മഞ്ഞ് വീണ് കാഴ്ച മറയുന്ന ജനുവരിയിലെ ഒരു രാവ്...
മരുഭൂവിലെ നനുത്ത കാറ്റ് വീശുന്നത് മനസ്സിന്റെ ഉള്ളിലേക്കാണ്..
വിദൂരത്തിലേക്ക് വെറുതെ നോക്കിയിരുന്നു , തണുപ്പ് കൂടി കൂടി വരുന്നു..
കണ്ണുകള്‍ അറിയാതെ അടഞ്ഞപ്പൊള്‍ എഴുന്നേറ്റ് പൊയീ കിടന്നു ..
'യെരെന്യാ ,യെരെന്യാ' ..
ഹെ, എരിവാണെന്നോ?
'അല്ലാ എരെന്യാ' ...
ഓ ,വയറു വേനയാന്നോ ..
എവിടെയാ വയറു ?
'ദേ ഇവിടെ'...
അത് ശരി കക്ഷത്തിലാ വയറു ?
എന്നാ കുത്തി വെയ്ക്കാം പോകാം ..
'വേണ്ടാ, വേന പോയി...
------------------------
പത്ത് സെക്കന്റ് കഴിഞ്ഞപ്പോ അടുത്തത്...
ങ്ങീ ങ്ങീ ...
എന്തേ,എന്ത് പറ്റി...
'തൊണ്ടേ പോയി ,തൊണ്ടേ പോയി'..
എന്ത് പോയി മുള്ള് പോയോ ?
അല്ല ജൂഷ് ...ജ്യൂഷ് പോയി ...
അത് തൊണ്ട വഴി തന്ന്യ പോണ്ടേ ..അങ്ങ് മുഴുവന്‍ കുടിച്ചോ...
അടുത്ത വില്ലയിലെ അമ്മുവാണിത് , ഉമ്മ സജ്നയോടുള്ള കൊഞ്ചലുകള്‍..
അവധിദിനത്തിലെന്നും അമ്മുവിന്റെ ഇങ്ങനത്തെ രസമുള്ള വര്‍ത്തമാനം
കേട്ടാണ് മിക്കപ്പൊഴും ഉണരുക , അല്ല , ഇതു കേട്ടു കൊണ്ട് വെറുതെ കിടക്കും കുറെ നേരം ..
ഞങ്ങളുടെ കമ്പനി വില്ലയുടെ കൂടെയുള്ള ചെറിയ റൂമിലേക്ക് സലിമിക്കയും സജ്നയും
മൂന്ന് വയസ്സുള്ള അമ്മുക്കുട്ടിയും വന്നിട്ട് കഷ്ടിച്ച് ഒരു വര്‍ഷം തികയുന്നു ..
വര്‍ഷങ്ങള്‍ക്ക് മുന്നേ മലമുകളിലെ കലാലയത്തില്‍ ഒന്നിച്ച് വന്നു ചേര്‍ന്നവരാണ് ഞാനും സജ്നയും..
പിന്നീട് സൗഹൃദത്തിന്റെ കാണാകയങ്ങളില്‍ , പ്രണയത്തിന്റെ
ഒരു പൊട്ട് വന്നു വീണതും ,അതു പറയുവാന്‍ ഞാന്‍ വീര്‍പ്പു മുട്ടിയതും അവസ്സാനം
മൈസൂരിന്റെ ഭംഗി ആസ്വദിച്ച ഒരു ടൂര്‍ യാത്രയില്‍ അവളുടെ കൈവെള്ളയില്‍
ഞാന്‍ എഴുതി കൊടുത്ത " ഒരുപാടിഷ്ടാണ് എനിക്കീ കുറുമ്പിയെ "എന്ന് കണ്ട അന്നു മുതല്‍
എന്നോടുള്ള അകല്‍ച്ച , പിന്നീട് കോളേജിന്റെ പിറകു വശത്തെ ഇടതൂര്‍ന്ന റബര്‍
മരങ്ങള്‍ക്കിടയില്‍ വച്ച് കുടുംബത്തിന്റെ ദൈന്യത എന്നിലെത്തിച്ച നിമിഷങ്ങള്‍..
"യഥ്യാര്‍ത്ഥ്യത്തിന്റെ തെരുവിലൂടെ
ഹൃദയം വാരി പിടിച്ച് നീറുന്ന വേദനയോടെ
എന്‍റെ സഖീ നീ കിതച്ചോടുമ്പോള്‍ ഞാന്‍
എങ്ങനെ നിന്നില്‍ പ്രണയം നിറച്ച് , പ്രണയാദ്രനാകും .."
കാലം മായ്ച്ച് കളഞ്ഞ പഴയ ചിത്രങ്ങള്‍
പിന്നീട് വരക്കുവാന്‍ ദൈവം മുന്നിലിട്ടു തന്നു ..
പക്ഷെ ഇന്ന് അവള്‍ക്ക് അവനേയും
എനിക്ക് അവളേയും മുന്‍ കൂട്ടി വരച്ചു കഴിഞ്ഞിരുന്നു
ദൈവമെന്ന വികൃതിയായ ചിത്രകാരന്‍ ..
സജ്നയുടെ കൈപുണ്യം അറിയുവാനുള്ള ഭാഗ്യം
വെള്ളിയാഴ്ചകള്‍ കൊണ്ടു വന്നു .. അന്നു കണ്ണുകളില്‍
കത്തിയ പ്രണയം ഇഷ്ടത്തിന്റെ മറ്റൊരു തുരുത്ത് തേടി ..
കൂടെ ഹൃദയത്തില്‍ ചേര്‍ന്നു പോയ " അമ്മുക്കുട്ടിയും "..
മിഴികള്‍ പരസ്പരം കൊരുക്കുമ്പോള്‍ ഒരു വേവലാതി
കണ്ടിരുന്നു ഞാന്‍ , എന്നിലാണോ .. അവളിലാണൊ ...
അവളെപ്പോഴും സ്നേഹമോടെ ചിരിക്കും , അമ്മുവിനെ പോലെ ..
കുറച്ച് നാളായിട്ട് വലിയ സംസാരമൊന്നും കേള്‍ക്കാനില്ല
മിക്കപ്പോഴും കാണാറില്ല മൂന്നു പേരേയും ..
ഞാന്‍ തിരക്കുകളിലേക്ക് മുഴുകുമ്പോള്‍ മറന്നു പോയതാണോ ..
അറിയില്ല .. എങ്കിലും അമ്മൂന്റെ വര്‍ത്തമാനം കേട്ടാല്‍
ഞാന്‍ വിളിക്കും " അമ്മുസേ " "ചക്കുസേ" സുഖാണോടാ...
ഇത്തിരി നേരം നിശബ്ദദ പിന്നേ അകത്തോട്ട് നടന്നു പൊകുന്ന
പാദസരത്തിന്റെ കിലുക്കം , എന്തായിപ്പൊ ഇവര്‍ക്കൊക്കെ
പറ്റിയേ .. ഇനി ഞാന്‍ ആണോ കാരണം ..?
ഒരു ദിവസ്സം രാത്രി ഞാന്‍ വരുമ്പോള്‍ സലീമിക്കയെ കണ്ടു
ആകെ പരവശനായിട്ട് ...അദ്ധേഹത്തിന്റെ മൊബൈല്‍ ഷോപ്പ്
പൂട്ടേണ്ടി വരുമെന്നും , ആകെ പ്രശ്നത്തിലാണെന്നും
പുതിയ നിയമങ്ങളും , ഭരണകൂടത്തിന്റെ പുതിയ
പരിഷ്കാരങ്ങള്‍ പാവപെട്ടവന്റെ നട്ടെല്ല് ഒടിക്കുമെന്നുമൊക്കെ
പറഞ്ഞ് കൊണ്ടിരുന്നു ഇക്കാ ..
ഇടക്ക് പെട്ടെന്ന് നിര്‍ത്തിയിട്ട് എന്നോട് ചോദിച്ചു
അല്ല നിന്റെ കൈയ്യില്‍ വല്ല കാശും ഉണ്ടൊ ..
നിനക്കറിയോ സജിയുടെ വിസ വരെ പുതുക്കിയിട്ടില്ല ..
ഇടവപ്പാതി കനത്ത ഒരു വൈകുന്നേരം
പ്രാക്ടിക്കല്‍ കഴിഞ്ഞിറങ്ങിയ ഞങ്ങള്‍
നീളമുള്ള പടിക്കെട്ടുകള്‍ ഇറങ്ങി കാന്റീനിന്റെ ഓരത്തു കൂടെ
നടന്ന് താഴേക്ക് പോകുമ്പോള്‍ മുന്നിലുള്ള അവളുടെ
ചുവന്ന ചുരിദാറിന്റെ പിറകു വശം
കീറിയിരിക്കുന്നത് കണ്ട എന്‍റെ ചോദ്യത്തിനുത്തരമായി
അവളുടെ മിഴികളിലും കണ്ടിരുന്നു ഞാന്‍ പെരുമഴ ..
വിധി വീണ്ടും നാശം വിതക്കുന്നുവല്ലൊ എന്‍റെ പ്രീയമായിരുന്നവളില്‍ ..
പ്രാരാബ്ദങ്ങളുടെ തീച്ചൂളയില്‍ വേവുമ്പോഴും ഞാനെന്ന സത്യം,
മിച്ചം വച്ച ചില നോട്ടുകള്‍ പകുത്തു കൊടുക്കുമ്പൊള്‍
എന്‍റെ മനസ്സ് പൊള്ളിയിരുന്നു ...അവളതു വാങ്ങുമ്പോള്‍
എന്‍റെ കണ്ണില്‍ നോക്കിയില്ല , എന്‍റെ മനസ്സും കണ്ടില്ല ..
ഒരു കനലിന്റെ ചൂട് മാത്രം എനിക്ക് പകര്‍ന്നു അവള്‍ ..
ഉഷ്ണത്തിനെ പ്രണയിക്കാന്‍ പ്രകൃതി തയ്യാറെടുക്കുന്നു ..
ചെറു ചുടുകാറ്റ് മെല്ലേ പനയോലകളെ തഴുകി വരുന്നുണ്ട്..
ഈന്തപ്പനകള്‍ പൂക്കുവാന്‍ തുടങ്ങിയിരിക്കുന്നു ..
ഇന്ന് വെള്ളിയാഴച്ചയാണല്ലൊ, അമ്മൂസിന്‍റെ
ശബ്ദമൊന്നും കേള്‍ക്കുന്നില്ല .. എവിടെയാ ഈ പൊന്നൂസ് ..
ഇങ്ങനെ ചിന്തിച്ച് കിടക്കുന്നതിനിടെ , പള്ളിയില്‍
പോകാനുള്ള ഒരുക്കത്തനിടയില്‍ നിന്നും അംജത്ത്
ഓടി വന്നു , ഡാ , ഡാ എഴുന്നേല്‍ക്കൂ .. ദേ പോലീസും ആംബുലന്‍സും ഒക്കെ ..
എന്താടാ ? എന്തേ കാര്യം ?
ജ്യൂസ് അമ്മൂന് വല്ലാണ്ട് ഇഷ്ടാ .. കവിളത്തൊരു ഉമ്മ കൊടുത്ത്
അമ്മൂനോട് , എന്താ എന്റേ കണ്ണന് വേണ്ടേ എന്നു ചോദിച്ചാല്‍
ഉടന്‍ ഉത്തരം വരും " ജ്യൂഷ് "...
അമ്മൂന്റെ ബാപ്പ അവസ്സാനമായി കൊടുത്തതും അതു തന്നെ ..
എന്‍റെ പഴയ കൂട്ടുകാരി തൊട്ടപ്പുറം ഒരിറ്റ് ശ്വാസ്സത്തിനായീ പിടച്ചപ്പോള്‍ ,
ഞാന്‍ ഒരു ബീയറിന്റെ സിപ്പില്‍ നിര്‍വൃതി കൊണ്ട്
ഫേസ് ബുക്കിലെ വാളില്‍ പുതിയ മഴയുടെ കുളിരുള്ള പ്രണയമെഴുതുകയായിരുന്നുവോ ?
അമ്മുനേയും കൂട്ടി അവര്‍ പോയി .. അവളു പോലും ഒരു വാക്ക് എന്നോട് പറയാതെ ..
അല്ലെങ്കിലും ഞാന്‍ അവള്‍ക്ക് ആരാണ് .. പണ്ട് മഴയത്ത് ഒരു കുടക്കീഴില്‍
കേറാന്‍ മടിച്ചവളെ പിടിച്ചു കേറ്റിയവനോ .. ഒരു നുള്ള് നല്‍കിയെന്റെ
നോട്ടത്തെ അവളിലേക്ക് തിരിച്ച് കവിളത്ത് മറുകുണ്ടാക്കിയവനൊ ..
എന്റെ പ്രണയത്തെ മഴയിലേക്ക് വിട്ടിട്ട് , നിറകണ്ണാലെ തിരിഞ്ഞു
പോയവള്‍ക്ക് എന്നോട് എന്തു പറയുവനാണ് .. അല്ലേ !
ഇന്ന് ഈ പ്രവാസഭൂമിയില്‍ സ്വയം ഹത്യയിലേക്ക് പോകുന്ന
മനസ്സുകളുടെ എണ്ണം കൂടി കൂടി വരുന്നു , എടുത്താല്‍ പൊങ്ങാത്തത്
എടുത്തതു കൊണ്ടാവാം , ചതി കുണ്ടുകളില്‍ വീണു പോയതാവാം
പുറം മോടികളെ പുല്‍കി ധൂര്‍ത്തിന്റെ രാവുകളില്‍ ലയിച്ചതിനാലാവാം
പ്രാരാബ്ദത്തിന്റെ കണ്ണുകളില്‍ ഒരു തിരി കത്തിച്ചതിനാലാവാം ..
പ്രവാസിയുടെ നേര്‍ മുഖം ആരു കാണുന്നു... കരുത്തു കൊടുക്കേണ്ടത്
നമ്മളൊക്കെ തന്നെ , സ്വയം അറിയുക ആദ്യം , കൂടെ കൂട്ടുന്ന കുഞ്ഞങ്ങളെന്തു-
പിഴച്ചു , അവര്‍ക്ക് ജീവിക്കുവാനുള്ള അവകാശം പോലും നിഷേധിച്ച് ..
ആകുലതയുണര്‍ത്തുന്ന വാര്‍ത്തകളും കാഴ്ചകളും ..
( ഗള്‍ഫ് ന്യൂസ് : ജനുവരി പതിനാല് : 2012 : ദുബൈയില്‍ മൂന്നംഗ കുടുംബം
ജീവനൊടുക്കി....അച്ഛന്റേയും , മകളുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ )
സമര്‍പ്പണം : യൂ ഏയില്‍ കടബാധ്യത മൂലം സ്വയംഹത്യയിലേക്ക് പോയ
മനസ്സുകള്‍ക്ക് : കൂടെ റിജേഷ് നമ്പ്യാര്‍ക്കും , അവന്തിക മോള്‍ക്കും ..
[ഞാന്‍ ഇതില്‍ ചേര്‍ത്ത ചിത്രങ്ങള്‍
എന്റെതല്ല , വരികള്‍ ഉള്ളില്‍ നോവ്
നിറച്ചപ്പൊള്‍ മുന്നില്‍ കണ്ട ചിത്രങ്ങളില്‍
നിന്നും വേര്‍തിരിച്ചെടുത്തതാണ് .. നന്ദിയോടെ]