Wednesday, April 25, 2012

ദൈവം ഉണ്ടോ ? വിശ്വാസ്സം അതല്ലെ എല്ലാം !

















പള്ളിമണിയുടെ തുടരെ തുടരെ ഉള്ള ശബ്ദം
മല മടക്കുകളില്‍ ചെന്നു തട്ടി തിരിച്ചു വരുന്നു ..
പ്രഭാതത്തിന്റെ മഞ്ഞിന്‍ കണങ്ങളിലും ക്രൂരതയുടെ ഗന്ധം !
ഒറ്റപെട്ടുപോയ മനസ്സുകളുടെ നിലവിളികള്‍ ,
മതവൈര്യത്തിന്റെ കാണാകയങ്ങളില്‍ പരീക്ഷണവസ്തുവായവര്‍,
നാട് വിട്ട് വിശുദ്ധിയുടെ പുണ്യപദങ്ങളില്‍
സേവനത്തിന്റെ മാതൃക കാട്ടി , കര്‍ത്താവിന്റെ സ്വന്തം
മണവാട്ടിമാര്‍ .. ദൈവ വചനമുരുവിട്ട് മാത്രം പുലര്‍ന്ന പുലരികള്‍..
ഇന്ന് കഴുത്തിനടിയിലെവിടെയൊ അമര്‍ന്നു പൊയൊരു ഗദ്ഗദം
സ്വന്തം മാനം പൊലും കാക്കുവാനാകാതെ , തിരുസന്നിധിയില്‍
കര്‍ത്താവിന്റെ മുന്നില്‍ വച്ച് എല്ലാം നഷ്ടമായി പോയവര്‍ ..
രക്ഷിപ്പാന്‍ ആരുമില്ലാതെ ആയി പോയവര്‍ .. എന്തേ ദൈവം ഉറക്കമായിരുന്നുവോ ?
ദൈവത്തിനെ മാത്രം നിനച്ചിരുന്നവരെ ദൈവം കൈവെടിഞ്ഞോ ?





 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
മഴക്കാലം അന്നും ഇന്നും മുന്നില്‍ ..
കുളിരുള്ള കാഴ്ചകള്‍ക്കപ്പുറം
യാഥാര്‍ത്ഥ്യത്തിന്‍റെ ചവര്‍പ്പ് ..
പനിനീര്‍പുഷ്പത്തിന്‍റെ താഴേ വച്ച്
കൂര്‍ത്ത മുള്ളിനാല്‍ രൂപം
നഷ്ടമാകുന്ന മഴത്തുള്ളി ..
കാമചേതനകള്‍ ഉണര്‍ത്തി
തേന്‍ കവര്‍ന്ന് പറന്നകലുന്ന കരിവണ്ട് ..
മൊഹങ്ങള്‍ സ്വപ്നങ്ങള്‍ സമ്മാനിച്ച്
കാലം അതിന്റേ കൈയ്യ്ക്കുന്ന രുചികളില്‍
നാവില്‍ ആയിരം അനുഭവ വിത്തുകള്‍ പാകുന്നു ..
















കുടുംബജീവിതം പോലും ത്യജിച്ച് കര്‍ത്താവിന്റെ മണവാട്ടിമാരായി
ജീവിതം ഉഴിഞ്ഞു വച്ച ദൈവത്തിന്റെ പാതയില്‍ ജീവിച്ചവര്‍ !
വര്‍ഗ്ഗീയ വിഷ വിത്തുകള്‍ പാകിയ മനസ്സുകള്‍ കാമത്തിന്റെ
കണ്ണുകളുമായി അവരെ വളഞ്ഞപ്പൊള്‍ , എന്നും മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന
ചാപ്പലില്‍ വച്ച് പലപേര്‍ ചേര്‍ന്ന് മാറി മാറി ഉപയോഗിക്കുമ്പോള്‍
ദൈവം എന്തേ നോക്കിയിരുന്നുവോ?.. ഒരു വിരലനക്കുവാന്‍ ദൈവത്തിനായില്ലേന്ന്
വല്ലാതെ ഇടക്കൊക്കെ ചിന്തിചു പോകുന്നുണ്ട് ഞാന്‍ ..

ദാരിദ്രത്തിന്റെ കൊടും വേവിലും ( ഇപ്പൊള്‍ അതൊക്കെ ഇല്ലെങ്കില്‍ കൂടി )
വീട്ടില്‍ നിന്നും കൊണ്ട് വന്ന എണ്ണ കൊണ്ട് വിളക്ക് കത്തിച്ചു വച്ച്
നിവേദ്യം അര്‍പ്പിക്കുന്ന ദൈവത്തിന്റെ ഇടനിലക്കാരനായി നാം കാണുന്ന പൂജാരിയുടെ
കഷ്ടതകളില്‍ ദൈവം എന്തേ കനിയാത്തത് ?, എന്തേ ഒരാളുടെ രൂപത്തിലെങ്കിലും
അവന്റെ മുന്നില്‍ അവതരിച്ചു പോകുന്നില്ല അവന്‍ ?

കുഞ്ഞുങ്ങളാണ് സ്നേഹമെന്നും , അതു നില നിര്‍ത്തണമെന്നും
എത്രയുണ്ടൊ അത്രയും സമ്പത്ത് നമ്മുക്ക് ദൈവം നല്‍കുമെന്നും
അതു തന്നെ നാം കേട്ടു കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍
രണ്ടാമത്തെ കുഞ്ഞിന്റെ വിവാഹ ആവിശ്യങ്ങള്‍ക്ക് , അവളുടെ
തീരാദുഖത്തിനു ഒരു തുണ്ട് നാണയം നല്‍കാന്‍ ദൈവത്തിനെന്തേ കഴിയുന്നില്ല ?














ദൈവം സ്നേഹമാണ് , ഞാന്‍ തികഞ്ഞ ദൈവ വിശ്വാസ്സിയുമാണ് ..
പക്ഷെ ഒരു ചോദ്യം ദൈവത്തിന് നമ്മുക്ക് നേരിട്ടെന്തേലും തരുവാനുള്ള കഴിവുണ്ടൊ ?
അവന് പേരുണ്ടൊ ? മനുഷ്യന്‍ തമ്മില്‍ പകരുന്ന സ്നേഹവും കരുണയുമല്ലേ ദൈവികം എന്നത് ?
ഈ തിന്മയും നന്മയും വേര്‍തിരിച്ച് മാത്രം സഹായിക്കുന്നവനാണ് അവനെങ്കില്‍
തിന്മക്ക് മുകളില്‍ അവന്‍ പറന്നുയരുകയും നന്മക്ക് മുകളില്‍ കൃപ ചൊരിയുകയും വേണ്ടേ ?

ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട് : ദൈവം അനുഭവമാണ് , നമ്മുക്ക് കാണുവാന്‍ കഴിയാത്ത ഒന്ന്
കാറ്റു പൊലെ ! അനുഭവിച്ചറിയാന്‍ സാധിക്കുന്ന ഒന്ന് , ഉണ്ടൊ എന്ന് ചോദിച്ചാല്‍ ഉണ്ട്
കാണിച്ച് തരാമോ എന്നു ചോദിച്ചാല്‍ , അനുഭവിച്ചറിയാം എന്നാണ് ഉത്തരം ..
ദാഹിച്ച് തളര്‍ന്നു വീഴുന്നവന് വെള്ളം പകരുന്നവന്‍, അവന് ദൈവ തുല്യന്‍!
സ്നേഹം നിറച്ച് കരുണ ചൊരിയുന്നവന്‍ , ഹൃത്തില്‍ ദൈവത്തേ പേറുന്നവന്‍ !
മുന്നിലേ നോവുള്ള കാഴ്ചകളില്‍ ഒരു കൈയ്യ് കൊണ്ടും മനസ്സ് കൊണ്ടും സഹായം
നല്‍കുന്നവന്‍ അവരില്‍ ദൈവത്തെ നിറക്കുന്നു , ദൈവത്തിന്റെ അനുഭവം നിറക്കുന്നു ...
ദൈവത്തേ അറിയുന്നവന്‍ , സ്നേഹത്തേ അറിയുന്നു , പ്രാര്‍ത്ഥന കൊണ്ട് മനസ്സ് ശാന്തമാകുന്നു
മതം മനുഷ്യനേ നന്മയിലേക്ക് നയിക്കുന്നു , മനസ്സിനേ മാലിന്യ വിമുക്ത്മാക്കുന്നു ..
എന്നിട്ടും മതത്തിന്റെ പേരിലും , അതിര്‍ത്തിയുടെ പേരിലും , മനുഷ്യന്റെ പേരിലും
അന്യോന്യം കൊല്ലുന്നു, കുരുതി കൊടുക്കുന്നു , ദൈവം ചിരി തൂകുന്നുണ്ടാവാം ..




നിങ്ങള്‍ ദൈവത്തില്‍ അഭയം പ്രാപിക്കു അവന്‍ നിനക്ക് രക്ഷയേകും എന്നു കേട്ടാല്‍
അതു പൂര്‍ണമായും വിശ്വസ്സിക്കാന്‍ കഴിയുമോ ..?
മനശാന്തിയില്ലാതലയുന്ന ഒരാളെ , ദൈവമെന്ന അദൃശ്യശക്തിയാല്‍ സ്വാന്തനമായേക്കാം
പ്രാര്‍ത്ഥന കൊണ്ട് അവന്റെ പ്രതീഷകള്‍ക്ക് പുതു ജീവന്‍ നല്കാം ..
താല്‍ക്കാലികമായ ആശ്വാസ്സം അവന്റെ മേല്‍ ചൊരിയാം ..
പക്ഷേ അവന്റെ യഥാര്‍ത്ഥമായ പ്രശ്നങ്ങള്‍ നീങ്ങുന്നുണ്ടൊ ?
മറ്റുള്ളവരുടെ മനസ്സ് മാറി അവനെ സഹായിക്കുവാന്‍ ഒരാള്‍ വരുമെന്ന് കരുതാം
അതിന് ദൈവത്തെ കൈമണി അടിച്ചാലേ സാധിക്കുകയുള്ളൊ??

അന്യോന്യം സഹായിക്കുവാന്‍ നമ്മുക്ക് മതത്തിന്റെയും ദൈവത്തിന്റെയും ആവിശ്യമുണ്ടൊ ?
രണ്ടു ദിവസ്സം മുന്നേ യാദൃശ്ശ്ചികമായി കണ്ട ഒരു പത്ര വാര്‍ത്ത ..
നാട്ടില്‍ നിന്നും വന്ന മിത്രത്തിന്റെ പലഹാര പൊതിയില്‍ നിന്നഴിഞ്ഞു വീണ
മലയാള പത്രത്തിന്റെ തുണ്ടില്‍ നിന്നും വായിച്ചെടുത്ത ചില വരികള്‍
മനസ്സില്‍ കൊരുത്ത ചില ചോദ്യങ്ങളാണിതൊക്കെ ! വെറും ചോദ്യങ്ങള്‍ മാത്രം ..
2007 ഒക്ടോബര്‍ മാസത്തില്‍ മധ്യപ്രദേശിലേ ഇന്‍ഡോറില്‍ നടന്ന കൂട്ട മാനഭംഗം ..
കന്യാസ്ത്രീകളായ മൂന്നു പേരെ , അക്രമിച്ച വര്‍ഗീയവിഷമനസ്സുകള്‍ ..
രക്ഷനേടീ ചാപ്പലില്‍ അഭയം നേടിയ അവരെ , അവിടെ
ഇട്ട് ക്രൂര മാനഭംഗത്തിനിരയാക്കിയ കാപാലികര്‍ .. ദൈവത്തിന് വേണ്ടി ജീവിക്കുന്നവരെ
ദൈവം എന്തേ കാത്ത് രക്ഷിക്കുന്നില്ല .. അല്ലെങ്കില്‍ ഒരു കുഞ്ഞു ശിക്ഷ പോലും
എന്തേ അക്രമിച്ചവര്‍ക്ക് കൊടുക്കുവാനോ തടയുവാനോ ദൈവത്തിനാകുന്നില്ല ?
ഇങ്ങനെ ചോദ്യങ്ങള്‍ കുന്നു കൂടിയപ്പോള്‍ എഴുതി പോയതാണ് ..

















ദൈവ സ്നേഹം ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട് , എന്റെ അമ്മയിലൂടെ , മകളിലൂടെ
കൂട്ടുകാരിയിലൂടെ , മഴയിലൂടെ , പ്രകൃതിയിലൂടെ , അതിലൊക്കെ ദൈവത്തെ കാണുന്നു ..
മൗനമായ് ദൈവസന്നിധിയില്‍ നില്‍ക്കുമ്പോള്‍ ഒരു ഊര്‍ജം വന്നു നിറയാറുമുണ്ട് .
പക്ഷേ ചില ദുരിതങ്ങള്‍ മുന്നില്‍ നിറയുമ്പോള്‍ , മനസ്സ് ചോദ്യങ്ങള്‍ ചോദിക്കുന്നു ..
സ്നേഹമാണ് ദൈവമെങ്കില്‍ , അവന്‍ ശിക്ഷ നല്‍കുമോ ? പേടിപ്പിച്ച് പിന്തിരിപ്പിച്ചിട്ട്
എന്തു നേട്ടമാണുള്ളത് , മനസ്സ് കൊണ്ട് നിറഞ്ഞു ചെയ്യാതെ ,
പേടി നല്‍കി ഉള്ളില്‍ നിറക്കേണ്ട ഒന്നോ ദൈവ സ്നേഹം?.
എന്റെ തല തിരിഞ്ഞ ചിന്തകള്‍ക്ക് തല്‍ക്കാല വിരാമം .. വീണ്ടും വരാം ഒരിക്കല്‍ കൂടീ ..
ഉത്തരങ്ങള്‍ ചോദ്യങ്ങള്‍ക്ക് മേല്‍ പെയ്തു തോര്ന്നില്ലെങ്കില്‍ .. സ്നേഹപൂര്‍വ്വം ...






















ചിത്രങ്ങള്‍ക്ക് : ഗൂഗിളില്‍ നിന്നും തപ്പി തന്ന
കൂട്ടുകാരിയോട് നന്ദിയോടെ ...

Sunday, April 8, 2012

..... മേട മഴ .....



















അല്ല .. എന്താണ് നീ ഇങ്ങനെ..
മഴയെ ചുറ്റിപറ്റി മാത്രം പുലരുന്നത് ...?
വിഷു വരവറിയിച്ചു സ്വര്‍ണ്ണ മൊട്ടുകള്‍
വഴി നീളേ പൂത്തിട്ടും , ഈ മീനച്ചൂടിലും
നീ എന്തേ ! മഴയെ മാത്രമിങ്ങനെ ..

കാലം നിന്റെ കണ്ണില്‍ നേരും നിറവുമായി
നിറഞ്ഞാടുമ്പൊഴും , മഴ ചാരത്തില്ലേ..
വര്‍ഷകാലമായി . ഇടവപ്പാതിയായ് ,
വേനല്‍മഴയായ് ,ആലിപ്പഴമായി ..
അല്ല ! പിന്നെ ഞാന്‍ മാത്രം മഴ പൂവിറിക്കുമ്പൊള്‍
പിണങ്ങുവതെന്തിന് .....സഖീ ..

നീ കേള്‍ക്കണം ! മഴയും നീയുമെനിക്കൊരുപോലെയെന്ന്
പറയുവാന്‍ മഴ മാത്രമായതെങ്ങനെയെന്ന് ..
വിശപ്പിന്റെ നിലവിളികളില്‍ പോലും
ഒരു മഴ കൊതിച്ച മനസ്സായിരുന്നു എന്റെതെന്ന് ..

സ്വപ്നങ്ങള്‍ക്ക് അംഗഭംഗം സംഭവിച്ചിട്ടുണ്ട്
പരസഹായമില്ലാതെ അരികിലേക്ക് അണയുന്നില്ല
നിന്നില്‍ കൈകോര്‍ത്തിട്ടെപ്പൊഴും മഴ
വരുന്നത് അതിനാലായിരിക്കാം .. അല്ലേ !

ഒരു മഴ ഇരക്കുന്നുണ്ട്
അങ്ങകലേന്ന് ഇന്നിലേക്ക് ..
അടുക്കുന്തോറും കനല്‍കാറ്റ് പൊള്ളിക്കുന്നു
എന്തേ ! മഴയും വേവുകള്‍ പേറുന്നുണ്ടൊ ..

ഇന്നലെ മഴ കരയുമ്പൊള്‍
നിനക്കോര്‍മയുടെ ഉല്‍സവമായിരുന്നു
നീ ചീന്തിയിട്ട് പോയ നിന്റെ വേവുകള്‍
ഉഷ്ണബിന്ദുവായ് ഉയര്‍ന്നു കുളിരായി
നിന്നേ മാത്രമിന്നലെ വലം ചുറ്റി അകന്നു ..

വിഷുതലേന്ന് വന്ന രാകാറ്റിന്
മറന്നു പോയൊരു ഗന്ധമുണ്ട് ..
ഒന്നു തോര്‍ന്നു പിന്നെയും ചിണുങ്ങുന്ന
മേട മഴക്ക്, പ്രണയത്തിന്റെ കള്ള നാണവും ..

ശീതികരിച്ച് ചിറകേറി വരുന്ന
വരണ്ട കൊന്നപ്പൂക്കളെ ..
നിങ്ങള്‍ക്ക് മരുഭൂവില്‍ മഴ
കൊണ്ടൊരു വരവേല്പ്പൊരുക്കിയിട്ടുണ്ട്
കണി കണ്ടുണരുന്ന മണല്‍കാടുകളില്‍
ഒരു കുഞ്ഞു മഴയിലെ പ്രണയമായി ,
കണ്ണനായി വന്നണഞ്ഞാലും ..

നിന്റെ കാല്‍ പെരുമാറ്റം
കാതോര്‍ത്തിരുന്ന കുളപ്പടവില്‍ ..
ഇന്ന് മനസ്സ് പായല്‍ പിടിച്ചു കിടക്കുന്നു .. ..
പിന്നിലൂടെ വന്നെന്റെ കണ്ണു പൊത്തുന്ന
നിന്റെ ചന്ദനമണമുള്ള കൈവെള്ളയില്‍
ഒരു കുഞ്ഞു ചുംബനത്തിന്റെ
നനുത്ത മഴ നല്‍കുമ്പോള്‍ ...
നിന്നില്‍ നിന്നും ഉതിര്‍ന്നു വീണ
പ്രണയം, കാലം കവര്‍ന്നെടുത്ത്
അരയാല്‍ കൊമ്പിലൊളിപ്പിച്ചിരിക്കുന്നു ..
ഒരു കുഞ്ഞു കാറ്റിന് തഴുകി ഉണര്‍ത്താന്‍ പാകത്തില്‍ ..

ഗൃഹാതുരത്വത്തിന്റെ ഗന്ധവും പേറി
വീണ്ടുമൊരു വിഷുക്കാലം വരവായി
ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ..

(ചിത്രം ഗൂഗിളിന് മാത്രം സ്വന്തം ..
തപ്പി പിടിച്ച എനിക്കും .. എന്റെ കണ്ണുകള്‍ക്കും
സഹിച്ച കമ്പ്യൂട്ടറിനും നന്ദിയോടെ ...)