ഒരു വള കിലുക്കം കേള്‍ക്കുന്നുണ്ട് മഴ വീണ റെയില്‍ പാളങ്ങളില്‍....
പാറക്കഷ്ണങ്ങളില്‍ അലിഞ്ഞു പോയ
ചില ഓര്‍മകളുടെ കൊങ്ങിണി പൂവുകള്‍ പയ്യെ മനസ്സിലേക്ക് തിരതല്ലി വരുന്നുണ്ട് ..
യാദൃശ്ചികമായി ഗൂഗ്ഗിളിനെ അഭയം പ്രാപിച്ചത് ഒരു സന്ധ്യക്കാണ് ..
കൂട്ടുകാരന്‍ ചോദിച്ച ഒരു പൂവിന്‍റെ പേരു തപ്പാന്‍ ..
മുന്നില്‍ വന്നു പെട്ട ചിത്രം കണ്ടപ്പൊള്‍ മനസ്സോടിയത്
വര്‍ഷങ്ങളുടെ റെയില്‍ പ്പാളങ്ങളിലൂടെയാണ് ..
ചേച്ചിയും ഞാനും ഈ കൊങ്ങിണി പൂവും ..
എത്ര വലുതായാലും നമ്മളില്‍ നിന്നും ചിലത് മരിക്കില്ല എന്നതിന്‍റെ
തെളിവാണ് ഇങ്ങനെ ചില ഓര്‍മകള്‍ .. ഞാന്‍ ഒരിക്കലും,
എഴുതാന്‍ കഴിയുമെന്നൊ , അല്ലെങ്കില്‍ ഓര്‍ക്കാന്‍ ശ്രമിച്ചതൊ
അല്ലാത്ത ചിലതു വരെ വരികളാകുന്നു , സന്തോഷം തന്നെ ..
തറവാടിന്‍റെ അകത്തളങ്ങളില്‍ എവിടെയോ അപ്പുപ്പനും അമ്മുമ്മയും വച്ചൊഴിഞ്ഞു പൊയ സ്നേഹവാല്‍സാല്യങ്ങളെ നുണയുവാന്‍ അറിയാതെ മനസ്സ് ചെന്നെത്തുന്ന നിമിഷങ്ങളില്‍ ,
ഇടപ്പുരയില്‍ നിന്നും എനിക്ക് കിട്ടിയ ഒരു കൂട്ടം വളപൊട്ടുകള്‍ എനിക്കന്ന് നല്‍കിയത് ഈ കൊങ്ങിണി പൂവിന്‍റെ മണമായിരുന്നു എന്നറിയുവാന്‍ എനിക്കൊരുപാട്
കാത്തിരിക്കേണ്ടി വന്നുവോ ..
" ഗീതയേച്ചി" എന്ന കൊങ്ങിണി പൂവ് .. ആര്‍ക്കൊവേണ്ടീ , എന്തിനോ വേണ്ടീ എന്നേയുംചേച്ചിയേയും എന്നും കാത്ത്
നിന്ന അവരുടെ മുഖം മനസിലുണ്ട് അവ്യക്തമായി ..പ്രതിഫലമോ , കരുണയോ സ്നേഹമോ കാംഷിക്കാതെ നമ്മുക്കായി കാത്തിരിക്കുവാന്‍ പാകത്തില്‍ ഈ യുഗത്തില്‍ ആരുണ്ടാകുമെന്ന ചിന്ത അലോസരപ്പെടുത്തുന്നുണ്ട് ....
കാലം വിഷച്ചൂരേകിയ മനസ്സുകളുടെ എണ്ണം കണ്ണില്‍ കൊള്ളാത്ത പെരുകുന്ന ഈ കാലത്ത് ഓര്‍മകളിലെ ഈ നന്മമനസ്സുകള്‍ മൂല്യമര്‍ഹിക്കുന്നു.....അവര്‍ക്കൊരു വരി എഴുതാതെ പൊയാല്‍ ജന്മം പൂര്‍ണമാകില്ല എന്നൊരു തൊന്നല്‍ അലട്ടുന്നത് കൊണ്ട് മാത്രം ..
വൈകുന്നേരങ്ങളിലെ മടക്കം കായലും കടലും
പൊഴി മുറിക്കുന്ന കാഴ്ചകള്‍ക്കും,ഇപ്പുറം
ആമ്പലിന്‍റെ വര്‍ണ്ണാഭമായ കുളക്കരക്കും നടുവിലൂടെ,ഇടക്കിടെ കൂകി പായുന്ന തീവണ്ടികള്‍ക്കരുകിലൂടെ,കൊങ്ങിണി പൂവുകളുടെ ഗന്ധമുള്ള പാവം മനസ്സിന്‍റെ, വിശാലമായ ലോകം സൃഷ്ടിക്കുന്ന കഥകള്‍ക്ക് ചെവിയോര്‍ത്ത് എത്രയോ സന്ധ്യകള്‍ ..
ഇരുവശവും പൂത്തു നില്‍ക്കുന്ന കൊങ്ങിണി പൂവുകളുടെ പ്രത്യേക വാസന ഗീത്യേച്ചിക്കും വരുവാന്‍ കാരണമുണ്ട്.. ഞങ്ങളെ കാത്തു നില്‍ക്കുന്ന നിമിഷങ്ങളില്‍ അരികില്‍ നില്‍ക്കുന്ന പൂവുകള്‍ മിക്കതും ചേച്ചിയുടെ കൈയ്യിലാകും..
ഒരു പ്രത്യേക സുഖമോടെ ഇറുന്നു വരുന്ന അതിന്‍റെ ഇതളുകള്‍ വല്ലാത്തൊരു സുഖാണ് നല്‍കുക ..
പിന്നീട് ഓണപ്പുലരികളില്‍ പൂക്കളങ്ങളില്‍
നിറയുന്ന ഈ പൂവ് പോലും എന്നെ ആ പഴയ
ഓര്‍മകളില്‍ തളച്ചിട്ടില്ല എന്നത് സത്യമാണ്......
അച്ഛന്‍ വന്നു സ്കൂളില്‍ നിന്ന് കൂട്ടി കൊണ്ട് പോയ ദിവസ്സം ,
ഞങ്ങളെ കാത്തു നിന്നു വിഷമിച്ച്,
രാത്രി വരെ വീടിന് ഉമ്മറത്തിരുന്ന ഗീത്യേച്ചിയുടെ
അരികില്‍ മുഴുവനും ആ പൂവിന്‍ ഗന്ധമായിരുന്നുവോ ..
എത്ര പൂക്കളിലേക്കന്ന് ആ കൈകള്‍ ചലിച്ചു പോയിരിക്കാം ,,
അന്നത്തെ സന്ധ്യകളില്‍ അലിഞ്ഞു ചേര്‍ന്ന കുങ്കുമക്കൂട്ടുകളില്‍
ഒരു തുള്ളി മനസ്സിന്‍റെ ഉള്‍നീര്‍ ചാലിച്ചിട്ടുണ്ടാവാം...
കാലം സമ്മാനിച്ച നിമിഷങ്ങളിലൂടെ
ഞങ്ങള്‍ ഒരുമിച്ചു നടന്നു കേറിയത്
പല സംശയങ്ങളുടെ നിലവറകളിലേക്കാണ്..
പക്ഷേ ഒന്നിനും വ്യക്തമായ മറുപടി നല്‍കാതെ
മനസ്സിലേക്ക് മിന്നാമിനുങ്ങിന്‍റെ വെട്ടം പോലെ
എന്തൊക്കെയോ നല്‍കി പോയ ആ ചേച്ചി
ഉള്ളില്‍ വച്ചു പഴുപ്പിച്ചത് തിരിച്ചറിയാന്‍ കഴിയാത്ത
മധുരതരമായ ഓര്‍മകളാണ് ..
കാരമില്‍ക്കിന്‍റെ മിഠായി വളരെ ഇഷ്ടമായിരുന്ന ഗീതയേച്ചിയെ ഞങ്ങള്‍ നല്ലവണ്ണം ചൂഷണം ചെയ്തിരുന്നു എന്നാണ് എന്‍റെ അവ്യക്തമായ ഓര്‍മ .. ( ചേച്ചിയെ വിളിച്ചു ഇപ്പോള്‍ , ആ ഓര്‍മകള്‍ക്ക് വെളിച്ചമേകാന്‍ )
ഒരോ മിഠായിക്കും ഞങ്ങളെ എടുക്കണം... ,
എന്നെ എടുക്കുന്നത് സഹിക്കാം , ചേച്ചിയെ എടുത്ത് നടന്നിരുന്നത്
ആലോചിക്കുമ്പോള്‍ ഇപ്പോളൊരു സങ്കടം തോന്നുന്നു .. പാളങ്ങളില്‍ നിന്നും ചിതറി വീണ
പാറക്കഷ്ണങ്ങളിലൂടെ നടക്കുക പ്രയാസമാണ്
എങ്കിലും തൊട്ടിലാട്ടും പോലെ , എന്നെ എടുത്തിരുന്ന ആ ശരീരം ഉലയുമായിരുന്നു ,
വിയര്‍പ്പിന്‍റെ ഗന്ധത്തിനപ്പുറം അവരില്‍ എന്നെയുണര്‍ത്തിയ
സ്നേഹത്തിന്‍റെയും പൂവിന്‍റെയും മണമുണ്ടായിരുന്നു ..
അതാകാം ഇന്നും അസ്തമിക്കാതെ കാക്കുന്നത് ഈ ഓര്‍മകളുടെ കണങ്ങളെ... .
അപ്പുറവും ഇപ്പുറം ഇടതൂര്‍ന്ന ഒതളങ്ങ കായ്കള്‍
തിങ്ങിയ മരങ്ങള്‍ , കായലിന്‍റെ ചെറു ഓളങ്ങള്‍...
ഇതിനിടയില്‍ ഞങ്ങള്‍ തിരിഞ്ഞു പോകുന്നിടം വരെ
നിറഞ്ഞു നില്‍ക്കുന്ന കൊങ്ങിണി പൂവുകള്‍....
ഇടക്കെപ്പൊഴോ ഒരു ട്രെയിന്‍ യാത്രയില്‍
എനിക്കനുഭവ്പെട്ടിരുന്നു, കാറ്റ് കൊണ്ടൊ,
ഇരുമ്പ് ചക്രം കൊണ്ടൊ ഞെരിഞ്ഞു പോയ കൊങ്ങിണിപ്പൂവിന്‍റെ ഗന്ധം
ഒരു ദിവസ്സം തൊട്ട് ഗീതേച്ചിയെ കണ്ടില്ല ...പിന്നീട് പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചൂ. കയറു പിരിക്കുന്ന പലയിടങ്ങളിലും ഞാന്‍ നോട്ടം എറിയാറുണ്ട്...
ചേച്ചിയുണ്ടൊന്ന് നോക്കാറുണ്ട് ..
ആരൊടും ചോദിച്ചില്ല , പക്ഷേ ഞങ്ങള്‍ക്കിടയില്‍
ഒരു മൂകത വന്നു നിറഞ്ഞിരിന്നു ...
അന്യൊന്യം ഒന്നും ചോദിച്ചില്ല എങ്കിലും ഞങ്ങള്‍ രണ്ടു പേരും ആ സാന്നിധ്യമാഗ്രഹിച്ചിരുന്നു ..
പിന്നീടുള്ള വൈകുന്നേരങ്ങള്‍ നിറം
മങ്ങി എങ്ങോ ഞങ്ങളറിയാതെ തേങ്ങിയിരിക്കാം ..
മഴ പൂത്തു നിന്ന വര്‍ഷകാലത്തിന്‍റെ
ഒരു ദിനം...പുതുമയുടെ മണം കൊണ്ട പുസ്തകങ്ങളും ഉടുപ്പും കുടയുമായി , നനഞ്ഞ പാളങ്ങള്‍ക്കും , മഴ പ്രണയം കൊണ്ടു കുതിര്‍ത്ത
കൊങ്ങിണിപൂവുകള്‍ക്കും അരികിലൂടെ പുതിയ വിശേഷങ്ങളും പങ്കു വച്ച് ,ഗീതയേച്ചി എന്ന മനസ്സിനെ ,ഒരു വാക്ക് കൊണ്ടൊ ഉള്ളു കൊണ്ടോ ഓര്‍ക്കാതെ,
മഴയെ പുണര്‍ന്ന് ,കുടയില്‍ നിന്നുതിരുന്ന മഴതുള്ളികളെ കൈത്തുമ്പിലേക്ക് പകര്‍ന്ന്
മുന്നോട്ടു നീങ്ങവെ കാലിലേക്ക് തട്ടി കേറിയത് ചുവന്ന കുപ്പിവളകളുടെ പൊട്ടുകളാണ് ..
കുറച്ചപ്പുറം മഴവെള്ളത്തിലേക്ക് പടര്‍ന്ന ചുവന്ന നിറം ..
എന്‍റെ കൊങ്ങിണി പൂവ് ഞെട്ടറ്റ് കിടക്കുന്നു ....
മഴ കവര്‍ന്നു പോയതോ , അതോ ദൈവം കട്ടെടുത്തതോ , അറിയില്ല ..
പ്രണയം പൂക്കുന്ന , പ്രണയത്തിനായുള്ള ഒരു ദിനം വന്നണയുന്നു ...
ഈ ദിനത്തില്‍ അവ്യക്തമായ ആരുടെയോ പ്രണയം കൊണ്ട ഒരു പൂവ്
കാലങ്ങള്‍ക്കപ്പുറം ആര്‍ക്കും പരിഭവമില്ലാതെ മറഞ്ഞു പൊയിരിക്കുന്നു ..
അന്ന് ഒരു തുള്ളി മിഴിപ്പൂക്കള്‍ നല്‍കുവാന്‍ പോലും
കാലമെനിക്ക് ആര്‍ജ്ജവം തന്നില്ല .. പക്ഷേ ഇന്ന് പ്രണയമെന്ന
വികാരം എത്തി നില്‍ക്കുന്ന തലം തന്നെ വ്യത്യസ്ഥമായിരിക്കുന്നു....
ഈ പ്രണയദിനത്തില്‍ എന്‍റെ ഓര്‍മകളും , ഒരായിരം കൊങ്ങിണി പൂക്കളും,
സ്നേഹസുഗന്ധമായി മഴയിലലിഞ്ഞു പോയ ആ മനസ്സിന് സമര്‍പ്പിക്കുന്നു ..
അന്നുമിന്നും പ്രണയം വിഷം ചുമക്കുന്നു , പ്രണയം കുളിരും നല്‍കുന്നു ..
എന്നും മനസില്‍ നിറയട്ടെ മഴ പോലെ പവിത്രമാം പ്രണയം ..