Friday, May 17, 2013

" നി "ശബ്ദമാകുമ്പോള്‍ ...



ആകാശത്ത് നിന്ന് നോക്കുമ്പോള്‍ എന്തു മനോഹരമാണീ തീരം , മോഹിപ്പിക്കുന്ന ഒന്ന് ..ഒന്ന് താഴ്ന്നും പിന്നെ പൊങ്ങിയും , ചരിഞ്ഞുമൊക്കെ ഒരു പക്ഷിയേ പോലെ നിലം തൊടുമ്പോള്‍ മഴ നനച്ച റണ്‍ വേയ്ക്കപ്പുറം കാലങ്ങളായി ചുടു കാറ്റേറ്റ് തളര്‍ന്ന് പോയ പുല്‍നാമ്പുകള്‍ എന്തിനോ ദാഹിക്കുന്ന പോലെ . തൊട്ട് മുന്നില്‍ ഒറ്റ സീറ്റില്‍ എല്ലാവരോടും ഇരിക്കുവാന്‍ ആംഗ്യം കാട്ടി  എയര്‍ ഹോസ്റ്റസ്, അപ്പൊഴും അവളുടെ അംഗലാവണ്യത്തിന് നടുവിലൂടെ കടന്ന് പോകുന്ന ബെല്‍റ്റ് മാറ്റാതെ , പിന്നെയും പിന്നെയും നോക്കി പോകുന്ന മുട്ടിന് മേലുള്ള സൗന്ദര്യത്തിന്  അതേ നിറത്തിലെ പുറംചട്ടയെ  വകവയ്ക്കാതെ കണ്ണുകള്‍ കുഴിഞ്ഞിറങ്ങുന്നുണ്ട് . കഴിഞ്ഞ ജന്മത്തിലെങ്ങോ വന്നതാണിവിടെ , എന്നെ ഇത്ര നാളും തേടി കൊണ്ടിരുന്ന തീരം , അതോ  ഞാന്‍ തേടിയതോ  . വലിയ കൂര്‍ത്ത തൊപ്പികളുള്ള എയര്‍പോര്‍ട്ട് ജീവനക്കാരുടെ  പരിശോധനകള്‍ക്ക് ശേഷം പുറത്തിറങ്ങുമ്പോള്‍ ഒന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നു , ആരും ഒന്നും ശബ്ദിക്കുന്നേയില്ല , ഇത്രയധികമാളുകളുടെ സഞ്ചാര പദമായിട്ട് കൂടി , അന്യോന്യം ഒന്നും മിണ്ടാതെ . ഒരു തരം മൂകത കൈവന്ന മനസ്സുകളെ  പോലെ , ഇനി എന്റെ  തോന്നല്‍ മാത്രമാകുമെന്ന് ധരിച്ചാണ് നീളന്‍ പടവുകളിറങ്ങി ചെന്നത് , പോകേണ്ട സ്ഥലത്തിനേ കുറിച്ചൊരു അറിവുമില്ലാതെ ആദ്യം കണ്ട ടാക്സിക്കാരന്റെ അരികിലേക്ക് ചെന്നു , അയാളും അവിടത്തെ ജനങ്ങളുടെ പ്രത്യേകത  പോലെയുള്ള കൂര്‍ത്ത തൊപ്പി ധരിച്ചിരുന്നു. എനിക്കൊന്നു ഈ നഗരം ചുറ്റികാണണം എന്ന് പലയാവര്‍ത്തി പറഞ്ഞിട്ടും  അദ്ധേഹമെന്നെ ശ്രദ്ധിക്കുന്നില്ലാന്ന് തോന്നി , കുറച്ചുറക്കെ ഒന്നും കൂടി  ഞാനത് പറഞ്ഞു , അപ്പോള്‍  പെട്ടെന്ന് കൈവിരല്‍ ചുണ്ടിലടുപ്പിച്ച് , നിശബ്ദമാകൂ എന്ന് ഓര്‍മിപ്പിക്കും വിധം തല താഴ്ത്തി അയാളുടെ കൈയിലുള്ള വെള്ള ബോര്‍ഡില്‍ കാറിനകത്തേക്ക് കേറി ഇരിക്കൂ എന്നെഴുതി കാണിച്ചു , സത്യത്തില്‍ ഈ ലോകം മൂകരുടെയാണോ എന്ന് ആധി വന്നു വീണു എന്നുള്ളില്‍ .

പിന്‍സീറ്റില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ വിശാലമായൊരു ലോകത്തിന്റെ ചലിക്കുന്ന മാപ്പ് കാണാം , നമ്മുക്കെവിടെക്കാണ് പോകേണ്ടതെന്ന് കൈവിരല്‍ തുമ്പ് കൊണ്ട് സ്പര്‍ശിച്ചാല്‍ അങ്ങോട്ടേക്ക് തന്നെ തിരിയുന്നത് കാണാം ഞാന്‍ സഞ്ചരിക്കുന്ന ടാക്സി , ഈ ഡ്രൈവര്‍ ഇനിയൊരു യന്ത്രമനുഷ്യനാണോ എന്ന് തോന്നിപ്പോകുമിടക്ക്  , ഇടക്കെപ്പൊഴോ ഒരു ചെറിയ സ്ക്രീന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു , " നിങ്ങള്‍ക്ക് വിശപ്പെന്ന വികാരം തോന്നുന്നുണ്ടോ  " "എങ്കില്‍ ഇനി വരുന്ന വഴിവക്കുകളില്‍ അതിന്റെ ഹബ്ബുകള്‍ നിങ്ങളെ  സ്വാഗതം ചെയ്യും , ഇഷ്ടമുള്ളതിന് മുന്നെ നിങ്ങള്‍ക്ക് സ്റ്റോപ്പ് സിഗ്നല്‍ കൊടുത്തിറങ്ങി നിങ്ങള്‍ക്ക് വേണ്ടുന്ന ഭക്ഷണം കഴിക്കാം "" . പുരാതനമായ കെട്ടുകളുള്ള തവിട്ട് നിറമുള്ള " പാരമൗണ്ട് കോര്‍ണര്‍ "എന്ന ഭക്ഷണശാല കുറച്ചകലേന്ന് തന്നെ കണ്ണില്‍ പതിഞ്ഞിരുന്നു . എത്ര കാലമായിണ്ടാവും ഞാനും എന്റെ നിഴലിനൊപ്പം  ഇവിടെ വന്നിട്ട് , അന്ന് മഞ്ഞ് കാലമായിരുന്നുവോ ആവോ  ? പക്ഷെ പുറത്ത് ചെറിയ കസേരകള്‍ നിറഞ്ഞിരുന്നു ,അതിലൊന്നില്‍ ഞാനും മറ്റൊന്നില്‍ എന്റെ നിഴലുമിരുന്നാണ് ആവി പറക്കുന്ന കോഫി കുടിച്ചത്   , അതിനപ്പുറമുള്ള നദിക്കരയിലേക്ക്  പോയിരുന്ന് ഒരു ചുരുട്ടിന് തീ കൊളുത്തിയത് ..ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ നിരത്തി വച്ചിരിക്കുന്ന പ്രാതലുകളുടെ വന്‍ നിര തന്നെയുണ്ട് , എനിക്കേറ്റം പ്രീയപ്പെട്ട പലതുമുണ്ട് . എന്റെ മനസ്സറിയുന്ന കുശ്ശിനിക്കാരനുണ്ടിവിടെ അല്ലെങ്കില്‍ ഇത്രയധികം വിഭവങ്ങളില്‍ ഒട്ടുമിക്കതും എനിക്ക് പ്രീയതരമാകുന്നതെങ്ങനെയാണ് , ഒരു ഗ്ലാസ്സ് ആപ്പിള്‍ ജ്യൂസിനോടൊപ്പം  ഇലയടയാണ് ആദ്യമെടുത്തത് , പിന്നെ കൈകളിലേക്ക് കേറി  വന്നതിന് കൈയ്യും കണക്കുമില്ലായിരുന്നു , ഒരു ജന്മത്തിന്റെ വിശപ്പുണ്ടല്ലൊ ഉള്ളില്‍ . അടങ്ങട്ടെ, ഉള്ളിലെ വിശപ്പിന്റെ തീ അടങ്ങിയിട്ടല്ലേ  മറ്റെന്തിനും സ്ഥാനമുള്ളു .വഴികള്‍ പരിചിതം തന്നെ. എന്റെ ആത്മാവ് വച്ചുപോയ മരങ്ങളില്‍ നിറയേ പൂവുകള്‍ പൂത്തുലയുന്നു  . നദിക്കരയില്‍ നിന്ന് പറന്നെത്തിയ ദേശാടന പക്ഷികളിലൊരെണ്ണം സാകൂതമെന്നെ വീക്ഷിക്കുന്നുണ്ടാകാം , ശ്രദ്ധിച്ചിട്ടല്ലയെങ്കിലും അവന്റെ കണ്ണുകളെന്നില്‍ പതിയുന്നു എന്നൊരു തോന്നലില്‍ ഞാന്‍ ഒരു അപകര്‍ഷധാ ബോധത്തിന് അടിമപ്പെടുന്നുണ്ട് . അവ തേടി വന്ന തീരത്ത് ഞാനുമൊരു ദേശാടനക്കാരനാണ് . മൂച്ച് പറയാന്‍ എന്തുണ്ട് കൈയ്യില്‍ ? മനുഷ്യനെന്ന് വീമ്പ് പറയുവാന്‍ പാകത്തിനൊത്തൊരു മനുഷ്യത്വമുണ്ടൊ എന്നത് ചോദ്യമായി അവശേഷിക്കുന്നു . മനോഹരമായി തീര്‍ത്ത കോര്‍ണിഷിനോടരുക് ചേര്‍ന്ന് ടാക്സി നിന്നു , കടം ബാക്കി വയ്ക്കാതെ ജീവിക്കണമെന്നാണ് അമ്മ എപ്പോഴും പഠിപ്പിച്ചിട്ടുള്ളത് , അന്നന്ന് ഉള്ളത് തീര്‍ത്ത് ഒരു കടപ്പാടും ഇല്ലാതെ എങ്ങനെ ജീവിക്കുവാനാകും . നാളെ വീണ്ടും കാണുമ്പോള്‍ ഒരു പുഞ്ചിരിയുടെ കടപ്പാടെങ്കിലും കൈമാറണ്ടേ . ഒരു വലിയ കടം ബക്കി വച്ചാണ് " സീ യൂ എഗൈന്‍ " എന്നെഴുതിയ ബോര്‍ഡ് കാണിച്ച് കൊണ്ട് ആ മനുഷ്യന്‍ കാറോടിച്ച്  പോയത് . ഈ യാത്രക്ക് ഞാന്‍ കൊടുക്കേണ്ട വില എത്രയാകുമെന്ന ആധിയുണ്ടായിരുന്നു . കൈയ്യില്‍ ഒരിത്തിരി നന്മ ബാക്കി വച്ചാണ് ഇറങ്ങിയത് , അതില്‍ നിന്നും പലവഴിക്കായി ചിലവായി പോയിട്ടും , ചിലതൊക്കെ തിരികേ കിട്ടുമ്പോഴും അമ്മയുടെ ഈ ഓട്ടകീശക്കാരന്റെ കൈയ്യിലൊന്നും ബാക്കിയുണ്ടാകില്ലവസ്സാനം എന്നത് എപ്പോഴും ഉള്ളം പറയുന്നതു കൊണ്ടാകാം , ഒരു കടം കൂടി ബാക്കി വച്ച് അയാള്‍ യാത്രയാകുമ്പോള്‍ മനസ്സിനൊരു കുളിര്‍  തോന്നിയത് .ഉണ്ടാകുമല്ലൊ അമ്മ എനിക്കുണ്ടാകും അവസ്സാനം ആരും മറക്കാതൊരുപാട് കടം.

ഉച്ചവെയില്‍ കയറി വരുന്നു , പാഥേയമായ് ജന്മം നല്‍കിയവരുടെ പുണ്യം പുറം തോളില്‍ തൂങ്ങുന്ന ബാഗിലുണ്ട് . അല്പ്പം വേഗത കൂട്ടി നടന്ന് പോകുന്ന എന്റെ മുന്നിലേക്ക് തിരയടിയുടെ ഉപ്പുരസം ചിതറുന്നുണ്ട് . ചുണ്ടില്‍ പറ്റി പിടിക്കുന്ന രസം നുണയുമ്പോള്‍ കാലവേഗതക്ക് ഒന്നും തകര്‍ക്കനാവില്ലെന്ന് ഓര്‍ക്കുകയായിരിക്കാം എന്റെ മനസ്സ് .  പിന്നില്‍ നിന്നും പലപ്പോഴായി ഒരു വിളിയുണ്ട് . നില്‍ക്കു എന്നാകും , തിരിഞ്ഞ് നോക്കേണ്ട ആവശ്യമുണ്ടോ .. പിന്‍ കണ്ണുകള്‍ അവയെ  മന:പൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാകാം . കോര്‍ണ്ണിഷിന്റെ അവസ്സാന ഭാഗത്ത് നിന്നും കടലിലേക്കിറങ്ങി പോകുമ്പോള്‍ ഈ ജന്മം തിരഞ്ഞു നടന്നതിനെ  തേടി പിടിക്കുവാനായുന്ന ആവേശമുണ്ടായിരുന്നു . പണ്ടെങ്ങോ തലമുറക്കള്‍ക്കപ്പുറം നിന്ന് ചിതറി പോയതിന്റെ ഒരു കണം ഈ പഞ്ചാരമണല്‍ത്തരിക്കള്‍ക്കിടയില്‍ കിടക്കുന്നുണ്ടാകാം .." അനൂജ " എന്റെ നിഴലിന് പേരു കൊടുത്താല്‍ ഇതാകാം . അവളെന്റെ നിഴലായിരുന്നു . എന്റെയൊപ്പം  എന്നിലൂടെ ജീവിച്ചവള്‍ . പോകാത്ത മേടൊ കാടോ ഇല്ല . തൊടാത്ത അകമോ  പുറമോ ഇല്ല . വേനല്‍ കൊണ്ട ഹൃത്തടത്തില്‍ പുതുമഴപ്പെയ്ത്തായി  ഊരറിയാതെ , വന്നവളാകാം. നദിയൊഴുകുന്നുണ്ട് , കുളിരലകള്‍ പടര്‍ത്തി അങ്ങകലെ നിശബ്ദമായി ചെന്നു ചേരുന്നുണ്ട് ആഴിയാഴത്തില്‍ . ലവണാശംത്തിലേക്ക് ലയിച്ച്  പോകുമ്പൊഴും പുഴ കേഴാറില്ല , നിയോഗത്തിന്റെ പ്രസരിപ്പില്‍ അവളെന്നും ഈ ജലപാതയിലൂടെ ഒഴുകി ചേരുന്നുണ്ട് . അവളുമിങ്ങനെയാണ് പുഴ പോലെ , ആരോടും വെറുപ്പൊ വിദ്വേഷമോ ഇല്ലാതെ , എല്ലാവരേയും സ്നേഹിച്ച് , എല്ലാവരിലും ഊര്‍വ്വരത  നിറച്ച് , എല്ലാ തീരങ്ങളേയും തലോടി , എന്നിട്ടും ചെന്നെത്തുന്നത് ? മുന്‍ ജന്മത്തിലെപ്പൊഴോ ചേര്‍ന്ന് പോയ ചിന്തകളില്‍ നിന്നാണ് ഈ തീരത്ത് വന്നത് , നീ എന്നിലേക്കൊഴികിയതൊ ? അതോ  ഞാന്‍ നിന്നിലേക്കോ  ?

പീലി നിവര്‍ത്തുന്ന വര്‍ണ്ണാകാശം ,ഒരു മോഹത്തില്‍ പിടിവിട്ട് താഴേക്ക് പൊഴിയുന്ന നീയാം മഴ.
കടലോളം കൊതിയില്‍ , ജീവിതത്തിന്റെ ഒറ്റയായ് നിമിഷങ്ങള്‍ ഇഴയുന്നുണ്ട് ..
കടലിന്‍ ചാരത്ത് വച്ച് വേര്‍പിരിഞ്ഞ് ജീവിതത്തിന്റെ ആര്‍ദ്രമാം പാതകളിലേക്ക് വളരെ പതിയെ ..!

ഓര്‍മകള്‍ക്ക് അധികം ആയുസ്സുണ്ടാകുന്നത് മിഴികളെ സജ്ജലീകരിക്കും , പലപ്പോഴും വന്നു മുട്ടുന്ന ഓര്‍മ്മകളെ  നിഷ്ക്കരുണം അകം തൊടീക്കാതെ പറഞ്ഞു വിടുകയാണിപ്പോ  പതിവ് . ഇടക്കൊരുപാട് ജന്മങ്ങള്‍ക്കപ്പുറങ്ങളില്‍ നിന്നും ചിലതു വരാറുണ്ട് , വരവ് ആകസ്മികമായിട്ടാകും . മുന്നിലൂടെ  പോകുന്ന ഒരു മുഖം അതു എവിടെയോ കണ്ടു മറന്നു എന്ന തോന്നലാകും ആദ്യം ഉണ്ടാകുക . പിന്നെയതു ശക്തമാകും . നിര്‍ബന്ധപൂര്‍വ്വം    ആ ചിന്തകളെ തൂത്തെറിയുംവരെ ഹൃദയമിങ്ങനെ ഉത്തരങ്ങള്‍ തേടും വൃഥാവെങ്കിലും . ഇനിയങ്ങോട്ട്‌  പാതയില്ല , തിരികെ  നടക്കാന്‍ മനസ്സ് പഴുതനുവദിക്കുന്നില്ല .ഇടത് വശത്തപ്പുറത്ത് മൂന്ന് കുട്ടികള്‍ പച്ച വിരിച്ച പുല്ലില്‍ കളിക്കുന്നുണ്ട് " എന്നോട് ക്ഷമിക്കു , നിങ്ങള്‍ക്ക് ഈ സ്ഥലത്ത് നിന്നും നഗരത്തിലേക്ക്  പോകുവാനുള്ള പഴുതുകള്‍ അറിയുമോ " മൗനമായിരുന്നു ഉത്തരം . കുഞ്ഞു കൈകള്‍ കൊണ്ടൊരുത്തന്‍ എന്റെ മനസ്സിലെഴുതി " തിരികേ പോകാനുള്ള ഒരു പഴുതുകളും കാലം അവശേഷിപ്പിക്കുന്നില്ല പ്രീയ സഹോദരാ " . ശരി കുഞ്ഞുങ്ങളെ , നിശബ്ദതതിയിലൊരു ശബ്ദമുണ്ട് ഞാനത് കേള്‍ക്കുന്നുണ്ട് . ഒരു മഴ കിട്ടാന്‍ ഞാന്‍ എവിടെ പോകണം ....?  ഇന്നലെയുടെ മഴ ഇനിയില്ല ഇന്നുണ്ടൊ എന്നറിവില്ല , നാളെ എന്തായാലും ഒരു മഴയുണ്ട് ആ കാണുന്ന വലിയ മരത്തിനടിയില്‍  പോയി നില്‍ക്കു ഒരു കുഞ്ഞു കാറ്റ് വരും , മരം ഇലയും പൂവും പൊഴിക്കും . നാളെയുടെ പുലരിയില്‍ അകം നിറക്കും മഴപ്പെയ്ത്തുണ്ടാകും . " അശരീരി " ആണോ .. ? അല്ല ശരീരമുണ്ട് ആ ബാലനില്‍ നിന്നും തന്നെയാണ് ഞാനത് കേള്‍ക്കുന്നത് , പക്ഷെ ചുണ്ടനങ്ങുന്നില്ല എന്നത് ശരി തന്നെ .

കൂര്‍ത്ത തൊപ്പികള്‍ വഹിക്കുന്ന ഒട്ടനവധി ശിരസ്സുകള്‍ കണ്ടു , ചിലര്‍ അതിനു പകരം ചട്ടിത്തൊപ്പികളും ധരിച്ചിട്ടുണ്ട് , അതു പക്ഷേ വളരെ കുറവാണ് എണ്ണത്തില്‍ . ഇരുള്‍ പരക്കുന്നതിന് മുന്നെ തന്നെ എല്ലാവരും ധൃതിപ്പെട്ടു  പോകുന്നുണ്ട് . ഇതെങ്ങോട്ടാണ് ഇവര്‍ ഇത്ര വേഗത്തില്‍ . മൂകതക്ക് ഇരുളിനെ  ഭയമെന്നാരൊ പറഞ്ഞുവോ ? ഇല്ല തോന്നലാകും , എല്ലാം എന്റെ  തോന്നലുകള്‍ തന്നെ . ഈ ജീവിതം തന്നെ ഒരു  തോന്നലിലല്ലേ ഉണ്ടായി പോകുന്നത് . മനുഷ്യ മനസ്സിന്റെ എല്ലാ തോന്നലുകളേയും , മുന്‍ കൂട്ടിയറിയുവാനുള്ള എല്ലാ അറിവിനേയും , പ്രപഞ്ചസത്യത്തിനെതിരെയുള്ള എല്ലാ കടന്നു കയറ്റങ്ങളേയും അവഗണിച്ച് കൊണ്ടാണൊരു മഴ വന്നത് . എത്രയോ നാളുകള്‍ക്ക് ശേഷമാണെന്ന് തോന്നുന്നു മൂകത മുറ്റുന്ന സന്ധ്യക്കൊരു മഴ പൊഴിയുന്നത് . ഞാന്‍ കാണുന്നുണ്ട് , മനസ്സില്‍ നിന്നും ഒരു മഴ ചരിഞ്ഞ് പെയ്യുന്നത് , കടല്‍ക്കരയില്‍  , കോര്‍ണിഷിലെ ഇരുമ്പ് കമ്പികള്‍ക്ക് മേലില്‍ നിന്നും താഴേക്കൊഴുകുന്ന മഴത്തുള്ളികള്‍ പതിക്കുന്നത് വലിച്ച് കയറ്റപ്പെട്ട കടലിന്റെ കൈവഴികളിലൊന്നിലാണ് , വഴിയരുകില്‍ പൂത്ത് നില്‍ക്കുന്ന മരങ്ങള്‍ ഒരൊ തുള്ളിയേയും പൊതിഞ്ഞ് വയ്ക്കുന്നുണ്ട് , അടുത്ത കാറ്റില്‍ മൗനത്തിലേക്ക് പൊഴിക്കുവാന്‍ വേണ്ടി . കടലിന് കുറുകേയുള്ള നീളന്‍ പാലം മറഞ്ഞ് തുടങ്ങിയിരിക്കുന്നു , മഴ കനക്കുന്നു , കാഴ്ച മറച്ച് കൊണ്ട് . ഇരുളില്‍ എവിടെയോ തല ചായ്ക്കുമ്പോള്‍ മഴ തൂവല്‍  പോലെ തഴുകുന്നുണ്ടായിരുന്നു , ശബ്ദം നഷ്ടമായ മഴയെ പ്രണയിക്കാനും ഞാന്‍ പഠിച്ചിരിക്കുന്നു . രാത്രിമഴക്കു ശേഷമുള്ള ഉദയം എപ്പോഴും വര്‍ണ്ണാഭമാണ് . കുതിര്‍ന്ന മണ്ണും മരവും , ഓരോ കെട്ടിടങ്ങളിലും  അവശേഷിപ്പിച്ച്  പോകുന്ന തുള്ളികളും . സൂര്യകിരണങ്ങളില്‍ തട്ടി പുല്‍ക്കൊടി തുമ്പു വരെ തിളങ്ങുന്നതും .. ഒരു ദീര്‍ഘശ്വാസ്സത്തിനൊടുവില്‍ നെറ്റിത്തടത്തിലേക്ക് പതിക്കുന്ന കുളിർത്തുള്ളിയുമൊക്കെ കൊണ്ട് . ഇന്നലത്തെ  കടുത്ത തണുപ്പിന്റെ ആലസ്യം ഒരു മൗനത്തിന് മുകളില്‍ വേച്ച് വേച്ച് ആണ് ചൂട് പിടിപ്പിച്ചത് . പുറം മഴ നിശബ്ദമാകുമ്പൊഴും അകത്ത് അടക്കിപ്പിടിച്ച  പലതും കൊതിച്ചുവെങ്കിലും , ഓരോ  ആഴ്ന്നിറങ്ങലിലും ആ മൗനം പിങ്ക് ചുണ്ടുകള്‍ പതിയെ വിടര്‍ത്തിയത് നീഗൂഡമായ മന്ദസ്മിതങ്ങള്‍ക്കായിരുന്നു. പുറം ചുമലില്‍ ഒതുക്കി വച്ചിരുന്ന പൈതൃക പാഥേയ പുണ്യങ്ങള്‍ ചോര്‍ന്ന് തുടങ്ങിയിരിക്കുന്നു .

മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന , തണുപ്പുള്ള ഇരുള്‍ നിറഞ്ഞ വഴികളിലൂടെയാണ് നടന്ന്  പോയത്. ഇടക്ക് ചില വലിയ വണ്ടികള്‍ വളരെ പതിയെ കടന്ന്  പോകുന്നുണ്ടായിരുന്നു
ചില സ്ഥലങ്ങളില്‍ ചിലര്‍ ആലിംഗനബദ്ധരായി നില്‍ക്കുന്നുണ്ട് " കണ്ണുകളില്‍ മാത്രം നോക്കി " അവര്‍ സംസാരിക്കുന്നു . അവര്‍ക്ക് മാത്രമറിയുന്ന ഭാഷകളില്‍ . ഒരു ഓറഞ്ചമരം അതിന്റെ ചെറിയ ചില്ലകള്‍ വഴിയരുകിലേക്ക് നീട്ട് നില്പ്പുണ്ട് , വലിയ വണ്ടികളില്‍ തട്ടി ഉരഞ്ഞുരഞ്ഞ് വീര്‍ത്ത തുമ്പുകള്‍ ഒരു തരം മണം പരത്തുന്നുണ്ട് . ചിലയിടങ്ങളില്‍ നീളന്‍ തടികൊണ്ടുള്ള ഇരിപ്പിടങ്ങള്‍ , അതിലൊന്നില്‍ താടി നീട്ടി വളര്‍ത്തിയൊരു യുവാവ് ഗിത്താറില്‍ വിരല്‍ തുമ്പോടിച്ച് , പാടുന്നുണ്ട് .
" യൂ ആര്‍ മൈ സോള്‍ .. യൂ ആര്‍ മൈ ലവ് .. യൂ ആര്‍ മൈ ലൈഫ് ..
ബട്ട് ഐയാം എലോണ്‍  , ഐ നീഡ് എ സ്പേയ്സ് അപ്പൊണ്‍ യൂ  " .
പുതുമ തോന്നുന്ന വീഥിയിലൂടെ എനിക്കാവുന്ന വേഗതയില്‍ ഞാന്‍ മുന്നോട്ട് പോകുന്നുണ്ട് . വെട്ടിപ്പിടിക്കുവാന്‍ ത്വരയുള്ള മനസ്സുകളുടെ കാലം വിട്ടാണ് തേടി പിടിക്കുവാന്‍ എന്തോ  ഉണ്ട് എന്നുള്ള പ്രതീക്ഷയില്‍ എത്തിച്ചേര്‍ന്നത് ഇവിടെ . എന്നെയാണോ തിരയുന്നതെന്നറിയില്ല പക്ഷേ ജന്മങ്ങളുടെ കാഴ്ചകളിലെവിടെയോ മുഴച്ച് നില്‍ക്കുന്ന ചോദ്യങ്ങളുണ്ട് , ഇവിടം ആ ചോദ്യങ്ങള്‍ക്കുത്തരം നല്‍കുവാന്‍ പ്രാപ്തമാണോ എന്നറിയില്ല . ആരവം പൂണ്ട താഴ്വാരങ്ങളില്‍ നിന്നും ഒരിക്കലും വേര്‍തിരിച്ച് കിട്ടാത്ത പലതും മൗനം നിറഞ്ഞ ഈ പ്രദേശം നല്‍കുമോ എന്നെങ്ങനെ ഉറപ്പിക്കാനാണ് . എങ്കിലും നിശബ്ദമെന്നത് നമ്മളെ ഉള്ളില്‍ നിന്നും ശബ്ദിപ്പിക്കുമെന്നത് സത്യമെന്ന് തോന്നുന്നു , എനിക്കെന്നെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട് , എന്നിലൂടെ മറ്റൊരു ശബ്ദത്തിനും കാത് കൊടുക്കാതെ എന്റെ ചിന്തകളിലൂടെ ഉത്തരം കണ്ടെത്താന്‍ ഈ നഗരം എന്നെ പ്രാപ്തമാക്കുമെന്ന് വിശ്വസ്സിക്കാം .
അല്ലെങ്കില്‍ ഈ യാത്രക്ക് കാലം കൂട്ടു വരുമോ ?

ഒടുവില്‍ , വഴികള്‍ തീരുന്നിടത്ത്  , വലിയ മലകള്‍ തുടങ്ങുന്നിടത്ത്  , അപ്പുറം കടലിരമ്പവും ഇപ്പുറം പുഴയൊഴുക്കും കേള്‍ക്കാതെ കേള്‍ക്കുന്നിടത്ത്  എനിക്കുള്ള ഉത്തരം എഴുന്നേറ്റ് നിന്നു . എന്നെ കണ്ടതിന്റെ ബഹുമാനം നിറച്ച് . പണ്ട് പണ്ട് ഞാന്‍ ഇവിടെ ജനിക്കണം എന്ന് തീരുമാനിച്ചുറപ്പിച്ച എന്റെ ജന്മകാലത്തിന്റെ പിതാവ് . കാറ്റ് അനുഭമാകുന്നത് ഇവിടെ വന്നിട്ടാകും , ശബ്ദമില്ലാതെ  വന്നു തഴുകും , മിഴികളില്‍ മാത്രമനങ്ങുന്ന ഇലകള്‍ , ഒരു തരി ശബ്ദത്തെ പുറത്തേക്ക് വിടാതെ ഇവയൊക്കെ എവിടെ കൊണ്ടാണ് ഒളിച്ച് വയ്ക്കുന്നത് ? ആയിരം ഉത്തരങ്ങള്‍ കരുതി വച്ചിരുന്നു ,ചോദ്യം ആവര്‍ത്തക്കപ്പെട്ടിട്ടേയില്ല  . പൂര്‍ണത ഒരൊറ്റ ചോദ്യത്തില്‍ മാത്രമായിരുന്നു . അതു ചോദിക്കുവാന്‍ ഞാന്‍ തക്കം പാര്‍ത്തിരുന്നു . ഒരു സ്നേഹ സ്പര്‍ശം ..? ഇല്ലാ ഇതുവരെ അതുണ്ടായിട്ടില്ല .. ഇനിയിപ്പോള്‍ കാത്തിട്ട് കാര്യവുമില്ല , ചോദിക്കുക തന്നെ . ഇതില്‍പ്പരം എന്തവസരമാണ് ഉണ്ടാകുക , തിരികെ പോകണം . അതിനു മുന്നേ അതറിഞ്ഞേ തീരൂ ..കറ്റാടിമരങ്ങള്‍ ചൊരിഞ്ഞിടുന്ന നീളന്‍ മുടിയിഴകള്‍ , പാദം താഴ്ന്ന് പോകുമാറ് വെള്ള മണല്‍ , ഇവിടെ നിലനിന്ന് പോകുവാന്‍ കാഴ്ചകളും, ഓര്‍മകളുറങ്ങുന്ന മണ്ണും ഹൃദയത്തോട് പറഞ്ഞു കൊണ്ടേയിരിക്കുന്നു  , തിരികേ  ചെല്ലുമെന്നൊരു വാക്ക് ആര്‍ക്കും പകുത്തു കൊടുത്തിട്ടില്ല , കാത്തിരിപ്പിന്റെ ഒരു മിഴിയനക്കവും ഉണ്ടാവുകയുമില്ല .പക്ഷേ ചിലത് ആവാഹിച്ച് , വെന്തുരികിയ പകലിന്റെ മുഖത്തേക്കെറിഞ്ഞ് കൊടുക്കാന്‍ തിരികെ  പോകാതെ എങ്ങനെ ? കാലമതനുവദിക്കുന്നില്ലെങ്കില്‍ കൂടി . ശേഷിക്കുന്ന ഇന്ധനം മുതലാക്കി പറ്റാവുന്നതില്‍ വേഗത്തില്‍ കഴിഞ്ഞ ജന്മതാഴ്വാരങ്ങളിലേക്കെത്തപ്പെടുവാന്‍ കഴിയുമെന്ന് പറയേണ്ടത് എന്റെ മുന്നിലെ " ഉത്തരങ്ങളാണ് "

ചോദിക്കൂ , എന്താണ് നീ തേടുന്നത് ? എന്തുത്തരമാണ് നിനക്ക് വേണ്ടത് ..
ഇല്ല ആവില്ല , ശരിയാണ് അതു യാഥാര്‍ത്ഥ്യമായിരിക്കുന്നു  , ഞാന്‍ നിശബ്ദനായിരിക്കുന്നു . ഇനി എനിക്കു ചോദ്യങ്ങളില്ല ,പറയാന്‍ ഉത്തരങ്ങളില്ല . ഇനിയെന്നില്‍ മൗനം മാത്രം . ഞാന്‍ എന്നെ തേടിയിരിക്കുന്നു എന്നാകുമോ  ? മൗനം മനസ്സിനേ പോലും മൂടി പോയിരിക്കുന്നു .. തിരിച്ചു  പോക്ക് അനുവദനീയമാണോ ? അല്ലെങ്കിലും .. തിരിച്ചു  പോക്കെന്ന പഴുതുകള്‍ കാലം കരുതി വയ്ക്കുന്നില്ല അല്ലേ ?

മിഴികളില്‍ നിന്നും മറയുന്ന മഴ , നദി , കടല്‍, മരം... ജന്മം ബാക്കിയാക്കി  , മൗനം പുറന്തോടു  പൊട്ടിച്ച് പുറത്ത് വരും . മനസ്സെന്ന മാന്ത്രികതലങ്ങളില്‍ ഇനിയുമെന്നെ കെട്ടിയിടും . ഉറക്കേ പാടും , പാട്ട് കാറ്റിലലിയും , മഴ വരും കടല്‍ ഒരു ചിപ്പിക്കുള്ളില്‍ ഒളിക്കും . സ്നേഹം വാനോളം നിറയും , കൈകുമ്പിള്‍  വച്ചു നീട്ടി കൊടുക്കാന്‍ പാകത്തില്‍ ലോകം എന്റെ ഉള്ളില്‍ നിറയും .. സ്നേഹത്തോടെ ..


{ചിത്രം : "അനമോര്‍ഫിക് സ്കള്‍പ്ചേര്‍സ് " മെയിലില്‍ വന്നതാണ് 
ഈ ചിത്രം കണ്ടപ്പൊള്‍ മനസ്സിലേക്ക് കടന്ന് വന്ന വരികളാണിതൊക്കെ .
കാഴ്ചകളും ചിത്രങ്ങളും ഈ വരികളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാവാം } 

Monday, May 6, 2013

ബ്യൂട്ടീ മീറ്റ്സ് ക്വാളിറ്റി .....!

ചൂരലുകള്‍ ഇണചേര്‍ന്നൊന്നില്‍ നാം 
തീര്‍ത്തൊരു രാവിന്റെ സ്വേദ കണം 
നീ പൊഴിയുമൊരു മഴ , കുതിര്‍ന്ന മണ്ണോട് മനം 
പ്രേമചാരുതലഹരിയില്‍ , പിണക്കമഴക്ക് ഗര്‍ഭം ..
പെയ്തു തോരും മുന്‍പ് പാദത്തിലൂടെ പിറവി .. "പിന്നോട്ട് ".
ഇവളില്ലാതെ എനിക്കെന്താഘോഷം ??

നിന്റെ ചുംബനം , 
തണിര്‍ത്ത അധരമോടെ
മുന്തിരിച്ചാറ് വീണ പോലെ 
അവിടിവിടങ്ങള്‍ എന്റെ അടയാളങ്ങള്‍ 
ബാഹ്യമായ മറയപ്പെടലുകളില്‍ മായാതെ 
ഹൃദയത്തില്‍ തേഞ്ഞ് തേഞ്ഞ്
തഴമ്പാകുന്നത് നിന്നോടുള്ള പ്രണയമാണ്...! 
ഈ സ്നേഹം വച്ചിട്ടെന്തിനാ ...? ? വിളമ്പുക തന്നെ ..!

രുചിക്കൂട്ടുകള്‍  നിറയുന്ന , മസാല മണക്കുന്ന 
ആഡംബരങ്ങളില്ലാത്ത , പുകനിറവില്ലാത്ത പുര 
കടപ്പയുടെ കുളിരിളക്കത്തില്‍ മിഴികള്‍ കൂമ്പിയത് ,
ഒരു നിലവിളിക്ക്  പോലും കാത് കൊടുക്കാത്തത് ..
സൗന്ദര്യം , ഉല്‍കൃഷ്‌ടതയില്‍ ചെന്ന് മുട്ടുമ്പോള്‍ .....!

ആന മയക്കത്തിലും തുമ്പി കാക്കും 
അവള്‍ നാവില്‍ കണ്ണനെയും 
ഒരു നിമിഷം മതി അധരം തൊടാന്‍
നീലനിറമാര്‍ന്ന കുളിരിനുള്ളിലും മുത്തം  
അലയടിച്ചുയരുന്ന പ്രണയമനോഹരത്തീരം. 
നിറം കെട്ടെന്ന് പതം പറയുമ്പൊഴും  ..
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍..!

രാവില്‍ കാത് ചേര്‍ത്ത് , മിഴികളടച്ച് 
ഉദ്യാനനഗരിയിലേക്ക് , ചിറക് വിരിച്ച് .
ഒരൊ ഗാഡസ്പര്‍ശത്തിനും , സ്നേഹത്തിന്‍ അകറ്റലുകള്‍ 
എന്നിട്ടും നീ എന്നില്‍ മനം ചേര്‍ത്തു , പുണര്‍ന്നു 
പുതു ജീവന്‍ ഞാനെന്ന് ചൊന്നു ..
വിശ്വാസ്സം അതല്ലെ എല്ലാം ..

ഒരു കവിതയുടെ പിറവി , 
നിന്റെ പാദസ്പര്‍ശമേറ്റ എന്റെ തോള്‍
ഇരുപുറങ്ങളിരിന്നു നാം തീര്‍ത്ത 
വിശാലമായ സ്വപ്ന കൂടാരങ്ങള്‍ 
ഇളകുന്ന ചില്ലുകള്‍ക്ക് മേലെ നിന്റെ ഉമിനീരിന്റെ കുളിര്‍ 
അബോധമണ്ഡലങ്ങളില്‍ ഒഴുകാന്‍ വീണ്ടുമൊരു കൊതി ..
വൈകിട്ടെന്താ പരിപാടി കണ്ണേ ....

വികാരമേഘങ്ങള്‍ മഴ പൊഴിക്കാന്‍ വെമ്പുമ്പോള്‍ 
കുളിര്‍കാറ്റ് വന്ന് ജാലകം തൊടുമ്പോള്‍ 
നീ മയങ്ങും , ഒരുവാക്ക് മിണ്ടാതെ ..
ഇടക്ക് കണ്‍തുറക്കാതെ ഹൃത്തൊട് മൊഴിയും 
നിദ്രവന്നക്രമിക്കുന്നു കണ്ണാന്ന് ...
കണ്ണേ ഞാനൊന്നും മറക്കില്ല ....... 

സമയക്രമങ്ങളില്‍ നീ വ്യതിചലിക്കുമ്പോള്‍ 
ആകുലപര്‍വ്വം കെട്ടിപ്പടുത്ത് ഞാന്‍ ഏകനാകും. 
കുശുമ്പ് കേറ്റി മറു പേരുകളില്‍ എന്നെ തളക്കുമ്പോള്‍ 
ഒരിക്കലൊരു വിസ്മയത്തിന്റെ തുമ്പ് നീട്ടി 
വരുന്നതൊരു സ്നേഹസമ്മാനമാകും 
എങ്കിലും ... വെയര്‍  എവര്‍ യൂ ഗോ , ഐയാം ദെയര്‍ ..!

മോഹങ്ങളെ ,പരമാര്‍ത്ഥങ്ങളിലേക്ക് എത്തിച്ച് 
പരിമിത സാഹചര്യങ്ങളിലൂടെ ജീവന്‍ വയ്പ്പിക്കാന്‍ 
അവിടെ സ്നേഹമഴകള്‍ കോരിചൊരിക്കാന്‍ 
വാക്കുകളുടെ വര്‍ണ്ണങ്ങളില്‍ നിന്നും 
ഒത്തുചേരലിന്റെ രുചിയിലേക്ക് കടന്നു കയറാന്‍ ...
എന്നും കൂടെ  വാക്ക് .. ശംഭോ മഹാദേവാ ...!

{ചിത്രം : ഗൂഗിളിന് സ്വന്തം }