Monday, January 30, 2012

നീ പുഴയാകുക , ഞാന്‍ തുഴയാകാം ..
( യാഥ്യാര്‍ത്ഥ്യത്തിന്‍റെ തോണിയില്‍
സഞ്ചരിക്കുവാന്‍ മനസ്സിപ്പോള്‍ അനുവദിക്കുന്നില്ല ..
ഞാനൊന്നു സങ്കല്പ്പ ലോകത്ത്
ഇത്തിരി നിമിഷം ജീവിച്ചോട്ടേ )

നിന്‍റെ നിറത്തില്‍ ഉറഞ്ഞു പോയ ചിലതുണ്ട്
മനസ്സാണോ ഹൃദയമാണോ എന്നറിയുവാന്‍
കഴിയാത്തത് കാലത്തിന്‍റെ മോടികളിലാവാം...
നിന്‍റെ നിറമെന്നത് മഴയാണോ കനവാണോ
പ്രണയമാണോ എന്ന തിരിച്ചറിവില്ലാത്തത്
എന്‍റെ ബലഹീനതയുമാകാം ..

നീ ഇന്നലെ രാവില്‍ പറഞ്ഞത്
കടവില്‍ മഴ തോര്ന്നില്ല എന്നും
മിഴികള്‍ അടഞ്ഞില്ല എന്നും
പ്രണയമോര്‍ത്ത് ഉറങ്ങിയില്ലെന്നുമാണ് ..
എന്നിട്ടും സ്നേഹമാം തോണി കടവ് തൊട്ട്
മറഞ്ഞു പോയത് മഴ മാത്രമറിഞ്ഞതെങ്ങനെ ?

ഇന്നിന്‍റെ വരണ്ട മണ്ണില്‍ നീ പ്രണയം പൊഴിക്കുമ്പൊള്‍
പുഴയുടെ നീണ്ട ഓളങ്ങള്‍ എന്നെ തഴുകുമ്പൊള്‍
നാം കണ്ട സ്വപ്നങ്ങളില്‍ എവിടെയൊ
നമ്മെ കൂട്ടാന്‍ വന്ന തോണി കടവത്തണഞ്ഞിട്ടുണ്ട്
എന്നിട്ടും എനിക്ക് കൂട്ടായി മഴ മാത്രം പൊഴിഞ്ഞതെങ്ങനെ ?

മേഘക്കീറുകളില്‍ ഒരു കുഞ്ഞു മഴ
ഗര്‍ഭം ധരിക്കുമ്പോള്‍ ..
നീ അകലേ മരചില്ലകള്‍ക്കിടയില്‍
പ്രണയമൊളിപ്പിക്കുന്ന തിരക്കിലായിരിക്കും
ഒന്ന് നനഞ്ഞാല്‍ അലിയുന്ന പ്രണയം
നി എന്നിലെത്ര നാള്‍ പകരുമിങ്ങനെ ?

നിനക്കുമെനിക്കുമുള്ള വ്യത്യാസമാകം ഇത്
ഞാന്‍ ഉള്ളില്‍ കാക്കുമ്പൊള്‍ നി അതിനേ
കൈവെള്ളയില്‍ പൊതിയുന്നു ..
ജീവിത തോണി ഒഴുകുന്നുണ്ട്
അതില്‍ നീയും നീ കാത്ത പ്രണയവും
എന്‍റെ പ്രണയചൂടും നിന്നെ മഞ്ഞിന്‍റെ
കുളിരില്‍ നിന്നും അകലേക്ക് മായ്ക്കും ..

ഈ തീരവും ഈ മനസ്സും
ഒരു തോണി കാത്തിരിപ്പുണ്ട്
നീയും ഞാനും പകരുന്ന പ്രണയചിന്തകളെ
കൊണ്ട് അകലേക്ക് ഒഴുകുന്നൊരു തോണി ..
നീ പുഴയാകുക , ഞാന്‍ തുഴയാകാം ..
കാലമാകുന്ന തോണിയില്‍ നമ്മുക്കൊന്നാവാം ..

Monday, January 23, 2012

മയില്‍പ്പീലി പൊഴിച്ച് മറഞ്ഞ ഹൃദയം ...


ഒരു മഴ മനസ്സില്‍ പെയ്തു നിന്ന ദിനം ..
പ്രവാസത്തിന്‍റെ സ്ഥിരം മടുപ്പില്‍
ഒരു വീട് ,ഒരു ലോകം , ഒക്കെ തീര്‍ക്കുന്ന
പ്രീയമാകുന്ന , സ്വപ്നങ്ങളുറങ്ങുന്ന എന്‍റെ കട്ടിലില്‍
മയങ്ങുവാനായുമ്പോള്‍ .. അരികില്‍ കൂടെയുള്ളവന്‍
പതിയേ ചിലച്ചൂ .. " മന്ദാരം മലര്‍മഴ പൊഴിയും പാവന മാമലയില്‍"
കര്‍പ്പൂരം കതിരൊളീ വീശും നിന്‍ തിരു സന്നിധിയില്‍ "
പ്രീയ കൂട്ടുകാരിയുടെ നമ്പര്‍ ..
ഇതിപ്പൊള്‍ അവിടെ സമയമൊരുപാടായല്ലൊ.
കാര്യമില്ലാതെ ഒരു വിളി .. അതുണ്ടാവില്ല , അതും ഈ സമയത്ത് ..
മനസ്സ് ഒന്നു പിടച്ചിട്ടാണ് സംസാരിച്ച് തുടങ്ങിയത് ..
എന്തേ ...? ഒന്നുമില്ല .. സുഖമല്ലേ ? അതേ സുഖം .. അവിടെയോ?
വാക്കുകളില്‍ ഒരു കരട് തടയുന്നുണ്ട് ..
എന്നത്തേയും പോലല്ല ഇന്ന് , ഒഴുക്കില്ലാത്ത സംസാരം ..
വീണ്ടും ചോദിച്ചൂ .. എന്താടീ .. എന്തു പറ്റീ ? ഒന്നുമില്ലാന്നേ ..
അതേ അതേയ് ..ഞാനൊരു കാര്യം പറഞ്ഞാല്‍ വിഷമിക്കുമോ ?
ഒരു ഭാരം വന്നു നിറഞ്ഞു ഹൃദയത്തില്‍ .. ഉറപ്പിച്ചൂ , അപ്പൊള്‍ എന്തോ ഉണ്ട് ..
ഇടക്ക് വിളിച്ച് ചിരിയുടെ പൂത്തിരി കത്തിക്കുന്ന , പണി തരാന്‍ പി എച്ച് ഡി
എടുത്ത ആളാണ് മറു തലക്കല്‍ .. പക്ഷേ ഈ രാത്രി വിളിച്ചത് അതിനല്ല എന്ന് മനസിലായി ..


അവസ്സാനം അതു സംഭവിച്ചിരിക്കുന്നു.. .. .. കാത്തിരുന്നതല്ല എന്തായാലും ... ,
പ്രതീഷിച്ചതാണോന്ന് ചോദിച്ചാല്‍ അല്ലാന്ന് പറയുക തന്നെ വേണം ..
കാരണം ആ വാല്‍സല്യം അകലേക്ക് പൊയിട്ട് ഇത്തിരി കാലങ്ങളായെങ്കിലും ,
അതു അകലെ ഒരു ചിണുക്കം മഴ നല്‍കുന്നുണ്ട് എന്നു വിശ്വസ്സിക്കാന്‍ മനസ്സിനെ പഠിപ്പിച്ചിരുന്നു....
പക്ഷേ അതു എന്നേക്കുമായീ മാഞ്ഞുന്നറിഞ്ഞപ്പൊള്‍ ,
ആ പിന്‍മാറ്റം ഇതുവരെ അറിഞ്ഞിരുന്നില്ല എന്ന സത്യം നോവിച്ചു ഒരുപാട് ..

ഒരു വിളി കൊണ്ട് ഹൃത്താകേ മൂടിവര്‍...
ഒരു ദിനം കൊണ്ട് ഹൃത്തില്‍ നോവാകുന്നവര്‍ ...
ഒരു കാലം കൊണ്ട് ഹൃത്തിനെ വരിഞ്ഞവര്‍ ..
ഇന്നേതോ മഞ്ഞിന്‍ പാളികളില്‍ മറഞ്ഞിരിക്കുന്നവര്‍ ..
വാല്‍സല്യം മഴപോല്‍ പൊഴിച്ചവര്‍ ..
വാക്കിലും നാക്കിലും കരളിലും സ്നേഹം പകുത്തവര്‍ ..
ഒരു ഇല , ഒരു മഴ , ഒരു പുഴ ..
കൊഴിഞ്ഞും , പൊഴിഞ്ഞും , ഒഴുകിയും
എന്നെ കടന്നു പോയതൊക്കെയും
വീണ്ടും തളിര്‍ക്കുമെന്നും
കുളിര്‍ നിറച്ച മഴയാകുമെന്നും ,
ശാന്തമായീ ഒഴുകുമെന്നും
പ്രതീഷിക്കുന്നുണ്ട് , കാത്തിരിക്കുന്നുണ്ട് .. പക്ഷേ ..


റിനീ എന്നുള്ള വിളി കൊണ്ട് ..
മോനേ എന്ന വാല്‍സല്യ മൊഴി കൊണ്ട്
കാലം വെളുത്ത രേഖവരച്ച പുറം താളുകളില്‍
കടുത്ത ചായം തേക്കാതേ , മനസ്സില്‍ ചെറുപ്പത്തിന്‍റെ
വര്‍ണ്ണം നിറച്ച് , നാട്ടിന്‍പുറത്തിന്‍റെ സൗമ്യതയുള്ള
എന്‍റെ ജീവിത വഴികളിലെപ്പൊഴോ സ്നേഹമായി വന്ന
മയില്‍‌പ്പീലി നിറമുള്ളൊരു അമ്മ , ചേച്ചീ , കൂട്ടുകാരി ..
ഇന്നീ ലോകത്ത് ചിരിക്കുന്നില്ല , കരയുന്നില്ല , സങ്കടപ്പെടുന്നില്ല ...
അനിവാര്യമായ നേര് , ആയുസ്സ് കാര്‍ന്ന് തിന്നുന്ന രോഗം കൊണ്ടു പൊയത്
അന്നെന്നില്‍ പൊഴിച്ച മഴ മേഘപ്പീലികളെയാണ് ...


എത്ര നിസ്സാരരാണ് നാം .. ഒന്ന് ചിന്തിച്ചിട്ടുണ്ടോ ഈ ജീവിതത്തിന്‍റെ
അര്‍ത്ഥവും , വ്യാപ്തിയും .. ഇന്ന് നാം കാണുന്ന ഒന്നും ശാശ്വതമല്ല ..
ഒരു കുഞ്ഞു മഴയില്‍ അലിഞ്ഞില്ലാതാകും മണല്‍പ്പുറ്റുകള്‍ ..
ഒരു ചെറു കാറ്റില്‍ ദിക്കുകള്‍ താണ്ടും കരിയില കൂട്ടങ്ങള്‍ ..
പുലര്‍കാല മഞ്ഞുതുള്ളി എത്ര മനോഹരമാണ് ..
സൂര്യകിരണമേല്‍ക്കാതെ കാക്കുവാനാകുമോ ?
നാം ഒരിക്കലും തീര്‍ന്നു പോകരുതെന്ന് ആഗ്രഹിക്കുന്നത് എന്താണോ
അതു നേരത്തേ തന്നെ നമ്മേ വിട്ടു പിരിയും ..
ഒന്നും തടയുവാനോ , നിലനിര്‍ത്തുവാനോ നമ്മുക്കാവില്ല ...


കാലത്തിന്‍റെ ദ്രുതചക്രത്തില്‍ കൂടെ ചലിക്കാന്‍ മാത്രമുള്ള മനുഷ്യജന്മങ്ങള്‍
മുന്നിലൂടെ മറഞ്ഞു പോകുന്ന ഹൃദയ്ങ്ങള്‍ക്ക് , മഴക്ക് ..
ഒരായിരം മിഴിപ്പൂക്കള്‍ തന്നു പൊയ സ്നേഹത്തിന്‍ പീലീ
ഞാന്‍ സൂക്ഷിച്ച് വയ്ക്കും , എന്‍റെ ജീവന്‍ പൊലിഞ്ഞു പോയാലും ...
മഴ പെയ്യുന്ന രാവായാലും , സ്നേഹത്തിന്‍റെ ഒരു നുള്ളു ദീപത്തിന്‍
ചോട്ടില്‍ പഴയ വര്‍ണ്ണമോടെ എന്നുമെന്നും .. എന്‍റെ മയില്‍പ്പീലി ..

Thursday, January 5, 2012

പോ ...മിണ്ടണ്ട .. പിണക്കമാ ..അമ്പലമുറ്റത്ത് നിന്നിറങ്ങുമ്പൊള്‍ അവള്‍ പൊഴിയുന്നുണ്ട് ..
എനിക്ക് കേള്‍ക്കുവാന്‍ , എനിക്ക് കാണുവാന്‍
എന്നരുകില്‍ ചേര്‍ന്ന് നില്പ്പാണവള്‍..
കാറിന്‍റെ ചില്ലുകള്‍ക്കപ്പുറം
അവളെന്നെ പിന്തുടരുന്നുണ്ട്
പാടത്തിന് നടുവിലെ ചിറമുറിച്ചവളെന്നെ
തൊടുവാന്‍ വെമ്പുന്നുണ്ട് ..
കിളിചുണ്ടന്‍ മാവിനെ കാറ്റാല്‍ കുലുക്കി
എന്‍റെ മേലേ പുല്‍കാന്‍ കൊതിക്കുന്നുണ്ടവള്‍
ഇന്ന് ഞാന്‍ അവളോട് പിണക്കമാണ്...
ഇന്നലെയെന്‍റെ വാഴയില വകഞ്ഞ്
നനച്ചു പോയവള്‍.....
ബാക്കി വച്ച് പോയ ഇലത്തുമ്പിലും
ഒരു നുള്ളു പ്രണയം നിറച്ചവള്‍...
ഇന്നലെ രാവില്‍ ഉറക്കമൊഴിച്ച് കാത്തിരിന്നിട്ടും
അരികില്‍ വരാതെ ദൂരെയെങ്ങോ പെയ്തലച്ചവള്‍
ഇന്ന് വന്നു ചിണുങ്ങുന്നത് കണ്ടാല്‍ ആരാ കൂട്ടു കൂട്ടുക.......