താരകങ്ങള്‍ കഥ പറയുന്ന മിഴികളേ തേടി ...
നിലാവ് പൂക്കുന്ന ഹൃദയതാഴ്വാരങ്ങള്‍ തേടി ..
വേനല്‍ പുകച്ചിലില്‍ ഉരുകിയൊലിച്ച മനസ്സിലേക്ക്,
പൊഴിഞ്ഞ നിസ്വാര്‍ത്ഥ പ്രണയത്തിന്റെ മഴരാവുകള്‍ തേടി ...
" പ്രീയമുള്ള നന്മഹൃദയങ്ങളേ .. ഉള്ളില്‍ തികട്ടി കൊണ്ടിരിക്കുന്ന
പ്രണയാംശത്തിന്റെ ചിലത് , പ്രവാസം കൊണ്ട് തരുമ്പോള്‍...
പകര്‍ത്തുകയാണ് ... ബ്ലോഗ് ലോകത്തില്‍ അടയാളപ്പെടുത്തേണ്ട ഒന്നും
എന്റെ കൈവിരല്‍ തുമ്പിനാല്‍ ഉതിര്‍ന്നു വീണു കാണില്ല എങ്കിലും ..
ഞാന്‍ ഒഴുകുന്നുണ്ട് , ഒരോ പ്രണയവരികളിലൂടെയും .. "സഹിക്കുക"
വീണ്ടും ഞാന്‍ , ഗതകാലങ്ങള്‍ക്കപ്പുറത്ത് വച്ച് , എന്നെ തൊട്ടു പോയ
ചിലതിന്റെ പുനര്‍ജന്മം ... യാന്ത്രികതയുടെ തോളത്ത് നിന്നും
ഇടക്കൊന്നിറങ്ങി , സ്നേഹത്തിന്റെ അത്താണിയില്‍ മനം ചേര്‍ത്ത്
സ്വപ്നങ്ങള്‍ കണ്ട നിമിഷങ്ങളിലൂടെ ഒരു യാത്ര .......
വരിക അരികു ചേര്‍ന്നു നടക്കുക എന്നോടൊപ്പം ..!
നഗരത്തിന്റെ ഹൃദയധമനികളില്‍ , ചുവപ്പും പച്ചയും കൊണ്ട
നിയന്ത്രണങ്ങള്‍ക്കിടയിലൂടെ കരവും മനവും , അതെത്തിപ്പിടിക്കുവാന്‍
പാടു പെടുന്നുണ്ടായിരുന്നു .. മിഴികളില്‍ നോക്കീ , എന്റെതെന്ന് പറയുവാന്‍
മോഹം കൊണ്ട രാവുകളേതാണെന്ന് ഓര്‍ത്ത്, ഇരമ്പുന്ന എല്ലാ യന്ത്രങ്ങളേയും
പിന്നിലാക്കീ അടുത്തേക്ക് അടുത്തേക്ക് ...
റിയര്‍ വ്യൂ മിററിലൂടെ അവളെ കാണുമ്പോള്‍ , സ്നേഹാദ്രമായി
അവളോടി വരുമ്പൊള്‍ മനസ്സ് ഈ ജന്മത്തിന്റെ പൂര്‍ണതയിലേക്ക് .....
അഭിനയത്തിന്റെ പല കോണുകളിലൂടെ ഞാന്‍ സമതലം തേടാന്‍ നോക്കുമ്പോള്‍
അവളെന്നിലേക്ക് ചെറു ചിരിയോടെ നിറയുന്നുണ്ടായിരുന്നു ..
പ്രണയ മധുരത്തിന്റെ കണങ്ങള്‍ക്ക് പകരം തീവ്ര സ്നേഹത്തിന്റെ
അലയടികള്‍ നിറഞ്ഞു നിന്നിരുന്ന ഞങ്ങളുടെ പ്രണയതാഴ്വാരങ്ങള്‍ ....
എന്നിട്ടും ആദ്യമവള്‍ എനിക്ക് വേണ്ടീ കരുതിയത് മധുരമാണ് ...
പാലിന്റെ മണമുള്ള " പേട " കൈവിരല്‍ തുമ്പു തൊട്ട് നല്‍കിയത് ...
നാണത്തിന്റെ കോണുകളില്‍ തട്ടി ഞാന്‍ മിഴികള്‍ മറ്റു പലതിലേക്കും
തിരിക്കുമ്പോള്‍ , പ്രണയാധികാരത്തോടെ അവള്‍ എന്നില്‍ കടന്നു കയറി ..
" അല്ല കണ്ണാ , ഒരു നല്ല ഷര്‍ട്ട് ഇട്ട് വന്നൂടേ നിനക്ക് " ....
റെസ്റ്റോററ്റിന്റെ ഉള്ളിലിരിക്കുമ്പോള്‍ , ആ കണ്ണുകള്‍ കാണാന്‍ എന്തു രസമായിരുന്നു ..
കടലു കാണുന്ന കൊച്ചു കുട്ടിയേ പോലെ നോക്കി ഇരുന്നു എത്രയോ നേരം ..
അവള്‍ കൃത്രിമമായി സംസാരിക്കുമ്പോഴും, എന്തഴകാണെന്നൊ ....!
മൊഴികള്‍ കൊണ്ട് കഥ വിരിയിക്കുന്ന , ചിരി കൊണ്ട് ലോകം കാണിക്കുന്ന
മിഴികള്‍ കൊണ്ട് കടലാകുന്ന , അധരം കൊണ്ട് പ്രണയം വിളമ്പുന്ന... നീ ...
അപ്പൊഴും പറയും .. " കണ്ണാ , നിനക്ക് വട്ടാ .. നിന്റെ സ്നേഹം കൊണ്ട് തോന്നുന്ന
വട്ടുകളാ ഇതൊക്കെ .. നിനക്ക് ഞാനല്ലെങ്കില്‍ മറ്റൊരാള്‍ ഇതിനേക്കാള്‍ തന്നേക്കും .....!
പ്രീയമുള്ളവളേ .. നീ അറിയുക ..
മഞ്ഞിന്‍ പുതപ്പില്‍ എനിക്ക് നഷ്ടമാകുന്ന
നിന്റെ സ്നേഹതാപത്തിന്റെ നിമിഷങ്ങള്‍ ...
തൊലിപ്പുറത്തില്‍ തൊട്ട് നനക്കുന്നതല്ല,
നിന്റെ , നമ്മുടെ പ്രണയം ... ഉള്ളം തൊടുന്ന -
നിന്റെ അന്തിമുല്ലയുടെ മണം എനിക്ക്
മറ്റേത് സന്ധ്യയാണ് പകരം തരുക ......!
രാവിനെ ഒറ്റിക്കൊടുക്കുന്ന മഞ്ഞവെളിച്ചത്തിന്റെ
ചോട്ടില്‍ , നിന്നോടൊത്ത് കടല്‍ത്തിരകള്‍ തൊടുന്ന
മണല്‍ത്തരികളില്‍ കാലുകള്‍ വയ്ക്കുമ്പോള്‍ ..
എന്നും പ്രണയത്തിന്റെ തോഴിയായ മഴയെത്തി ...
കുളിരുള്ള അവളുടെ തലോടല്‍ മുഴുവനും ഏറ്റ് വാങ്ങീ
തിരികേ കാറിലെത്തുമ്പോള്‍ , ഗ്ലാസുകള്‍ താഴ്ത്തീ മഴയുടെ കടുത്ത
ചീളുകള്‍ കൈകളിലേറ്റുമ്പോള്‍ ....... നീയായിരുന്നു അരികിലും ഉള്ളത്തിലും ..
ഒരു മുത്തത്തില്‍ നിന്നെയാകേ തണുപ്പിക്കാന്‍ ഞാന്‍ പലവട്ടം തുനിഞ്ഞിരുന്നു ,, പക്ഷേ ..!
സഖീ , അവനവന്റെ പ്രണയത്തില്‍ , വാക്കുകള്‍ അതീതമാകും ...
അവന് , അതോളം മറ്റൊന്നും പ്രീയതരമാകില്ല ..
വാക്കുകള്‍ക്ക് , ആവര്‍ത്തനവും , അതിരുമുണ്ടാകില്ല ...
അവള്‍ക്ക് , ഈലോകത്താരെക്കാളും മോഹിപ്പിക്കുന്ന പലതുമുണ്ടാകാം ...
പക്ഷേ നീ ... അറിഞ്ഞ , പറഞ്ഞ , കൊണ്ട ... പ്രണയത്തിനപ്പുറം,, "സത്യമാണ്"
എന്നില്‍ ഒട്ടും കളങ്കമില്ലാതെ നിറയുന്ന " പ്രണയസത്യം ".....
കടുക് പാടങ്ങള്‍ നിറയുന്ന , മഞ്ഞ് പൊതിയുന്ന പ്രഭാതങ്ങളും സായാഹ്നങ്ങളുമുള്ള
എന്നെയും നിന്നെയും തിരിച്ചറിയാത്ത , ഭാഷയും സംസ്കാരവും വേറിട്ട
നാട്ടിന്‍പുറങ്ങളിലേക്ക് നിന്നോടൊത്തുള്ള യാത്ര,
കാലങ്ങള്‍ക്ക് മുന്നേയുള്ള സ്വപ്നമായിരുന്നു .................
ചക്രവാളത്തിന്റെ ചരിവുകളില്‍ , കാര്‍മേഘത്തിന്റെ ഗര്‍ത്തങ്ങളില്‍
എന്നേയും നിന്നേയും കൊണ്ട് പറന്ന, നമ്മുടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളപ്പിച്ച
യന്ത്ര കൈകള്‍ ആടിയുലയുമ്പോള്‍ , ആകുലതയോടെ നിന്നെ ചേര്‍ക്കുമ്പോള്‍
നീ " നിര്‍വൃതിയുടേ മേലില്‍ ഭാരമില്ലാത്തവളെ പോലെ " കണ്ണുകള്‍ തിളങ്ങിയിരുന്നു ...
കടുകെണ്ണയുടെ മണമുള്ള കറികൂട്ടുകള്‍ , അന്യോന്യം കൈവിരലാലേ ഊട്ടുമ്പോള്‍
ചുറ്റുമുള്ള കണ്ണുകള്‍ കൗതുകത്തോടെ നോക്കുന്നത് ...
നിറഞ്ഞ മഞ്ഞിനെ വകഞ്ഞു മാറ്റി , വേറിട്ട വഴികളിലൂടെ
തണുത്ത വെള്ളത്തിലേക്ക് ഊളിയിടുന്നത് ..
ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന കണ്ണുകളിലേക്ക് , സ്നേഹാധിക്യത്തിന്റെ
" കൈകള്‍ കൊണ്ടുള്ള വട്ടം ചുറ്റലുകള്‍ക്ക് "...
കൈകളില്‍ കോരിയെടുക്കാവുന്ന ഇരുട്ടില്‍, മഞ്ഞിനെ പുതപ്പിച്ചു
ഹൃദയം ഹൃദയത്തോട് ചേര്‍ത്ത് നടന്ന് പോയ ഊടു വഴികള്‍ക്ക് ..
പുറത്ത് മഞ്ഞ് പൊഴിയുമ്പോള്‍ , നിനക്കും എനിക്കുമിടയില്‍-
പൊഴിഞ്ഞ ചുടു ചുംബനങ്ങള്‍ക്ക് ..
ഈ ജിവിതം പകരം വയ്ക്കുന്നു ..
നിന്നോളം എന്നെ പൊതിഞ്ഞൊരു മഴമേഘവുമില്ല കണ്ണാ ..!
ജീവിതത്തിനെ , ജീവിച്ചു തീര്‍ക്കാന്‍ , ലക്ഷ്യവും ധൈര്യവും പകര്‍ന്ന്
നീ കൂടെ നിറയുമ്പോള്‍ അറിയുന്നുണ്ട് ,
കഴിഞ്ഞു പോയ മഴക്കാറുകള്‍ക്ക് ഒരു കാറ്റിനോളം ആയുസ്സേ ഉണ്ടായിരുന്നുള്ളു എന്ന് ..
പ്രണയം ഭ്രമമാണെന്ന് .. താല്‍ക്കാലിക മേച്ചില്പ്പുറങ്ങളില്‍
നിറക്കുന്ന വര്‍ണ്ണമാണതെന്ന് .. നാളെയുടെ ഉദയത്തില്‍ പൊലിഞ്ഞു പോകുമെന്ന് ...
നൂറു നൂറു വികാരങ്ങളിലൂടെ , അനിവാര്യതയിലൂടെ , നിനക്ക് ഞാനും എനിക്ക് നീയും
സമമെന്നുള്ളത് അര്‍ത്ഥമായി നിലനില്‍ക്കുമ്പോള്‍ , നിന്നെ കൂടാതെ എനിക്ക്
ദു:ഖമോ , സന്തോഷമോ , പിണക്കമോ , ജയമോ , തോല്‍വിയോ ഇല്ലെന്നുള്ളത് ..
ജീവിതം നിന്നോളമെത്തും വരെ മരണമാണെന്നും , ജീവന്റെ തുടുപ്പുകള്‍
നിന്നിലൂടെയാണ് അറിഞ്ഞതുമെന്നതും .. ഇനിയെന്താണ് നിന്നോളം ഞാന്‍ പകര്‍ത്തി വയ്ക്കുക ..
കാലം കൊണ്ടുടാകുന്നത് .. കാമം കൊണ്ടുടാകുന്നത്...
പ്രണയം കൊണ്ടുടാകുന്നത് ..സ്നേഹം കൊണ്ടുടാകുന്നത് ...
മഴയും, മഞ്ഞും, വെയിലും, കാറ്റുകൊണ്ടും ഉണ്ടാകുന്നത് ...
നാം അറിയാതെ , നമ്മള്‍ അറിയാതെ , അവരുമിവരുമറിയാതെ
രൂപപ്പെടുന്ന ചിലതുണ്ട് , അതിനൊരു പ്രതലമുണ്ട് ..
നാം എത്ര അകലെത്തെങ്കിലും , രണ്ടു ഹൃദയമെങ്കിലും
നമ്മളൊന്നായി ഇരിക്കുന്ന പവിഴപ്പുറ്റുകള്‍ ..
കാലമോ കാറ്റോ മഴയോ കൊണ്ട് പൊലിയാത്ത ഒന്ന് ..
പിണക്കമോ , ഇണക്കമോ , വാശിയോ ബാഹ്യമായ
സ്പര്‍ശനം മാത്രം നല്‍കി നമ്മളേ നമ്മളാക്കുന്ന പ്രതലം .....!
നിളയും നിലാവുമില്ലാത്ത , തിരുവാതിരയും ,കാര്‍ത്തികയുമില്ലാത്ത
നിഷ്കളങ്കമുഖങ്ങള്‍ നിറയുന്ന തെരുവുകള്‍ക്ക് തീര്‍ത്തും അന്യര്യായ് നമ്മള്‍ ...
സ്വാതന്ത്ര്യത്തിന്റെ മധുരപ്രതികാരം വീട്ടി നമ്മള്‍ .... ഓര്‍ക്കുക ഓരോ മനസ്സും
കൊതിക്കുന്നുണ്ട് ഈയൊരു യാത്ര .. എല്ലാ കെട്ടുപാടുകളില്‍ നിന്നും
സ്നേഹത്തിന് മാത്രം മുന്‍ തൂക്കം നല്‍കിയൊരു യാത്ര ..
പൂത്ത് നില്‍ക്കുന്ന കടുക്പാടങ്ങള്‍ക്കിടയിലൂടെ കൈകള്‍ കോര്‍ത്ത് ,
പൂര്‍ണതയോടെ , ഞാന്‍ നീ എന്ന ബോധമണ്ഡലത്തില്‍ നിന്നെല്ലാം അകന്ന്
മഞ്ഞിന്റെ മറവിലേക്ക് , ഭാരമേതുമില്ലാതെ ഒരു മാഞ്ഞു പോക്ക് ആരാണ് കൊതിച്ചു പോകാത്തത് ..
അന്തിമുല്ലയുടെ അടിമപ്പെടുത്തുന്ന സുഗന്ധം ..
മഞ്ഞ് നിറഞ്ഞ നരച്ച നിലാവുണ്ട് പുറത്ത് ...
പൊട്ടിച്ചിരികളും , മൗന സംവേദനങ്ങളും...
ഉറവ പൊട്ടുന്ന നനുത്ത അകത്തളങ്ങളും...
അടുക്കളയറ്റത്തെ എരിവാര്‍ന്ന കോണുകളും..
ചേര്‍ത്തടുപ്പിക്കുന്ന നീയും , മഴയും രാവും ..
നാവിലേക്കുതിരുന്ന ചാതുര്യമുള്ള നിന്റെ ഉള്ളവും ..
അമ്പലപ്പാട്ടും , കാവും , തോടും, കുളങ്ങളും
ഒരുകണ്ണാലേ സ്വായത്തമാക്കിയ അമ്പിളിക്കലയും
തൊടാന്‍ വെമ്പി , പിന്നില്‍ വീണ നിമിഷങ്ങളും ...
ഇന്ന് ഈ ഒറ്റപ്പെട്ടു പോകുന്ന ലോകത്തില്‍
ഓര്‍മകളുടെ നിലാതോണിയേറി അരികില്‍ വരുന്നുണ്ട് ..
വിരഹം , പ്രണയത്തിന്റെ നിറം കൂട്ടും , നഷ്ടം പ്രണയത്തിന്റെ ആഴം കാട്ടും
പിണക്കം , ഇണക്കത്തിന്റെ കുളിരു നല്‍കും , ഓര്‍മ്മകള്‍ പ്രണയത്തിന്റെ ചിത്രം വരക്കും ...
" പ്രണയം " എന്ന മൂന്നക്ഷരത്തില്‍ തളച്ചിടാനാവില്ല നമ്മുക്കുള്ളിലേ വികാരങ്ങളെ ...
എഴുതി എഴുതി നിറച്ചിട്ടും , തീര്‍ന്നു പോകുന്നില്ല നിന്നോടുള്ള ഒന്നും ...
കടുക് പാടങ്ങള്‍ക്കപ്പുറത്ത് , നിനക്കും എനിക്കും വസിക്കാനൊരു ഇടമുണ്ട് .
കൈകള്‍ കോര്‍ത്ത് ഈ നടപ്പ് തുടരുക ...
നമ്മുക്കിടയിലെ മുനയുള്ള
നോട്ടങ്ങളെ അവഗണിക്കുക ...
മഞ്ഞിലേക്ക് മിഴികളടച്ച് മാഞ്ഞു പൊകുക ...
അന്തിമുല്ല പൂക്കുന്ന വഴികളില്‍ ഒന്നായി നിന്ന്
ഒരു പൂമൊട്ടിന് ജന്മമേകുക ..
ഒടുവില്‍ ... നമ്മളെ പൊഴിച്ച് , ഒന്നായി രൂപപ്പെട്ട്
ദൂരെ .. കടുക് പാടങ്ങള്‍ക്ക് മുകളിലെ ഒരു താരകമായി കാലങ്ങളോളം നില കൊള്‍ക ....
ചിത്രങ്ങള്‍ : എനിക്കും നിനക്കുമിടയില്‍, നമ്മളാല്‍ രൂപപെട്ടത് ..