ഒരു പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്നേ ഗ്രാമങ്ങളൊക്കെ ഇങ്ങനെയായിരുന്നു ..എല്ലാ ഗ്രാമങ്ങളും ഇങ്ങനെ ആയിരുന്നോ എന്നറിയില്ല , പക്ഷേ എന്റെ ഗ്രാമം ഇങ്ങനെയായിരുന്നു..പ്രാതല്‍ എന്നൊരു സംഭവം , എന്റെ അറിവില്‍ ഇല്ലായിരുന്നൂന്നു പറയാം .. മിക്ക വീടുകളിലും ദോശ , ഇഡലി , പുട്ട് ഒക്കെ വല്ലപ്പോഴും വരുന്ന വിരുന്നുകാരായിരുന്നു , പഴങ്കഞ്ഞി സമൃദ്ധമായി ഉണ്ടായിരുന്നു എന്നത് മറക്കുന്നില്ല , പക്ഷേ രാവിലത്തെ കാലി ചായക്ക് ശേഷം , പത്ത് മണിയോടൊത്തായിരുന്നു അത് ...
മേല്‍ പറഞ്ഞ സംഭവങ്ങളൊക്കെ ചായക്കടകളില്‍ കിട്ടിയിരുന്നു , ഓലമേഞ്ഞ അവിടെന്ന് അതിരാവിലെ തന്നെ പുറംതള്ളുന്ന മുളപ്പുട്ടിന്റെയും , ദോശയുടെയും പുകമണം ദേ ... ഇന്നും മൂക്കിലുണ്ട് , കാഴ്ചയായ് കണ്ണിലും ...! തറവാട്ടില്‍ പോയാല്‍ , അവധി ദിനത്തില്‍ കുശാലാണ് .. അമ്മുമ്മ .. ഉറിയില്‍ വച്ചിരിക്കുന്ന കട്ടി തൈരെടുത്തിടും പിഞ്ഞാണത്തില്‍ ( പൊട്ടുന്ന പാത്രം ) ചിരട്ട തവി കൊണ്ട് അതെടുക്കുന്നത് പോലും ഒരു കലയാണ് ...അടുക്കള വശത്തൂന്ന് കാന്താരി പൊട്ടിച്ച് , തലേന്നത്തെ മീന്‍ കറിയും , ഉണ്ടെങ്കില്‍ ഇത്തിരി കപ്പയും തണുത്ത വെള്ളത്തില്‍ നിന്നും ഊറ്റിയ ചോറും കൂട്ടി ഒന്നു കുഴക്കും .. ഞാന്‍ കൈവെള്ള വരെ മൊത്തത്തില്‍ കുഴക്കാറില്ല , വിരലുകള്‍ മാത്രം വച്ചെ , കുഴക്കുകയും കഴിക്കുകയും ചെയ്യൂ , അപ്പൊള്‍ അമ്മുമ്മ പറയും മോനേ ആണുങ്ങള്‍ ഇങ്ങനെയല്ല കഴിക്കേണ്ടത് , കൈവെള്ളയിലേക്കെടുത്ത് ഉരുള ഉരുട്ടി കഴിക്കണമെന്ന് ...!
പറഞ്ഞു വന്നത് മറന്നൂ , നമ്മുടെ ഗ്രാമങ്ങളേ കുറിച്ച് , അന്നൊക്കെ രാത്രി ഏഴ് മണി കഴിഞ്ഞാല്‍ വഴികള്‍ , വീടുകള്‍ ഇരുള്‍ വീഴും .. മണ്‍ റോഡുകളില്‍ നല്ല ദൂര വ്യത്യാസത്തില്‍ ഒരു വിളക്ക് കാലുണ്ടാകും അതു കത്തുമോ എന്നറിയില്ല , ചില വിരുതന്‍മാര്‍ അതിന്റെ ബള്‍ബ് വരെ അടിച്ച് മാറ്റിയിരുന്നു അന്ന് ..കറണ്ട് എന്നത് വിസ്മയമായിരുന്നു , ടീവിയുള്ളൊരു വീട് ഞങ്ങളുടെ പരിസരത്തെങ്ങുമില്ലായിരുന്നു ..ഓണാഘോഷപരിപാടികള്‍ക്കാണ് ആകെ ടിവിയും , വീസിആറും വരുക .. അതും വാടകക്ക് ..വ്യാഴാഴ്ച്ചത്തെ ചിത്രഗീതവും , ഞാറാഴ്ചത്തേ വൈകിട്ടുള്ള സിനിമയും കാണാന്‍ അമ്മയുടെ കാല് പിടിച്ചാണ് ദൂരെയുള്ള ടീച്ചറ് ചിറ്റയുടെ വീട്ടില്‍ പോകുക , പോകുന്നതും രസാണ് അമ്മ ഉണ്ടാക്കിയ ഉണ്ണിയപ്പമോ അവിലോ കഴിച്ചായിരിക്കും ഞങ്ങളുടെ യാത്ര , അതും പാടം മുറിച്ച് , തോടൊക്കെ ചാടി ഒരു പോക്കുണ്ട് ..ചെല്ലുമ്പോഴോ , എതെങ്കിലും തലതെറിച്ചവന്റെ ഡെല്‍ഹി റിലേ പരിപാടിയാകും , സങ്കടമോടെ മടങ്ങും..!
ഇന്ന് ഗ്രാമം പോലും പന്ത്രണ്ട് മണിയായാലും ഉറങ്ങാറില്ല , എല്ലായിടത്തും ടിവിയുടെ ശബ്ദം
വഴികളെല്ലം ടാറായി , മഴവെള്ളം വീഴുന്നതും കുതിച്ച് പാഞ്ഞ് ഇങ്ങ് പോരും .. എല്ലായിടത്തും വെളിച്ചം, എല്ലായിടത്തും വീട് .. പേടിച്ചരണ്ട് പണ്ട് നടന്ന ഇടവഴികള്‍ ഇന്ന് വീടു കൊണ്ട് നിറഞ്ഞിരിക്കുന്നു ........എന്തും ഏതും പറഞ്ഞ് ഉറക്കേ കളിയാടിയിരുന്ന സ്ഥലങ്ങളെല്ലാം നാട്ടാരുടെ കണ്ണുകളെത്തുന്ന ഇടങ്ങളായി രാത്രിയില്‍ പൊലും തൊടിന്റെ വെള്ളമൊഴുക്ക് കേള്‍ക്കാതായി , വെള്ളമില്ല എന്നത് വേറൊരു കാര്യം ..!പറയുമ്പോള്‍ എല്ലാര്‍ക്കും ജീവിക്കണം , വികസനവും വേണം .. പക്ഷേ എന്തൊക്കെയോ ചോര്‍ന്ന് പോകുന്നൊരു ആകുലത എന്നെ വല്ലാണ്ട് പിടി കൂടിയിരിക്കുന്നു , ഓരോ യാത്ര പോകുമ്പൊഴും മനസ്സ് വേദനിക്കുന്നു .....!മതമെന്നത് അന്ന് അറിവുണ്ടായിരുന്നുവോ എന്തോ ? ഉല്‍സവം എന്നത് രാമനും , ഗഫൂറിനും , ജോര്‍ജിനും ഒന്നു തന്നെ , ഞങ്ങളുടെയായിരുന്നു .. പെരുന്നാളും അതു പോലെ .. നൊയമ്പ് സുഹൈല്‍ പറയുമ്പൊഴാണ് കൂടുതല്‍ അറിഞ്ഞത് തന്നെ ... പേരുകളില്‍ ആരും മതം കണ്ടിരുന്നില്ല , വീടുകളിലെ വിശ്വാസ്സങ്ങളില്‍ ഞങ്ങള്‍ ജീവിച്ച് പോയിരുന്നു , മമ്മൂട്ടിയും , പ്രേം നസീറും മുസ്ലീമായിരുന്നു എന്നറിയുന്നതു തന്നെ വളരെ വൈകിയാണ്..മോഹന്‍ലാല്‍ ഹിന്ദുവായിരുന്നെന്നൊ , കമലാഹാസന്‍ നിരീശ്വരവാദിയായിരുന്നെനൊ എനിക്കറിവില്ലായിരുന്നു
എന്ന് പറയുന്നതിനേക്കാള്‍ ആ വശങ്ങളേ കുറിച്ച് അന്നു നാം ചിന്തിച്ചിരുന്നില്ല എന്നു വേണം പറയാന്‍
അങ്ങനെയൊരു ചിന്ത ഞങ്ങളെ മദിച്ചിരുന്നില്ലഎന്ന് , അന്നുമിന്നും എനിക്കേറെ പ്രീയപെട്ടവനും , വ്യക്തിജീവിതവും കലയും തമ്മില്‍ ബന്ധമുണ്ടെന്നുള്ള ചിന്തയും കൊണ്ട് മമ്മുക്ക എനിക്ക് പ്രീയങ്കരന്‍ തന്നെ...! ഇന്ന് സ്ഥിതി വളരെ മാറീ ആദ്യം പേരും , ഊരും .. പിന്നെ മതം പിടികിട്ടി .. ഉറപ്പിച്ചു , ഇനി ഉറപ്പ് കിട്ടാത്ത പേരാണേല്‍ " ബാബു " " ഷാജി " പോലെയുള്ളവ .. അടുത്ത പടി അച്ഛന്റെ പേരു കൂടി ചോദിച്ച് ഒന്നുറപ്പിക്കും .. കാലത്തിന്റെ പോക്ക് വല്ലണ്ടാണ് എന്ന് മനസ്സ് പറയുന്നു ..!
ദേശവര്‍ഗ്ഗനിറവ്യത്യാസങ്ങള്‍ കുടി കൊണ്ടിരുന്ന പണ്ടത്തേക്കാളേറെ ഇന്നു മനസ്സുകളില്‍ അതു വര്‍ദ്ധിക്കുന്നു , ഭീതി വിതച്ച് കൊണ്ട് .. പുറമേ സഹിഷ്ണുതയുടെ ഉന്നതിയില്‍ നില്‍ക്കുകയും അകമേ എരിയുന്ന തിരിയുമായ് ഒട്ടേറെ ജീവിതങ്ങള്‍ .. ചിലര്‍ പുറമേ പോലും വലിയ തീപ്പന്തങ്ങളാണ് കൊളുത്തി വയ്ക്കുന്നത് , അതില്‍ നിന്നും തീ പടര്‍ത്തി ഓരോ കുഞ്ഞു മനസ്സുകളും ആളിപ്പടരുന്നുണ്ട്.!ആരൊ ഒരാള്‍ ഈയടുത്ത കാലത്ത് എഴുതിയത് ഓര്‍മ വരുന്നു , പീ ജേ ആന്റണി ക്ക് ദേശിയ അവാര്‍ഡ് കിട്ടിയ " നിര്‍മാല്യം " എന്ന സിനിമ ഇന്നായിരുന്നു ഇറങ്ങിയതെങ്കില്‍ , അതില്‍ ദേവിയേ കാര്‍ക്കിച്ച് തുപ്പുന്ന വെളിച്ചപ്പാടെന്ന കഥാപാത്രത്തേ കാണാതെ , ഒരു ക്രിസ്ത്യാനിയെ കാണുന്ന സമൂഹമാണ് മുന്നില്‍ വളരുന്നത് .. എതു മതവും ഇതു പോലെ പടവാളെടുക്കുന്ന ദുര്‍സ്ഥിതിയാണിന്ന് ,ആളേ കൂട്ടുവാനും , സ്വാര്‍ത്ഥലാഭങ്ങള്‍ക്കും വേണ്ടി മതങ്ങളും അതിന് പിന്‍ പറ്റി ചില കുല്‍സിതശ്രമങ്ങളും നടക്കുമ്പോള്‍ വലിയ വലിയ വേര്‍തിരുവുകള്‍ ഉണ്ടാകുന്നത്, മനസ്സുകള്‍ മുറിപ്പെട്ടു പോകുന്നത് , വന്മതിലുകള്‍ വളരുന്നത് ആരെങ്കിലുമൊന്ന് അറിയാന്‍ ശ്രമിക്കുന്നുണ്ടൊ ?
നാളെ ഈ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കപ്പെടുമെന്ന ഉത്തമബോധ്യം മതം ഉയര്‍ത്തി കാട്ടിയിട്ടും , മൂല്യബോധത്തോട് ജീവിക്കുവാന്‍ എല്ലാ മതവും ഉല്‍ഘോഷിച്ചിട്ടും എന്താണ് ഒരേ നിറമുള്ള രക്തം വഹിക്കുന്ന ഹൃദയങ്ങളേ നിങ്ങള്‍ ഒന്ന് ഉണരാത്തത് .. ? അതൊ ഉറക്കം നടിക്കുന്നതോ ? എല്ലാവരും എങ്ങോട്ടാണീ യാത്രയെന്ന് മനസ്സിലാകുന്നേ ഇല്ല ...?
മിശ്രവിവാഹങ്ങള്‍ മുന്നത്തേക്കാളേറെ കൂടിയിട്ടുണ്ട് നല്ലതോ ചീത്തയോ ആവട്ടെ , അതു മനസ്സിന്റെ വ്യാപ്തിയാണെന്ന് കരുതരുത് , അവിടെയും ഏതേലും മതത്തിലേക്ക് ഉടനടി ഒരു ചേക്കേറലുണ്ട് , ജനിച്ച് ജീവിച്ച ആചാരങ്ങളില്‍ നിന്നുമുള്ള ചുവട് മാറ്റം ഏതൊരു ഹൃദയവും എത്രകാലമെടുത്താകും മായ്ച്ച് കളയുക .. " ആമി അലവിയുടെ "ഖദീസുമ്മയുടെ മരണത്തില്‍ " ഹു ഈസ് ദിസ് നാരായണന്‍ "
എന്നൊരൊറ്റ വരിയില്‍ അതു നിറഞ്ഞ് നില്പ്പുണ്ട് ....കാശിനൊരു മൂല്യവുമില്ല , ജീവിതത്തിനും .. ടിവിയില്‍ ഏതു ചാനല്‍ കാണുമെന്ന ചിന്തയാണിപ്പോള്‍ , സിനിമക്കിടയില്‍ ഒന്നില്‍ പരസ്യം വന്നാല്‍
മറ്റൊന്നിലേക്ക് ചാടുന്നത് കൈവിരലുകളിലെ കളികളാണ് ,, ഈയടുത്തായി ശ്രദ്ധിച്ചിരിന്നു , മൂന്ന് നാല് ചാനലുകള്‍ മാറ്റിയപ്പോഴൊക്കെയും അതിലെല്ലാം പരസ്യം തന്നെ , ഏതൊ ഒരു വിശേഷദിനത്തിലാണെന്ന് തോന്നുന്നു , മലയാളിയുടെ മനസ്സ് ചാനലുകള്‍ പഠിച്ച് വച്ചിരിക്കുന്നു ..!ഒരു മാസത്തില്‍ അല്ലെങ്കില്‍ രണ്ടു മാസത്തില്‍ ഒരു ഞാറാഴ്ച്ചയായിരുന്നു പുറത്തേക്ക് പോയിരുന്നത് , അന്നു മാത്രമായിരുന്നു പുറത്ത് നിന്നും ഭക്ഷണം കഴിച്ചിരുന്നത് , അന്നായിരുന്നു കടലും ,സിനിമയും കണ്ടിരുന്നത് ... ഇന്ന് കൈവിരല്‍ തുമ്പിലേക്ക് എല്ലാം വന്നു നല്ലതു തന്നെ , ശാസ്ത്രം വളരുമ്പോള്‍ സമൂഹത്തിനും , മനസ്സിനും ഉന്നതികളുണ്ടാകണം , ഇതിപ്പോള്‍ നേര്‍ വിപരീതം തന്നെ ..വല്ലപ്പോഴും ഒത്തു കിട്ടുന്ന , കുളത്തിലെ , കടവിലെ കുളിനോട്ടങ്ങളില്‍ തങ്ങി കിടന്നിരുന്ന കുസൃതി കണ്ണുകളിലും നിഷകളങ്കഭാവമുണ്ടായിരുന്നു ..
ഇന്നത് ഒപ്പിയെടുക്കുന്നത് അത്യാധുനിക സംവിധാനങ്ങളുടെ കപടമനസ്സുകളാണ് , കടവുകള്‍ ഇല്ലാണ്ടായതും , സാമൂഹിക പരിതസ്ഥിതികള്‍ കൂടിയതും മൂലം കടവില്‍ കുളി കുറഞ്ഞപ്പോള്‍ മിഴികള്‍ അടച്ചിട്ട മുറികള്‍ക്കുള്ളില്‍ വരെ എത്തി , സ്വന്തം അയല്‍ക്കാരന്‍ എന്നതിന്റെ
കാലങ്ങളായുള്ള വിശ്വാസ്സ ഗോപുരങ്ങളെ വരെ തച്ചുടക്കുന്ന സംഭവവികാസങ്ങള്‍ , ഇനി വരാനുള്ളത് "അല്‍ട്രാ വയലറ്റ് " ക്യാമറകളാണ് ഇപ്പോള്‍ തന്നെ ഇസ്രയേല്‍ സൈന്യം അതുപയോഗിക്കുന്നു എന്നു കേള്‍ക്കുന്നു , ഇനി അതു കൂടി എത്രയും പെട്ടെന്ന് സാധാരണക്കാരന്റെ കൈകളില്‍ എത്തിപെട്ടാല്‍ എല്ലാം ഭദ്രം , കെട്ടുറപ്പുള്ള മതിലുകള്‍ക്കകത്ത് മണിഗോപുരം കെട്ടി വച്ചാലും അമ്മ പെങ്ങമാരുടെ പലതും നാളെ കണ്മുന്നില്‍ കാണേണ്ടി വരും ..
മുടിവെട്ടാന്‍ പോകുന്ന മോഹനേട്ടന്റെ കടയില്‍ ഞാന്‍ ചെല്ലുമ്പോള്‍ , കേറ്റിയിരുത്തുന്നൊരു തടി കഷ്ണമുണ്ടായിരുന്നു അന്ന് വല്ലാത്തൊരു ആഗ്രഹമായിരുന്നു , ഒന്ന് തടിയില്ലാതെ എന്നാണ് നെരെ ഇരുന്നൊന്ന് മുടിവെട്ടാന്‍ പറ്റുക എന്ന് ..ഒരിക്കല്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പൊഴാണെന്ന് തോന്നുന്നു , ഷേവ് ചെയ്യണോ എന്ന എട്ടന്റെ ചോദ്യത്തിന് ഞാന്‍ ഉത്തരം കൊടുത്തത് , " വീട്ടില്‍ ചോദിക്കട്ടെന്നായിരുന്നു ...! അന്ന് നമ്മുടെ മനസ്സിന്റെ പരിധിയതായിരുന്നു ..ഈയടുത്ത് കണ്ടപ്പൊഴും മോഹനേട്ടന്‍ ഇതും പറഞ്ഞെന്നെ കളിയാക്കിയിരുന്നു , അന്നു കുട്ടികളില്‍
ഉണ്ടായിരുന്ന പലതും ഇന്നില്ല , എന്തു കൊണ്ടെന്ന് അറിയുന്നില്ല , ഞാന്‍ ഉള്‍പ്പെട്ട മാതാപിതാക്കളുടെ തെറ്റാകാം ..ഒരു വിരല്‍തുമ്പില്‍ കൊണ്ട് നടക്കുന്നത് കണ്ടാല്‍ അറക്കുന്ന രംഗങ്ങളാണ് , അതു കൊടുക്കുന്നതും പ്രചരിപ്പിക്കുന്നതും കാശ് കൊയ്യുന്നതും മുതിര്‍ന്ന തലമുറ തന്നെയെങ്കിലും , അന്നൊക്കെ ഇത്തരം ചിന്തകള്‍ നമ്മെ തൊട്ട് തീണ്ടിയിരുന്നില്ല എന്നു പറയുന്നില്ല , പീഡിസിക്ക് പഠിക്കുമ്പോളാണ് ഞാന്‍ ആദ്യമായി നീലചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ കണ്ടത് ..അതും നെഞ്ചിടിപ്പോടേ , വളരെ ഏറെ ചിന്തിച്ചും ആകുലപ്പെട്ടും കിട്ടിയ അരമണിക്കൂറില്‍ നിന്നുമാണ് ഏതാനും രംഗങ്ങള്‍ കണ്ടു തീര്‍ത്തത് , സത്യം പറഞ്ഞാല്‍ അന്നു കണ്ടതിപ്പൊഴും മനസ്സില്‍ തെളിഞ്ഞ് കിടപ്പുണ്ട് ..
ഗൃഹാതുരമായ സ്മരണകളില്‍ ഞാന്‍ അതും ചേര്‍ത്ത് വയ്ക്കുന്നു .. അന്ന് കണ്ണുകളില്‍ കണ്ട നിഷ്കളങ്കമായ ചിലതുന്റ് , കള്ള ചിരികളുണ്ട് .. എല്ലാം എല്ലാം മാഞ്ഞ് പോകുന്നു ഇന്ന് .. സ്കൂളില്‍ പോകുന്ന മകളുടെ ബാഗില്‍ നിന്നും കണ്ടെടുത്ത മെമ്മറി കാര്‍ഡ് ഗള്‍ഫിലേക്ക് കൊണ്ട് വന്ന് എന്നെ ഏല്പ്പിച്ചു ഒന്നു ചെക്ക് ചെയ്യുമോ എന്നു പറഞ്ഞൊരു സാധു മനുഷ്യനുണ്ട് കണ്ണുരുകാരന്‍ , ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ ആ മനുഷ്യനോട് എന്തു പറയമെന്നറിയാതെ ഞാന്‍ കുഴഞ്ഞ് പോയിട്ടുണ്ട് , "മകളുടെയാണ്.. ഒരു സംശയത്തിന്റെ പുറത്താണ് എടുത്തത്" നീ ഒന്നു നോക്കെടാന്ന് പറഞ്ഞ് സ്വകാര്യമായി ഏല്പ്പിച്ച കാര്‍ഡില്‍ തെളിഞ്ഞത് കണ്ടാല്‍ കാമമല്ല കത്തുക മറിച്ച് എന്റെ രണ്ട് പെണ്‍കുട്ടികളുടെ മുഖമാണ് .. എല്ലാ ഫൈലുകളും ഒര്‍ജിനല്‍ മാത്രം , മോബൈലില്‍ ഷൂട്ട് ചെയ്തവ .. ഇപ്പോള്‍ ആവശ്യവും അതിന് തന്നെ ..!എല്ലാത്തിനുമപ്പുറം പുതിയ കുട്ടികളില്‍ നന്മയുടെ വിത്തുണ്ടാകാം , നല്ല വശങ്ങളുണ്ടാകാം , കാലം മാറിയപ്പോള്‍ കോലം മാറിയതാകാം , എന്റെ തലമുറ ചിലപ്പോള്‍ അതിനു മുന്നെയുള്ളവര്‍ക്കിതുപോലെ തോന്നിയിട്ടുമുണ്ടാകാം എങ്കിലും എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് , ഒരിക്കലും വൃത്തിയാക്കുവാന്‍ വയ്യാത്ത പലതും സമൂഹത്തില്‍
നിറഞ്ഞ് നിറഞ്ഞ് വരുന്നുണ്ട് , മൂക്ക് പൊത്തുകയും , കണ്ണു പൂട്ടുകയും ചെയ്യുന്ന മുഖങ്ങള്‍ സ്വന്തം വീട്ടിലും അതു കണ്ട് തലകറങ്ങി വീഴുമ്പോഴാണ് മറ്റുള്ളവന്റെ വേദനയും , നൊമ്പരവും അറിയുക ..
പ്രണയവും അതു പോലെ തന്നെ , ഒരാള്‍ക്ക് ഒരു പ്രണയത്തിന്റെ അസഹ്യത വിട്ടു മാറണമെങ്കില്‍
ആ ജീവിതം തന്നെ വേണം , കാലങ്ങളെടുക്കണം അതില്‍ നിന്നൊരു മുക്തി , കാരണം അതു ഹൃദയത്തില്‍
വച്ചായിരുന്നു എന്നുള്ളത് തന്നെ , അത് ആണായാലും പെണ്ണായാലും വ്യത്യാസമൊന്നുമില്ല ...
പെണ്ണ് ഹൃദയം കൊണ്ടും , ആണ്‍ മറ്റ് പലതും കൊണ്ടാണ് സ്നേഹിക്കുന്നതെന്നാണ് ഭാഷ്യം ..
അന്നിന്റെ പ്രണയം , ഒരു കത്തിലോ , വരിയിലോ തുടങ്ങുന്നതും , സ്പര്‍ശനം എന്നത് അന്യവുമായിരുന്നു ..കാലം കൊണ്ടൊ , ഒരു നോട്ടം കൊണ്ടൊ ഉണ്ടാകുന്ന ചിലതൊക്കെ , ധനത്തിനും , മതത്തിനും , കുടുംബത്തിനും ഇടയില്‍ പെട്ടു ചിലതലരിച്ച് പോകുമെങ്കിലും , ഹൃദയത്തില്‍ കൈവച്ച് അന്നിന്റെ പ്രണയം നുണഞ്ഞവര്‍ പറയണം അതു ഉള്ളില്‍ന്ന് ഇറങ്ങി പോയിട്ടുണ്ടൊ എന്ന് .. ഇന്ന് പുതിയ ചാറ്റ് ബോക്സില്‍ നിറയുന്ന നിറഞ്ഞ് ചിരിയില്‍ , കരുതലിലും ..തൊട്ട് മുന്നേയുള്ള എല്ലാം മറന്ന് പോകുന്ന മനസ്സുകളാണധികവും ..
മഴ കാണുവാന്‍ തന്നെ എന്ത് ചേലായിരുന്നു , വാഴത്തടകളുമായുള്ള ഓട്ടം തോടെത്തിയാലേ നില്‍ക്കുകയുള്ളു , ഓരോ മഴയും ഓരോ ആഘോഷമായിരുന്നു, വാഴയിലയിലും മരത്തിലും തൊടിയിലും പാടത്തും പെയ്യുന്ന അണമുറിയാത്ത അന്നത്തെ മഴയുടെ സൗന്ദര്യം ഇന്നുണ്ടൊ എന്ന് അറിയുന്നവര്‍ക്കറിയാം .. നമ്മുടെ കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ , "മിഴി മുകളില്‍ വേണമെന്ന്" .. അല്ലാതെ പോക്കറ്റിലായാല്‍ ഇങ്ങനെയൊക്കെ തന്നെ വരും .. ആരുടെയും കണ്ണീരുകള്‍ പണ്ട് ആഘോഷമായിരുന്നുവോ ? എന്നൊന്ന് ചിന്തിക്കണം .. ഒരു നിലവിളിയില്‍ ഓടികൂടുന്ന മനസ്സുകളില്‍ സഹായത്തിന്റെ ആത്മാര്‍ത്ഥമായ കരങ്ങളുണ്ടായിരുന്നു .. ഇന്ന് സര്‍വ്വതും മാറി വരുന്നു..
ഒരു വണ്ടി തട്ടിയാല്‍ ഓടി കൂടുന്നവരുടെ നോട്ടവും ഭാവവും നാം ചിന്തിക്കാത്ത തരങ്ങളിലേക്കാണ് ..
പിന്നേ കാമത്തിന്റെ നോട്ടത്തെ കുറിച്ച് പറയാത്തതാണ് ഭേദം , ഇനി അന്നുമിതുണ്ടായിരുന്നുവോ എന്നറിയില്ല ഇപ്പോള്‍ മാധ്യമങ്ങളുടെ മല്‍സരത്തില്‍ നാം എല്ലാം അറിയുന്നതാകാനും മതി ...അന്നത്തെ ഒളിഞ്ഞ് നോട്ടങ്ങള്‍ , കുശുകുശിപ്പുകള്‍ , നുണപറച്ചിലിലൊക്കെ ഒരു വേലികെട്ട് ഉണ്ടായിരുന്നു.. ഇന്നതൊക്കെ മാറി ലോകം വരെ ആഘോഷിക്കുന്നു , നല്ല കാര്യം... ഒരു മറയുമില്ലാതെ ഓണ്‍ദി സ്പോട്ട് വാര്‍ത്തകള്‍ എത്തിക്കുന്ന മാധ്യമങ്ങള്‍ മല്‍സരിക്കുമ്പോള്‍ തകര്‍ന്നു പോകുന്ന ഒരായിരം മനസ്സുകളുണ്ട് ...ഇനിയിതൊക്കെ എന്റെ മാത്രം ചിന്തകളും ആകുലതകളുമായിരുന്നെങ്കില്‍ ,
ക്ഷമിക്കുക തെറ്റ് എനിക്കാകും ..പുതിയ തലമുറയെ അടച്ചാക്ഷേപ്പിക്കുന്നില്ല , നല്ല വിത്തുകള്‍ മുളപൊട്ടി വളരുന്നവയില്‍ ഉണ്ട് എന്നു സമ്മതിക്കുന്ന , ഈ കാലത്തും ഒട്ടേറെ നല്ല മനസ്സുകളുടെ നന്മകളുമുണ്ട് , അതിനാലാവണം ഇപ്പൊഴും ചിലതൊക്കെ നിലനിന്ന് പോകുന്നത് ..കൂട്ട് കുടുംബങ്ങളുടെ പതനം , ഒറ്റക്ക് ഒറ്റക്ക് എന്നുള്ള ചിന്തകള്‍ നമ്മേ എവിടെയാണ് കൊണ്ടെത്തിക്കുന്നത് , ഓരോ വീടുകള്‍ രൂപപ്പെടുന്നു , ഓരോ അണുകുടുംബങ്ങള്‍ രൂപപ്പെടുന്നു , അങ്ങനെ വളര്‍ന്നു വരുന്ന , മുത്തശ്ശിയുടെ തണലേല്‍ക്കാത്ത
കുട്ടികള്‍ വളരുമ്പോള്‍ , പങ്കാളിയാകുമ്പോള്‍ വീണ്ടും ഒറ്റയാവാന്‍ മനസ്സിനെ പഠിപ്പിക്കുന്നു .. ഇവിടെ നഷ്ടം സമൂഹത്തിനും നാടിനുമാണ് , കുഞ്ഞുങ്ങളുടെ മാനസികമായ പതനം , അവരെ നേരെ നോക്കി വായിക്കുവാന്‍ കഴിയാത്ത സമയമില്ലായ്മ ഓരോ പുതിയ വീടിനും ചിലവാക്കേണ്ടി വരുന്ന സാധനസാമഗ്രികള്‍ , സ്ഥലത്തിന്റെ ആവശ്യകത.. എല്ലാം എല്ലാം ത്വരിതപ്പെടുത്തിയില്ലെങ്കില്‍
കടലിലെറിയേണ്ടി വരും , നിത്യതിലേക്കുള്ള ഓരോ ദേഹങ്ങളും ..
വെറുതെ ഇരിക്കുമ്പോള്‍ തോന്നുന്ന ചിലതൊക്കെയാണ് കുറിച്ചിടുന്നത് , ഇതില്‍ ഞാനും നീയും ഭാഗഭാക്കാണ് .. തെറ്റാകാം , നേരാകാം .. മുന്നേ പല വട്ടം പാടി പതിഞ്ഞതാകാം , എങ്കിലും വീണ്ടും പറയുന്നു ..ആകുലതകളുടെ ഒരു തുണ്ട് മുന്നിലേക്ക് വയ്ക്കുന്നു ..... ലോകം നന്മയുടെ വിശുദ്ധിയുടെ തേരില്‍ സഞ്ചരിക്കുന്നത് കാണാന്‍ , സ്വപ്നത്തിലെങ്കിലും ആഗ്രഹമുണ്ട് .. വെറുതെയാകാമെങ്കിലും .......!
(ചിത്രം ഗൂഗിളില്‍ നിന്നും )
ഇന്ന് മുഴുവന്‍ ആകുലതകാളാണല്ലോ റിനീ... ഇന്നിന്‍റെ പ്രശ്നങ്ങള്‍ .. വൈകി ചിന്തിക്കുന്ന പലതും ഉണ്ടിതില്‍ ... ഒരു പക്ഷേ ഇപ്പോഴും പരിഹരിക്കാമായിരുന്നിട്ടും ഇതിനേക്കാള്‍ വലുത് നടക്കുമ്പോള്‍ ഇതെന്ത് എന്ന നിസ്സംഗതയുണ്ട് ചില മുഖങ്ങളില്‍ .. ആ ചിന്തകളാണ് മാറ്റേണ്ടത്.. ഓരോ ചെറു തെറ്റുപോലും ശരികള്‍ കൊണ്ട് തിരുത്തി കാണിക്കേണ്ടവര്‍ കൂടി തെറ്റുകള്‍ ചെയ്യുമ്പോള്‍ പുതു തലമുറയെ അടച്ചാക്ഷേപിക്കാനാവില്ല.. ബാല്യം മുതലേ വാശിയുടെയും, മാത്സര്യത്തിന്റെയും പാഠങ്ങള്‍ ഓതി വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍ക്ക് പരസ്പരസ്നേഹം, ബഹുമാനം, സഹജീവിയോടുള്ള മൃദുസമീപനം ഇതെല്ലാം അന്യമാകുന്നു സഖേ.. തന്‍റെ മാത്രം ലോകം തീര്‍ക്കുമ്പോള്‍, സ്വന്തമെന്നത് മാത്രം, ഞാന്‍ എന്നത് മാത്രം ചിന്തയില്‍ നിറയുമ്പോള്‍ ആ ലക്ഷ്യത്തിനു വേണ്ടി മാത്രം മുന്നോട്ട് പോകുമ്പോള്‍ എങ്ങനെ അരികിലുള്ളവരെ കാണാന്‍..! അണുകുടുംബം എന്ന രീതി ഒരു പരിധി വരെ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുന്നു... സ്നേഹിക്കാനും പങ്കിടാനും സമയമില്ലാതെ പോകുന്ന രക്ഷിതാക്കളും, ഒറ്റപ്പെട്ടു പോകുന്ന ബാല്യങ്ങളും..! സ്നേഹം എന്തെന്നറിയാതെ സ്നേഹിക്കുവതെങ്ങനെ.. എങ്കിലും കൂട്ടുകാരന്‍ പറഞ്ഞത് പോലെ ചിലതുണ്ട്; മനസ്സില്‍ നന്മ നിറഞ്ഞ ചിലത്.. അതില്‍ ആശ്വസിക്കുന്നു..
ReplyDeleteവ്യഥയുണ്ട് മനസ്സില്‍ ലോകത്തിന്‍റെ ഈ യാത്ര കണ്ടിട്ട്..
സ്വയം നന്നാകാന്‍ തീരുമാനിക്കാം.. നല്ല ചിന്തകള്‍ പകരാം...
പല നാള്‍ കൊണ്ട് നേടിയ നമ്മുടെ; നമ്മുടെ നാടിന്‍റെ സംസ്കാരം, ആഡ്യത്വം... ഒരു നാള്‍ നമുക്ക് അഹങ്കരിക്കാന്‍ വക നല്‍കിയ പലതും ഇന്ന് അന്യമാകുന്നു.. നല്ല ചിന്തകള്‍, പ്രവൃത്തികള്‍ നിറഞ്ഞ ഒരു സമൂഹത്തെ സ്വപ്നം കാണാം...
മാറ്റങ്ങളെല്ലാം നല്ലതിന് എന്ന് പറയുമ്പോഴും ചില മാറ്റങ്ങള്‍ ഭയപ്പെടുത്തുന്നത് തന്നെ..!
അതേ പ്രീയ ബനി , കുഞ്ഞുണ്ണി മാഷ് പറയും പൊലെ
Deleteലോകം നന്നാകാന്‍ ഏറ്റം നല്ല ഒരു എളുപ്പ വഴിയുണ്ട്
സ്വയം നന്നാകുക എന്നത് , നാം നമ്മേ അറിയുകയും
നമ്മളില്‍ നിന്നും ശുദ്ധികലശം തുടങ്ങുകയും ചെയ്താല്‍
നാമും നമ്മള്‍ ഉള്‍പെട്ട സമൂഹവും , രാഷ്ടരവും , ലോകവും
താനെ നന്നാകും , പക്ഷേ ,, ആരു എപ്പൊള്‍ എവിടെ ....?
ഒരു പത്ത് പേരുള്ള കൂടിചേരലില്‍ പൊലും വിഭിന്നമായ
പൊരുകളാണ് നടക്കുന്നത് , പല അഭിപ്രായങ്ങളുടെ സത്ത
മാത്രമെടുത്ത് ആരുമതിനേ കാര്യമായി ഗൗനിക്കുന്നില്ല ..
ഞാന്‍ എന്തു പറഞ്ഞു , എന്റെ വിശ്വാസ്സം എന്ത് ,, എന്നുള്ളത്
മാത്രം ഉയര്‍ത്തി കാണിച്ച് അതു മാത്രം ശരിയെന്നു പറയുന്ന
ഈ ലോകത്ത് എങ്ങനെയാണ് സ്വയം നന്നാവാന്‍ ആളുകള്‍ ശ്രമിക്കുക .?
വളര്‍ന്നു വരുന്ന തലമുറയോടും അതു തന്നെ , കഴിക്കുന്നതില്‍ നിന്നും
ഒരു കഷ്ണം അയലത്തേ കുട്ടിക്ക് കൊടുത്താല്‍ തല്ലു കൊള്ളും ...
കുഞ്ഞിലേ തൊട്ടേ മനസ്സിലേക്ക് സ്വാര്‍ത്ഥതയുടെ വിഷ വിത്തുകള്‍
പാകി പാകി , ഈ കുട്ടികള്‍ തന്നെ ഇവരെ വൃദ്ധസദനത്തില്‍
എത്തിക്കും , എന്നിട്ടൊ ഞങ്ങള്‍ക്കാരുമില്ലെന്ന് അലമുറയിടും ..
ഒന്നും ഇല്ലാണ്ടായി ഇപ്പൊള്‍ തന്നെ , എല്ലാം മനൗഷ്യന്റെ
ദുരകൊണ്ട് നശിച്ച് നശിച്ച് അങ്ങേതലക്കല്‍ വരെയെത്തീ ..
ഇനിയിത്തിരി നന്മ മാത്രം ചില മനസ്സുകളില്‍ കുടിയിരിക്കുന്നുണ്ട്
അതും കൂടി പടിയിറങ്ങി പൊയാല്‍ പൂര്‍ണമാകും .....!
നിളയും നിലാവും , മഴയും മലരും .. കിനാവില്‍ മാത്രമാകും ...
ആദ്യ കാഴ്ചക്ക് , മടുക്കാതെ മുഴുവന്‍ വായിച്ചതിന് ..
മനസ്സറിഞ്ഞ മറുപടിക്ക് , ആകുലതകളുടെ പങ്കു വയ്ക്കലിന് ..
നന്ദി പ്രീയ സഖേ ...!
ഒരുപാട് സംഘർഷങ്ങളെ . വിഷമങ്ങളെ , ഓർമ്മകളെ എല്ലാം അക്ഷരങ്ങളിലൂടെ പെയ്യിക്കുകയായിരുന്നല്ലോ റിനീ .
ReplyDeleteഓരോ കാലഘട്ടവും അടയാളപ്പെടുത്തിയ ഓർമ്മകൾ ഉണ്ട് . ഇടക്കിടക്ക് എടുത്ത് പൊടി തട്ടി ആസ്വദിക്കാൻ നല്ല രസമാണ് .
എനിക്കും ഇന്ന് ഞങ്ങളുടെ പഴയ നാട്ടുവഴികളിലൂടെ പോകുമ്പോൾ തോന്നാറുണ്ട് ആ പഴയ സന്തോഷം കിട്ടാറില്ല എന്ന് . പിന്നെ മനുഷ്യന് വിശാലമായി ചിന്തിക്കാനുള്ള കഴിവ് നഷ്ടമായി . ജാതിപരമായ മതപരമായ വേർതിരിവുകൾ . കുറെ നല്ല ചിന്തകളുടെ സമ്മേളനമാണ് ഈ പോസ്റ്റ് . ഒത്തിരി നന്നായി റിനീ
വിശാലത എന്നത് , വാക്കുകളില്‍ മാത്രം കണ്ടു വരുന്നതും
Deleteമനസ്സില്‍ ഇല്ലാത്തതുമായ ഒന്നായി തീര്‍ന്നിരിക്കുന്നു മന്‍സൂ
നാട്ട് വഴികളും , നാട്ട് മനസ്സുകളും അമ്പേ മാറി പൊയിരിക്കുന്നു ,
മാറ്റങ്ങള്‍ നല്ലതിനാവണം , നല്ലതിലേക്കാകണം , അല്ലെങ്കില്‍ അതു
വലിയ വിപത്തിന്റെ സങ്കേതം രൂപപെടുത്തും ....!
എന്തിലും ഏതിലും കണ്ണ് കാശിലാണ് , മറ്റൊന്നും -
പരിഗണിക്കപെടുന്നില്ല, ഉള്ളാലേ ഒരു ബോധവുമില്ല ...
അതിന്റെ കൂടെ മതമെര്‍പ്പെടുത്തിയ വേലികെട്ടുകള്‍
ശക്ത്മാകുന്നു , മാനസികമായ വേര്‍തിരിവുകള്‍
വല്ലാതെ ആകുലപെടുത്തുന്ന ഒന്നു തന്നെ ........
നല്ല കാലം പ്രതീക്ഷിക്കാം അല്ലേ , വെറുതെയെങ്കിലും
നമ്മുറ്റെ ഒരു ആശ്വാസ്സത്തിന് , ഒരുപാട് നന്ദി മന്‍സൂ ...!
ഇനീപ്പോ ന്താ ചെയ്യാ ...............ജീവിക്ക്യന്നെ !!!!!
ReplyDeleteനമുക്ക് രണ്ടു കാലങ്ങളെ കാണാൻ കഴിഞ്ഞു.
നമ്മുടെ കുട്ടികളോട് പറയാൻ നമുക്കൊരുപാട് ഓർമ്മകളുണ്ട് .
നന്മ നല്കാൻ,സ്നേഹത്തിന്റെ,സഹവർത്തിത്വത്തിന്റെ,ഒക്കെ മൂല്യമേകാൻ നമുക്കതിലൂടെ കഴിയുമെന്നെങ്കിലും കരുതാം.അല്ലെ???
പക്ഷെ ഇവർക്കൊക്കെ ഇവരുടെ മക്കളോട് പറയാൻ ഇന്നത്തെ ഈ കാലത്തിൽ നിന്ന് എന്തേലുംണ്ടാവ്വോ ?????
ആ.....................എനിക്കറിയില്ല.
എല്ലാവരും എന്നും നന്നായി ജീവിക്കട്ടെ.
സുഖത്തോടെ,സന്തോഷത്തോടെ,സമാധാനത്തോടെ.................
ഞാൻ എന്നും ആഗ്രഹിക്കുന്ന,പ്രാർഥിക്കുന്ന ഒരു കാര്യം.
ഒരു ചെയ്ഞ്ച് ആർക്കാണ് ഇഷ്ടമല്ലാത്തത് !!!!!
ഈ പോസ്റ്റ് ഇട്ടായീീീീ ..........
:)
ഉമ , ശരിയായ് തൊട്ടു , സന്തൊഷം ഉമേ ..
Deleteഞാനെഴുതണം എന്നു കരുതിയ വരികളാണ്
ഉമയെഴുതിയേക്കുന്നത് , ശരിയാണ് നമ്മുക്ക്
രണ്ട് കാലങ്ങള്‍ കിട്ടി , ഒന്നു നൈര്‍മല്യത്തിന്റെയും
ഒന്നു ആധുനികതയുടെയും , ഇതില്‍ രണ്ടിലും
ജീവിക്കുവാന്‍ കഴിഞ്ഞത് നമ്മുടെ തലമുറകളുടെ
പുണ്യം തന്നെ , കൂടെ നിന്നെപൊലെയുള്ള മനസ്സുകള്‍
നന്മകള്‍ വിതറട്ടെ .. എല്ലാവരും നന്നായി ഇരിക്കുവാന്‍
പ്രാര്‍ത്ഥിക്കുന്നടുത്തുന്ന് നാം നന്നായി വരും .. കേട്ടൊ ..!
പുതിയ തലമുറക്ക് അവരുടെ വരും തലമുറക്ക് പകരാന്‍
എന്തേലും നാം ബാക്കി വച്ചിട്ടുണ്ടൊ , പുതു തലമുറയുടെ
മാത്രം കുറ്റമാണോ , നാം ഉള്‍പെട്ട തലമുറ തന്നെയല്ലേ
എല്ലാ ദുഷ്ടതകള്‍ക്ക് കൂട്ട് നില്‍ക്കുന്നതും .........
എല്ലാം നല്ലൊരു കാലത്തേക്കാവട്ടെ , അങ്ങനെ വിശ്വസ്സിക്കാം ..
ഒരുപാട് നന്ദി ഉമേ ...!
സീരിയസ് വിഷയമാണല്ലോ ഇത്തവണ . നന്നായി .
ReplyDeleteറിനിയുടെ ആകുലതകൾ എഴുതുമ്പൊൽ അതിനോടൊപ്പം വന്നു ചേരുന്ന ഓര്മകളും നന്മകളും എല്ലാം കൂടെ മനോഹരമാക്കി ഈ പോസ്റ്റും .
നമ്മുടെ ലോകം ഇനീം മോശമായി വരുമെന്നല്ലാതെ മനുസകളിൽ എന്തെങ്കിലും പുരോഗതി ഇനിയും ഉണ്ടാകുമോ ?
എന്റെയും ആകുലതയാണ് .
സ്ത്രീകള്ക്കും കുട്ടികള്ക്കും ഭയം കൂടാതെ ഒന്ന് സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ഇനി എന്നുണ്ടാകും ഈ നാട്ടിൽ .
ഒരു ഗ്രാമവും ,അന്നത്തെ ഗ്രാമീണ ജീവിതവും കുറഞ്ഞ വരികളിൽ ഭംഗിയാക്കി .
ഇപ്പൊൽ കുട്ടികൽക്കൊന്നും പുറത്തിറങ്ങി കളിക്കാനൊന്നും താല്പ്പര്യമേയില്ല .
കമ്പ്യൂട്ടർ ഗെയിം മതി .
ഇതൊക്കെ കാലത്തിന്റെ മാറ്റങ്ങൾ ..
സകലതിനും മാറ്റങ്ങൾ ..
ചിന്തകള്ക്ക്, പ്രവൃത്തികൾക്ക് എല്ലാം ..
ഇനിയും പിറക്കാനിരിക്കുന്ന ജന്മങ്ങൾ എന്തെല്ലാം കാണാനിരിക്കുന്നു .
പണ്ട് കാലത്തും ഇങ്ങനെയെല്ലാം സംഭവിക്കുന്നുണ്ടായിരിക്കാം .അറിയാൻ മാർഗങ്ങൾ കുറവായിരുന്നതിനാൽ അറിഞ്ഞിരുന്നില്ല .
പക്ഷെ അങ്ങനൊക്കെ അപൂർവ്വം ആവും ..
ബന്ധങ്ങള്ക്ക് മൂല്യം കൊടുത്തിരുന്ന തലമുറകളാണ് കടന്നു പോയിട്ടുള്ളത് .
ഇനീം അങ്ങനൊന്നു പ്രതീക്ഷിക്കാമോ ?
'ലോകം നന്മയുടെ വിശുദ്ധിയുടെ തേരില്‍ സഞ്ചരിക്കുന്നത് കാണാന്‍ , സ്വപ്നത്തിലെങ്കിലും ആഗ്രഹമുണ്ട് .. വെറുതെയാകാമെങ്കിലും .......!'
ഞാനും ഇങ്ങനെ ആഗ്രഹിച്ചു പോകുന്നു.
പതിവ് പോലെ ഈ പോസ്റ്റും വളരെ നന്നായി എന്ന് പറയട്ടെ .
ബന്ധങ്ങള്‍ക്ക് മൂല്യം കൊടുത്തിരുന്ന
Deleteഒരു തലമുറയാണ് കടന്നു പൊയതെന്ന്
വളരെ വ്യക്തമാണ് നീലിമ , സംശയിക്കണ്ട ...!
മണ്ണില്‍ ചവട്ടി കളിക്കുന്ന , നടക്കുന്ന എത്ര കുട്ടികളുണ്ട് ?
അതിന് മണ്ണെവിടെയെന്ന് അവര്‍ തിരിച്ചു ചോദിക്കുമ്പൊള്‍ ...?
ഇത്തവണ നാട്ടില്‍ പൊയപ്പൊള്‍ , ന്റെ മിന്നുകുട്ടിയെ ചെരുപ്പിടാതെ
മണ്ണിലൂടെ നടത്തി കുരെ ദൂരം, അവള്‍ ഉള്ള പൊന്തകളിലെല്ലാം
ഓടി കേറി , പൊത്തുകളിലേല്ലാം കൈയ്യിട്ട് , സത്യത്തില്‍ പേടിച്ചു ഞാന്‍ ..
രാത്രി കട്ടിലില്‍ കിടക്കുമ്പൊള്‍ , അടുത്ത് വന്ന് പറയുന്നുണ്ട് , അപ്പാ .. അപ്പാ
ഉവ്വാ ഉവാ .. എന്ന് പാദമിങ്ങനെ വളച്ച് വച്ച് കാണിച്ച് കൊണ്ട് ...
നോക്കുമ്പൊള്‍ കുറെയേറെ തൊട്ടാവാടി മുള്ളുകള്‍ ആശാട്ടിയുടെ കാലില്‍ ..
പതുക്കെ പതുക്കെ എടുത്ത് കളഞ്ഞു , അവള്‍ക്കതുമൊരു രസം ..
തൊട്ടവാടിയുടെ മുള്ളുകള്‍ കൊള്ളുന്ന , കാലിലും ഉടുപ്പിലും" ഉപ്പന്‍ "
എന്നു പറയുന്ന വെള്ള പുല്ലുകള്‍ നിറയുന്നൊരു കാലം ഇനിയുള്ള
കുട്ടികള്‍ക്ക് കിട്ടുമോ .. ആവോ ആര്‍ക്കറിയാമല്ലേ ...
നല്ലൊരു കാലം സ്പനം കാണാം , അങ്ങനെ തന്നെ വരുമെന്ന് കരുതാം
ഒരുപാട് നന്ദി നീലിമാ ...! ഈ അകുലതകള്‍ക്ക് കൂട്ടായതിന്
മറവിയിൽ മുങ്ങിപ്പോയ ചിലത് . ഒറ്റ നിമിഷം കൊണ്ടാണ് അതിനു ജീവൻ വച്ചത് . വളരെ ഏറെ സന്തോഷം . ഈ റിപ്ല്യ് ഇടാൻ തോന്നിയ റിനിക്ക് ഒരുപാട് നന്ദി .
Deleteറിനി, രണ്ടു വഴികളിലൂടെയാണ് നമ്മള്‍ സഞ്ചരിക്കുന്നത്. നിഷ്കളങ്കമായ ഒരു വഴിയിലൂടെ നടന്നു എത്തിയതോ നമുക്ക് തീരെ അപരിചിതമായ ലോകത്തും... ചിലപ്പോള്‍ ഈ മാറ്റങ്ങള്‍ ഒന്നും ഉള്‍ക്കൊള്ളാന്‍ ഞാന്‍ പാകപ്പെടാഞ്ഞിട്ടാവും, അല്ലെ? എന്നാലും കുറെയേറെ നന്മകള്‍ നമ്മില്‍ നിന്നും നമ്മള്‍ അറിയാതെ ചോര്‍ന്നു പോയിട്ടുണ്ട്. അത് വാസ്തവം....
ReplyDeleteനല്ല പോസ്റ്റ്...
വഴികളുടെ കുറ്റമാകില്ല മുബീ ..
Deleteഅന്നിന്റെ വഴികളും ഇന്നെത്തിപെട്ട വഴികളും ..
ഉദ്ധേശം നമ്മേ മുന്നോട്ട് നയിക്കുകയെന്നു തന്നെയാകാം ..
പരിചിതമില്ലാത്ത വഴികളില്‍ , മനസ്സെന്ന വെളിച്ചം
കൂട്ടിനുണ്ടാകണം എന്നു മാത്രം , മനസ്സ് ഇരുട്ടിലായി
പൊയാല്‍ വഴികളില്‍ നാം തങ്ങി കിടക്കും .....!
സത്യമാണത് , എത്ര ശ്രമിച്ചിട്ടും നമ്മളില്‍ നിന്നും
എന്തൊക്കെയോ ചോര്‍ന്നു പൊകുന്നുണ്ട് ...
നമ്മുക്ക് പൊലും തടഞ്ഞ് നിര്‍ത്താനാവാതെ .....
ഒരുപാട് നന്ദി മുബി , നിഷകളങ്കമായ ഈ വാക്കുകള്‍ക്ക് ..!
നമ്മുടെ ഗ്രാമം നമ്മെ ഹൃദയത്തില്‍ നന്മ കാത്തു സൂക്ഷിക്കുവാന്‍ പഠിപ്പിക്കുന്നു. എന്നാല്‍ പട്ടണം എല്ലാ ക്രൂരതകളുടെയും പര്യായമായി മാറിയിരുക്കുന്നു എന്ന് മാത്രമല്ല അഹങ്കാരം കൊണ്ട് ഗ്രാമങ്ങള്‍ പട്ടണങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നു .....തിര
ReplyDeleteഗ്രാമവും , പട്ടണവും രണ്ടും
Deleteവ്യത്യാസമൊന്നുമില്ലാതായിരിക്കുന്നു പ്രീയ മിത്രമേ ..
കാരണം അന്നത്തെ പൊലെ ഒന്നുമിപ്പൊള്‍ ദൂരമല്ല
ചിന്തിക്കുന്ന സ്ഥലത്ത് നിന്നും ചിന്തിച്ച പ്രദേശം
പൂകുവാന്‍ നിമിഷം മതി , ഒന്നും ഒരു കണ്ണില്‍
നിന്നും മറയപെടുന്നില്ല , ഗ്രാമം എന്ന പേരു പൊലും
ഇല്ലാണ്ടായി വരുന്ന കാഴ്ചകള്‍ തന്നെ മുഴുവന്‍ ..
വിശുദ്ധി എന്നത് പുലരേണ്ടത് മനസ്സിലാണ്
അതെതു നഗരത്തിന്റെ മണമടിച്ചാലും മൂല്യങ്ങളൊട്
സമരസപെടേണ്ടി വരുമെങ്കിലും ചിലത് നമ്മുക്ക്
കാത്ത് സൂക്ഷിക്കാന്‍ ആകുമെന്നു തന്നെ കരുതമല്ലേ ...!
ആദ്യ വരവിന് ഒരുപാട് നന്ദിയും സ്നേഹവും സഖേ ..!
ഓർമ്മകൾക്കും പഴങ്കഞ്ഞിക്കും ഒരേ രുചി,
ReplyDeleteറിനി, നമ്മൾ മുളപ്പിച്ച തെറ്റിന്റെ മരം ഇന്ന് കായ്ച്ചു എന്നെ ഉള്ളു
കാലത്തെ പഴിക്കണ്ട അതൊരു ചക്രമല്ലേ ഉരുണ്ടുകൊണ്ടേയിരിക്കും.
നന്നായി എഴുതി
ആശംസകൾ
കാലത്തെ പഴിച്ചില്ല ഗോപാ ....!
Deleteപഴിക്കുകയുമില്ല .. പക്ഷേ കോലങ്ങളേ
പഴിക്കാതെ എങ്ങനെ ,, അതു നട്ട് വളര്‍ത്തിയത്
നാം തന്നെ , പക്ഷേ കരുതലോടെ നട്ട് പരിപാലിച്ചിട്ടും
ഇന്നിന്റെ കൊടുംകാറ്റുകളില്‍ ഉലഞ്ഞ് വീഴുന്ന
ഒരുപാട് തൈകള്‍ ഉണ്ട് , അതു പൊലെ തണല്‍ വിരിക്കുന്നതില്‍
നിന്നും വഴിമാറീ വെയിലിനേ പുല്‍കുവാന്‍ കൊതിക്കുന്ന പൊലെ
ചിലത് തലതിരിഞ്ഞു പൊകുന്നുണ്ട് .. ആവശ്യകതയായ്
നമ്മുക്ക് തൊന്നാം , തെറ്റിദ്ധരിക്കപെടാം , പക്ഷേ ഒരു വേനലില്‍
അവ കരിഞ്ഞു വീഴുമ്പൊള്‍ നാം എന്തു കൊടുത്ത് നില നിര്‍ത്തും ..
ഒരുപാട് നന്ദി പ്രീയ ഗോപ , നേരിന്റെ വാക്കുകള്‍ക്ക് ..!
പ്രിയപ്പെട്ട റിനിയേട്ടാ,
ReplyDeleteഎന്തെല്ലാം മാറിയാലും ഒരിക്കലും മാറാത്ത ഒരു ഗ്രാമീണ വിശുദ്ധി ആ മനസ്സിന് ഉണ്ടെന്ന് തോന്നി ഇത് വായിച്ചപ്പോൾ.
പിന്നെ ഇനി ഉണ്ണുമ്പോൾ കൈവെള്ളയിലേക്കെടുത്ത് ഉരുള ഉരുട്ടി കഴിക്കണം ട്ടോ. :)
സ്നേഹത്തോടെ,
ഗിരീഷ്
അതുണ്ട് ഗിരി സത്യം ..
Deleteമരണം വരെ ഉണ്ടാകും , പക്ഷെ അതെത്ര പാലിക്കുവാന്‍
എനിക്കും കഴിയുന്നു എന്നുള്ളത് ചോദ്യമാണ്..
ശ്രമിക്കാറുണ്ട് എന്നത് നേരും .....!
പിന്നെ ഒരിക്കല്‍ ദാസേട്ടന്‍ , അച്ഛന്റെ ഒരു സുഹൃത്തുണ്ട്
എറണാകുളത്ത് അവിടെ വച്ച് ഡോക്ടേര്‍സിന്റെ ഒരു
പ്രോഗ്രാമിന് കണ്ടു മുട്ടിയപ്പൊള്‍ ഇതു പറഞ്ഞിരുന്നു
ആദ്യം കൈവെള്ളയില്‍ വച്ചുരുട്ടി മാറ്റി വയ്ക്കുക
പിതൃക്കള്‍ക്ക് പോലെ , എല്ലാം കറിയും തൊട്ട് ..
അവിടെ കാര്യം രണ്ടുണ്ട് , ഒന്ന് മനസ്സിന്റെ ശാന്തീ
പിന്നെ എത്ര കഴുകിയാലും പൊകാത്ത കൈകളിലേ
അഴുക്ക് അതിലൂടെ പൊകുമെന്നത് ....
ഉരുട്ടി കഴിക്കണമെന്ന് അന്നു പറഞ്ഞപ്പൊഴും അവിടെ വച്ചൊന്ന്
നേരെയായെങ്കിലും എനിക്കു കൈയ്യ് മൊത്തം ഇറക്കി കഴിക്കാന്‍
പറ്റില്ല ഗിരി , ഇതിങ്ങനെ വരുന്നുള്ളു ..
ഇങ്ങനെ കഴിച്ചിട്ട് തന്നെ തടി കൂടുന്നു പിന്നെയാ :)
സന്തൊഷം , ഒരുപാട് നന്ദി പ്രീയ സോദരാ ..!
എന്റേം ഗ്രാമം ! അധികം പരിഷ്ക്കാരം ഇല്ലാതിരുന്ന ആ കാലം തന്നെയായിരുന്നു എനിക്കിഷ്ട്ടം !
ReplyDeleteഅന്നൊക്കെ അവധിക്കാലങ്ങൾ വീടിനുള്ളിൽ ഇരിക്കുന്ന സ്വഭാവമേയില്ല കുട്ടികള്ക്ക് !!
എല്ലാം കൂടെ ഏതു വഴിക്ക് പോയെന്നു അന്വേഷിക്കാനും പുറകെ ആരും വരില്ല !
അന്ന് വീട്ടുകാര്ക്ക് ഇന്നത്തെപോലെ ഭയമില്ല !
ഇപ്പൊ കുട്ടികളെ പുറത്തേക്ക് വിടാൻ പേടിയല്ലേ !
വിട്ടാൽ തന്നെ കാഴ്ചയുടെ പരിധിക്കപ്പുറത്തേക്ക് പോകാൻ അനുവദിക്കില്ല !
"ചൊട്ടയിലെ ശീലം ചുടല വരെ" എന്നല്ലേ ചൊല്ല് ?
നല്ല മാതൃക കാണിച്ചു നല്ലത് പറഞ്ഞു കൊടുത്ത് വളർത്തിയാൽ കുറെയൊക്കെ നേരെയാകും !
പിന്നെ ചീത്ത കൂട്ട് കെട്ടുകളിൽ പെടാതെയും ഇരിക്കണം !
ഏട്ടൻ ഇവിടെ എഴുതിയ പോലെ
" കുഞ്ഞുങ്ങളുടെ മാനസികമായ പതനം , അവരെ നേരെ നോക്കി വായിക്കുവാന്‍ കഴിയാത്ത സമയമില്ലായ്മ "
ഇതൊക്കെ ഒരു വല്യ കാരണം തന്നെയാണ് !
റിനീഷേട്ടൻ ഒരു പോസ്റ്റ് എഴുതാൻ എടുക്കുന്ന സമയം എത്രയെന്നു ഞാൻ കണ്ടിട്ടുണ്ട് !
തുടങ്ങുന്നതും എഴുതി തീരുന്നതും എത്ര പെട്ടെന്നാണ് !
അത്ര കുറച്ചു സമയം കൊണ്ട് ഇത്രേം കാര്യങ്ങൾ ഓർത്തെടുത്ത് എഴുതുന്നതു കാണുമ്പോൽ , അഭിനന്ദിക്കാതെ വയ്യ !
ഇനീം എഴുതണം ഒരുപാട് ! വല്യ അഭിപ്രായം പറയാനൊന്നും എനിക്ക് അറിയില്ലെങ്കിലും വായിക്കാൻ വല്യ ഇഷ്ട്ടാ !
( പാവം ആ മുടിവെട്ടുകാൻ മോഹനൻ ചേട്ടന് ഇപ്പൊ ഈ തലയൊന്നു വെട്ടണെങ്കിൽ ൽ ,
ആ തടിക്കഷ്ണത്തിന്റെ മേളിൽ കേറി നിൽക്കണ്ടി വരൂല്ലോ )
അവസ്സാന വരികള്‍ വായിച്ച് , ഒന്നു സങ്കല്പ്പിച്ച് നോക്കി
Deleteഞാനൊന്നു ചിരിച്ചേട്ടൊ ആശകുട്ടി ...!
മനസ്സില്‍ അപ്പപ്പൊള്‍ വരുന്നത് , അടുക്കില്ലാതെ
എഴുതി വയ്ക്കുവാന്‍ പ്രത്യേകിച്ച് സമയം
ഒന്നും വേണ്ട അനുജത്തികുട്ടി ..
പരിഷ്കാരങ്ങള്‍ ആകാം അതു പരിധികള്‍ക്കപ്പുറം
പൊകരുതെന്ന് മാത്രം , ആ പരിധികള്‍ നിശ്ശയിക്കപെടേണ്ടത്
ഒരൊ മനസ്സിനകത്ത് നിന്നുമാകുകയും വേണം ..
ശരിയാണ് , പണ്ടൊക്കെ അവധി ദിനങ്ങളില്‍ വീടു വിട്ടാല്‍
പിന്നെ കേറി വരുന്നത് സന്ധ്യക്ക് വിളക്ക് വയ്ക്കും നേരത്താണ്,
സ്നേഹം കൊണ്ട് ഒരു ശകാരത്തില്‍ അതു തീരും , അടുത്ത ദിനവും
ഇതു തന്നെ ആകും പരിപാടീ , അന്നത്തേ കളികള്‍ക്കും
അതിന്റെതായ പരിശുദ്ധിയുണ്ടായിരുന്നു , ഇനി ചിലപ്പൊള്‍
തെറ്റ് നമ്മുടെയാണാവോ , പുതിയ തലമുറകളുടെ ഇഷ്ടങ്ങളിലേക്ക്
നാം പാഞ്ഞ് കേറുന്നു എന്ന ചിന്തയിലൂടെ ..
എന്തായാലും , ആ ഗ്രമത്തിന്റെ വിശുദ്ധിയിന്നില്ല എന്നത് നേരു തന്നെ ..
ഒരുപാട് നന്ദി ആശകുട്ടിയേ ..!
ചില നന്മകളുടെ ഇന്നലെകള്‍
ReplyDeleteആകുലതകളുടെ ഇന്നുകള്‍
ഭീതിയുടെ നാളെകള്‍
പറഞ്ഞാല്‍ മിക്കവരുടെയും ഉത്തരം പണ്ടത്തെ കാലം ഇപ്പോഴത്തെക്കാള്‍ ഒട്ടും ഭേദമല്ലായിരുന്നു എന്നായിരിയ്ക്കും. പിന്നെ “വയസ്സാകുമ്പോള്‍ ഇങ്ങനെയൊക്കെ തോന്നും” എന്നൊരു പരിഹാസവും.
ഈ മൂന്ന് വരികളില്‍ , ഞാനെഴുതിയത്
Deleteമുഴുവന്‍ ചേര്‍ത്ത് വച്ചു അജിത്തേട്ടന്‍ ...!
ശരിയാണ് അജിത്തേട്ടാ , ഇന്നിന്റെ കണ്ണുകള്‍ക്ക്
ഇന്നലെയുടെ മിഴികളൊട് പുച്ഛമാണ് ..
വരാനിരിക്കുന്ന വേനലിന്റെ തീഷ്ണതയില്‍
ഉരുകി പൊകുമ്പൊഴും അവര്‍ നമ്മെ നോക്കി പല്ലിളിക്കും ..!
നഷ്ടപെടുന്നത് ആര്‍ക്കെന്ന തിരിച്ചറിവില്ലാതെ ..
ഒരുപാട് നന്ദി , അകം കൊണ്ട് ഈ വാക്കുകള്‍ക്ക് ..!
കുറച്ചുകൊല്ലം മുമ്പ് നാട്ടിലെത്തിയപ്പോള്‍
ReplyDeleteഏഴുവയസുകാരന്‍ മോനെയും കൊണ്ട് ,അവനാശകൊടുത്തിരുന്ന
നേരിട്ടുകാണിച്ചു കൊടുക്കാമെന്നു പറഞ്ഞിരുന്ന തൊടിയിലെ കുളങ്ങളും,
മീനുകളായ മുശുവും , ബ്രാലും ,നീര്‍ക്കോലി മുതല്‍ ചേര വരെയുള്ള പാമ്പുകള്‍ ..
ചെലചാട്ടി,ചെമ്പോത്ത് , കൂമന്‍ ..മുതലുള്ള പറവകള്‍ ...
മുള്ളുവേലികളും ,നിറം മാറുന്ന ഓന്തുകളും....
അങ്ങിനെ നിരവധി കാണാക്കാഴ്ച്ചകളുടെ കൂമ്പാരമായിരുന്നു അന്നത്തെ ആ യാത്രകളുടെ നഷ്ട്ടബോധങ്ങൾ..!
ഞാന്‍ ജനിച്ചു വളര്‍ന്ന ഈ കണിമംഗലം
ഗ്രാമത്തിൽ നിന്നും ഞങ്ങളെ പോലെ തന്നെ
ഈ കാഴ്ച്ചവട്ടങ്ങളും, ഈ ദൈവത്തിന്റെ നാട്ടില്‍ നിന്നും
വിദേശങ്ങളിലേക്ക് നാടുകടന്നുവോ ..?
മോന് - തുമ്പപൂക്കളും , തൊട്ടാവാടി
ചെടികളും , മുക്കുറ്റി പൂവ്വുകളും , കോളാമ്പിപ്പൂക്കളും,
കുമ്പള്ളവള്ളികളും, ...,ഒന്നും കാണിച്ചു കൊടുക്കുവാന്‍
സാധിച്ചില്ലല്ലോ എന്ന കുറ്റബോധവും പേറി ..
എന്റെ ഗ്രാമത്തിന് പട്ടണത്തിന്റെ കുപ്പായം ഒട്ടും അഴകിലല്ലോ
എന്ന സത്യം മനസ്സിലാക്കിയുള്ള ഒരു തിരുച്ചു പോരലായിരുന്നു അന്നത്തെ
നാടു താണ്ടിയുള്ള മടക്കം ഞങ്ങൾക്കൊക്കെ സമ്മാനിച്ചത്...!
ഞങ്ങൾക്ക് മാത്രമല്ല ,ഗ്രാമങ്ങളേയും ,
നാട്ടുമ്പുറങ്ങളേയും സ്നേഹിക്കുന്ന ഈ ‘നൊസ്റ്റാൾജിയ’
എഴുതിയിട്ട റിനിയടക്കം ഏവർക്കും..അല്ലേ കൂട്ടരെ
ശരിയാവാം മുരളിയേട്ടാ , അവയൊക്കെ വിദേശങ്ങളിലേക്ക്
Deleteനാടു കടത്തപെട്ടിട്ടുണ്ട് , ഇവിടെ ഈ മരുഭൂവില്‍ പൊലും
ഇവര്‍ നട്ട് വളര്‍ത്തുന്നതും , പരിപാലിക്കുന്നതുമായ പച്ചപ്പ് കളെ
കണ്ടാല്‍ മനം കുളിര്‍ക്കും , ഒരു തമാശപൊലെ പറയുന്നൊരു കാര്യമുണ്ടിവിടെ
അതില്‍ തമാശയില്ല , കാര്യമാണെന്ന് ഒരു കൂട്ടരും പറയുന്നു
ഇവിടെ ഒരാളേ കൊന്നാല്‍ , ചിലപ്പൊള്‍ വക്കീലിനേ വച്ച്
രക്ഷ്പെടാന്‍ ഒരുപാട് സാധ്യതയുണ്ട് , പക്ഷെ ഒരു മരം മുറിച്ചാല്‍
വധ ശിക്ഷ ഉറപ്പാണെന്ന് .. കാലം തന്ന പലതിനേയും ആര്‍ക്കും വേണ്ട
ദുര മൂത്ത ഒരു സമൂഹം കൊന്ന് തള്ളുന്ന ശവശരീരങ്ങള്‍
കൊണ്ട് നാടും മനസ്സും തിങ്ങി നിറഞ്ഞു , ഒരൊ വര്‍ഷം
വിമാനം ഇറങ്ങുമ്പൊഴും കോണ്‍ക്രീറ്റ് കാടുകളുടെ ആധിക്യം
കൂടി കൂടി വരുന്നത് മനസ്സിനെ നൊമ്പരപെടുത്താറുണ്ട്
ഞാനുമതില്‍ ഭാഗവക്കായി പൊകുന്നൊരു സങ്കടം മാത്രം ...
നമ്മുടെ മക്കള്‍ക്ക് കാണിച്ച് കൊടുക്കാന്‍ പൊലും
ഒന്നുമില്ലാത്ത അവ്സ്ഥ സംജാതമായി എന്നുള്ളത് തന്നെ ദുഖകരം ..
നന്ദി ഏട്ടാ , ഇപ്പൊഴും മരിക്കാത്ത നന്മകള്‍ കാത്ത് സൂക്ഷിക്കുന്നതിന് ..!
സുപ്രഭാതം റിനീ..
ReplyDeleteഓരൊ വരികളും ഇഴകീറിയെടുത്ത് വായിച്ചിരുന്നു പോയി..
വായനാന്ത്യം അനുഭവിക്കുന്ന വികാരം എന്താണെന്ന് നിര്‍വചിക്കാനാവുന്നില്ല..
കാഴ്ച്ചകള്‍ മണ്മറഞ്ഞ് പോയേക്കാം..സംസ്കാരങ്ങള് പിന്തുടര്‍ന്ന് നിലനിര്‍ത്തുവാന്‍ നമുക്കാവുകില്ലേ..?
അതിനു ശ്രമിക്കാം..അല്ലേ..?
ഇന്നത്തെ പരക്കംപാച്ചലിനിടക്ക് ഓര്‍മ്മകളെ ഓമനിക്കുവാന്‍ ആര്‍ക്കാണു നേരം..
പങ്കുവെക്കലിനു നന്ദി റിനീ...സ്നേഹം.
ഒരു നേരത്തെ ചിന്ത കൊണ്ട് , മനസ്സിന്റെ ആര്‍ദ്രത കൊണ്ട്
Deleteനമ്മുക്ക് നമ്മുടെ മനസ്സിനെ കാക്കാം , നില നിര്‍ത്താം
പക്ഷെ കാഴ്ചകളെ തല്ലി കെടുത്തുന്നൊരു സമൂഹമുണ്ട് മുന്നില്‍ ..
നമ്മുക്ക് നൈര്‍മല്യമായിരുന്ന പല കാഴ്ചകളും ഇന്നു അന്യം
നിന്നു പൊയിരിക്കുന്നു , മനസ്സിലേ നൈര്‍മല്യത്തിന്റെ
അംശം ഒന്നു പകര്‍ത്തുവാന്‍ , ഉത്തേജനമേകുവാന്‍
പൊലും മുന്നില്‍ വരണ്ട മണ്ണ് മാത്രമാണുള്ളത് ..
ആര്‍ക്കോ വേണ്ടി , എന്തിനൊക്കെയോ വേണ്ടി
മനുഷ്യന്‍ പരക്കം പായുന്നു , ഒരു ചെറിയ സ്പന്ദനത്തിനപ്പുറം
നിന്നു പൊകുന്ന ശരീരവും പേറി എന്നേക്കും ജീവിക്കും
എന്ന അതിമോഹവുമായീ... സംസ്കാരങ്ങളെ മനസ്സില്‍ നിലനിര്‍ത്തിയത്
കൊണ്ട് അതു വ്യാപിപ്പിക്കുവാന്‍ നമ്മുക്കാകുമോ , അതിനുതകുന്ന
പ്രതലം നമ്മുക്കുണ്ടൊ .. എങ്കിലും നന്മ സൂക്ഷിക്കുന്ന ഇതുപൊലെയുള്ള
മനസ്സുകളേ കാലം കാക്കട്ടെ .. സ്നേഹം പ്രീയ കൂട്ടുകാരീ ..
ആകുലതകളുടെ ഒരു തുണ്ട് .. നല്ല സബ്ജക്റ്റ് ..
ReplyDeleteഈ ആകുലതകൾ ഒട്ടുമിക്കവരുടെയും മനസുകളിൽ ഉണ്ട് കേട്ടോ ...
എന്നിട്ടും .................
കാലം മാറണം നല്ലതിലേക്ക് ,പുരോഗതിയിലേക്ക് ..
കൂടെ ഒരിക്കലും മനുഷ്യത്വം മനുഷ്യർക്ക് നഷ്ട്ടമാവാതിരിക്കട്ടെ ..
ഓരോ മനസും നന്നാവണ്ടെ .. നല്ലത് ചിന്തിക്കട്ടെ ..
പ്രണയത്തിന്റെ ഗ്രാമീണ സൌന്ദര്യം ഒക്കെ എന്നേ നഷ്ട്ടപ്പെട്ടു :( ..
ഗ്രാമത്തിലെ മഴയ്ക്ക് പഴേ ഭംഗിയൊന്നുമില്ല പറഞ്ഞത് ശരിയാണ് ..
നാട്ടിലെത്തുമ്പോൾ ഞാനും ഇങ്ങനെ ഓര്ക്കാറുണ്ട് ..
അവിടേക്ക് പിന്നെയും പിന്നെയും ഓടിചെല്ലാൻ പ്രേരിപ്പിച്ചിരുന്ന
യാതൊന്നും ഇപ്പോൾ അവിടെയില്ല ...
ഒരുപാടു മാറിപ്പോയ എന്റെ ഗ്രാമം ..
അവിടേക്ക് പോകാൻ ഇപ്പൊ തോന്നാറുമില്ല ..
കുട്ടിക്കാലത്തെ കളികൾ ,കുസൃതികൾ , ഒര്ക്കാൻ സുഖമുള്ള കാര്യം തന്നെ ..
നല്ല ചിന്ത ..നല്ല അവതരണം .. പതിവ് പോലെ ഭംഗിയാക്കി ..
സംതൃപ്തി തോന്നിക്കാണും ഈ പോസ്റ്റ് എഴുതിക്കഴിഞ്ഞപ്പോൾ
എന്ന് എനിക്ക് തോന്നണു .. .
ശരിയാണ് റോസേ , എന്തൊ ഒരു സംത്രിപ്തി
Deleteഇതെഴുതി കഴിഞ്ഞപ്പൊള്‍ തൊന്നിയെന്നത് നേരാണ്
മനസ്സിലുള്ള ചിലത് എഴുതി കഴിയുമ്പൊള്‍ പരയുമ്പൊള്‍
തൊന്നുന്ന ആ ഒരു അവസ്ഥ ഇതെഴുതി കഴിഞ്ഞപ്പൊഴും
ഉണ്ടായിരുന്നു , നാട്ടിലേക്ക് പോകുവാന്‍ മനം എന്നും തുടിക്കാറുണ്ട്
കാരണം ഓര്‍മകളുടെ ആ ചിത്രം മനസ്സിലിപ്പൊഴും തങ്ങി നില്പ്പുണ്ട്
അതിനേ തേടിയാണോരൊ യാത്രയും , നിരാശയാണ് ഫലം എങ്കിലും
മാറ്റത്തിന്റെ തൊതില്‍ , പഴമയുടെ രുചി വേറിട്ടറിയാന്‍ കഴിയും
മഴ പിണക്കാതെ പെയ്യാറുന്റ് ,പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍
അതെവിടെയോ പൊയ് ഒളിക്കുന്നുമുണ്ട് , പിന്നെ വേവു തന്നെ
എല്ലാം എല്ലാം കൈവിട്ട് പൊയി തുടങ്ങിയിരിക്കുന്നു
മനസ്സെങ്കിലും പഴമയില്‍ നില നിന്നെങ്കില്‍ ,, അല്ലേ ...
ഈ ആകുലതയേ ഹൃത്തിലേറ്റിയ മനസ്സിന് നന്ദി റോസെ ...
കാലത്തിനൊത്ത് കോലം കെട്ടേണ്ടി വരുന്നു -
ReplyDeleteപല തരത്തിലും !
ആശംസകൾ
കോലം കെട്ടി കെട്ടി നമ്മളൊക്കെ ഒരു പരുവത്തിലായി
Deleteമാഷേ .. ഈ സാമിപ്യത്തിന് നന്ദി കേട്ടൊ ..
പ്രിയ റിനി ശബരി,
ReplyDeleteഎന്തെന്നില്ലാത്ത ഒരു അനുഭൂതിയും വികാരങ്ങളും വിചാരങ്ങളും ഇതു വായിക്കുമ്പോൾ കടന്നു വന്നു. വളരെ ശരിയാണ് സുഹ്രത്തിന്റെ എല്ലാ നിരീക്ഷണങ്ങളും വിലയിരുത്തലുകളും. എന്റെ മനസ്സിൽ തോന്നിയ കുറെ കാര്യങ്ങൾ ഇവിടെ എനിക്ക് വായിക്കാൻ കഴിഞ്ഞു.
നല്ലത് ചിന്തിക്കാനും, സ്നേഹത്തിന്റെയും സഹോദര്യതിന്റെയും വില മനസ്സിലാക്കുവാനും സാമൂഹിക ജീവിതം നന്മയുള്ളത് ആക്കുവാനും ഉത്ബോധിപ്പിക്കുന്ന മേന്മയുള്ള രചന.
ഒരു പാട് ഇഷ്ട്ടമായി. എല്ലാ ഭാവുകങ്ങളും നേരുന്നു....
സസ്നേഹം
www.ettavattam.blogspot.com
പല മനസ്സിലുള്ളത് എന്നിലുമുണ്ടെന്നുള്ളതില്‍
Deleteഎന്തൊ ഒരു നന്മ കുടിയിരിക്കുന്നു എന്നു ഞാന്‍
വിശ്വസ്സിക്കുന്നു , ഒരു പൊലെ ചിന്തിക്കുന്നവര്‍
ഒരെ മനസ്സുള്ളവര്‍ ഉണ്ടെന്നുള്ളത് ഒരുപാട്
സന്തൊഷം നല്‍കുന്ന കാര്യങ്ങള്‍ തന്നെയാണ്
നന്മയുള്ള ഇത്തരം മനസ്സുകള്‍ മരിക്കാതിരിക്കട്ടെ
നമ്മുക്കൊരുമിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കുവാനും
കഴിയട്ടെ .. ഒരു കണം കാത്ത് വയ്ക്കാന്‍ നമ്മുക്കായാല്‍
നാളേ അതൊര്‍ത്ത് നമ്മുക്ക് നടന്നു പൊകാം ..
ഒരുപാട് നന്ദി പ്രീയ സഖേ ...!
ഓര്‍മ്മകള്‍ക്കെന്തു സുഖം!
ReplyDeleteപരിവര്‍ത്തനത്തിന്‍റെ തേങ്ങലുകളില്‍ ലയിച്ചിരുന്ന് നെടുവീര്‍പ്പിട്ടുപോയി.
അത്രയും ആഴത്തില്‍ എല്ലാ വിഷയങ്ങളും വിലയിരുത്തി അവതരിപ്പിക്കാന്‍
കഴിഞ്ഞിരിക്കുന്നു.അഭിനന്ദനങ്ങള്‍
ആശംസകളോടെ
അതെ ഏട്ടാ , ഓര്‍മകള്‍ക്ക് മാത്രമേ സുഖമുള്ളൂ ....
Deleteബാക്കിയെല്ലാം നോവാണ് , കാഴ്ചയും വാര്‍ത്തയുമെല്ലം
എന്റെ ഉള്ളില്‍ തിരയടിച്ച ചിലതെ ഉള്ളു
എല്ലാം ഉണ്ടൊന്ന് ചോദിച്ചാല്‍ അറിയാന്‍ വയ്യേട്ടൊ ..
എങ്കിലും ഈ മാറ്റങ്ങളുടെ തേങ്ങല്‍ മനസ്സേറ്റിയ
ഏട്ടന് ഒരുപാട് നന്ദിയേട്ടൊ ..!
ഗ്രാമഹൃദയത്തിന്‍റെ ശാന്തമായ ഇന്നലകളിലൂടെ പ്രശ്നസങ്കീര്‍ണ്ണമായ ഇന്നില്‍ നിന്നും അശാന്തമായ നാളെയിലെയ്ക്ക് ഒരു എത്തിനോട്ടം ,മനസ്സില്‍ തൊട്ടു വായിച്ചു ,നന്നായിരിക്കുന്നു ആശംസകള്‍ !
ReplyDeleteഞാന്‍ എഴുതിയതിന്റെ ആത്മാവിണിത് കൂട്ടുകാരീ
Deleteഅതു തന്നെ നന്നായി വായിച്ച് പകര്‍ത്തപെട്ടതില്‍
സന്തൊഷം തന്നെ , ഇന്നലെയുടെ നൈര്‍മല്യത്തില്‍ നിന്നും
ഇന്നിന്റെ ആകുലതകളിലൂടെ നാളെയുടെ ഭീതിതമായ
നിമിഷങ്ങളിലേക്കുള്ള ചിലത് .. നാളെ ശാന്തമായി പുലരുവാന്‍
നമ്മുക്ക് പ്രാര്‍ത്ഥിക്കാം , വിശ്വസ്സിക്കാം ..
നന്ദി അകം കണ്ട വായനക്ക് ...
ആകുലതകളൂം ഓര്‍മ്മകളും സ്നേഹവും എല്ലാമെല്ലാം ചേരുംപടി ചേര്‍ത്തിയതാണല്ലോ ഈ എഴുത്ത്... കൊള്ളാം, നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
ReplyDeleteഇന്നിന്റെ ആകുലതകളും , ഇന്നലെയുടെ ഓര്‍മകളും ,
Deleteനാളെയുടെ സ്നേഹത്തിന്റെ പ്രതീക്ഷകളുമാണ്
മനസ്സിനേ മുന്നോട്ട് നയിക്കുന്നത് കലേച്ചീ ..
അതു കൊണ്ടാകാം സ്വഭാവികമായിട്ട് ഇതൊക്കെ
വരികളില്‍ കടന്നു വരുന്നത് , ഈ ആകുലതയുടെ
തീരത്തണഞ്ഞതിനൊരുപാട് നന്ദി കലേച്ചീ ...
കാലത്തിനൊപ്പം നടക്കാൻ ഇഷ്ടമില്ലാത്ത ആളാണ് ഞാനും. അതുകൊണ്ടാവും കൂട്ടുകാർ പഴഞ്ചൻ എന്ന് വിളിക്കുന്നത്, നീ കഴിഞ്ഞ നൂറ്റാണ്ടിൽ ജനിക്കേണ്ടതായിരുന്നു എന്ന് പറയുന്നത്. :)
ReplyDeleteപക്ഷെ ഞാൻ പഴഞ്ചനാവാൻ ഇഷ്ടമുള്ള ആളാണ്. ഈ ലോകത്തിലെ പല കാര്യങ്ങളും മനസ്സിലാക്കാനോ, ഇഷ്ടപ്പെടാനോ കഴിയാത്ത ആളാണ്..,.
എങ്കിലും നാം ഭാഗ്യമുള്ളവരാണ് എന്ന് തോന്നുന്നു- ഇതൊക്കെ അറിയാനും കാണാനും അനുഭവിക്കാനും കുറച്ചുനാളെങ്കിലും ഭാഗ്യം ലഭിച്ചവരാണല്ലോ
(ഏകദേശം ഇതുപോലൊരു പോസ്റ്റ് ഞാനും എഴുതിക്കൊണ്ടിരിക്കയാരുന്നു, :) ഇത് വായിച്ചപ്പോൾ ആദ്യം അത്ഭുതമാണ് തോന്നിയത്, ഇത്ര മനോഹരമല്ലെങ്കിലും ഇതൊക്കെ തന്നെയാണല്ലോ ഞാനും പറയാൻ ശ്രമിച്ചത് എന്ന് ), ഒരുപാട് ഇഷ്ടം ഈ വരികൾ
അന്നുമിന്നും ഞാനും അതു പൊലെ തന്നെ അവന്തിക ..
Deleteപെട്ടുന്നുള്ള മാറ്റങ്ങള്‍ , പുതുമകള്‍ ഒന്നും എനിക്ക് ദഹിക്കില്ല
സ്നേഹിച്ച് പൊയ ഒരു മുറി വിടുന്നത് തന്നെ എന്തു വിഷമം-
ആണെന്നൊ .. സഹിക്കുന്നു എല്ലാം , എന്താ ചെയ്ക ..
ആധുകികതയുടെ വഴികള്‍ സാങ്കേതികവിദ്യകളിലൂടെ
എനിക്ക് അന്നം തരുന്നുവെങ്കിലും , ഇന്നും മനസ്സ്
കൊണ്ട് ഞാന്‍ ത്രിപ്തനല്ല , പക്ഷേ അതിജീവനം
ഒരു പ്രശ്നമാണല്ലൊ ..അല്ലേ ?
നീയിപ്പൊഴും ഏതു കൂട്ടിലാണെന്ന് താമസമെന്ന് എന്നൊടും
ചോദിക്കും എല്ലാരും , പക്ഷേ ജോലിയുടെ ഭാഗമായിട്ട്
അഭിനയത്തിലൂടെയെങ്കിലും പിടിച്ച് നില്‍ക്കാന്‍
പുതു വഴികളിലൂടെ നടക്കുന്നുണ്ട് ..
സന്തൊഷമുണ്ട് പ്രീയ കൂട്ടുകാരി നിന്റെ വരികള്‍
നിന്റെ മനസ്സ് , അതിന്റെ നന്മയറിയുമ്പൊള്‍ ..
പഴയതിനല്ലേ നന്മയും മൂല്യവുമേറുക ...
അവന്തിയുടെ എഴുത്ത് എന്നേക്കാളേറെ മനോഹരമാണ്
എഴുതുക , വായിക്കാന്‍ കാത്തിരിക്കുന്നു , നന്ദി അവന്തി
എന്തെല്ലാം മധുര സ്മരണകള്‍...........
ReplyDeleteവിഷു ആശംസകൾ Rini
ആ സ്മരണകളിലേ ജീവനുമുള്ളൂ നിധീ .....!
Deleteഒരുപാട് നന്ദിയേട്ടൊ ..
"എല്ലാത്തിനുമപ്പുറം പുതിയ കുട്ടികളില്‍ നന്മയുടെ വിത്തുണ്ടാകാം , നല്ല വശങ്ങളുണ്ടാകാം , കാലം മാറിയപ്പോള്‍ കോലം മാറിയതാകാം , എന്റെ തലമുറ ചിലപ്പോള്‍ അതിനു മുന്നെയുള്ളവര്‍ക്കിതുപോലെ തോന്നിയിട്ടുമുണ്ടാകാം എങ്കിലും എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് , ഒരിക്കലും വൃത്തിയാക്കുവാന്‍ വയ്യാത്ത പലതും സമൂഹത്തില്‍
ReplyDeleteനിറഞ്ഞ് നിറഞ്ഞ് വരുന്നുണ്ട് , മൂക്ക് പൊത്തുകയും , കണ്ണു പൂട്ടുകയും ചെയ്യുന്ന മുഖങ്ങള്‍ സ്വന്തം വീട്ടിലും അതു കണ്ട് തലകറങ്ങി വീഴുമ്പോഴാണ് മറ്റുള്ളവന്റെ വേദനയും , നൊമ്പരവും അറിയുക"..
ഞാന്‍ എന്റെ എന്ന ചിന്ത മനുഷ്യനില്‍ കയറിത്തുടങ്ങിയതോടെ നേരും നെറിയും കുറഞ്ഞു വന്നു. പിന്നെ അത് തീരെ ഇല്ലാതായി. ഒരുപക്ഷെ ഇതൊക്കെയായിരിക്കാം നാളെ.....നാം അറിയാതെ തന്നെ നമ്മിലും ഇതിന്റെ ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് സസൂക്ഷ്മം സ്വയം പരിശോധിച്ചാല്‍ ബോദ്ധ്യപ്പെടുന്നതാണ്. അപ്പോഴും നമ്മള്‍ അതിനെ സ്വയം ന്യായികരിക്കാനുള്ള തിടുക്കത്തില്‍ ആവും. ചുറ്റും അങ്ങിനെ ആവുമ്പോള്‍ നമ്മള്‍ എന്തു ചെയ്യും എന്ന ന്യായീകരണം. എങ്ങിനെയൊക്കെ ചിന്തിക്കുമ്പോഴും കൃത്യമായ ഒരുത്തരം കിട്ടാതെ വരുന്നു. ഒരു കാര്യം ശരിയാണെന്നു തോന്നുന്നു. പ്രപഞ്ചത്തിനെ ആകെ കുഴച്ചുമറിച്ച് സംഭവിക്കുന്ന മാറ്റങ്ങളില്‍ ഒരു ശരിയില്ലായ്ക എനിക്ക് തോന്നുന്നുണ്ട്.
കുറെയൊക്കെ പഴയത് അറിഞ്ഞ നമ്മള്‍ പുതിയതിനെ മനസ്സറിഞ്ഞു സ്വീകരിക്കാനാവാതെ ശരിയേത് തെറ്റേത് എന്ന കണ്ഫ്യൂഷനില്‍ പെടുന്നുണ്ട് എന്നും തോന്നുന്നു.
എന്തായാലും നമ്മെ സംബദ്ധിച്ച് മധുരിക്കുന്ന ഓര്‍മ്മകളാണ് റിനി പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. അതൊരു പക്ഷെ ഈ ഓര്‍മ്മകള്‍ക്ക് ഇത്രയും മധുരം നല്‍കുന്നത് പഴയത് മാറി പുതിയതിനു വഴിമാറി കൊടുത്തു എന്നതുകൊണ്ടാണ്.
വിഷു ആശംസകള്‍
ശരിയാകാം ഏട്ടാ , പുതിയതിന് വഴിമാറി
Deleteകൊടുത്തു എന്നുള്ളത് കൊണ്ടാകാം
നമ്മുടെ പഴയതിനേ , നാം അനുവര്‍ത്തിച്ച്
പോന്ന പഴമക്ക് ഇത്ര മാധുര്യമേറുന്നത് ...
ഈ മാറ്റങ്ങളില്‍ സ്വാഭാവികമായും നാം
ഉള്‍പെട്ടു പൊയെന്നുള്ള ന്യായികരണമില്ല
എങ്കിലും , ഏട്ടന്‍ പറഞ്ഞ പൊലേ നമ്മളിലേക്ക്
നോക്കുമ്പൊള്‍ ആ മാറ്റം നാം സ്വയം എടുത്തണിഞ്ഞു
എന്ന് നിസംശയം പറയാം , അല്ലെങ്കില്‍ നാം പിന്നിലേക്ക്
തള്ളപെടാന്‍ സാധ്യധയുണ്ട് , എന്നാലും മനസ്സില്‍
അതിപ്പൊഴും വല്ലാതെ തിരയിളക്കുന്നുണ്ട് , പൂര്‍ണമായൊരു
ഇഷ്ടത്തൊടെയാണ് അതു നാം ചെയ്തതെന്ന് പറയാന്‍ വയ്യ ..
എന്തൊക്കെയോ പൊരുത്തകേടുകള്‍ ആ മാറ്റങ്ങളില്‍
പ്രതിഫലിക്കുന്നു എന്ന സത്യം ഏട്ടനേ പൊലെ എന്നിലുമുണ്ട്
അതു കൊണ്ടുള്ള വരികളാകാം ഇതും , സ്വാര്‍ത്ഥമായ മനസ്സിന്റെ
ആകെതുകയാകാം ഇന്നിന്റെ ആകുലതകളെല്ലാം എന്ന അറിവ്
ഒരൊ മനസ്സിനും ഉണ്ടായാല്‍ തന്നെ പകുതി ആശ്വാസ്സമാണ്
ഒരുപാട് നന്ദി പ്രീയ ഏട്ടാ , ഈ അകുലതക്കള്‍ക്കൊരു ചിത്രം വരച്ചതില്‍ ..
മധുരിക്കുന്ന കുറേ ഓര്‍മ്മകളും കയിപ്പിനേക്കാള്‍ കുത്തിനോവിക്കുന്ന ഇന്നുകളും ചേര്‍ത്തുവെച്ച പോസ്റ്റ് നന്നായി റിനീ. മനോഹരമായിരുന്ന എന്‍റെ നാട്ടുവഴികളും നിഷ്കളങ്കരായിരുന്ന ഗ്രാമിണരും എന്നേയും വഴിനടത്താറുണ്ട് ഒരു നഷ്ടബോധത്തിന്‍റെ ഓരത്തുകൂടി.
ReplyDeleteഎല്ലാം നഷ്ടമായി പൊയെന്നുള്ള തിരിച്ചറിവ്
Deleteതന്നെയാണ് ജീവിതത്തിലേ ഏറ്റം വലിയ ദുഖം ..
അതിനെ ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന സത്യം
നമ്മേ വല്ലാണ്ട് വേട്ടയാടും ..
ഇന്ന് മധുരിക്കുമെങ്കില്‍ നാം പഴ മധുരത്തേ
മറന്നു പൊയേക്കാം , ഇന്നിന്റെ കയ്പ്പുകളാണ്
നമ്മേ പഴമയുടെ മാധുര്യത്തിലേക്ക് നടത്തുന്നത് ...
ഒരിക്കലും തിരിച്ച് കിട്ടില്ലെന്നറിയാമെങ്കിലും
നാമൊക്കെ വെറുതെ ആഗ്രഹിക്കുന്നണ്ടല്ലേ .. ആ പഴയ കാലം ..
നന്ദീ ഒരുപാട് .. ഈ കയ്പ്പുനീരിനേ രുചിച്ചതില്‍ ..
നന്നായെഴുതി, മാഷേ...
ReplyDelete"മുടിവെട്ടാന്‍ പോകുന്ന മോഹനേട്ടന്റെ കടയില്‍ ഞാന്‍ ചെല്ലുമ്പോള്‍ , കേറ്റിയിരുത്തുന്നൊരു തടി കഷ്ണമുണ്ടായിരുന്നു അന്ന് വല്ലാത്തൊരു ആഗ്രഹമായിരുന്നു , ഒന്ന് തടിയില്ലാതെ എന്നാണ് നെരെ ഇരുന്നൊന്ന് മുടിവെട്ടാന്‍ പറ്റുക എന്ന്"
എന്റെ മനസ്സിലും ഒരു കാലത്തുണ്ടായിരുന്ന ആഗ്രഹം തന്നെ ഇപ്പറഞ്ഞത്...
പണ്ട് ആ കട നില നിന്നിരുന്ന
Deleteസ്ഥലമൊക്കെ ആകെ മാറി പൊയീ ..
പക്ഷേ ഇന്നും ആ ഏട്ടനേ കാണുമ്പൊള്‍
പഴയ കാര്യങ്ങള്‍ പറയുമ്പൊള്‍ കൊച്ചു കുട്ടിയാകും
മനസ്സപ്പൊള്‍ .. മനസ്സിപ്പൊഴും പറയുന്നു
കുട്ടിയായ് ഇരുന്നാല്‍ മതിയായിരുന്നു എന്ന്
പക്ഷേ ഈ കാലം വേണ്ട , പഴയത് മതിയെന്നും ..
നന്ദി ശ്രീ ഈ സാമിപ്യത്തിന്
നഷ്ടമായ നാട്ടുനന്മ. ഗൃഹാതുരത്വം മനസ്സിന്‍ കോണില്‍ കൊണ്ട് നടക്കുന്ന പ്രവാസിയുടെ മനം ഇന്ന് ഇത്തരം വിങ്ങലുകളില്‍ ആണ്. ഗ്രാമനന്മ തൊട്ടറിഞ്ഞ എഴുത്തുകാരന്റെ മനസ്സ് ഒരു പുസ്തകം പോലെ ഇവിടെ വായനക്ക് വെച്ചിരിക്കുന്നു.
ReplyDeleteവിഷു നാളില്‍ തന്നെ ഇത്രയും നൈര്‍മല്യമുള്ള റീനിയുടെ ഈ പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞത് എനിക്ക് റീനിയില്‍ നിന്നും കിട്ടിയ വിഷു കൈനീട്ടമായി. റീനിക്കും കുടുംബത്തിനും വിഷു ആശംസകള്‍.
പ്രവാസിയാകുമ്പൊഴാണ് , നമ്മള്‍ വളര്‍ന്നു
Deleteവന്ന സാഹചര്യങ്ങളുടെ മാറ്റം പെട്ടെന്നറിയുക
എന്നു തൊന്നുന്നു പ്രീയ ഏട്ട എനിക്കും ..
കാരണം , കണ്ട് കണ്ടിരിക്കുന്ന ഒന്നിന്റെ
മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സ്വല്പ്പം വിഷമമാകും
നാട് തേടി നാം പൊകുന്നതു തന്നെ പഴയ ചിന്തകള്‍
മനസ്സില്‍ വച്ചാകും ,പക്ഷേ നമ്മുക്ക് മുന്നില്‍ വിരുന്ന്
വരുന്ന മാറ്റങ്ങള്‍ നമ്മെ വല്ലാണ്ട് വേദനിപ്പിക്കും
മാറ്റം പെട്ടെന്ന് മണത്തറിയുക പ്രവാസി ആകാന്‍
കാരണവും ഇതു തന്നെ .. മനസ്സൊടിയെത്തുന്ന
പലതും ഇന്നും ഓര്‍മകള്‍ മാത്രമായി അവശേഷിക്കുമ്പൊള്‍
ആ മാറ്റം പൊലും കാണാനാവതെ , പൊരുത്തപെട്ടു പൊയേക്കാവുന്ന
ആ അവസ്ഥ പൊലും നമ്മളില്‍ ഇല്ലാതെ, പെട്ടെന്നുള്ള കാഴ്ചകള്‍
മനസ്സിനേ ഉഴുതു മറിക്കും , വല്ലാതെ നോവും ...
ഇതൊരു വിഷുകൈനീട്ടമായി സ്വീകരിച്ച അങ്ങേക്കൊരുപാട് നന്ദീ ..
ഒരുപാടിഷ്ടായിട്ടോ .. അച്ഛൻ പെങ്ങളുടെ വീടിനടുത്തുള്ള ബാർബർ അയ്യപ്പൻറെ മരപ്പലകയിൽ ഞാനും ഇരുന്നിട്ടുണ്ട് ... കഴുത് കടഞ്ഞു കരഞ്ഞിട്ടുണ്ട് .. മഹാഭാരതം കാണാൻ ഞായറാഴ്ച രാവിലെ ജോസഫ് സാറിന്റെ വീട്ടിലെതിയിരുന്ന..ജാതിയോ മതമോ ഇല്ലാത്ത നാട്ടുകാർ. പഴം കഞ്ഞി ഓർമഇല്ലെങ്കിലും വല്യമ്മേടെ പുളിചീച്ചതും (ചീരോപറങ്കി - കാന്താരി,യും പുളിയും ഉടച്ചത് ) താള് കൂട്ടാനും ചമ്മന്തിം എങ്ങനെ മറ ക്കാൻ?
ReplyDeleteകാര്യപ്രസക്തമായ വിശകലനങ്ങല്ക്കിടെ ഞാ ഇങ്ങനെ ഓരോന്നിൽ കുടുങ്ങി കിടക്കുകയാ ണ് .. എല്ലാ ഗ്രാമങ്ങളും ഒന്നുപോലായിരുന്നോ അതോ നമ്മുടെ കാഴ്ചകൾ മാത്രമോ?
ചിലപ്പൊള്‍ നമ്മുടെ കാഴ്ചകള്‍ മാത്രമാകാം കീയകുട്ടീ ..
Deleteഎല്ലാം ഒന്നെന്നും , അതില്‍ നന്മയുണ്ടെന്നും നാം
കണ്ടുപുലര്‍ന്നിരുന്ന അന്നില്‍ ജീവനുണ്ടെന്നുമുള്ളത് ..
ജാതിയോ മതമോ ഇന്നും ഇല്ല , മനുഷ്യന്‍ അതിനപ്പുറം വളര്‍ന്നു
എന്നിട്ട് അതിനെതിരെ യുദ്ധം ചെയ്യുന്നു , ചെയ്യുമ്പൊള്‍
അതു മറ്റവന്റെ മതത്തിനെതിരെ ആണെന്ന് മാത്രം
അവരവരുടെ മാത്രം നല്ലതെന്ന് തൊന്നലിലേക്ക്
ചേക്കേറി പൊയൊരു മനസ്സ് സൃഷ്ടിച്ചെടുക്കാന്‍
കുറെ ആളുകള്‍ ഉല്‍സാഹിച്ചിട്ടുണ്ട് , അവരതില്‍ വിജയവും കണ്ടൂ.
മത നേതാക്കന്മാര്‍ക്ക് വേണ്ടത് കൂട്ടമാണ് , പക്ഷേ ആ കൂട്ടത്തില്‍
മനസെന്ന നേരുള്ളവരെ ആരും പ്രതീക്ഷിക്കുന്നേയില്ല
ഏറ്റം വലിയ ലഹരിയായ് മതം വളര്‍ന്നു വരുന്നു ..
മുറിച്ച് മുറിച്ച് ഓരത്ത് കൂട്ടട്ടെ മനസ്സുകളേ ........
ഒരൊ ചിത്രങ്ങളില്‍ ഞാനുംകുരുങ്ങി കിടക്കുന്നു ഇപ്പൊഴും കീയകുട്ടീ
എഴുതി കഴിയുമ്പൊഴാണ് ഇത്തിരിയെങ്കിലും സമാധാനം ..
ഒരുപാട് നന്ദിയേട്ടൊ .. ഓര്‍മകളെ തൊട്ട് നനച്ചതില്‍
നല്ലൊരു പോസ്റ്റ്...
ReplyDeleteഒരുപാട് നന്ദി സഖേ .. വരികളില്‍ കണ്ണോടിച്ചതിന് ...
Deleteഒരു ബ്ലൊഗ് പൊസ്റ്റ് , നാം ചിന്തിച്ച് , തിരുത്തലുകളൊക്കെ
ReplyDeleteവരുത്തി വായനക്കാര്‍ക്ക് മുന്നിലിട്ടു കൊടുക്കുമ്പൊള്‍
അതില്‍ നിന്ന് എന്തെകിലും ഒന്നു സംവേദിക്കണമെന്ന്
അതിയായ് ആഗ്രഹമുണ്ടാകും , പ്രണയമായാലൊ , മഴയായാലൊ
അതിന്റെ കുളിരും വിരഹവും .. കാലികമായാല്‍ അതിന്റെ
ആകുലതകളും , അതിന്റെ കൈവഴികളും ചിന്തകളുമൊക്കെ..
അങ്ങനെ എന്തെകിലുമൊന്ന് മനസ്സില്‍ കേറി ചെന്ന് ഒന്ന്
ചിന്തിപ്പിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു വെറും വരികളാണ്
എന്തിനോ വേണ്ടിയുള്ള വെറും കൊടുക്കല്‍ വാങ്ങലുകള്‍ ..
ഞാന്‍ വായിച്ച് കമന്റ് ഇടുന്ന ഒരു പൊസ്റ്റും നേരെ വായിക്കാതെ
ഒരക്ഷരം അവിടെ കുറിക്കാറില്ല , അതെങ്ങനെ എന്നില്‍ സംവേദിച്ച്
എന്നുള്ളത് വച്ചേ ഞാന്‍ അവിടെ പ്രതികരിക്കാറുമുള്ളു , അതെങ്ങനെ
വേണമെന്നത് എന്റെ മാത്രം ഇഷ്ടവുമാണ് .. കാരണം പോസ്റ്റാണ് പ്രധാനം
അതിനെഴുതുന്ന മറുപടികളല്ല , ഒരു പോസ്റ്റ് എഴുതുന്നത് ഒരു മനസ്സും
അതു വായിച്ചിട്ട് കമന്റുന്നത് പല ചിന്തകളും പല മനസ്സുകളുമാണ്
അതവരുടെ സ്വാന്തന്ത്ര്യത്തിന് വിടുക പൂര്‍ണമായീ .. നാം പകര്‍ത്താന്‍
ശ്രമിക്കുന്നത് എതു രൂപത്തിലായാലും അനുവാചകന്റെ ഹൃത്തിലേക്ക്
പ്രവേഴിക്കുന്നുവെങ്കില്‍ , ഒരൊറ്റ നിമിഷം ഒന്നു ചിന്തിക്കുന്നുവെങ്കില്‍
ആ പൊസ്റ്റ് കൊണ്ട് ഫലമുണ്ട് എന്നര്‍ത്ഥം , അതിനപ്പുറം ഉള്ള
കമന്റുകളും , ചര്‍ച്ചകളും ,, ഇന്നിന്റെ മാധ്യമ ആഘോഷം പൊലെയാണ്
നാളെ അതു വേറെയാകും , ഒരു കമന്റ് മതി മനസ്സില്‍ മഴ പെയ്യിക്കാന്‍
എഴുതുന്ന നന്മകള്‍ മനസ്സിലേക്ക് എത്തട്ടെ എന്ന് പ്രതീക്ഷ മാത്രം ...
നന്മ ജയിക്കട്ടെ
ReplyDeleteഈ ഓര്‍മ്മപ്പെടുത്തലുകള്‍ അര്‍ത്ഥവത്താണ്, അനിവാര്യമാണ്
എന്നും വിജയിക്കട്ടെ , ഈ ഓര്‍മപെടുത്തലില്‍
Deleteകാതലുണ്ടെന്നറിയുന്നതില്‍ ഒരുപാട് സന്തൊഷവും
നന്ദിയും പ്രീയ സഖേ ..!
റിനീ .. സത്യം പറഞ്ഞാ ഈ പോസ്റ്റ് വായിച്ചു തീർന്നപ്പോൾ പല കാരണങ്ങൾ കൊണ്ട് മനസ് വേദനിക്കുകയാണ് .. ഒന്ന് , ഇനിയൊരിക്കലും ആ പഴയ കാലവും അന്നത്തെ നിഷ്ക്കളങ്ക ചിന്താഗതിയും ആർക്കും തിരിച്ചു കിട്ടില്ല ല്ലോ എന്ന വിഷമം . രണ്ട് , ഇന്നത്തെ കാലത്തിന്റെ ഈ ഒരുമ്പോക്ക് ആലോചിച്ചിട്ട് .. സത്യത്തിൽ ആധിയാണ് ഈ കാലം .. മറ്റൊന്നുമല്ല .. പക്ഷെ നമുക്ക് സഞ്ചരിച്ചേ മതിയാകൂ .. അതാണ് യാഥാർത്ഥ്യം ... പ്രാർത്ഥനകളോടെ ..
ReplyDeleteറിനീ,
ReplyDeleteഎന്താണ് പറയേണ്ടതെന്നറിയുന്നില്ല...
ലോകം പുരോഗമിച്ചെങ്കിലും ഇപ്പോഴും മുനിഞ്ഞുമാത്രം കത്തുന്ന സങ്കുചിതത്വത്തിന്റെ മുമ്പില്‍ പലപ്പോഴും നമ്മുടെ സമീക്ഷയുടെ സമീക്ഷണങ്ങള്‍ പതറിപ്പോവുന്നു. ഗതകാല സ്മരണളില്‍ നിന്നുള്ള ഊര്‍ജമാണിപ്പോഴും നമ്മെ നയിക്കുന്നതെന്ന് തോന്നിപ്പോവുന്നു; ആര് നമ്മെ പഴഞ്ചനെന്നാക്ഷേപിച്ചാലും...!
ഓരോ വരിയും ഓരോ ഓര്‍മകളും ചിന്തകളും പ്രദാനം ചെയ്യുന്നു... പുരോഗതിയുടെ പേരില്‍ നഷ്ടമാകുന്നത് എന്തൊക്കെയാണെന്ന് ഒരു നിമിഷം ഓര്‍ക്കുന്നത് നന്നായിരിക്കും, അല്ലെ?
ReplyDeleteചിന്തിപ്പിച്ചതിന് നന്ദി!
തുടക്കം തൊട്ടു തന്നെ നല്ല സുഖമുള്ള വായന സമ്മാനിച്ചു പോന്നു ആ നാട്ടിന്‍ പുറത്തിന്‍റെ ഓരോ വരിക്കിടയിലും നിറച്ചു ബാല്യ കൌമാരങ്ങളുടെ മേമ്പൊടി ചേര്‍ത്ത് ഇന്ന് മനസ്സിലുള്ള തേങ്ങലുകളെ പങ്കു വെച്ചു പതിവ് പോലെ തന്നെ മനോഹര ശൈലിയില്‍
ReplyDelete