ഒരു പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്നേ ഗ്രാമങ്ങളൊക്കെ ഇങ്ങനെയായിരുന്നു ..എല്ലാ ഗ്രാമങ്ങളും ഇങ്ങനെ ആയിരുന്നോ എന്നറിയില്ല , പക്ഷേ എന്റെ ഗ്രാമം ഇങ്ങനെയായിരുന്നു..പ്രാതല്‍ എന്നൊരു സംഭവം , എന്റെ അറിവില്‍ ഇല്ലായിരുന്നൂന്നു പറയാം .. മിക്ക വീടുകളിലും ദോശ , ഇഡലി , പുട്ട് ഒക്കെ വല്ലപ്പോഴും വരുന്ന വിരുന്നുകാരായിരുന്നു , പഴങ്കഞ്ഞി സമൃദ്ധമായി ഉണ്ടായിരുന്നു എന്നത് മറക്കുന്നില്ല , പക്ഷേ രാവിലത്തെ കാലി ചായക്ക് ശേഷം , പത്ത് മണിയോടൊത്തായിരുന്നു അത് ...
മേല്‍ പറഞ്ഞ സംഭവങ്ങളൊക്കെ ചായക്കടകളില്‍ കിട്ടിയിരുന്നു , ഓലമേഞ്ഞ അവിടെന്ന് അതിരാവിലെ തന്നെ പുറംതള്ളുന്ന മുളപ്പുട്ടിന്റെയും , ദോശയുടെയും പുകമണം ദേ ... ഇന്നും മൂക്കിലുണ്ട് , കാഴ്ചയായ് കണ്ണിലും ...! തറവാട്ടില്‍ പോയാല്‍ , അവധി ദിനത്തില്‍ കുശാലാണ് .. അമ്മുമ്മ .. ഉറിയില്‍ വച്ചിരിക്കുന്ന കട്ടി തൈരെടുത്തിടും പിഞ്ഞാണത്തില്‍ ( പൊട്ടുന്ന പാത്രം ) ചിരട്ട തവി കൊണ്ട് അതെടുക്കുന്നത് പോലും ഒരു കലയാണ് ...അടുക്കള വശത്തൂന്ന് കാന്താരി പൊട്ടിച്ച് , തലേന്നത്തെ മീന്‍ കറിയും , ഉണ്ടെങ്കില്‍ ഇത്തിരി കപ്പയും തണുത്ത വെള്ളത്തില്‍ നിന്നും ഊറ്റിയ ചോറും കൂട്ടി ഒന്നു കുഴക്കും .. ഞാന്‍ കൈവെള്ള വരെ മൊത്തത്തില്‍ കുഴക്കാറില്ല , വിരലുകള്‍ മാത്രം വച്ചെ , കുഴക്കുകയും കഴിക്കുകയും ചെയ്യൂ , അപ്പൊള്‍ അമ്മുമ്മ പറയും മോനേ ആണുങ്ങള്‍ ഇങ്ങനെയല്ല കഴിക്കേണ്ടത് , കൈവെള്ളയിലേക്കെടുത്ത് ഉരുള ഉരുട്ടി കഴിക്കണമെന്ന് ...!
പറഞ്ഞു വന്നത് മറന്നൂ , നമ്മുടെ ഗ്രാമങ്ങളേ കുറിച്ച് , അന്നൊക്കെ രാത്രി ഏഴ് മണി കഴിഞ്ഞാല്‍ വഴികള്‍ , വീടുകള്‍ ഇരുള്‍ വീഴും .. മണ്‍ റോഡുകളില്‍ നല്ല ദൂര വ്യത്യാസത്തില്‍ ഒരു വിളക്ക് കാലുണ്ടാകും അതു കത്തുമോ എന്നറിയില്ല , ചില വിരുതന്‍മാര്‍ അതിന്റെ ബള്‍ബ് വരെ അടിച്ച് മാറ്റിയിരുന്നു അന്ന് ..കറണ്ട് എന്നത് വിസ്മയമായിരുന്നു , ടീവിയുള്ളൊരു വീട് ഞങ്ങളുടെ പരിസരത്തെങ്ങുമില്ലായിരുന്നു ..ഓണാഘോഷപരിപാടികള്‍ക്കാണ് ആകെ ടിവിയും , വീസിആറും വരുക .. അതും വാടകക്ക് ..വ്യാഴാഴ്ച്ചത്തെ ചിത്രഗീതവും , ഞാറാഴ്ചത്തേ വൈകിട്ടുള്ള സിനിമയും കാണാന്‍ അമ്മയുടെ കാല് പിടിച്ചാണ് ദൂരെയുള്ള ടീച്ചറ് ചിറ്റയുടെ വീട്ടില്‍ പോകുക , പോകുന്നതും രസാണ് അമ്മ ഉണ്ടാക്കിയ ഉണ്ണിയപ്പമോ അവിലോ കഴിച്ചായിരിക്കും ഞങ്ങളുടെ യാത്ര , അതും പാടം മുറിച്ച് , തോടൊക്കെ ചാടി ഒരു പോക്കുണ്ട് ..ചെല്ലുമ്പോഴോ , എതെങ്കിലും തലതെറിച്ചവന്റെ ഡെല്‍ഹി റിലേ പരിപാടിയാകും , സങ്കടമോടെ മടങ്ങും..!
ഇന്ന് ഗ്രാമം പോലും പന്ത്രണ്ട് മണിയായാലും ഉറങ്ങാറില്ല , എല്ലായിടത്തും ടിവിയുടെ ശബ്ദം
വഴികളെല്ലം ടാറായി , മഴവെള്ളം വീഴുന്നതും കുതിച്ച് പാഞ്ഞ് ഇങ്ങ് പോരും .. എല്ലായിടത്തും വെളിച്ചം, എല്ലായിടത്തും വീട് .. പേടിച്ചരണ്ട് പണ്ട് നടന്ന ഇടവഴികള്‍ ഇന്ന് വീടു കൊണ്ട് നിറഞ്ഞിരിക്കുന്നു ........എന്തും ഏതും പറഞ്ഞ് ഉറക്കേ കളിയാടിയിരുന്ന സ്ഥലങ്ങളെല്ലാം നാട്ടാരുടെ കണ്ണുകളെത്തുന്ന ഇടങ്ങളായി രാത്രിയില്‍ പൊലും തൊടിന്റെ വെള്ളമൊഴുക്ക് കേള്‍ക്കാതായി , വെള്ളമില്ല എന്നത് വേറൊരു കാര്യം ..!പറയുമ്പോള്‍ എല്ലാര്‍ക്കും ജീവിക്കണം , വികസനവും വേണം .. പക്ഷേ എന്തൊക്കെയോ ചോര്‍ന്ന് പോകുന്നൊരു ആകുലത എന്നെ വല്ലാണ്ട് പിടി കൂടിയിരിക്കുന്നു , ഓരോ യാത്ര പോകുമ്പൊഴും മനസ്സ് വേദനിക്കുന്നു .....!മതമെന്നത് അന്ന് അറിവുണ്ടായിരുന്നുവോ എന്തോ ? ഉല്‍സവം എന്നത് രാമനും , ഗഫൂറിനും , ജോര്‍ജിനും ഒന്നു തന്നെ , ഞങ്ങളുടെയായിരുന്നു .. പെരുന്നാളും അതു പോലെ .. നൊയമ്പ് സുഹൈല്‍ പറയുമ്പൊഴാണ് കൂടുതല്‍ അറിഞ്ഞത് തന്നെ ... പേരുകളില്‍ ആരും മതം കണ്ടിരുന്നില്ല , വീടുകളിലെ വിശ്വാസ്സങ്ങളില്‍ ഞങ്ങള്‍ ജീവിച്ച് പോയിരുന്നു , മമ്മൂട്ടിയും , പ്രേം നസീറും മുസ്ലീമായിരുന്നു എന്നറിയുന്നതു തന്നെ വളരെ വൈകിയാണ്..മോഹന്‍ലാല്‍ ഹിന്ദുവായിരുന്നെന്നൊ , കമലാഹാസന്‍ നിരീശ്വരവാദിയായിരുന്നെനൊ എനിക്കറിവില്ലായിരുന്നു
എന്ന് പറയുന്നതിനേക്കാള്‍ ആ വശങ്ങളേ കുറിച്ച് അന്നു നാം ചിന്തിച്ചിരുന്നില്ല എന്നു വേണം പറയാന്‍
അങ്ങനെയൊരു ചിന്ത ഞങ്ങളെ മദിച്ചിരുന്നില്ലഎന്ന് , അന്നുമിന്നും എനിക്കേറെ പ്രീയപെട്ടവനും , വ്യക്തിജീവിതവും കലയും തമ്മില്‍ ബന്ധമുണ്ടെന്നുള്ള ചിന്തയും കൊണ്ട് മമ്മുക്ക എനിക്ക് പ്രീയങ്കരന്‍ തന്നെ...! ഇന്ന് സ്ഥിതി വളരെ മാറീ ആദ്യം പേരും , ഊരും .. പിന്നെ മതം പിടികിട്ടി .. ഉറപ്പിച്ചു , ഇനി ഉറപ്പ് കിട്ടാത്ത പേരാണേല്‍ " ബാബു " " ഷാജി " പോലെയുള്ളവ .. അടുത്ത പടി അച്ഛന്റെ പേരു കൂടി ചോദിച്ച് ഒന്നുറപ്പിക്കും .. കാലത്തിന്റെ പോക്ക് വല്ലണ്ടാണ് എന്ന് മനസ്സ് പറയുന്നു ..!
ദേശവര്‍ഗ്ഗനിറവ്യത്യാസങ്ങള്‍ കുടി കൊണ്ടിരുന്ന പണ്ടത്തേക്കാളേറെ ഇന്നു മനസ്സുകളില്‍ അതു വര്‍ദ്ധിക്കുന്നു , ഭീതി വിതച്ച് കൊണ്ട് .. പുറമേ സഹിഷ്ണുതയുടെ ഉന്നതിയില്‍ നില്‍ക്കുകയും അകമേ എരിയുന്ന തിരിയുമായ് ഒട്ടേറെ ജീവിതങ്ങള്‍ .. ചിലര്‍ പുറമേ പോലും വലിയ തീപ്പന്തങ്ങളാണ് കൊളുത്തി വയ്ക്കുന്നത് , അതില്‍ നിന്നും തീ പടര്‍ത്തി ഓരോ കുഞ്ഞു മനസ്സുകളും ആളിപ്പടരുന്നുണ്ട്.!ആരൊ ഒരാള്‍ ഈയടുത്ത കാലത്ത് എഴുതിയത് ഓര്‍മ വരുന്നു , പീ ജേ ആന്റണി ക്ക് ദേശിയ അവാര്‍ഡ് കിട്ടിയ " നിര്‍മാല്യം " എന്ന സിനിമ ഇന്നായിരുന്നു ഇറങ്ങിയതെങ്കില്‍ , അതില്‍ ദേവിയേ കാര്‍ക്കിച്ച് തുപ്പുന്ന വെളിച്ചപ്പാടെന്ന കഥാപാത്രത്തേ കാണാതെ , ഒരു ക്രിസ്ത്യാനിയെ കാണുന്ന സമൂഹമാണ് മുന്നില്‍ വളരുന്നത് .. എതു മതവും ഇതു പോലെ പടവാളെടുക്കുന്ന ദുര്‍സ്ഥിതിയാണിന്ന് ,ആളേ കൂട്ടുവാനും , സ്വാര്‍ത്ഥലാഭങ്ങള്‍ക്കും വേണ്ടി മതങ്ങളും അതിന് പിന്‍ പറ്റി ചില കുല്‍സിതശ്രമങ്ങളും നടക്കുമ്പോള്‍ വലിയ വലിയ വേര്‍തിരുവുകള്‍ ഉണ്ടാകുന്നത്, മനസ്സുകള്‍ മുറിപ്പെട്ടു പോകുന്നത് , വന്മതിലുകള്‍ വളരുന്നത് ആരെങ്കിലുമൊന്ന് അറിയാന്‍ ശ്രമിക്കുന്നുണ്ടൊ ?
നാളെ ഈ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കപ്പെടുമെന്ന ഉത്തമബോധ്യം മതം ഉയര്‍ത്തി കാട്ടിയിട്ടും , മൂല്യബോധത്തോട് ജീവിക്കുവാന്‍ എല്ലാ മതവും ഉല്‍ഘോഷിച്ചിട്ടും എന്താണ് ഒരേ നിറമുള്ള രക്തം വഹിക്കുന്ന ഹൃദയങ്ങളേ നിങ്ങള്‍ ഒന്ന് ഉണരാത്തത് .. ? അതൊ ഉറക്കം നടിക്കുന്നതോ ? എല്ലാവരും എങ്ങോട്ടാണീ യാത്രയെന്ന് മനസ്സിലാകുന്നേ ഇല്ല ...?
മിശ്രവിവാഹങ്ങള്‍ മുന്നത്തേക്കാളേറെ കൂടിയിട്ടുണ്ട് നല്ലതോ ചീത്തയോ ആവട്ടെ , അതു മനസ്സിന്റെ വ്യാപ്തിയാണെന്ന് കരുതരുത് , അവിടെയും ഏതേലും മതത്തിലേക്ക് ഉടനടി ഒരു ചേക്കേറലുണ്ട് , ജനിച്ച് ജീവിച്ച ആചാരങ്ങളില്‍ നിന്നുമുള്ള ചുവട് മാറ്റം ഏതൊരു ഹൃദയവും എത്രകാലമെടുത്താകും മായ്ച്ച് കളയുക .. " ആമി അലവിയുടെ "ഖദീസുമ്മയുടെ മരണത്തില്‍ " ഹു ഈസ് ദിസ് നാരായണന്‍ "
എന്നൊരൊറ്റ വരിയില്‍ അതു നിറഞ്ഞ് നില്പ്പുണ്ട് ....കാശിനൊരു മൂല്യവുമില്ല , ജീവിതത്തിനും .. ടിവിയില്‍ ഏതു ചാനല്‍ കാണുമെന്ന ചിന്തയാണിപ്പോള്‍ , സിനിമക്കിടയില്‍ ഒന്നില്‍ പരസ്യം വന്നാല്‍
മറ്റൊന്നിലേക്ക് ചാടുന്നത് കൈവിരലുകളിലെ കളികളാണ് ,, ഈയടുത്തായി ശ്രദ്ധിച്ചിരിന്നു , മൂന്ന് നാല് ചാനലുകള്‍ മാറ്റിയപ്പോഴൊക്കെയും അതിലെല്ലാം പരസ്യം തന്നെ , ഏതൊ ഒരു വിശേഷദിനത്തിലാണെന്ന് തോന്നുന്നു , മലയാളിയുടെ മനസ്സ് ചാനലുകള്‍ പഠിച്ച് വച്ചിരിക്കുന്നു ..!ഒരു മാസത്തില്‍ അല്ലെങ്കില്‍ രണ്ടു മാസത്തില്‍ ഒരു ഞാറാഴ്ച്ചയായിരുന്നു പുറത്തേക്ക് പോയിരുന്നത് , അന്നു മാത്രമായിരുന്നു പുറത്ത് നിന്നും ഭക്ഷണം കഴിച്ചിരുന്നത് , അന്നായിരുന്നു കടലും ,സിനിമയും കണ്ടിരുന്നത് ... ഇന്ന് കൈവിരല്‍ തുമ്പിലേക്ക് എല്ലാം വന്നു നല്ലതു തന്നെ , ശാസ്ത്രം വളരുമ്പോള്‍ സമൂഹത്തിനും , മനസ്സിനും ഉന്നതികളുണ്ടാകണം , ഇതിപ്പോള്‍ നേര്‍ വിപരീതം തന്നെ ..വല്ലപ്പോഴും ഒത്തു കിട്ടുന്ന , കുളത്തിലെ , കടവിലെ കുളിനോട്ടങ്ങളില്‍ തങ്ങി കിടന്നിരുന്ന കുസൃതി കണ്ണുകളിലും നിഷകളങ്കഭാവമുണ്ടായിരുന്നു ..
ഇന്നത് ഒപ്പിയെടുക്കുന്നത് അത്യാധുനിക സംവിധാനങ്ങളുടെ കപടമനസ്സുകളാണ് , കടവുകള്‍ ഇല്ലാണ്ടായതും , സാമൂഹിക പരിതസ്ഥിതികള്‍ കൂടിയതും മൂലം കടവില്‍ കുളി കുറഞ്ഞപ്പോള്‍ മിഴികള്‍ അടച്ചിട്ട മുറികള്‍ക്കുള്ളില്‍ വരെ എത്തി , സ്വന്തം അയല്‍ക്കാരന്‍ എന്നതിന്റെ
കാലങ്ങളായുള്ള വിശ്വാസ്സ ഗോപുരങ്ങളെ വരെ തച്ചുടക്കുന്ന സംഭവവികാസങ്ങള്‍ , ഇനി വരാനുള്ളത് "അല്‍ട്രാ വയലറ്റ് " ക്യാമറകളാണ് ഇപ്പോള്‍ തന്നെ ഇസ്രയേല്‍ സൈന്യം അതുപയോഗിക്കുന്നു എന്നു കേള്‍ക്കുന്നു , ഇനി അതു കൂടി എത്രയും പെട്ടെന്ന് സാധാരണക്കാരന്റെ കൈകളില്‍ എത്തിപെട്ടാല്‍ എല്ലാം ഭദ്രം , കെട്ടുറപ്പുള്ള മതിലുകള്‍ക്കകത്ത് മണിഗോപുരം കെട്ടി വച്ചാലും അമ്മ പെങ്ങമാരുടെ പലതും നാളെ കണ്മുന്നില്‍ കാണേണ്ടി വരും ..
മുടിവെട്ടാന്‍ പോകുന്ന മോഹനേട്ടന്റെ കടയില്‍ ഞാന്‍ ചെല്ലുമ്പോള്‍ , കേറ്റിയിരുത്തുന്നൊരു തടി കഷ്ണമുണ്ടായിരുന്നു അന്ന് വല്ലാത്തൊരു ആഗ്രഹമായിരുന്നു , ഒന്ന് തടിയില്ലാതെ എന്നാണ് നെരെ ഇരുന്നൊന്ന് മുടിവെട്ടാന്‍ പറ്റുക എന്ന് ..ഒരിക്കല്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പൊഴാണെന്ന് തോന്നുന്നു , ഷേവ് ചെയ്യണോ എന്ന എട്ടന്റെ ചോദ്യത്തിന് ഞാന്‍ ഉത്തരം കൊടുത്തത് , " വീട്ടില്‍ ചോദിക്കട്ടെന്നായിരുന്നു ...! അന്ന് നമ്മുടെ മനസ്സിന്റെ പരിധിയതായിരുന്നു ..ഈയടുത്ത് കണ്ടപ്പൊഴും മോഹനേട്ടന്‍ ഇതും പറഞ്ഞെന്നെ കളിയാക്കിയിരുന്നു , അന്നു കുട്ടികളില്‍
ഉണ്ടായിരുന്ന പലതും ഇന്നില്ല , എന്തു കൊണ്ടെന്ന് അറിയുന്നില്ല , ഞാന്‍ ഉള്‍പ്പെട്ട മാതാപിതാക്കളുടെ തെറ്റാകാം ..ഒരു വിരല്‍തുമ്പില്‍ കൊണ്ട് നടക്കുന്നത് കണ്ടാല്‍ അറക്കുന്ന രംഗങ്ങളാണ് , അതു കൊടുക്കുന്നതും പ്രചരിപ്പിക്കുന്നതും കാശ് കൊയ്യുന്നതും മുതിര്‍ന്ന തലമുറ തന്നെയെങ്കിലും , അന്നൊക്കെ ഇത്തരം ചിന്തകള്‍ നമ്മെ തൊട്ട് തീണ്ടിയിരുന്നില്ല എന്നു പറയുന്നില്ല , പീഡിസിക്ക് പഠിക്കുമ്പോളാണ് ഞാന്‍ ആദ്യമായി നീലചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ കണ്ടത് ..അതും നെഞ്ചിടിപ്പോടേ , വളരെ ഏറെ ചിന്തിച്ചും ആകുലപ്പെട്ടും കിട്ടിയ അരമണിക്കൂറില്‍ നിന്നുമാണ് ഏതാനും രംഗങ്ങള്‍ കണ്ടു തീര്‍ത്തത് , സത്യം പറഞ്ഞാല്‍ അന്നു കണ്ടതിപ്പൊഴും മനസ്സില്‍ തെളിഞ്ഞ് കിടപ്പുണ്ട് ..
ഗൃഹാതുരമായ സ്മരണകളില്‍ ഞാന്‍ അതും ചേര്‍ത്ത് വയ്ക്കുന്നു .. അന്ന് കണ്ണുകളില്‍ കണ്ട നിഷ്കളങ്കമായ ചിലതുന്റ് , കള്ള ചിരികളുണ്ട് .. എല്ലാം എല്ലാം മാഞ്ഞ് പോകുന്നു ഇന്ന് .. സ്കൂളില്‍ പോകുന്ന മകളുടെ ബാഗില്‍ നിന്നും കണ്ടെടുത്ത മെമ്മറി കാര്‍ഡ് ഗള്‍ഫിലേക്ക് കൊണ്ട് വന്ന് എന്നെ ഏല്പ്പിച്ചു ഒന്നു ചെക്ക് ചെയ്യുമോ എന്നു പറഞ്ഞൊരു സാധു മനുഷ്യനുണ്ട് കണ്ണുരുകാരന്‍ , ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ ആ മനുഷ്യനോട് എന്തു പറയമെന്നറിയാതെ ഞാന്‍ കുഴഞ്ഞ് പോയിട്ടുണ്ട് , "മകളുടെയാണ്.. ഒരു സംശയത്തിന്റെ പുറത്താണ് എടുത്തത്" നീ ഒന്നു നോക്കെടാന്ന് പറഞ്ഞ് സ്വകാര്യമായി ഏല്പ്പിച്ച കാര്‍ഡില്‍ തെളിഞ്ഞത് കണ്ടാല്‍ കാമമല്ല കത്തുക മറിച്ച് എന്റെ രണ്ട് പെണ്‍കുട്ടികളുടെ മുഖമാണ് .. എല്ലാ ഫൈലുകളും ഒര്‍ജിനല്‍ മാത്രം , മോബൈലില്‍ ഷൂട്ട് ചെയ്തവ .. ഇപ്പോള്‍ ആവശ്യവും അതിന് തന്നെ ..!എല്ലാത്തിനുമപ്പുറം പുതിയ കുട്ടികളില്‍ നന്മയുടെ വിത്തുണ്ടാകാം , നല്ല വശങ്ങളുണ്ടാകാം , കാലം മാറിയപ്പോള്‍ കോലം മാറിയതാകാം , എന്റെ തലമുറ ചിലപ്പോള്‍ അതിനു മുന്നെയുള്ളവര്‍ക്കിതുപോലെ തോന്നിയിട്ടുമുണ്ടാകാം എങ്കിലും എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് , ഒരിക്കലും വൃത്തിയാക്കുവാന്‍ വയ്യാത്ത പലതും സമൂഹത്തില്‍
നിറഞ്ഞ് നിറഞ്ഞ് വരുന്നുണ്ട് , മൂക്ക് പൊത്തുകയും , കണ്ണു പൂട്ടുകയും ചെയ്യുന്ന മുഖങ്ങള്‍ സ്വന്തം വീട്ടിലും അതു കണ്ട് തലകറങ്ങി വീഴുമ്പോഴാണ് മറ്റുള്ളവന്റെ വേദനയും , നൊമ്പരവും അറിയുക ..
പ്രണയവും അതു പോലെ തന്നെ , ഒരാള്‍ക്ക് ഒരു പ്രണയത്തിന്റെ അസഹ്യത വിട്ടു മാറണമെങ്കില്‍
ആ ജീവിതം തന്നെ വേണം , കാലങ്ങളെടുക്കണം അതില്‍ നിന്നൊരു മുക്തി , കാരണം അതു ഹൃദയത്തില്‍
വച്ചായിരുന്നു എന്നുള്ളത് തന്നെ , അത് ആണായാലും പെണ്ണായാലും വ്യത്യാസമൊന്നുമില്ല ...
പെണ്ണ് ഹൃദയം കൊണ്ടും , ആണ്‍ മറ്റ് പലതും കൊണ്ടാണ് സ്നേഹിക്കുന്നതെന്നാണ് ഭാഷ്യം ..
അന്നിന്റെ പ്രണയം , ഒരു കത്തിലോ , വരിയിലോ തുടങ്ങുന്നതും , സ്പര്‍ശനം എന്നത് അന്യവുമായിരുന്നു ..കാലം കൊണ്ടൊ , ഒരു നോട്ടം കൊണ്ടൊ ഉണ്ടാകുന്ന ചിലതൊക്കെ , ധനത്തിനും , മതത്തിനും , കുടുംബത്തിനും ഇടയില്‍ പെട്ടു ചിലതലരിച്ച് പോകുമെങ്കിലും , ഹൃദയത്തില്‍ കൈവച്ച് അന്നിന്റെ പ്രണയം നുണഞ്ഞവര്‍ പറയണം അതു ഉള്ളില്‍ന്ന് ഇറങ്ങി പോയിട്ടുണ്ടൊ എന്ന് .. ഇന്ന് പുതിയ ചാറ്റ് ബോക്സില്‍ നിറയുന്ന നിറഞ്ഞ് ചിരിയില്‍ , കരുതലിലും ..തൊട്ട് മുന്നേയുള്ള എല്ലാം മറന്ന് പോകുന്ന മനസ്സുകളാണധികവും ..
മഴ കാണുവാന്‍ തന്നെ എന്ത് ചേലായിരുന്നു , വാഴത്തടകളുമായുള്ള ഓട്ടം തോടെത്തിയാലേ നില്‍ക്കുകയുള്ളു , ഓരോ മഴയും ഓരോ ആഘോഷമായിരുന്നു, വാഴയിലയിലും മരത്തിലും തൊടിയിലും പാടത്തും പെയ്യുന്ന അണമുറിയാത്ത അന്നത്തെ മഴയുടെ സൗന്ദര്യം ഇന്നുണ്ടൊ എന്ന് അറിയുന്നവര്‍ക്കറിയാം .. നമ്മുടെ കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ , "മിഴി മുകളില്‍ വേണമെന്ന്" .. അല്ലാതെ പോക്കറ്റിലായാല്‍ ഇങ്ങനെയൊക്കെ തന്നെ വരും .. ആരുടെയും കണ്ണീരുകള്‍ പണ്ട് ആഘോഷമായിരുന്നുവോ ? എന്നൊന്ന് ചിന്തിക്കണം .. ഒരു നിലവിളിയില്‍ ഓടികൂടുന്ന മനസ്സുകളില്‍ സഹായത്തിന്റെ ആത്മാര്‍ത്ഥമായ കരങ്ങളുണ്ടായിരുന്നു .. ഇന്ന് സര്‍വ്വതും മാറി വരുന്നു..
ഒരു വണ്ടി തട്ടിയാല്‍ ഓടി കൂടുന്നവരുടെ നോട്ടവും ഭാവവും നാം ചിന്തിക്കാത്ത തരങ്ങളിലേക്കാണ് ..
പിന്നേ കാമത്തിന്റെ നോട്ടത്തെ കുറിച്ച് പറയാത്തതാണ് ഭേദം , ഇനി അന്നുമിതുണ്ടായിരുന്നുവോ എന്നറിയില്ല ഇപ്പോള്‍ മാധ്യമങ്ങളുടെ മല്‍സരത്തില്‍ നാം എല്ലാം അറിയുന്നതാകാനും മതി ...അന്നത്തെ ഒളിഞ്ഞ് നോട്ടങ്ങള്‍ , കുശുകുശിപ്പുകള്‍ , നുണപറച്ചിലിലൊക്കെ ഒരു വേലികെട്ട് ഉണ്ടായിരുന്നു.. ഇന്നതൊക്കെ മാറി ലോകം വരെ ആഘോഷിക്കുന്നു , നല്ല കാര്യം... ഒരു മറയുമില്ലാതെ ഓണ്‍ദി സ്പോട്ട് വാര്‍ത്തകള്‍ എത്തിക്കുന്ന മാധ്യമങ്ങള്‍ മല്‍സരിക്കുമ്പോള്‍ തകര്‍ന്നു പോകുന്ന ഒരായിരം മനസ്സുകളുണ്ട് ...ഇനിയിതൊക്കെ എന്റെ മാത്രം ചിന്തകളും ആകുലതകളുമായിരുന്നെങ്കില്‍ ,
ക്ഷമിക്കുക തെറ്റ് എനിക്കാകും ..പുതിയ തലമുറയെ അടച്ചാക്ഷേപ്പിക്കുന്നില്ല , നല്ല വിത്തുകള്‍ മുളപൊട്ടി വളരുന്നവയില്‍ ഉണ്ട് എന്നു സമ്മതിക്കുന്ന , ഈ കാലത്തും ഒട്ടേറെ നല്ല മനസ്സുകളുടെ നന്മകളുമുണ്ട് , അതിനാലാവണം ഇപ്പൊഴും ചിലതൊക്കെ നിലനിന്ന് പോകുന്നത് ..കൂട്ട് കുടുംബങ്ങളുടെ പതനം , ഒറ്റക്ക് ഒറ്റക്ക് എന്നുള്ള ചിന്തകള്‍ നമ്മേ എവിടെയാണ് കൊണ്ടെത്തിക്കുന്നത് , ഓരോ വീടുകള്‍ രൂപപ്പെടുന്നു , ഓരോ അണുകുടുംബങ്ങള്‍ രൂപപ്പെടുന്നു , അങ്ങനെ വളര്‍ന്നു വരുന്ന , മുത്തശ്ശിയുടെ തണലേല്‍ക്കാത്ത
കുട്ടികള്‍ വളരുമ്പോള്‍ , പങ്കാളിയാകുമ്പോള്‍ വീണ്ടും ഒറ്റയാവാന്‍ മനസ്സിനെ പഠിപ്പിക്കുന്നു .. ഇവിടെ നഷ്ടം സമൂഹത്തിനും നാടിനുമാണ് , കുഞ്ഞുങ്ങളുടെ മാനസികമായ പതനം , അവരെ നേരെ നോക്കി വായിക്കുവാന്‍ കഴിയാത്ത സമയമില്ലായ്മ ഓരോ പുതിയ വീടിനും ചിലവാക്കേണ്ടി വരുന്ന സാധനസാമഗ്രികള്‍ , സ്ഥലത്തിന്റെ ആവശ്യകത.. എല്ലാം എല്ലാം ത്വരിതപ്പെടുത്തിയില്ലെങ്കില്‍
കടലിലെറിയേണ്ടി വരും , നിത്യതിലേക്കുള്ള ഓരോ ദേഹങ്ങളും ..
വെറുതെ ഇരിക്കുമ്പോള്‍ തോന്നുന്ന ചിലതൊക്കെയാണ് കുറിച്ചിടുന്നത് , ഇതില്‍ ഞാനും നീയും ഭാഗഭാക്കാണ് .. തെറ്റാകാം , നേരാകാം .. മുന്നേ പല വട്ടം പാടി പതിഞ്ഞതാകാം , എങ്കിലും വീണ്ടും പറയുന്നു ..ആകുലതകളുടെ ഒരു തുണ്ട് മുന്നിലേക്ക് വയ്ക്കുന്നു ..... ലോകം നന്മയുടെ വിശുദ്ധിയുടെ തേരില്‍ സഞ്ചരിക്കുന്നത് കാണാന്‍ , സ്വപ്നത്തിലെങ്കിലും ആഗ്രഹമുണ്ട് .. വെറുതെയാകാമെങ്കിലും .......!
(ചിത്രം ഗൂഗിളില്‍ നിന്നും )