Sunday, August 26, 2012

ദേശാടനം .....















ഒരു മനസ്സുണ്ട് , കാത്ത് കാത്ത് കാലം തരുന്നത്
രണ്ടു മനസ്സുണ്ട്, കാലം കൊണ്ട് ഒന്നായി പോകുന്നത് ..
ചിതലരിച്ച ചിലതുണ്ട് , പൊടി തട്ടിയെടുക്കാന്‍ പ്രാപ്തമല്ലാത്തത് ..

മനസ്സ് തീരം വിട്ട് പോകുന്നത് പച്ചപ്പ് കണ്ടാകില്ല
ദേശാടനം പ്രതീക്ഷയാകാം , ഒരിറ്റ് മഴത്തുള്ളിയെ ...
മാറോടണക്കുന്ന സൂര്യന്റെ പ്രണയതാപം
അസ്തമയത്തിനാല്‍ കുറഞ്ഞ് പോകില്ല ..

രാവിന്റെ ഗഹനമാം നിലാതുണ്ടില്‍
പ്രണയമുറഞ്ഞു പോകുന്നത് ആവേശമല്ല
മനസ്സില്‍ നില കൊള്ളുന്ന ആവശ്യമാണ് ...

ഒരു മനസ്സുണ്ട് ..
അടച്ചു പൂട്ടിയ സ്നേഹവാതിലിനകത്ത്
നോമ്പ് നോറ്റ് കാത്തിരിക്കുന്ന ഒന്ന്..

ദാമ്പത്യം രണ്ടു മനസ്സുകളുടെ കൂടിചേരലെന്ന് .....!
അത് തോറ്റ് പോകുന്നത് എവിടെയെന്ന് ..
ജീവിതവര്‍ഷ പരീക്ഷയുടെ അവസ്സാനം
നൂറില്‍ പൂജ്യം വാങ്ങി അന്യോന്യം പകുത്ത
ബന്ധത്തിന്റെ ഷീറ്റില്‍ ചുവന്ന മഷി പടരുന്നത്...
കവിതയും , കഥയുമല്ല , പ്രണയവും മധുരവുമല്ല
നേരുകളുടെ തുലാത്രാസ്സില്‍ തൂങ്ങി നില്‍ക്കുന്നത് ..

എത്ര സാങ്കല്പ്പിക ലോകത്ത് നിറഞ്ഞാലും
മനസ്സ് സഞ്ചരിക്കുന്നത് തന്റെ ചാലിലേക്കെന്ന്
എന്തുറപ്പാണ് കൊടുക്കാന്‍ കഴിയുക ...
ഒരു മിസ്സ് കാളിലും , ഒരു പുഞ്ചിരിയിലും വീണുപോകുന്നത്
സ്നേഹവറുതിയുടെ ദുര്‍ബലത കൊണ്ടാകാം ...
കരുതലോടെ ഉള്ളം കൈയ്യില്‍ ചേര്‍ത്തു വയ്ക്കുന്നത്
നഷ്ടമായി പോകുന്നത് , സ്നേഹതിരയുടെ തീവ്രതയുമാകാം ..

നിന്നിലേക്ക് അടിഞ്ഞ് കൂടുന്നത്
ഒഴുകിയകലുന്നതിന്റെ ന്യൂനതയിലാകാം
നിന്നെ മാത്രം നിനച്ചു പോകുന്നത്
ഒരൊ അണുവിലും നിന്റെ നനവുള്ളതിനാലും ...!

ചിറകറ്റ കാര്‍മേഘം വീണലിയുവാന്‍
മണ്ണ് തേടുന്നത് നിസ്സഹായത കൊണ്ടല്ല ..
നിന്റെ വരണ്ടമണ്ണിന്റെ കാഠിന്യത്തില്‍
ഉരുകി പോയതെന്‍ മനമെന്നറിയണം ...

ദൂരെയാകുമ്പൊള്‍ മനസ്സ് ആരായുമെന്നറിയാം
സ്നേഹകാന്തവലയങ്ങള്‍ക്ക് പരിധിയുണ്ട്
അതിനുപ്പുറം വലിച്ചടുപ്പിക്കാന്‍ കഴിയാതെ പോകാം ..
എന്നിട്ടും .. പറയാം നൂറു നാവുകള്‍ക്ക് ....
തീരം വിട്ട് , സുഖദം തേടുന്ന ജന്മങ്ങളെ പഴിക്കാം ..

ഒരു മനസ്സുണ്ട് , കാത്ത് കാത്ത് കാലം തരുന്നത്
രണ്ടു മനസ്സുണ്ട്, കാലം കൊണ്ട് ഒന്നായി പോകുന്നത് ..
ചിതലരിച്ച ചിലതുണ്ട് , പൊടി തട്ടിയെടുക്കാന്‍ പ്രാപ്തമല്ലാത്തത് ..



 
"ഓണം വന്നാലും , ഉണ്ണി പിറന്നാലും
പ്രവാസിക്ക് , തലയിണ തന്നെ സ്നേഹം "
"എന്റെ എല്ലാമായ പ്രീയപെട്ടവര്‍ക്കും
ഹൃദയത്തില്‍ നിന്നും നേരുന്നു
വര്‍ണ്ണാഭമായോരു ഓണക്കാലം "

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിളിനോട്

Thursday, August 9, 2012

തിര വന്നു തൊടുമ്പോള്‍ ...


















ഇന്നലെ മഴയായിരുന്നൂന്ന് .. !

മയക്കത്തിലെപ്പൊഴോ വിളിച്ചുണര്‍ത്തിയ
പതിഞ്ഞ ശബ്ദത്തില്‍ ഞാനതു കേള്‍ക്കുമ്പോള്‍
കാതിലേക്ക് ഒരു കുളിര്‍.. അവളല്ലെങ്കിലും മഴയല്ലേ ...!
നമ്മുക്ക് പോകാം ... പുഴ തൊടുന്നു മണല്‍തിട്ടകളില്‍
മനുഷ്യന്‍ തീര്‍ത്ത ഒരിക്കലും ചേരാത്ത രണ്ടു റെയില്‍ പാളങ്ങള്‍ക്ക്
മുകളിലൂടെ ...! നീ എന്റെ കൈകളില്‍ ചേര്‍ത്തു പിടിക്കണം
എന്നിട്ട് അകലേ സൂര്യന്‍ വഴിമാറുന്ന ദിശയിലേക്ക് നോക്കി
ഒരു നുള്ള് ചുവപ്പ് എടുത്ത് നിന്റെ നെറുകില്‍ ചാര്‍ത്തണം ...
കടലില്‍ നിന്നൊരു മഴ വരുന്നുണ്ട് , നമ്മുടെ പ്രണയത്തെ നനക്കാന്‍ ..
പുഴ തൊടും മുന്നേ നീ ഓടി ,തീരത്ത് ഉപ്പ് കാറ്റേറ്റ് ഉണങ്ങിയ തെങ്ങിന്റെ
ചോട്ടില്‍ പോയി നിന്നാല്‍ പൊട്ടത്തിയുടെ വിചാരം നനയില്ലെന്നാ ..
ഒന്നു മുകളിലേക്ക് നോക്കൂ എന്നു പറയാന്‍ മനം , പക്ഷേ അതവളുടെ
പ്രതീക്ഷയാണ് , മഴ വന്നു തൊടുമ്പോള്‍ അവളുടെ മിഴികളുയരുമ്പോള്‍
അപ്രതീക്ഷിത മഴയിലവള്‍ നനയുമ്പോള്‍ , അതെങ്കിലും അവള്‍ക്ക്
നഷ്ടമായി പോകാതിരിക്കട്ടെ .. അല്ലേ ? ജീവിതത്തിന്റെ വസന്തം ...
മെല്ലെ വന്നു തഴുകുന്ന ജീവനുള്ള അവളുടെ മഴക്കാറ്റ് ..

ഇന്നലെ ന്റെ മഴയോട് പറഞ്ഞിരുന്നു
അവളുടെ പേരുള്ള ഒരു പെണ്‍കുട്ടിയെ കുറിച്ച് ..
ഒന്നു കുറുമ്പ് കുത്തിയതു പോലുമില്ല , ഞാന്‍ കൊതിച്ചെങ്കിലും..
നോക്കിക്കൊ നിന്റയീ അമിത വിശ്വാസ്സത്തിന് കോട്ടം തട്ടിക്കും ഞാന്‍ :)
ഓര്‍മകളില്‍ എപ്പൊഴും ബാല്യമാണ് ...
ഇപ്പൊളങ്ങനെ പറയാന്‍ ആണ് തോന്നുന്നത് ..
കാരണം തങ്ങി നില്‍ക്കുന്നതൊക്കെ ബാല്യത്തിന്റെ നിറമുള്ള ചിലതാണ് ...!
പക്ഷേ ഇന്ന് ഞങ്ങളുടെ ഓഫീസിലേക്ക് പുതുതായി വന്നൊരു പെണ്‍കുട്ടിയെ
കണ്ടപ്പോള്‍ ഈയടുത്ത കാലത്ത് എന്നിലൂടെ കടന്ന് പോയൊരു സംഭവം
മനസ്സിലേക്ക് പതിയേ കടന്നു വന്നു ..

പ്രവാസത്തിന്റെ യാന്ത്രികമായ മരവിപ്പില്‍ നിന്നും
നാട് തൊടുന്ന മിക്കപ്പോഴും ഞാന്‍ ഉള്ളില്‍ കാത്ത് വയ്ക്കുന്ന ,
സഫലീകരിക്കുന്ന ഒരു കുഞ്ഞു വിനോദമുണ്ട് ..
ഉള്‍നാട്ടിലേക്ക് പോകുന്ന ഏതേലും ലൈന്‍ ബസ്സില്‍ കേറി ഇരിക്കും
എന്നിട്ട് അവസ്സാന സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുക്കും ....
തീരദേശം വഴി പോകുന്ന ചില ബസ്സുകളിലെ യാത്ര
ഇന്നും മടുക്കാതെ മനസ്സിലുണ്ട് ..
ഒരിക്കല്‍ ഈ വിനോദം കൊണ്ട് പണിയും കിട്ടി ..
അവസ്സാനം ഒരു വണ്ടി പോലുമില്ലാതെ
ബസ്സ് സ്റ്റൊപ്പില്‍ കിടന്നുറങ്ങി .. ഇത്തിരി മുന്നത്തെ കാര്യങ്ങളാണിതൊക്കെ..
കെട്ടി കഴിഞ്ഞാല്‍ കാലു കെട്ടിയെന്നാണല്ലൊ .. പിന്നെ പൂര്‍ണമായൊരു യാത്ര
അതും ഒറ്റക്ക് തരപ്പെട്ടു വന്നിട്ടില്ല ..

ഒരിക്കലീ യാത്രയില്‍ രണ്ടു ദിവസ്സം ഒരേ സ്ഥലത്തേക്ക് തന്നെ പോയി ഞാന്‍ ..
കാരണം ആദ്യ യാത്രയില്‍ ബസ്സിന്റെ അവസ്സാന സ്റ്റൊപ്പെത്തുന്നത്
കടലിനോട് ചേര്‍ന്നുള്ള അമ്പലത്തിനടുത്താണ് .. ചെന്നിറങ്ങുമ്പോള്‍ അന്തരീക്ഷം ഇരുട്ടിയിരിന്നു ..
ക്ഷേത്രം അടക്കുകയും , ക്ഷേത്ര മതില്‍ക്കെട്ടിലൂടെ ഉള്ളിലേക്ക് കടന്ന് പിറകു വശത്തായി
അലയടിക്കുന്ന കടലിന്റെ ഭാവം കാണുവാനും കഴിഞ്ഞില്ല , അതിനാല്‍ പിന്നെയും പോയി ..
ഈ രണ്ടു ദിവസ്സവും , നല്ല ഉയരമുള്ള ശുഭ്രവസ്ത്രധാരിയായ ഒരു മനുഷ്യനെ ഞാന്‍
ശ്രദ്ധിച്ചിരുന്നു , കൂടെ പത്ത് പതിനെട്ട് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയും ...
രണ്ടാം ദിവസ്സവും ഇവരെ അതേ സീറ്റില്‍ ഞാന്‍ കണ്ടൂ ..
വെളിയിലെ കാഴ്ചകളില്‍ മനം കൊരുത്തിരിക്കാന്‍ ആണ് ഈ യാത്രകളെല്ലം ..
അതിനാല്‍ കൂടുതല്‍ അവരെ പറ്റി ചിന്തിച്ചതുമില്ല ...,
മൂന്നാഴ്ച കഴിഞ്ഞു കാണും , എന്തൊ പെട്ടെന്നൊരു തോന്നല്‍ മനസ്സിന്
ഒന്നൂടെ അവിടെ പോകാന്‍ .. നേരത്തേ ഇറങ്ങീ തറവാട്ടില്‍ നിന്നും...
ടൗണില്‍ നിന്നും നേരത്തേ ഉള്ള ബസ്സില്‍ കേറി ഇരുന്നു ..

ഇത്തിരി കഴിഞ്ഞപ്പോള്‍ അതേ മനുഷ്യന്‍ താഴേ ഒരാളുമായീ സംസാരിച്ച് നില്‍ക്കുന്നു ,
ആദ്യ നോട്ടത്തിലേ ആളെ മനസ്സിലായതിന്റെ കൗതുകത്തോടെ
ഞാന്‍ വെറുതെ അയാളേ ശ്രദ്ധിച്ചു , ബസ്സാണേല്‍ നിര്‍ത്തി ഇട്ടിരിക്കുന്നു ..
ബസ്സിലെ ക്ലീനരുടെ കമന്റും വന്നു കൂടെ " ഇന്നത്തേക്കുള്ള ആളേ കൂട്ടുക മൂപ്പിലാന്‍ "
എനിക്കത് മനസ്സിലായില്ല , ഞാന്‍ തിരിഞ്ഞിട്ട് ചോദിച്ചൂ 'എന്താ നിങ്ങളു പറഞ്ഞേ ?
എന്തു ആളേ കൂട്ടുന്നു എന്നാ ' ?
"അതൊക്കെ വശ പിശകാണ് ചേട്ടൊ ... "
ചേട്ടനോ ?? കാലമാടന്‍ എന്റെ മാമന്റെ പ്രായമുണ്ട്, ഞാന്‍ ചേട്ടന്‍ പോലും ...
ഉള്ളീന്ന് തിരതല്ലി വന്നത് ഞാന്‍ മറച്ച് വച്ചിട്ട് തന്നെ ചോദിച്ചൂ ..
'അപ്പോള്‍ ഇയാളുടെ കൂടെ കാണുന്ന ആ പെണ്‍കുട്ടി '?.
ഹോഹൊ ... അപ്പോള്‍ ആളേ അറിയാമല്ലേ ..
'യ്യൊ അതല്ല .. ഞാന്‍ കണ്ടിട്ടുണ്ട് ഇവരെ ബസ്സില്‍ വച്ച് ,അതു കൊണ്ടാ ചോദിച്ചത് ' ..
അയാളുടെ മോളാണെന്നാ പറയുന്നേ , നമ്മുക്കറിയില്ലേ ..
'മോളോ ? വിശ്വസ്സിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടല്ലൊ ' ...
ഇയാളു ബുദ്ധിമുട്ടണ്ട , ഇയാള്‍ക്കെന്തിനാ ബുദ്ധിമുട്ട് ?
അവരായി അവരുടെ പാടായി ..
'അതല്ലല്ലൊ സുഹൃത്തേ കാര്യങ്ങള്‍ അറിയാന്‍ ' ?
കാര്യങ്ങളറിഞ്ഞിട്ട് ഇയാള്‍ എന്തുണ്ടാക്കാനാ ?
'ഹെലൊ ക്ഷമിക്ക് ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല കേട്ടൊ ' ..
ആ സംസാരം അവിടെ മുറിഞ്ഞു .. അല്ലെങ്കിലും ചിലരിങ്ങനെയാണ് ..
മനസ്സൊന്നു കുളിര്‍ക്കാന്‍ കരുതി വന്നാലും ഒരു കാര്യവുമില്ലാതെ
കൊരുക്കും കേറി , അതു മതി മനസ്സ് മൂടി പോകുവാന്‍ ..

കടല്‍ മുന്നത്തേക്കാളേറെ ക്ഷോഭിച്ചിരുന്നു , ഒരോ തിരയും വന്നു
കടള്‍ ഭിത്തികളില്‍ തട്ടി മഴ പോലെ മുഖത്തേക്ക് പതിക്കുന്നു ..
ചുണ്ടിലേ ഉപ്പുരസം നാവറിയുന്നുണ്ട് ..
അന്നത് ഒരിക്കലും ദഹിക്കാത്ത ഒരു നേരായിരുന്നു ..
സ്വന്തം മകളാകുമോ അത് ..? അല്ല ഞാന്‍ എന്തിനാണ്
അനാവശ്യ ചിന്തകളെ പുല്‍കുന്നത് , നോക്കൂ പൊഴി മുറിയുന്നത് ...
കടലും കായലും പ്രണയിക്കുന്നത് ...
ഇങ്ങനെ എത്രയെത്ര സാഹായ്നങ്ങളാണ് നമ്മുക്കൊക്കെ
നഷ്ടമായി പോകുന്നത് , പ്രകൃതിയുടെ എത്രനല്ല കാഴ്ചകളാണ്
മിഴികള്‍ക്കും മനസ്സിനും കുളിര്‍മ നല്‍കാതെ അകലുന്നത് ...
വീണ്ടും മനസ്സിനൊരു പിടപ്പുണ്ട് , എല്ലാറ്റിനും ഉപരി
ആ ചിന്ത മനസ്സിലേക്ക് വീണ്ടും തല നീട്ടുന്നു ..
അമ്പലത്തില്‍ ദീപാരാധന നടക്കുന്നു ... മണിനാദം കേള്‍ക്കാം ...
അങ്ങകലെ എവിടെയോ ചെന്നു തട്ടി അവ കാതിനിമ്പമായി തിരികേ വരുന്നുണ്ട് ,
വെളിയില്‍ നിന്ന് ദേവനെ ഒന്ന് തൊഴുതു ..
പതിയെ തിരികെ നടന്നു , അരയാല്‍ കാറ്റില്‍ ആരവം മുഴക്കുന്നുണ്ട് .
ഒന്നിരിക്കാന്‍ തോന്നി , മണല്‍തരികളില്‍ പാദമൂന്നി പൊങ്ങി
അരയാല്‍ തിട്ടയിലേക്ക് കേറി ഇരിക്കുമ്പൊള്‍ ദൂരേന്ന് നടന്നു വരുന്നുണ്ട്
ആ മനുഷ്യന്‍ .. കൂടെ ആ പെണ്‍കുട്ടിയും ...,
അമ്പലത്തിന് മുന്നിലെത്തിയപ്പോള്‍ ചെരുപ്പൂരി മുന്നിലേക്ക് മാറ്റിയിട്ട് ആ കുട്ടി കണ്ണടച്ച് തൊഴുതു ..
എന്നിട്ടെന്റെ മുന്നിലൂടെ അവര്‍ ബസ്സ് സ്റ്റൊപ്പിലേക്ക് പോയി ..
മനസ്സ് അവരുടെ പിന്നലെ പോകുവാന്‍ പറയുന്നു , ഞാനും പതിയേ നടന്നു അങ്ങൊട്ടേക്ക് ..
ഒന്നു മിണ്ടാന്‍ മനസ്സ് മുട്ടുന്നു ...,
ഞാന്‍ പെട്ടെന്ന് ചോദിച്ചു ആ മനുഷ്യനോട് , ' ഇന്ന് വൈകിയോ ബസ്സ് ?
എത്ര മണിക്കാ സാധരണ ബസ്സ് വരാറ് ' ? അയാളും പെണ്‍കുട്ടിയും ഒരെ സമയം
എന്നെ നോക്കി , എന്നിട്ടയാള്‍ പറഞ്ഞൂ , ഹേയ് ഇല്ലാ സമയമാകുന്നതേ ഉള്ളൂ ..
ഇവിടെ കണ്ടിട്ടില്ലല്ലൊ , അമ്പലത്തില്‍ വന്നതാകുമല്ലേ .....
ഞാന്‍ പറഞ്ഞു....' അതേ' ..
ഒരു തലം തുറന്ന് കിട്ടിയിരിക്കുന്നു ,ഇനി ധൈര്യപൂര്‍വം സംസാരിക്കാം ,
മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തേടാം , സമാധാനം ..
ചിലതങ്ങനെയാണ് ഉത്തരം കിട്ടാത്ത , ചില കാര്യങ്ങള്‍ക്ക്
നേര്‍ ചിത്രം കിട്ടിയില്ലെങ്കില്‍ മനസ്സ് കടലാകും , ഉള്ളം തിരതല്ലും ...


'എങ്ങൊട്ടേക്കാ , ടൗണിലോട്ടാണോ' ?
അതേ ..
' ഇതു മകളാണോ '?
അതേ മൂത്ത മോളാണ് ..
ഇടിത്തീ വീണു ഉള്ളില്‍ , ദൈവമേ അപ്പോള്‍ കാര്യങ്ങള്‍ ഏകദേശം ശരിയാണോ ..
അയാള്‍ തുടര്‍ന്നു , ഇവളുടെ അമ്മ അസുഖമായി കിടപ്പാ ഗവ ആശുപത്രിയില്‍ ..
അവിടെ പോകുവാ .
'ശരീ ..എന്തു ചെയ്യുന്നു മകള്‍ '?,
ഇവള്‍ ഹോം നേഴ്സാണ് .
ഇനി മുന്നോട്ട് പോകുവാന്‍ വഴികളില്ല , ഇനി എന്തു ചോദിക്കാന്‍..
ബസ്സ് പാലം കേറി വരുന്നുണ്ട് , തലയുയര്‍ത്തി ചുണ്ടില്‍ ചെറു പുഞ്ചിരിയുമായ് ആ കുട്ടി
നില്‍ക്കുന്നുണ്ട് , ഒന്നും അങ്ങോട്ട് വിശ്വസ്സിക്കാന്‍ പ്രയാസം പോലെ ..
തിരിച്ച് പാലം കടന്ന് പോകുമ്പോള്‍ ദൂരെ അവന്‍ അസ്മയത്തിന്റെ
ചെങ്കല്‍ കോട്ടകള്‍ നിരത്തി മടങ്ങി തുടങ്ങിയിരുന്നു ...
മനസ്സില്‍ വല്ലാത്തൊരു വിഷമം പോലെ , തീര്‍ത്തും മൂകമായിരുന്നു
തിരികേ ഉള്ള യാത്ര .. മുന്നില്‍ അവളുടെ മുടിയിഴകള്‍ കാറ്റില്‍ പറക്കുന്നത്
വെറുതെ നോക്കിയിരുന്നു ....!

ഞാന്‍ തിരിച്ച് പോകുന്നതിന് മുന്നേ സുഹൃത്തിന്റെ ഒരു സ്വര്‍ണ്ണാഭരണ ശാലയുടെ
ഉല്‍ഘാടത്തിന് ക്ഷണം സ്വീകരിച്ച് ചെല്ലുമ്പോള്‍ , അഥിതികളേ സ്വീകരിക്കാന്‍
ഇതേ പെണ്‍കുട്ടിയെ മുന്നില്‍ കണ്ടു ...,
അണിഞ്ഞൊരുങ്ങി കുറച്ചു കൂടി സുന്ദരി ആയിരിക്കുന്നു ..
വീണ്ടും പ്രവാസത്തിന്റെ തിരക്കുകളില്‍ ഒരിക്കല്‍ "ഗള്‍ഫ് മാധ്യമത്തിലെ " വാര്‍ത്ത
ഞെട്ടിച്ചു കളഞ്ഞു " കുടുംബ വഴക്കില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത
മൂന്ന് പെണ്‍കുട്ടികളും അമ്മയും .. ഫോട്ടോയും , സ്ഥലത്തേ കുറിച്ചുള്ള
എകദേശ ധാരണയും മനസ്സില്‍ പഴയ കടലിനെയാണ് സൃഷ്ടിച്ചത് ..
എന്താകാം ഒരുപാട് ആലൊചിച്ചു , അതിനടുത്തുള്ള പഴ സുഹൃത്തിനെ വിളിച്ചു.
അവന്‍ അറിയിക്കാം എന്നു പറഞ്ഞു , പിന്നെ എല്ലാം പതിവു പോലെ ..
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പോലെ ചിലത് അവശേഷിക്കുന്നു ,
എന്റെ ആരുമല്ലാത്ത ചിലര്‍ക്ക് വേണ്ടി ഒരുപാട് വേദനിച്ചു ..
ചിലതങ്ങനെയാണല്ലേ .. ഒന്നും മനസ്സിലാകാതെ ചിലതുണ്ടാകാം ജീവിതത്തില്‍ ...
ജീവിതത്തിന്റെ അവസ്സാനം വരെ അതിനുത്തരം കണ്ടെത്താന്‍ കഴിയില്ല ..
കേട്ടതും കണ്ടതും സത്യമല്ലായിരിക്കാം , വെറുതേ പിന്‍ഗാമിയെ പോലെ
അതിലൂടെ തിരിഞ്ഞു നടക്കാന്‍ കാലം നമ്മളെ അനുവദിക്കുന്നതുമില്ല ..
സമയവും കാലവും പകുത്തു നല്‍കപ്പെട്ടെങ്കില്‍ ഇവന് ഭ്രാന്താണെന്ന് തോന്നുന്ന
ഇങ്ങനെയുള്ള ഇടയ്ക്ക് വന്നു വീഴുന്ന കാഴ്ചകള്‍ക്ക് ഉത്തരം കണ്ടെത്താമായിരിക്കാം ..
പുതിയതായ് വന്ന പെണ്‍കുട്ടിക്ക് അതേ മുഖസാമ്യം എന്നെ ഇതു ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെങ്കിലും ....!

ന്റെ കണ്ണന്റെ വിളി വന്നു ഫോണില്‍ .........
വെറുതേ പറഞ്ഞു ഈ കാര്യം ...പോസ്റ്റിന്റെ ആദ്യ ഭാഗം കാണിച്ചപ്പോള്‍ അവള്‍ ,
അല്ല നിനക്ക് ഈ പഞ്ചാര ഒന്നു നിര്‍ത്തി നല്ലതെന്തെങ്കിലും എഴുതിക്കൂടെ കണ്ണാന്ന് ..
ഞാന്‍ പറഞ്ഞു ' അതു കൊള്ളാം , നീ ഇങ്ങനെ നിറഞ്ഞു നില്‍ക്കുമ്പോള്‍
ഞാന്‍ പിന്നെ എന്തു എഴുതാനാ .. പോകുകയാണേല്‍ എന്തേലുമെഴുതാം ...:)
പിന്നെ പറഞ്ഞത് ഇവിടെ പറയുന്നില്ല .. എങ്കിലും .. നീ മഴയായ് ഉള്ളപ്പോള്‍ ..
നീ .........!

നിന്റെ സ്വപ്നാടനങ്ങളില്‍ ..
നിന്റെ നടവഴികളില്‍ ..
എന്റെ ഒരിതള്‍ പൂവുണ്ട് ..
നിന്റെ സാമിപ്യമേറ്റ് വാടാത്തൊരിതള്‍ ....
തീഷ്ണപ്രണയത്തിന്റെ പൂര്‍വകാലകാറ്റേറ്റ്
ഇതള്‍ കൊഴിഞ്ഞിട്ടും , അടര്‍ത്തിമാറ്റി ജീവനെടുത്തിട്ടും
നിന്നോട് , നിന്റെ ഹൃദയത്തൊട് കൊരുക്കുവാന്‍
എന്റെ യമുനാനദിക്കരയില്‍ തളിരിട്ട പൂവ് ...
കാല്‍മേല്പ്പിച്ച നഖക്ഷതങ്ങളില്‍ നീ, എന്റെ പ്രണയ ഇതളാല്‍
തഴുകുക , എന്റെ ജീവന്റെ തേനിന്റെ മധുരം പകരുക .......


ചിത്രങ്ങള്‍ : ഗൂഗിളിന് സ്വന്തം ...!