ ഓടിയെത്തി എന്നിലേക്ക് ചേര്‍ന്നിരുന്നു അവള്‍ ..

എന്റെ ഉള്ളം നീ വിതച്ച് പോയ സ്നേഹത്തിന്റെ ഗര്‍ഭം ചുമക്കുന്നുണ്ട്
എന്റെ കണ്ണുകളില്‍ നീ പൊഴിക്കാനാഞ്ഞ മഴയുടെ കാര്‍മേഘ കറുപ്പുണ്ട്
ഇന്നലെയോ ഇന്നോ പുറത്തേക്ക് വന്നേക്കാവുന്ന നമ്മുടെ ഇഷ്ടം
നാളേ ഒരു പേറ്റു നോവില്‍ പെയ്തു പോയേക്കാം ...
അതില്‍ നീ ചാര്‍ത്തിയ പ്രണയനിറവും
ഞാന്‍ നല്‍കിയ സ്നേഹസുഗന്ധവും പൂത്ത് നിന്നാല്‍ ......!
ഒരു കാറ്റായി നീയും ഒരു മേഘമായി ഞാനും ചേര്‍ന്ന്
നമ്മുടെ പ്രണയം മഴയായ് പൊഴിഞ്ഞാല്‍ ...
ഒരു ഇടവപ്പാതി പോലെ എന്നിലേക്ക് നിന്നിലേക്ക്
പെയ്തു തോര്‍ന്ന നമ്മുടെ പ്രണയം വേനലിനെ വരവേറ്റിരിക്കുന്നു മൂകം ..




 
 
 
 
 
 
 
 
 
 
 
 
 
 
 
 
എന്താണെന്നറിയില്ല .. അവളെ കാണുന്ന ഒരൊ നിമിഷത്തിലും
ചേര്‍ത്തണക്കാന്‍ തോന്നും .. എനിക്ക് വേണ്ടി രൂപപ്പെടുത്തിയ
ശരീരം ആണെന്ന് , മനസ്സാണെന്നൊക്കെ തോന്നിയിട്ടുണ്ടെനിക്ക്.. ..
ആദ്യ കണ്ടുമുട്ടലില്‍ അവള്‍ക്ക് കൊടുക്കുവാന്‍ മൂല്യമുള്ള ഒരു സമ്മാനം
എത്ര ആലൊചിച്ചിട്ടും മനസ്സിലേക്ക് വന്നില്ല , അവസ്സാനം അവളേയും
കൂട്ടി ഡീ സീ ബുക്സില്‍ പോകുമ്പോള്‍ അവളെനിക്കാണ് പുസ്തകങ്ങള്‍
എടുത്ത് തന്നത് .. അക്ഷരങ്ങളുടെ ചുടു മണമുള്ള നാലു ചുവരുകള്‍ക്കിടയില്‍ വച്ച്
ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ എത്ര നിമിഷങ്ങളാണ് ഇമവെട്ടാതെ കവര്‍ന്നത് ..

ഞാന്‍ ആദ്യമായിട്ടും അവസ്സാനമായിട്ടും കണ്ട ദിനങ്ങളില്‍ നിന്നും
പിരിയാന്‍ നേരം .. പുലര്‍ച്ചേ എന്റേ തിരിച്ച് പോക്കിന് തൊട്ടു മുന്നേ
ഞാന്‍ അവളെ കണ്ടു അവസ്സാനമായീ ..
എനിക്ക് വേണ്ടീ ചായ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അവള്‍ ..
ഹൃദയം കലങ്ങിയാണവളുടെ അരികില്‍ ചെന്നത്
ആ ചിത്രം എന്നില്‍ നിന്നും മായില്ലൊരിക്കലും ..
പാവം തോന്നിയിരുന്നു അന്നെനിക്ക്...
ശരീരത്തിലോ വസ്ത്രധാരണത്തിലോ വാക്കുകളിലോ അധികമൊന്നും
തിരുകി കയറ്റാതെ വെറും സാധാരണമായി
പെരുമാറുന്ന എന്റെ പ്രീയപെട്ടവള്‍ .. പ്രണയത്തിന്റെ മൂര്‍ദ്ധന്യത്തില്‍
സങ്കല്പ്പലോകത്തേക്ക് എന്റെ മനസ്സ് പായുമ്പോള്‍ ഞാന്‍ അറിയാതെ ഓരോന്ന്
ചോദിക്കും , അപ്പൊള്‍ അവള്‍ എന്നെ തിരുത്തും ,
'എന്താ നിനക്ക് .. അതൊന്നും ശരിയാവില്ല' ..
അതൊന്നുമല്ല നമ്മുടെ കാര്യങ്ങള്‍ , വേണ്ടത് വേണ്ട പോലെ നടക്കും' ..



അവരവരുടെ സ്നേഹമനസ്സുകളെ വര്‍ണ്ണിക്കുമ്പോള്‍ വാക്കുകളും വരികളും കൂടും ..
പക്ഷേ ഇവള്‍ക്ക് ഞാന്‍ കൊടുക്കുന്ന വരികള്‍ക്ക് നേരിന്റെ നിറമുണ്ട് ..
എന്നരുകില്‍ ഇല്ലാതെ പോയ സ്നേഹ നിറവ് ..
കാലം ഞങ്ങളേ അകറ്റിയിരിക്കാം ,
വാക്കുകളും വരികളും ഹൃദയത്തേ പൊള്ളിച്ചിരിക്കാം ..
ധാരണകളെല്ലാം ശരിയാവണമെന്നില്ലല്ലൊ ..
ഒരു നിമിഷം കൊണ്ട് അവള്‍ തന്ന പ്രണയം
മതിയെനിക്ക് ഈ ജീവിതം മുഴുവന്‍ മനസ്സില്‍ മഴ നിറക്കാന്‍ ..
പിരിയാന്‍ നേരമവള്‍ പറഞ്ഞു ..
'നമ്മുടെ പ്രണയം കാലത്തിന്റെ ആവശ്യമായിരുന്നു ..
അന്നത് നമ്മളിലൂടെ ചേര്‍ന്നു നിന്നു .. ഇനിയത് അസ്തമിച്ചിരിക്കുന്നു' ..
ആരുടെ ഭാഗത്താണ് തെറ്റെങ്കിലും ഞങ്ങള്‍ക്ക് നഷ്ടമായത് മരണം വരെ
നേര്‍ത്ത് പൊഴിഞ്ഞേക്കാവുന്ന മഴനിലാവായിരുന്നു ..




















ദുഖമുണ്ടൊ എന്നു ചോദിച്ചാല്‍ .. അറിവതില്ല .. പക്ഷേ ഇടക്കൊക്കെ
അവള്‍ വരും സ്വപ്നത്തിലും , അരികിലുമൊക്കെ .. എന്നോട് സംസാരിക്കും കുറേ നേരം ..
ഒരിക്കല്‍ കൂടി അവളെ ഞാന്‍ കാണും .. കാലം കാത്ത് വയ്ച്ച ഒരു ദിവസ്സം
അന്നെനിക്ക് അവളില്‍ നിറക്കാന്‍ ഒരു മഴക്കാലമത്രയും കരുതി വച്ചിട്ടുണ്ട് ഞാന്‍ ..
ഒരു തുള്ളി പോലും മണ്ണില്‍ പൊഴിക്കാതെ ..
പ്രണയനൈരാശ്യമൊന്നുമല്ല ..ചിന്തകളുടെ പുകലൂത്തും അല്ല ..
ഇന്നും എപ്പൊഴും എന്നുള്ളില്‍ ഉണ്ടാ പ്രണയം .. വാടാതെ തന്നെ ..
ഞാന്‍ സുഖമായി ഉറങ്ങുന്നുണ്ട് എന്നും , കാരണം അരികിലുണ്ട് മിക്കപ്പോഴും അവള്‍ ..
അല്ലെങ്കില്‍ അവള്‍ നല്‍കി പോയ പ്രണയത്തിന്റെ ചൂട് ..
പ്രണയിക്കാന്‍ . പ്രണയിക്കപ്പെടേണ്ട ആളു വേണമെന്നില്ലല്ലൊ .. അല്ലേ ?
അതിങ്ങനെ പൊഴിഞ്ഞു കൊണ്ടിരിക്കും എന്നുമെപ്പൊഴും ..
പക്ഷേ പറഞ്ഞില്ലേ ഞാന്‍ നേരത്തേ ,ഒരു തുള്ളി പൊലും കളയാതെ ഞാന്‍ കാത്ത് വയ്ക്കും ..

" ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്ക് മാത്രം ..
എന്നെങ്കിലും വീണ്ടുമെവിടെ വച്ചെങ്കിലും
കണ്ടു മുട്ടാമെന്ന വാക്കു മാത്രം
നാളേ പ്രതീഷ തന്‍ കുങ്കുമ പൂവായി
നാം കടം കൊള്ളുന്നതിത്ര മാത്രം .. "
"കണ്ടു മുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായീ ...
നിറയുന്നു നീ എന്നില്‍ , നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പൊലെ ....."
എപ്പൊഴൊ തട്ടി തകര്‍ന്നു വീഴുന്നു നാം
നഷ്ടങ്ങളറിയാതെ നഷ്ടപെടുന്നു നാം (രേണുക .. മു. ക)




{ ചിത്രങ്ങള്‍ ,ആശയം കൊടുത്ത ഉടനേ
വലയുമെടുത്തിറങ്ങിയ കൂട്ടുകാരിക്ക് നന്ദിയോടെ -
പിന്നേ അവള്‍ വീശിയ ഗൂഗില്‍ കടലിനും }