Thursday, June 28, 2012

സ്നേഹപൂര്‍വം ...


പ്രീയപെട്ട വേണി ടീച്ചര്‍ക്ക് , 

ടീച്ചര്‍ക്കെന്നെ മനസ്സിലായൊ ..
ഞാന്‍ ഹരിയാണ് , ടീച്ചറുടെ "കാള ഹരി "
ജീവിതത്തിന്റെ കാറ്റില്‍ പെട്ട് ആടി ഉലഞ്ഞ്
ഞാനിപ്പൊള്‍ നൈജീരിയയിലേ ഒരു സ്വകാര്യ മൊബൈല്‍
കമ്പനിയില്‍ വന്നു അടിഞ്ഞിട്ടുണ്ട് , കഴിഞ്ഞ ആഴ്ച്ച
നമ്മുടെ മുള്ളന്‍ ഫിറൊസിനേ മുഖപുസ്തകത്തില്‍ വച്ച് കണ്ടിരുന്നു ,
അവനാ പറഞ്ഞത് ടീച്ചറിപ്പൊള്‍ സ്കൂള്‍ ഹെഡ്മിസ്സ്ട്രസ്സ് ആയെന്നൊക്കെ ..പലപ്പൊഴും നാട്ടില്‍ വരുമ്പൊള്‍ വന്നു കാണണം എന്നു കരുതും ,
പക്ഷേ ആ കണ്ടുമുട്ടല്‍ പിന്നീട് ഒരു വേര്‍പിരിയലിന്റെ
അനിവാര്യതയില്‍ കൊണ്ടെത്തിക്കുമെന്ന നേരിനേ കുറിച്ച് ഓര്‍ക്കുമ്പൊള്‍
വേണ്ടെന്ന് വയ്ക്കുകയാണ് പതിവ് .. ഒരു ടീച്ചര്‍ക്കെഴുതുന്ന , പ്രത്യേകിച്ച്
എന്റെ ഓര്‍മകള്‍ ഉറങ്ങുന്ന സ്കൂളിന്റെ പ്രധാന അധ്യാപികക്ക് എഴുതുന്ന
വരികളാകുന്നില്ല ഇതെന്ന് എനിക്കറിയാം , അതിന് കാരണം ഈ മനസ്സ്
ഞങ്ങള്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ടീച്ചറിനുപരി ഒരു അമ്മ ആയത് കൊണ്ടാകാം ..
ടീച്ചറിന് ഓര്‍മയുണ്ടൊ ഈ സ്നേഹം ഞാന്‍ ആദ്യമായി അറിഞ്ഞത് എന്നെന്ന് ..
കറുമ്പനെന്ന് എന്നേ വിളിച്ച് കളിയാക്കിയ ഷാജിയുടെ തല ഗ്രൗണ്ടിന്റെ
മതിലില്‍ പിടിച്ചുരച്ചപ്പൊള്‍ ചന്ദ്രമോഹന്‍ സര്‍ എന്നേ നാല് പൊട്ടിച്ച്
ക്ലാസിന് വെളിയിലാക്കി .. അന്ന് ആണെന്നാണ് എന്റെ ഓര്‍മ
ടീച്ചറെന്നോട് എന്താ മോനെ എന്തു പറ്റിയെന്ന് ചോദിച്ച് അരികത്ത് വന്നത് ..
കണ്ണു തുളുമ്പി പൊയിരുന്നു .. ഒന്നും പറയുവാനാകാതെ ഞാന്‍ തല കുനിച്ച് നിന്നു ..
എന്റെ താടിയില്‍ തൊട്ട് തല പിടിച്ച് പൊക്കി ടീച്ചറമ്മ വീണ്ടും ചോദ്യം ആവര്‍ത്തിച്ചൂ ..
മനസ്സില്‍ അധ്യാപിക / അധ്യാപകന്മാരുടെ എല്ലാ മുന്‍ വിധികളേയും തട്ടി തെറുപ്പിച്ച്
മനസ്സിന്റെ പളുങ്ക് പാത്രത്തിലേക്ക് അന്ന് വന്നു കയറിയതാണീ ടീച്ചര്‍ ..
ഈ ഏകാന്തമായ , യാന്ത്രികമായ പ്രവാസ ലോകത്ത് നില്‍ക്കുമ്പൊള്‍
എന്തൊക്കെയോ നഷ്ടമായി പൊയവന്റെ വ്യഥയുണ്ട് ഉള്ളില്‍ ..
പഠനം എന്നത് എനിക്കന്യമായി പൊയപ്പൊഴും , " നീ തനി ഉഴപ്പനാടാ "
നിനക്കൊരു മണ്ണ് മരുഭൂവിലെവിടെയോ ഉണ്ടെന്ന് തമാശ പറയുമ്പൊഴും
കാലമത് കാത്ത് വച്ചിരുന്ന് എന്നറിഞ്ഞിരുന്നില്ല ടീച്ചറേ ! ....

എല്ലാവരും അവഗണിച്ചിട്ടും ടീച്ചറെന്നെ സ്നേഹം കൊണ്ട് കാത്തു ..
ആ കരുതല്‍ എന്നിലേ നന്മയേയും ജീവിത പാതയേയും തെളിച്ച് തന്നു ..
ആദ്യമായി ഒരു പെണ്‍കുട്ടിയോടുള്ള സ്നേഹം തുറന്ന് പറയാന്‍ മനസ്സ് തുടിച്ചപ്പൊള്‍
കൂട്ടുകാരെല്ലം കളിയാക്കി , നിനക്ക് ലൈനൊ ? ആ പെണ്ണ് തൂങ്ങി ചാകും ..
എന്റെ ആത്മവിശ്വാസ്സം എല്ലാം കെട്ടു പൊയിരുന്നു ആ വാക്കുകളില്‍ ..
പക്ഷേ ടീച്ചറെനിക്ക് മാനസികമായ കരുത്ത് തന്നൂ , അതു കൊണ്ടെന്തായീ ..
എന്റെ പ്രണയം തുറന്നു പറഞ്ഞതില്‍ പിന്നെ ആ കൂട്ടും ഇല്ലാണ്ടായി :) 
 
 
 
 
 
 
 
 
 
 
 
 
 
 
 
കവിത എന്ന എന്റെ സാഹസത്തേ എല്ലാം അമ്മ അടുപ്പിലിടുമ്പൊഴും
ഞാന്‍ തളര്‍ന്നു പൊയിരുന്നില്ല , പിന്നെയും പിന്നെയും ആരൊക്കെയോ
ചിന്തകളുടെ തൊളത്തേറീ വെള്ള പേപ്പറിലേക്ക് പകര്‍ത്തപെട്ടു ..
അച്ഛന്‍ കൊണ്ട് വച്ചിരുന്ന ചില്ലറകള്‍ ചോരുന്നത് തിരിച്ചറിഞ്ഞത് മുതല്‍
എനിക്ക് കട്ടിയുള്ള പേപ്പര്‍ വാങ്ങി തന്നിരുന്ന ഈ കരങ്ങളേ എങ്ങനെ മറക്കാനാണ് ..
അങ്ങനെ ആദ്യമായ് ഒരു യുവജനോല്‍സവത്തിന് എന്റെ കവിത, കേള്‍ക്കാന്‍
ആഗ്രഹിച്ചവരുടെ കാത് തൊട്ടു ..
ആ വരികള്‍ ഇപ്പൊഴും മനസ്സിലുണ്ട് ടീച്ചറേ .. ഒന്നുകുറിച്ചോട്ടെ !

ജീവിതം അഗ്നിയാണ് ...
ഒരു ഉരസലിന്റെ അഗ്നിയില്‍
പിറന്നു വീണു പൊകുന്നത്
കാലത്തിന്റെ തീചൂളയിലേക്കാണ് ....!
ബാല്യം കുളിര്‍ തെന്നല്‍ വീശുമ്പൊള്‍
പതിയെ ഒരു തീ പിന്നില്‍ ആളി വരുന്നുണ്ട് ..
കൗമാരം മഴയില്‍ പ്രണയാദ്രമാകുമ്പൊള്‍
കുതിര്‍ന്നിട്ടും കെടാത്ത കനലുകള്‍ നില നില്‍ക്കുന്നുണ്ട് ..
യൗവനം വികാരവിവേകത്തില്‍ തിരതല്ലുമ്പൊള്‍
പാദത്തില്‍, പൊള്ളലിന്റെ നീറ്റല്‍ അറിവാകുന്നുണ്ട് ..
വാര്‍ദ്ധക്യം കരുതലിന്റെ തണലേകുമ്പൊള്‍
ചാരെ അഗ്നി പൊതിയാന്‍ കാത്ത് നില്പ്പുണ്ട് ..
ജീവിതം അഗ്നിയാണ് .. ഇടക്ക് പൊഴിയുന്ന ചെറു മഴകള്‍ക്ക്
മേലെ ആളി പടരുന്ന അഗ്നീ ..


ടീച്ചറിപ്പൊ കരുതുന്നുണ്ടാകും , ഇവന് വട്ടായൊന്ന് ?
അതെ ടീച്ചറെ, ഓര്‍മകളേ തൊട്ടുണര്‍ത്തുന്ന നമ്മുക്കൊക്കെ
ഒരൊരൊ വട്ടുകള്‍ ഉണ്ടാകും , നഷ്ടമാകുന്നതിന്റെ വട്ട്
വളരാന്‍ തൊന്നുന്ന വട്ട് , വളര്‍ന്നാല്‍ കുഞ്ഞായിരിക്കാനുള്ള വട്ട് ..
കെട്ടാന്‍ വട്ട് കെട്ടി കഴിഞ്ഞാല്‍ അഴിക്കാന്‍ തൊന്നുന്ന ചില വട്ട് ..

നേര് പറഞ്ഞാല്‍ ഒരു കാര്യം കൂടി ചോദിക്കാനാ ഞാനീ കത്ത് എഴുതിയത്
എന്തേ ടീച്ചറിപ്പൊഴും ഒരു കൂട്ട് വേണ്ടാന്ന് വച്ചത് ?
അന്നൊക്കെ അതു ചോദിക്കാന്‍ ഒരു പേടിയായിരുന്നു ,എത്ര അടുത്തൂന്ന് പറഞ്ഞാലും
ഇപ്പൊഴും അതുണ്ട് എങ്കിലും എന്തു പറ്റി ടീച്ചര്‍ക്ക് ..
ഞങ്ങളേ മക്കളായി കണ്ട് ടീച്ചര്‍ക് സ്വന്തം മക്കളെന്ന സ്വപ്നം ...... ?
പിന്നെ എല്ലാര്‍ക്കുമുണ്ടാകുമല്ലൊ ചില സ്വകാര്യങ്ങള്‍ , ഉള്ളില്‍ ഒളിപ്പിച്ച്
വച്ച് ഇടക്ക് എടുത്തു നീറ്റിക്കാന്‍ പാകത്തില്‍ .. അല്ലേ ടീച്ചറെ ?


നമ്മുടെ ബദാം മരം വലുതായൊ ടീച്ചറെ ?
ഗാന്ധി ജയന്തിക്ക് വൃത്തിയാക്കുന്ന പിറകു വശമെല്ലാം
ഇപ്പൊഴും കാട് പിടിക്കാറുണ്ടൊ ..?
പുതിയ സ്കൂള്‍ കെട്ടിടമൊക്കെ വന്നുന്ന് അവന്‍ പറഞ്ഞിരുന്നു ..
പൂവാലന്മാരുടെ സ്ഥിരം കേന്ദ്രമായ ആ പത്താം ക്ലാസിലേക്കുള്ള
പടവുകള്‍ ഇപ്പൊഴുമുണ്ടൊ ?
നമ്മുടെ വെള്ളം വരാത്ത പൈപ്പൊക്കെ മാറ്റിയോ ?
അന്നതും ഒരു രസായിരുന്നു , സ്മിതയും , രാജിയും , ഫിറോസും ,ജോസും ഒക്കെയായ്
പാത്രം കഴുകാനുള്ള പൊക്ക് , സുനില്‍ സാറിന്റെ വീടിന് മുന്നിലൂടെ പൂഴി മണല്‍ നിറഞ്ഞ
വഴിയിലൂടെ , വലിയ കിളിചുണ്ടന്‍ മാവിന്‍ തണലിലൂടെ തണുത്ത വെള്ളം നിറഞ്ഞ
കൊച്ചു കിണര്‍ .. ഞാന്‍ എന്തിനായിരുന്നു പൊയിരുന്നത് , അവര്‍ക്ക് കൂട്ടിനാവമല്ലെ ..

മണല്‍തരികള്‍ ഏല്പ്പിക്കുന്ന കുഞ്ഞ് മുറുവുകളില്‍ ദിവസ്സങ്ങളൊളം
നീറ്റിക്കുന്ന നോവുണ്ടായിരുന്നു , മനസ്സും ഇടക്കിടെ നേരുകള്‍ കൊണ്ട്
മുറിപെട്ടിരിന്നു ആഴത്തില്‍ തന്നെ , ടീച്ചറെ പൊലെ നല്ല മനസ്സുകളുടെ
തേന്‍ നിറവാകാം ഇന്നും പിടിച്ച് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് ..
സ്നേഹിക്കാന്‍ , സ്നേഹിക്കപെടാന്‍ ആരെലുമൊക്കെ ഉണ്ടാകുമ്പൊഴാണല്ലൊ
നാം ജീവിക്കാന്‍ കൊതിക്കുന്നത് , ദൂരെ തീരം കാണുന്നത് ..

എത്ര പെട്ടെന്നാണ് കാലം കൊഴിഞ്ഞു പൊകുന്നത് ..
ഉണ്ണാനും ഉടുക്കാനുമില്ലാത്തവര്‍ , പൊന്‍ തളികകളില്‍
അന്നം നിറച്ച് മടുത്തിരിക്കുന്നു , മഴയും , മഴക്കാലവും കൊതിച്ച
മനസ്സുകള്‍ മരുഭൂവിന്റെ തീമഴ കൊള്ളുന്നു ..
പുത്തരി ചോറിന്റെ മണമുള്ള ചുണ്ടുകളില്‍ കൂര്‍ത്ത മുനകളുടെ
തുമ്പുകള്‍ രുചിയുടെ വര്‍ണ്ണം നിറക്കുന്നു ...
കാലം പായുമ്പൊള്‍ മനസ്സോടുന്നത് പിന്നോട്ടാണ് ..
പിന്നിട്ട വഴികളിലേ തേന്മാവിന്‍ ചോട്ടിലേക്ക് ..
അതില്‍ നിന്നും ജീവിതത്തിലേക്ക് പൊഴിഞ്ഞ് വീണ മധുരമുള്ള മാമ്പഴം
ടീച്ചറെ പൊലെയുള്ള സുമനുസുകളുടെ പര്യായമാകാം .. 
 
 
 
 
 
 
 
 
 
 
 
 
 
ടീച്ചറുടെ കാള കറുമ്പന്‍ , ഉഴപ്പി ഉഴപ്പി ഇവിടെ വരെ എത്തി ..
എവിടെ എത്തിയെന്ന് ചോദിക്കരുത് , കേട്ടൊ..
ഒറ്റമുറിയില്‍ മണ്ണെണ്ണ വിളക്കിന്റെ കടുത്ത പുകക്കുള്ളില്‍ നിന്നും
കോണ്‍ക്രീറ്റ് കാടിന്റെ മച്ചില്‍ തൂങ്ങുന്ന ഉഷാ ഫാനിന്റെ മുന്നേ വരെ എത്തിച്ചിട്ടുണ്ട് ടീച്ചറെ ..
പിന്നെ നാട്ടിലേക്ക് വരുമ്പൊള്‍ മഴയത്ത് നനയാന്‍ , കാല് കേറ്റി വച്ചൊരു വില്‍സ് വലിക്കാന്‍
ഒക്കെയായിട്ട് ഒരു ഇരുചക്രവും ഉണ്ട് , അതില്‍ ഞാന്‍ വരാം അടുത്ത വരവിന്
എന്റയീ ടീച്ചറമ്മയേ കാണാന്‍ .. പ്രധാനധ്യാപികയുടെ ഗൗരവത്തില്‍ നിന്നും
ടീച്ചറുടെയീ പഴയ ഗതിയില്ലാത്തവനെ തിരിച്ചറിയണം , എന്ന ചെറിയ മോഹം മാത്രം ...!

ഒരുപാട് എന്തൊക്കെയൊ എഴുതണം എന്നുണ്ടായിരുന്നു , പാതിരാവായീ ..
നാളെ പുലര്‍ച്ചേ പൊകണം , ടീച്ചറിന് കഴിയുമെങ്കില്‍ ഒരു വരി മറുപടി അയ്ക്കണം കേട്ടൊ ..
ഈ വരികള്‍ അവിടേക്ക് കിട്ടിയെന്നുള്ള ഉറപ്പിന് മാത്രം .. ഓര്‍മകളുടെ കെട്ടഴിഞ്ഞു വീണിരിക്കുന്നു
ഇനി കുത്തി നോവുകളുടെ നിമിഷങ്ങളാകും , മഷി വീണ ചന്ദന നിറമുള്ള ഷര്‍ട്ട് മാറ്റാതെ
ഇട്ട് വന്നിരുന്നപ്പൊള്‍ എനിക്കൊരു ഷര്‍ട്ട് വാങ്ങി തന്ന , എന്റെ പിറന്നാള്‍ ചോദിച്ചറിഞ്ഞ്
അന്നെനിക്കൊരു കുഞ്ഞു കണ്ണാടി കുപ്പിയില്‍ മഞ്ചാടി കുരുക്കള്‍ കൊണ്ടു തന്ന
ചെയ്യാത്ത തെറ്റിനൊക്കെ ശിക്ഷ ഏല്‍ക്കേണ്ടി വന്ന , ഒരു മേഖലയിലും കഴിവ് തെളിയിക്കാന്‍
പ്രാപ്തിയില്ലാത്ത എന്നെ സ്നേഹിക്കാന്‍ , കരുതല്‍ പകരാന്‍ അന്നു കാണിച്ച മനസ്സിനേ
കാലമെന്നില്‍ നിന്നും നിമിഷ നേരത്തേക്കെങ്കിലും മായ്ച്ചുവെങ്കില്‍ മാപ്പ് .. 
 
 
 
 
 
 
 
 
 
 
 
 
 
 
ഒരു കുഞ്ഞു മഴയില്‍ മുളച്ച് പൊയ്
ഒരു കുഞ്ഞു കാറ്റില്‍ തളിര്‍ത്ത് പൊയി
ഒരു കുഞ്ഞു വെയിലേറ്റ് വാടി പൊയി
ഒരു കുഞ്ഞു നിലാവില്‍ പൂത്ത് പൊയീ ...

വഴിയരുകില്‍ മഴയേറ്റ്, വാകമരകുളിരേറ്റ്
കുതിര്‍ന്ന എന്‍ കണ്‍കളില്‍ ഒരു നുള്ള്
പൂവിന്റെ നറുമണം ചാലിച്ച കാലമേ
ഞാന്‍ ഇത്തിരി നേരം നിന്നില്‍ നിറഞ്ഞോട്ടെ ...

ജഗദീശ്വരന്‍ ഈ അമ്മക്ക് ഇനിയുമായിരം കുഞ്ഞു പൂവുകളേ നല്‍കട്ടെ ..
വഴിയരുകില്‍ കരിഞ്ഞു പൊയേക്കാവുന്ന ഒട്ടേറെ മൊട്ടുകള്‍
ഈ കരങ്ങളിലൂടെ വിടര്‍ന്നു പരിമളം പടര്‍ത്തട്ടെ ..
ഒരുപാട് ഇഷ്ടത്തോടെ , അതിലേറെ ബഹുമാനത്തൊടെ

സ്നേഹപൂര്‍വം ... ഹരീ ..

{ N B : പിന്നെ ഈ ചിത്രമൊക്കെ കണ്ടിട്ട്
എന്റെയാണെന്ന് ടീച്ചറ് കരുതരുതേട്ടൊ ..
ഇതൊക്കെ ഗൂഗിളില്‍ നിന്നും അടിച്ചു മാറ്റിയതാ }

Wednesday, June 13, 2012

മഴനൂല് കൊണ്ടൊരു സ്നേഹലോകം.....

""" ഓര്‍മയില്‍ ഇന്നും ഓമനിപ്പൂ ഞാന്‍
തമ്മില്‍ കണ്ട നിമിഷം നമ്മള്‍ ..
ആദ്യം കണ്ട നിമിഷം
ഓരോ നോക്കിലും .. ഓരോ വാക്കിലും
അര്‍ത്ഥം തോന്നിയ നിമിഷം

ആയിരം , അര്‍ത്ഥം തോന്നിയ നിമിഷം ...
എന്നു വരും നീ.... എന്നു വരും നീ
എന്റേ നിലാ പന്തലില്‍ വെറുതെ
എന്റേ കിനാ പന്തലില്‍
വെറുതെ കാണാന്‍ വെറുതെ ഇരിക്കാന്‍
വെറുതെ വെറുതെ ചിരിക്കാന്‍
തമ്മില്‍ വെറുതെ വെറുതെ മിണ്ടാന്‍ ..."""


'വന്ന് വന്ന് എന്നോടോട്ടും സ്നേഹമില്ലാണ്ടായി' !

"അല്ല ! എന്താ ഈ കുറുമ്പി പറയുന്നേ ..
നിന്നൊണ്ടല്ലാണ്ട് ആരൊടാ എനിക്ക് സ്നേഹം ......
നീ എന്റെ പുന്നാര പൂമുത്തല്ലേ" !

'ദേ .. സോപ്പല്ലെ സോപ്പല്ലെ .. വലിയ രസമൊന്നുമില്ല കേട്ടൊ ..
എനിക്കറിയാം അല്ലേലും എന്നെയിപ്പൊള്‍ ആര്‍ക്കും വേണ്ടല്ലോ '. .

" കണ്ണാ " ........
കണ്ടൊ .. മതി , ഇതു മതി
അവളുടെ കണ്ണുകള്‍ വിരിഞ്ഞത് കണ്ടൊ .. ഈ ഒരു വിളി മതി !
കടലില്‍ നിന്നുയരുന്ന കാറ്റിലൂടെ അവളെന്നില്‍ ചേര്‍ന്നു ..

"ഇന്നാ... ഇതു കഴിക്കു .. നീ തണുക്കട്ടെ "..

'എടാ, ഐസ് ക്രീമൊക്കെ പിന്നെയാവാം
നീ ഒരു സൊല്യൂഷന്‍ പറഞ്ഞേ .. ഞാന്‍ എന്താ ചെയ്ക'?

"നീ ഒന്നു പൊ പെണ്ണേ എന്തു ചെയ്യാനാ!
ഒരു കുന്തവും ചെയ്യണ്ട , നമ്മള്‍ രാത്രി ഡിന്നറും കഴിച്ചിട്ട്
ഇന്നേക്ക് പിരിയുന്നു , കൊതി കൂട്ടി വീണ്ടും അരികിലെത്താന്‍"

തണുത്ത വെളുത്ത ഒരു ഉമ്മ കവിളില്‍ .. അതായിരുന്നു സമ്മാനം പൊടുന്നനെ ..
തണുപ്പും വെളുപ്പും ഐസ് ക്രീമിന്റെയാണെന്ന് പിന്നെയാണ് അറിഞ്ഞത് ..


അല്ല നിന്റെ മോനൂട്ടന്‍ എന്തു പറയുന്നു , സുഖല്ലേ ?

'ഹോ അവനെ കൊണ്ടു ഞാന്‍ തൊറ്റൂ .. ഭയങ്കര കുസൃതിയാ'.

"പോടീ .. അവന്‍ പാവമാ ..
എന്റെ മോള് പറയുന്നുണ്ട് അവള്‍ക്ക് ഇനിയൊരു അനിയന്‍ വേണമെന്ന് ''.

'ദീപയോ ? ദീപക്കിനി വേണ്ടന്നൊക്കെ പറഞ്ഞിട്ട് '.

ഹേയ് .. അങ്ങനെയൊന്നുമില്ല മോളൊന്ന് വളരട്ടെ .....

കണ്ണാ ... നമ്മള്‍ എന്താകും ?

"നമ്മള്‍ എന്താകാന്‍ ? നിനക്കെന്താ ഈ ഇടയായിട്ടൊരു " ?

'അല്ലെടാ എന്തൊ എനിക്ക് .. നമ്മള്‍ ചെയ്യുന്നത് തെറ്റാണോന്നാ '!

"മനസ്സുകള്‍ തമ്മില്‍ അറിയുക , അന്യോന്യം സ്നേഹിക്കുക
വിഷമങ്ങള്‍ പങ്കു വയ്ക്കുക , ഒരുമിച്ച് സന്തോഷിക്കുക
ഒന്നു തളര്‍ന്നാല്‍ താങ്ങാകുക , ഇടക്ക് ഈ കടല്‍ തീരത്ത്
കുങ്കുമ വര്‍ണ്ണം ചാലിച്ച സന്ധ്യകള്‍ക്ക് കൂട്ടായി ഇത്തിരി നിമിഷങ്ങള്‍ ,
നീ എഴുതുന്നത് എന്നിലും , ഞാന്‍ എഴുതുന്നത് നിന്നിലും നിറച്ച്,
ഇതിലൊക്കെ എന്താണ് തെറ്റ് "..

'നീ ഈ പറഞ്ഞതിനൊക്കെയാണ് കാലം എനിക്ക് ശ്രീയേട്ടനേയും
നിനക്ക് ദീപയേയും തന്നത് .. അല്ലേ ?
അവരെപ്പൊഴെങ്കിലും നമ്മളെ അവഗണിച്ചിട്ടുണ്ടൊ ?
സ്നേഹം എന്നത് നമ്മുക്ക് കിട്ടാക്കനിയായിരുന്നൊ ?
നമ്മുക്ക് ചൂണ്ടി കാട്ടാന്‍ ഇല്ലായ്മയുടെ ഏതെലും പഴുതുണ്ടൊ കണ്ണാ '?

"ഇല്ലടാ .. അതില്ല .. അല്ല ഞാനിപ്പൊള്‍ ഇതിനൊക്കെ
എന്താ നിന്നൊട് പറയുക .. പക്ഷേ ഒരു സത്യമുണ്ട്
നീ അവിടെ ഒരു ഭാര്യയാകുമ്പൊള്‍ , ഞാന്‍ ഭര്‍ത്താവാകുമ്പൊള്‍
മനസ്സിനുള്ളില്‍ ഈ ഇടയായിട്ട് ഒരു നീറ്റല്‍ ഇല്ലേ ?
കുശുമ്പല്ല കേട്ടൊ .. എന്റേതു എന്നൊരു സ്വാര്‍ത്ഥ ചിന്ത വരുന്നുണ്ട് ..
നമ്മുക്ക് പാലിക്കാന്‍ കഴിയാത്ത ചില രേഖകള്‍ നാം ഭേദിച്ച് കൊണ്ടേ ഇരിക്കുന്നു ".

"സ്നേഹത്തിനും വ്യതിയാനങ്ങള്‍ ഉണ്ടല്ലേ പ്രീയേ ?
നീ എനിക്ക് നല്‍കിയതും , ഞാന്‍ നിനക്ക് നല്‍കിയതും
നമ്മുക്കിതുവരെ പകര്‍ന്ന് നല്‍കാത്ത സ്നേഹത്തിന്റെ കണങ്ങളാകാം ..
അല്ലെങ്കിലും ഒന്നോര്‍ത്തു നോക്കു ..
നമ്മള്‍ എത്ര പേരെ ദിനം പ്രതി കാണുന്നു മിണ്ടുന്നു ..
ചിലരോട് , ചിലരോടു മാത്രം .. നിന്നോട് , എന്നോട് ..
എന്താണ് നമ്മുക്ക് പ്രീയതരമായി തോന്നിയത് ?
പിന്നേ നാം വിവാഹിതര്‍ എന്നൊരു അതിര്‍ത്തിയുണ്ട് ..
പക്ഷേ ഇഷ്ടം ഒരാളോട് തോന്നരുതെന്ന് മനസ്സിനേ പറഞ്ഞ് പഠിപ്പിക്കാന്‍ പറ്റുമോ? ,
അതൊ നമ്മള്‍ സമൂഹത്തില്‍ പരാജയപെട്ട് പോകുന്നുവോ" ?

"ഇരുട്ട് വീണ് തുടങ്ങിയെട്ടൊ ...
തണുത്ത കാറ്റ് വരുന്നുണ്ട് ..മഴ പെയ്യുമോ ആവോ ?
ഈ പെണ്ണ് ഇതെന്തു ആലൊചിച്ചിരിക്കുവാ "?

'ഡാ കണ്ണാ .. നമ്മുക്ക് ഈ കടലിലേക്ക് ഇറങ്ങി പോകാം
എന്നിട്ട് മഴ കടലില്‍ തൊടുമ്പൊള്‍ ഭാരമില്ലാതെ
കൈകള്‍ കോര്‍ത്ത് ഒഴുകി നടക്കാം'..

"ഈ പെണ്ണിന് വട്ടായൊ ? .ഇത്തിരി മുന്നേ വലിയ
പ്രാക്റ്റിക്കല്‍ ക്ലാസ് ആയിരുന്നല്ലൊ ...
ഇപ്പോള്‍ പ്രണയാദ്രമായോ .. കാലമാടി ..

'ഹോ .. ഒട്ടും റോമാന്‍സില്ലാത്ത കാട്ടു പോത്താ നീ'.

കൈകളിലെ മണല്‍തരികള്‍ തട്ടി കളയുമ്പോള്‍
അവളുടെ നനുത്ത അധരം എന്തോ കൊതിക്കുന്നുണ്ടായിരുന്നു
പതിവ് കാംഷിക്കുന്ന കുട്ടിയേ പോലെ ..

'എന്താടാ ഒന്നും മിണ്ടാത്തേ ' .. മണലില്‍ പുതഞ്ഞ പാദം വലിച്ചെടുക്കുമ്പോള്‍
വീഴാനോങ്ങിയ അവള്‍ തോളില്‍ പിടിച്ചു ചോദിക്കുമ്പോള്‍ , ഉത്തരത്തിന് പകരം ....
 
 
 
 
 
 
 
 
 
 
 
 
 
 
കടല്‍ത്തീരം വിട്ട് കാറ് മെയിന്‍ റോഡില്‍ എത്തുമ്പൊള്‍
മഴ മെല്ലേ പെയ്യുവാന്‍ തുടങ്ങി .....

" ഒരു നുള്ള് കാക്കപ്പൂ കടം തരുമോ ......
ഒരു കൂന തുമ്പപ്പൂ പകരം തരാം "
അധരത്താല്‍ വാരിയാല്‍ പിണങ്ങുമോ നീ
അതു നിന്റെ ചൊടികളില്‍ വിരിഞ്ഞതല്ലേ ".....

നേര്‍ത്ത ശബ്ദത്തിലീ ഗാനം മെല്ലേ ഞങ്ങളുടെ നിമിഷങ്ങളിലേക്ക് ..
ഗിയറ് മാറ്റുന്ന എന്റെ ഇടതു കൈയ്യിലേക്ക് അവളുടെ തണുത്ത
കരങ്ങള്‍ ചേര്‍ത്തു വയ്ക്കുമ്പൊള്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത പോലെ അവള്‍ ..

'ശ്യോ മറന്നുലോ കണ്ണപ്പാ .. നിനക്ക് വേണ്ടി ഞാന്‍
ഉണ്ണിയപ്പം കൊണ്ടു വന്നത് ഹാന്‍ഡ് ബാഗിലുണ്ട് , എന്തായോ എന്തൊ' ..
ഒരോ ഉണ്ണിയപ്പവും വായില്‍ വച്ച് തരുമ്പൊള്‍ അവളുടെ മുഖത്തെ
നിര്‍വൃതി കാണേണ്ടത് തന്നെ .. പാവം എന്നെ വല്ലാണ്ട് സ്നേഹിക്കുന്നുണ്ട് ..
വര്‍ണ്ണങ്ങള്‍ നിറഞ്ഞ , കാണാന്‍ ചന്തമുള്ള കുഞ്ഞു കുപ്പിയില്‍ നിന്നും
എനിക്ക് വെള്ളം തരുമ്പോഴും കണ്ടു ഞാനത് ..
മറ്റേതു കണ്ണുകളിലൂടെ നോക്കുമ്പോഴും ഞങ്ങള്‍ തെറ്റ് ആണ്..
ഈ മഴ ഇനി തോരാത്ത പോലെ തിമിര്‍ക്കുന്നു ..
സൗഹൃദം എന്ന ഒരു പാതയിലൂടെ നല്ലതു മാത്രം
കാണുന്ന ഞങ്ങള്‍ക്കിടയില്‍ .. എന്താണ് .. എപ്പോഴാണ് ..
പ്രണയം ..ഇഷ്ടം .. വാല്‍സല്യം .. അതിനെ നിര്‍വചിക്കാന്‍ .. ആവൊ ..

പുറത്ത് മഴയുടെ ആരവവും , നേര്‍ത്ത സംഗീതത്തിലും വെളിച്ചത്തിലും
അവളുടെ പുഞ്ചിരി തൂകിയ കണ്ണുകളും മിഴികളും ഉണര്‍ത്തിയ
വികാരവിചാരങ്ങളിലൂടെ , സ്നേഹത്തിന്റെ മൊഴികളിലൂടെ
നിറഞ്ഞു പോയ മനസ്സും ശരീരവും ആണിപ്പോള്‍ ..

വീടെത്തുമ്പോള്‍ മഴ തോര്‍ന്നു പോയിട്ടില്ല
മുറ്റത്തെ നെല്ലി മരവും , മുല്ലയും കുതിര്‍ന്നു നില്‍ക്കുന്നുണ്ട്
വെളിച്ചത്തില്‍ നാണിച്ച് തല താഴ്ത്തി .
പച്ച മണ്ണ് തൊടാന്‍ മുറ്റം കോണ്‍ക്രീറ്റ് ഇടാതിരുന്നത്
ശിക്ഷയായെന്ന് പരിതപിക്കുന്ന അവളോട് ...
പാദത്തിലേക്ക് നനഞ്ഞ കുഴഞ്ഞ മണ്ണ് ഷൂസും കടന്നു തണുപ്പേകുമ്പോള്‍ ..
പാവം അവള്‍ തന്നെ തുടച്ചു തരണ്ടേ നാളേ .. നമ്മുക്ക് എന്തും പറയാലൊ .. അല്ലേ ..
"വിശപ്പില്ല മോളേ .. നിങ്ങള്‍ കഴിച്ചോളു"
എന്നു എങ്ങനെ അവളോട് പറയും ഞാന്‍ ?
എന്നെ ഓരോ നിമിഷത്തിലും കാത്തിരുന്ന അവളോട് ,

സഖീ .. നിനക്ക് ഞാന്‍ കൂട്ടിരിക്കുന്നു , നിന്റെ നെറുകില്‍ ചാര്‍ത്തിയ
കുങ്കുമത്തിന് , നീ എനിക്ക് പകര്‍ന്നു നല്‍കിയ കരുതലിന് .. സ്നേഹത്തിന് ,
എന്നിലേക്ക് പടര്‍ത്തിയ വള്ളികളില്‍ നീ തളിര്‍പ്പിച്ചു തന്ന കുഞ്ഞു മോള്‍ക്ക്...


ഓഫീസില്‍ ഇരിക്കുമ്പോള്‍ പ്രീയയുടെ കാള്‍ ..

'ഡാ ഒന്നു കാണണം കേട്ടൊ ഇന്ന് '

"എന്തേ .. ഇന്നലേ കണ്ടതല്ലേ .. എന്തു പറ്റിയെടാ "?

'നീ വരൂ ഞാന്‍ പറയാം .. നമ്മുടെ പഴയ സ്ഥലത്തെട്ടൊ'.

"അയ്യൊ.. അവിടെയോ .. അതെന്തിനപ്പൊ .. ഒരുപാട് ഓടിച്ചു വരണ്ടേ ഞാന്‍ ?

ഇന്ന് പൂരമല്ലേ .. നേരത്തേ ചെല്ലാമെന്ന് പറഞ്ഞിട്ട് ഇറങ്ങിയതാ "..

'ആണൊ എങ്കില്‍ ഓക്കെ മറ്റന്നാള്‍ മതി കേട്ടൊ'

"ഹേയ് പിണങ്ങിയോ"

.. ഇല്ലാല്ലൊ ..

"എന്താ കാര്യം പറയൂ നീ "

ഒന്നുമില്ല .. നേരില്‍ പറയാം ...

"ശരി .. ഞാന്‍ രാത്രി വിളിക്കാം ബൈ "

നെറ്റിന്റെ ലോകത്ത് നിന്നും സൗഹൃദത്തിന്റെ , ഇഷ്ടത്തിന്റെ
സ്വന്തമായ ലോകം തീര്‍ത്തവര്‍ , എങ്ങനെ ഇത്ര അടുത്തൂ എന്നറിവതില്ല ..
മഴ വീണ നാട്ടുവഴികളുടെ പകര്‍പ്പുകളില്‍ കുരുങ്ങി കിടക്കുന്ന
ചെറിയൊരു സൗഹൃദ കൂട്ടായ്മയിലേക്ക് വെറുതെ കേറി ചെല്ലുമ്പൊള്‍
അറിഞ്ഞിരുന്നില്ല എനിക്ക് വേണ്ടീ ഇനിയുള്ള ജീവിതമത്രയും കാത്ത്
വയ്ക്കുവാനുള്ള കുളിരുള്ളൊരു മനസ്സ് കാത്ത് നില്പ്പുണ്ടെന്ന് ..


 
 
 
 
 
 
 
 
 
 
 
 
 
 
ഒരിക്കല്‍ വിവാഹേതര ബന്ധത്തിന്റെ ആഴങ്ങള്‍ തപ്പി
നേരും പിഴവുകളും എണ്ണി പെറുക്കുമ്പോള്‍ അവള്‍ പറഞ്ഞതൊര്‍മയുണ്ട് ..

'കണ്ണാ .. നമ്മുക്ക് വേണ്ടീ നാമെപ്പോഴെങ്കിലും ജീവിക്കുന്നുണ്ടൊ ?
ഈ കൊച്ചു ജീവിതത്തില്‍ നമ്മുക്കായി എന്തേലും?
എല്ലാ സമയവും നാം മറ്റുള്ളവര്‍ക്ക് വേണ്ടിയല്ലെ ?
നമ്മുക്കും വേണ്ടേ നമ്മുടെ ചെറിയ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒക്കെ ?
നീ എന്റെ താങ്ങാണെടാ .. നീ ഇല്ലാത്തൊരു ജീവിതം ഇനി ആലൊചിക്കുവാന്‍ ആകുന്നില്ല '.

ശരിയാണ് .. നമ്മുക്കെല്ലവരും ഉണ്ട് .. എങ്കിലും എവിടെയോ ഒരു കുറവില്ലേ ?
എല്ലാറ്റിനും , എല്ലാറ്റിലും ഒരു പരിമിതിയുണ്ട് ..
പക്ഷേ ഇവളില്‍ ഞാന്‍ പൂര്‍ണനാണെന്ന് എപ്പൊഴും തോന്നിയിട്ടുണ്ട് ..
എന്തുണ്ടേലും അവള്‍ ഓടി വരുന്നത് എന്നരുകിലേക്കും ആണ് ..
പക്ഷേ സദാ സമയവും അവള്‍ നല്ലൊരു ഭാര്യയുമാണ് ..
അതു തല്ലി കെടുത്തുവാന്‍ നാം അന്യോന്യം ശ്രമിച്ചിട്ടുമില്ല ..

" സദാചാര പൊലിസിന്റെ " കണ്ണുകളില്‍ ആണും പെണ്ണും എപ്പൊഴും
കാമപൂര്‍ത്തികരണത്തിന്റെ കൂടി ചേരലാണ് ..
അവരെ തൃപ്തിപെടുത്തുവാന്‍ ഞങ്ങളുടെ പക്കല്‍ ഒന്നുമില്ല ..
ഒരോ മനസ്സിന്റെയും വഴികളെ തുറന്നു കാട്ടുവാനാകില്ല ..
ദീപയോട് പറയുമ്പൊള്‍ അവളുടെ കണ്ണുകളില്‍ ആകുലത കണ്ടുവോ !
മനസ്സിലായെന്ന് നടിച്ചുവോ അവള്‍ !
അവള്‍ ചോദിച്ചു ഇടക്ക് " അല്ല എട്ടാ ഞാന്‍ ഏട്ടനേ സ്നേഹിക്കുന്നില്ലേ "
ഇല്ലാന്ന് ഞാന്‍ പറഞ്ഞൊ ? അതല്ല ദീപാ ..
കൂടുതല്‍ എന്താണ് അവളില്‍ ഞാന്‍ നിറക്കുക ? 

ട്രാഫിക്ക് ജാമില്‍ നിന്നും രക്ഷപ്പെട്ട് ചെല്ലുമ്പോള്‍
ഞങ്ങളുടെ പഴയ സംഗമ സ്ഥലത്ത് നില്പ്പുണ്ട് പ്രീയ ..
പതിവിന് വിപരീതമായി കസവു സാരിയുടുത്ത് , പതിവ് ചിരിയില്‍ ..
പക്ഷേ കണ്ണുകളില്‍ എന്തോ അലയടിക്കുന്നുണ്ട് ..
ഇറങ്ങാന്‍ തുടങ്ങിയ എന്നെ തടഞ്ഞിട്ട് അവള്‍ പറഞ്ഞത് ..
'വേണ്ടെടാ , നമ്മുക്ക് കാറില്‍ വെറുതെ ചുറ്റാം' ..

"നീ അമ്പലത്തില്‍ പോയോ " ?

'ഉം.. പോയി '

"എന്തേ വിശേഷിച്ച് .. പറഞ്ഞില്ലാല്ലൊ നീ "..

'ഒന്നൂല്ലെടാ ..മനസ്സിന് ഒരു സുഖമില്ല'

"എന്താ കണ്ണാ .. എന്തു പറ്റി ? എന്താ പറയാനുള്ളത് ?

'അത് .. അത് .. നീ വിഷമിക്കുമോ ? .. ഏട്ടന് ട്രാന്‍സ്ഫര്‍ .. കൂടെ ചെല്ലാന്‍ പറയുന്നുണ്ട് ..
ഞാന്‍ .. ഞാന്‍ .. എന്താ ചെയ്ക '?.. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി അവളുടെ ..

ഞാന്‍ ചിരിച്ചു ...
"അല്ലാ ഇതാണോ കാര്യം .?. അയ്യേ അതിനിപ്പൊള്‍
എന്താ ആലൊചിക്കാന്‍ ? പോകണം .. നമ്മള്‍ എന്നും ഒന്നല്ലേ ?
എവിടെയായലും മനസ്സ് ചാരത്തുണ്ടല്ലൊ " ( ഹൃത്ത് കലങ്ങി പൊകുന്നത് -
മിഴികള്‍ അറിഞ്ഞാല്‍ , ഞാന്‍ പുരുഷനാണോ .. ? അല്ല എന്നാണ് പ്രമാണം )

ജീവിതത്തില്‍ ചില ബന്ധങ്ങളിങ്ങനെയാണ് , അതിന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതിരിക്കാം ..
പക്ഷേ എതിര്‍ ലിംഗത്തിനോട് തോന്നുന്ന സ്വഭാവികമായൊരു ആഴമുണ്ട് ..
കാലം പതിയേ വിടവുകളേ നിറക്കും .. പക്ഷേ ചിലത് വിടവായി നിലനില്‍ക്കും ..
പ്രായമോ കാലമൊ ദേശമോ ഭാഷയോ ബന്ധങ്ങളോ ..
സൗഹൃദത്തിന്, ഇഷ്ടത്തിന് വിലങ്ങ് തടിയാകുമോ ?
പ്രണയം എന്നത് ഒരു കാലഘട്ടത്തില്‍ മാത്രമൊതുങ്ങി പോകേണ്ട വികാരമാണോ ?
സാമൂഹികമായ പരിതസ്ത്ഥികളില്‍ ചേര്‍ന്ന് ജീവിക്കുകയെന്നാല്‍
ഉള്ളില്‍ തോന്നുന്ന പ്രണയവും ഇഷ്ടവും വേണ്ടാന്ന് വയ്ക്കലാണോ ?

എന്നില്‍ നിന്നും ഒരുപാട് ദൂരെ ആണ് അവളിന്ന് .
പക്ഷേ ഇന്നും അവളിലും എന്നിലും ഞങ്ങള്‍ ജീവിക്കുന്നു ..
മേഘമല്‍ഹാര്‍ സിനിമ കാണുമ്പൊള്‍ അവളിന്നും കരയുമെന്ന് പറയും ..
എന്തിനാണെന്ന് ചോദിച്ചാല്‍ ആവോന്ന് പറയും ..
ഹൃദയബന്ധം എന്നത് ഇതൊക്കെയാണ് , കാലം തരുന്ന ചില നിമിഷങ്ങള്‍ മറക്കാത്തതാണ് ..

അരുണും , ദീപയും , ശ്രീയും , പ്രീയയും .. ഇന്നും നമ്മുക്കിടയില്‍ ജീവിക്കുന്നുണ്ട്
ഒരു വിധത്തിലുള്ള അസ്വാരസ്യങ്ങളുമില്ലാതെ .. ദീപക്ക് അരുണും , ശ്രീയ്ക്ക് പ്രീയയുമുണ്ട് .
അരുണിനും പ്രീയക്കും ഒരു ലോകവുമുണ്ട് .. മഴനൂല് കൊണ്ടൊരു സ്നേഹലോകം ..

{ ചിത്രങ്ങള്‍ ഗൂഗിളിന് മാത്രം സ്വന്തം }
കഥാപാത്രങ്ങള്‍ സാങ്കല്പ്പികം മാത്രം ..
എന്തെങ്കിലും സാദൃശ്യം തൊന്നുന്നുവെങ്കില്‍
അതവരുടെ കുഴപ്പം കൊണ്ടൊന്നു മാത്രം :)