എന്നേ തഴുകി , കാലത്തിന്റേ കുത്തൊഴുക്കില്‍ മറഞ്ഞു പോയ കൂട്ടുകള്‍ക്ക് .. നിലാവ് പൊലെ
അരികില്‍ നിറഞ്ഞ മായാത്ത സൗഹൃദങ്ങള്‍ക്ക് ..
നാളത്തെ രാവ് പുലര്‍ന്നാല്‍ , പുതു രശ്മിയുമായ്
പുതുവര്‍ഷം പിറക്കപ്പെടും .. ഇനിയും പൂക്കാത്ത
പൂവുകളൊക്കെ ചിലപ്പൊള്‍ ഈ പുലരിയിലോ
വരും പുലരികളിലൊ പൂത്തേക്കാം ..
വാടിയ ദലങ്ങളെ കാലം ഇറുത്തേക്കാം..
മണ്ണ് പ്രണയം കൊണ്ടു മൂടിയേക്കാം ..
കഴിഞ്ഞു പോകുന്നൊരു വര്‍ഷം . അതു ഒരുപാട്
നോവുകളൂടേയും , നഷ്ടങ്ങളുടേയും വര്‍ഷമാണ് ..
എന്നത്തേയും പോലെ കഴിഞ്ഞ് പോകുന്നത് എന്തും
നഷ്ടകണക്കുകളില്‍ തളച്ചിടാനാണ് നാമെപ്പൊഴും ശ്രമിക്കുക ..
എങ്കിലും ഇന്നലെയുടെ മഴയും , മഞ്ഞും നാളെയുടെതാവില്ല...
തളിര്‍ത്ത് പോയതിനെ വീണ്ടും മുളപ്പിക്കാനുമാവില്ല ..
അലിഞ്ഞ് പോയ ചിലതൊക്കെ ഹൃത്തില്‍ ചേര്‍ന്ന് നില്‍ക്കുന്നു..
മഴയിലൂടെ വന്ന് കുളിരേകിയ മനസ്സുകളും ..
വാക്കു പിരിഞ്ഞിരിക്കാം , കാലം ദൂരേക്ക് മായ്ച്ചേക്കാം ....
ഒരു വട്ടം പൂത്ത മാവുകള്‍ പിന്നെയും പൂക്കാം ...
അന്നാ മഴ കൊഴിച്ച സ്വപ്നങ്ങള്‍ ഇനിയും വരുകയില്ല ..
ഇന്നലെകളുടെ ഓര്‍മകള്‍ നോവും , നഷ്ടവും , സ്നേഹവും കലര്‍ന്നതാവാം ..
എങ്കിലും സ്നേഹം ചാലിച്ചൊരു സന്ധ്യ കൂടെയുണ്ട് ..
കൊഞ്ചുന്ന അധരങ്ങളാല്‍ ദൈവത്തിന്റെ സ്പര്‍ശവും അനുഗ്രഹിക്കപ്പെട്ട ,
ഈ പടിയിറങ്ങുന്ന സന്ധ്യയേ അങ്ങനെയൊന്നും തള്ളി കളയാനുമാവില്ല ..
ഒരു വര്‍ഷം കൊഴിയുന്നതും പൂക്കുന്നതും അറിയുന്നേയില്ല ..സത്യത്തില്‍ പണ്ടുള്ള ദിവസങ്ങള്‍ ഇപ്പൊള്‍ വര്‍ഷത്തിനില്ലെന്ന് തോന്നുമാറ് , ദിനവും നിമിഷങ്ങളും പായുന്നു .. എന്തിനൊക്കെയോ വേണ്ടി , എന്നിട്ടും എന്തു നേടുന്നൂ ..അവസ്സാനം എല്ലാം പൊഴിച്ച് , സ്നേഹമെന്ന നേരു മാത്രം നിലനിര്‍ത്തി പൊകുവാന്‍ പടുത്തുയര്‍ത്തിയ മനസ്സും ശരീരവും വെടിഞ്ഞ് ...
പെയ്തൊഴിഞ്ഞ മഴകളും , മഞ്ഞുകാലം പൊഴിച്ച നിനവുകളും ,ഒരു തുണ്ട് നിലാവ് കടം തന്ന വിണ്ണിനും , ആമ്പലിനും , മുല്ലക്കും , പുഴക്കും കടലിനും , ഇനി പുതുരാവിന്റെ ,പുലരിയുടെ പട്ടുടുത്ത് കാണുവാനാശയുണ്ടാവാം.പിന്നെ എന്റേ മിഴികള്‍ മാത്രമെന്തിനത് വേണ്ടെന്ന് വയ്ക്കുന്നു ..
നറുവെണ്‍ പുലരിയുടെ തങ്കരശ്മികള്‍ മനസ്സിനും , ഹൃത്തിനും ഉണര്‍വേകട്ടെ...
പ്രീയ സൗഹൃദങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്നും .. സ്നേഹപുര്‍വം റിനീ ..
എന്റേ മുന്നില്‍ പൊഴിഞ്ഞ മഴത്തുള്ളിക്കും , ഒഴുകിയപുഴക്കും
തിരതല്ലിയ കടലിനും , ഒരു നുള്ള് നിലാവ് തന്ന ചന്ദ്രനും , തേനൂറുന്ന പുഞ്ചിരിക്കും
കാത്തു നിന്ന പ്രണയത്തിനും , അകലേക്ക് മാഞ്ഞ കുങ്കുമ സന്ധ്യകള്‍ക്കും .. നന്ദി ..
ഇനിയുമെന്‍റെ വഴികളില്‍ , പുതു വര്‍ഷ ദിനങ്ങളില്‍ നോവായി , കുളിരായി നിറയുക ..
"എന്റേ വഴിയിലേ വെയിലിനും നന്ദീ ..എന്റേ തോളിലേ ചുമടിനും നന്ദീ
എന്റേ വഴിയിലേ തണലിനും ..മരകൊമ്പിലേ കൊച്ച് കുയിലിനും നന്ദീ
വഴിയിലേ കൂര്‍ത്ത നോവിനും നന്ദീ .. മിഴി ചുവപ്പിച്ച സൂര്യനും നന്ദീ
നീളുമീ വഴി ചുമട് താങ്ങി തന്‍ തൊളിനും വഴികിണറിനും നന്ദീ ..
നീട്ടിയൊരു കൈകുമ്പിളില്‍ ജലം വാര്‍ത്തു തന്ന നിന്‍ കനിവിനും നന്ദീ
ഇരുളിലേ ചതി കുണ്ടിനും പോയോരിരവിലെ നിലാകുളിരും നന്ദീ " ( സുഗതകുമാരീ )
പുതുവല്‍സരാശംസ്കള്‍ .. സ്നേഹത്തോടെ ...