നടുത്തളത്തില്‍ നിന്നും ഇടപ്പുരയിലേക്ക് തിരിയുന്ന ഇടനാഴിയില്‍ എത്തിയാല്‍ മുല്ലപ്പൂവിന്റെ വാസനയാണ് .. മുല്ല വള്ളിപ്പടര്‍പ്പുകളില്‍ നിന്നും ഊര്‍ന്ന് വീണ് കിടക്കുന്ന മുല്ലപ്പൂക്കളും കാണാം , വാടി പോകാതെ മഴസ്പര്‍ശമേറ്റ് കിടക്കുന്ന അതിനോരോന്നിനും ഇനിയും വറ്റിപ്പോകാത്ത മനം മയക്കുന്ന സുഗന്ധമുണ്ട് ....! മഴ എത്ര പ്രണയിച്ചാലും ഇങ്ങനെയാണ് , എപ്പോഴും മനുഷ്യന് വേണ്ടി ബാക്കി വയ്ക്കും ..ദിലു വച്ചു പിടിപ്പിച്ചതാണ് ഈ മുല്ല വള്ളികളെ , ആദ്യം ചട്ടിയില്‍ നിന്നും തുടങ്ങി
പിന്നെയത് തൂണുകളിലൂടെ നടുമുറ്റം മുഴുവന്‍ പടര്‍ന്നു , ചിറ്റക്ക് ഇഴജന്തുക്കള്‍ വരുമെന്ന പേടി ആദ്യം മുതലേ ഉണ്ടായിരുന്നെങ്കിലും , ആദ്യ മൊട്ടിന്റെ ഗന്ധം തന്നെ ഭീതിയകറ്റി ഇതുവരെ ഒരു മഴ പെയ്യാത്ത മനസ്സില്‍ പ്രണയത്തിന്റെ മുല്ലപ്പൂക്കള്‍ വിരിയിച്ചു ..ദിലു ആരെന്ന് പറഞ്ഞില്ലല്ലൊ .. പറയാം , അതിനു മുന്നേ ഞാന്‍ ആരാന്ന് പറയുകയും അറിയുകയും വേണ്ടേ ...? ഞാന്‍ ദീനു .. ദീനുദയാല്‍ ... ദിലു ന്റെ ഒരെയൊരു അനുജത്തികുട്ടിയാണ്..! ഇതെഴുതുന്നത് , ഗള്‍ഫ് രാജ്യത്തിന്റെ പുറം കടലിലെ ഒരു എണ്ണ പരിവേഷണ കമ്പനിയുടെ ഓഫ് ഷോര്‍ ക്യാമ്പില്‍ ഇരുന്നാണ് ...ഇന്നത്തെ കെമിക്കല്‍ വാഷ് കഴിഞ്ഞ് തിരികെ റൂമില്‍ കേറിയതേ ഉള്ളൂ ..വെറുതെ ഇരിക്കുമ്പോള്‍ എന്തെകിലും എഴുതുവാന്‍ മനസ്സ് പറയും , എഴുതി തുടങ്ങിയാല്‍ ഒരു വീര്‍പ്പ് മുട്ടലാണ്..അതീന്നൊരു മോചനം എപ്പൊഴാണോ ഉണ്ടാകുക അതു വരെ വെറുതെ കുത്തി കുറിക്കും , അല്ലെങ്കിലും പ്രവാസിക്ക് എഴുതുവാന്‍ എന്താണല്ലേ ഇല്ലാത്തത് , ഈയിടെയായ് മുഖപുസ്തകത്തിലും മറ്റും വായിക്കാറുണ്ട് ..നമ്മുടെ വേദനകളുടെ മറ്റൊരു തലമൊക്കെ " നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിന്റെ സുഖത്തിനും , സംരക്ഷണത്തിനും വേണ്ടി അന്യനാടുകളില്‍ ജോലി ചെയ്യുന്നു " പിന്നെ എന്തിനാ ഇങ്ങനെ അലമുറയിടുന്നതെന്ന് ,ഗള്‍ഫ് മാത്രമേ പ്രവാസമായിട്ടുള്ളൊ എന്ന് ..പക്ഷേ ഒന്ന് പറയാതെ വയ്യ , മറ്റ് ഏതു പ്രവാസത്തേക്കാളും ഗള്‍ഫ് തരുന്നത് , അല്ലെങ്കില്‍ ഈ മേഖലയിലേ പ്രവാസം നല്‍കുന്നത് മറ്റ് ഏതിനേക്കാള്‍ വേവു തന്നെ , സമയം , യാന്ത്രികത , ഏകാന്തത .. അനുഭവിക്കുന്നവനെ അതിന്റെ നോവറിയൂ , അല്ലാതെ അതു പകര്‍ത്തി തരുവനാകില്ല , എങ്കിലും മിക്കവരുമൊക്കെ നല്ല സ്ഥിതിയില്‍ തന്നെ സമ്മതിക്കുന്നു പക്ഷേ ഒരു വശം മാത്രമല്ല മറു വശം കൂടിയുണ്ട് , അതെല്ലായിടവും ഒരുപോലെ തന്നെയെന്നത് ശരി ...
വരണ്ട കാറ്റടിക്കുന്നുണ്ട് , മനസ്സ് പതിയെ കടലോളങ്ങള്‍ക്കപ്പുറം നീങ്ങി തുടങ്ങുന്നുണ്ട് , ദൂരേ ഒരു കപ്പല്‍ പോകുന്നുണ്ട് ഇരുപ്പത്തിയെട്ട് ദിവസം കഴിഞ്ഞ് കിട്ടുന്ന നാട്ടില്‍ പോകാനുള്ള അവധി വിനയോഗിച്ചിട്ട് ആറ് വര്‍ഷമാകുന്നു , സിറ്റിയില്‍ പോയീ കൂട്ടുകാരനോടൊപ്പം ചെലവഴിച്ച് തിരിച്ച് വരുകയാണ് പതിവ്, അല്ല എനിക്ക് ആരാണ് കാത്തിരിക്കാന്‍ ഉള്ളത് , വഴിക്കണ്ണുകളും തിരിവെട്ടവുമൊക്കെ എന്നേ ഇല്ലണ്ടായിരിക്കുന്നു ...പക്ഷേ ഈയിടെയായി മനസ്സ് വല്ലാണ്ട് പിടക്കുന്നു , ആരോ മടക്കി വിളിക്കുന്ന പോലെ ...രാത്രിയാകുമ്പോള്‍ കടലില്‍ നിന്നും നേര്‍ത്തൊരു തേങ്ങല്‍ കേള്‍ക്കുന്ന പോലെ .. അതിന്റെ കൂടെ രാമേട്ടന്‍ പറഞ്ഞ കാര്യങ്ങളോര്‍ക്കുമ്പോള്‍ എന്തോ ആകെപ്പാടെ ഒരു അസ്വസ്ത്ഥത മനസ്സിനെ പിടി കൂടിയിട്ടുണ്ട് ...
രാമേട്ടന്‍ നാട്ടിലെ തറവാട്ടിലെ അയല്‍ക്കാരനായിരുന്നു , എല്ലാറ്റിനും സാക്ഷിയായ് ഇരുന്ന ആള്‍ ...
കൈയ്യില്‍ നിന്നും പേന പതിയെ വേര്‍പ്പെട്ടു വീണു , ഓര്‍മകളില്‍ മയങ്ങുന്നുണ്ട് ഈയിടെയായ് ..
വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ആ ഇടവപ്പാതി എങ്ങനെ മറക്കാനാണ് , അച്ഛന്‍ അന്നുമിന്നും തെളിച്ചമില്ലാത്ത
ഓര്‍മയാണ് , പട്ടാള ചിട്ടകളില്‍ നിന്നും വിരുന്ന് വരുന്ന പുള്ളികളുള്ള വടിവൊത്തകിടക്ക വിരിയിലാണ്
അച്ഛന്റെ ഓര്‍മ മുഴുവന്‍ തങ്ങി നില്‍ക്കുന്നത് , അമ്മ, അച്ഛന്‍ വരുന്നുന്ന് പറയുമ്പോഴാണ് പുതിയ
കിടക്ക വിരിയൊക്കെ ഇട്ട് , എല്ലായിടവും കുന്തരിക്കം പുകക്കുക ..അച്ഛന്‍ വന്നു കഴിഞ്ഞാല്‍
പിന്നെ ഞങ്ങളോട് ഒരു സനേഹവും കരുതലും അമ്മക്കില്ലെന്ന് വയ്ക്കോല്‍ കൂനയുടെ ചോട്ടിലിരുന്ന്
ദിലുവിനോട് പറഞ്ഞത് മായാതെ എന്റെ ഓര്‍മയിലുണ്ട് .....! പിന്നെ അച്ഛനെ കണ്ടിട്ടില്ല , ബോംബെയിലോ മറ്റൊ പാര്‍ക്കുന്നൂന്നു ആരോ പറഞ്ഞ് കേട്ടിട്ട് അമ്മ പൊഴിക്കുന്ന കണ്ണുനീരിന് കൈയ്യും കണക്കുമില്ലായിരുന്നു , എന്നിട്ടും ശബ്ദമെടുത്ത് ഒന്നു ശപിക്കുകയോ , അച്ഛനോട് ഒരു വാക്ക് കൊണ്ടുള്ള ദേഷ്യമോ അമ്മ കാണിച്ചിരുന്നില്ല , വിശാലമായ പറമ്പിന്ന് കിട്ടുന്നതു കൊണ്ടും , ഏതോ ബാങ്കിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശ കൊണ്ടും , അമ്മ എല്ലാമെല്ലാം മുട്ടിച്ച് കൊണ്ടു പോയിരുന്നു , പ്രാതലിന് ഒന്നുമില്ലാതിരിന്നിട്ടും കാവിലെ വിളക്ക് മുടക്കിയിട്ടില്ല അമ്മ ഒരിക്കലും , മാസത്തിലെ ഏഴു ദിവസ്സം മാത്രം കാവിലേക്ക് പേടിച്ച് പോകുന്ന എനിക്ക് ചിന്തകളുടെ സങ്കേതമായി മാറിയിരുന്നു കാവ് പിന്നീട് ...ഇന്ന് ആ കാവൊക്കെ കാട് മൂടീ നശിച്ചിരിക്കുന്നു , നാട്ടുകാര്‍ അതിനെ ഏറ്റെടുത്ത് , പുനരുദ്ധാരണം നടത്താന്‍ തയ്യാറാണെന്നും അതിനു വേണ്ടി പൊതുവായി എഴുതി കൊടുക്കുവാനും രാമേട്ടന്‍ സൂചിപ്പിച്ചിരിക്കുന്നു , കൂടെ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ തറവാടിനെ എന്തെങ്കിലുമൊരു തീരുമാനത്തിലെത്തിക്കാനും , എനിക്ക് വേണ്ടെങ്കില്‍ അതു നല്ല വിലക്ക് എടുക്കാന്‍ ആളുണ്ടെന്ന് ..!
ഓര്‍മകളുറങ്ങുന്ന ചിലത് , അത് എങ്ങനെയാണ് , എത്ര വില കിട്ടിയാലാണ് കൈവിട്ട് കളയാനാകുക ...
നീളന്‍ കല്പടവുകളുള്ള ഞങ്ങളുടെ കിഴക്കേയറ്റത്തെ കുളം , കുളി കഴിഞ്ഞ് കേറി വരുമ്പോള്‍
വാല്‍സല്യമായി തഴുകുന്ന മുത്തശ്ശി മാവ് , ഇടതു വശത്ത് മഞ്ഞള്‍ മണക്കുന്ന കാവിലേക്കുള്ള
നടവഴി , അങ്ങനെ ജീവിതത്തിനോട് ഒട്ടി നിന്നിരുന്ന അതൊക്കെ എങ്ങോ പോയിരിക്കുന്നു ..
സന്ധ്യയായാല്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരുടെ താവളമാണതെന്ന് രാമേട്ടന്‍ ഇടക്കിടെ പറയാറുണ്ട് ..
ഇടവപ്പാതിയിലെ ആ വൈകുന്നേരം മൂന്ന് ജീവനുകളെ ചുട്ടെരിച്ചപ്പോള്‍ , ഇടനാഴിയില്‍ മാസങ്ങളോളം
തങ്ങി നിന്ന രക്തബന്ധത്തിന്റെ കരിഞ്ഞ മണം , ഊണും ഉറക്കവും നഷ്ടപ്പെടുത്തിയപ്പോഴാണ് ...
എല്ലാം പിന്നിലാക്കി ഒതുക്കി വച്ച് , രാമേട്ടനോട് ഒരേ ഒരു വാക്കിന്റെ വിടയോതി ഇറങ്ങി പോന്നത് ...ഇന്നും വിണ്ണില്‍ നിന്നും ദൈവമയച്ച അഗ്നി തുണ്ടില്‍ നിഴല്‍ വീണു പോയ തറവാടിന്റെ ഒരു വശം അതേപോലെ നില നില്‍ക്കുന്നുണ്ടാവാം ... പക്ഷേ എന്നെയിപ്പോള്‍ അങ്ങൊട്ടേക്ക് വലിക്കുന്ന
കാന്തികത എന്താണെന്ന് മനസ്സിലാകുന്നേയില്ല .. രാമേട്ടനപ്പുറം ഒരു മനസ്സ് മാത്രമേ ഉള്ളു ..
ഒരിക്കലും അറിയാനോ , നിറയാനോ മനസ്സിലേക്ക് കൂട്ടി കൊണ്ട് വരാനോ ശ്രമിക്കാതിരുന്ന
അവളുടെ മുഖം .. പ്രണയം എന്നതിന്റെ ആഴങ്ങളിലേക്ക് കൈയ്യ് പിടിച്ച് കൂട്ടി കൊണ്ട് പോയ
എന്റെ മണിക്കുട്ടി .... രാമേട്ടനോട് പോലും അവളെ പറ്റി ചോദികാതിരിക്കാന്‍ മനസ്സ്
പഠിച്ച് വച്ചിരുന്നു .. പക്ഷേ ഓരോ രാവിലും നിന്റെ ഓര്‍മകളില്‍ ഞാന്‍ വീണു പോകാറുണ്ട് ..
ഒരു പിന്‍ വിളിക്ക് സാധ്യമാവുന്ന ഒന്നും ഞാന്‍ മനസ്സില്‍ വളര്‍ത്തിയിട്ടില്ലെങ്കില്‍ പോലും ഇന്നു മനസ്സാകെ ഒരു മടക്കയാത്രക്ക് കൊതിക്കുന്നു ....!
മഴ പൂക്കുന്ന നിന്റെ അധരം .....
മുല്ല മണക്കുന്ന മുടിയിഴകള്‍
കര്‍പ്പൂര ഗന്ധമേറുന്ന കഴുത്തടം
എന്നെ ആവാഹിക്കുന്ന നിന്റെ കണ്ണുകള്‍ ....!
പ്രീയദേ , ഓര്‍മകളുടെ വളപ്പൊട്ടുകള്‍
മഴവില്ലിന്റെ നിറച്ചാര്‍ത്ത്
മഞ്ചാടി മണികളോടെ നിന്റെ വിരല്‍ത്തുമ്പുകള്‍ ....!
എനിക്ക് തോന്നുന്നത് , നിന്നോട് പ്രണയമാണോന്നറിയില്ല
പറയുവാന്‍ അറിയില്ല എന്നതിനേക്കാള്‍ പറയുവനാകില്ല എന്നതാണ് ..
ഒരു വികാരത്തില്‍ ഞാന്‍ എങ്ങനെ നിന്നോടുള്ളതിനെ കെട്ടിയിടും .....!
വര്‍ഷമെത്രയായ് നാം അറിയുന്നു , ഇങ്ങനെ പോകാം .. അല്ലേ ?
പക്ഷേ എന്തോ , ഒരൊ പ്രായത്തിന്റെയാകാം , എനിക്ക് നിന്നോട് ...................!
ഇന്ന് വല്യമ്പലത്തില്‍ വരുമ്പോള്‍ , എന്നോടുള്ള നിന്റെ ഉള്ളം
ഞാന്‍ അളക്കുക , എങ്ങനെയെന്നല്ലേ .... ചന്ദനം നിറയുന്ന കൈവിരല്‍ തുമ്പിനാല്‍
എന്റെ നെറ്റിയില്‍ ഒരു സ്പര്‍ശം ...
നെയ്യ് പായസം മണക്കുന്ന കൈവെള്ള ചേര്‍ത്ത് വച്ച് ഒരു സ്നേഹസ്പര്‍ശം ...
എന്റെ മനസ്സ് , അതിനായി ഒരുങ്ങി നില്‍ക്കുന്നു ...................
വരകളുള്ള വെള്ള കടലാസില്‍ , അന്നവള്‍ക്ക് കൊടുത്ത പ്രണയ ലേഖനം .. ഇതായിരുന്നു.....!
വരികള്‍ക്ക് , കാലം നല്‍കിയ പരിണാമം സംഭവിച്ചേക്കാം , എങ്കിലും ചുരുക്കം
ഇതാകാമെന്ന് മനസ്സ് പറയുന്നുണ്ട് ..വരണ്ടമണ്ണിലും പ്രണയത്തിന്റെ മഴക്ക് ചിലപ്പോള്‍ കുതിര്‍ക്കാന്‍ കഴിഞ്ഞേക്കും , പക്ഷേ മഴയേ പോലും വെറുത്തു പോയാല്‍ ..?കാവിലും കുളത്തിലും , മഴ കൊണ്ട് നിന്ന രാവുകളും നിമിഷങ്ങളും എത്രയാണ് ..ഇന്നീ കടലില്‍ , വല്ലപ്പൊഴും വിരുന്നു വരുന്ന മഴത്തുള്ളികള്‍ക്ക് ഒരുതരം കത്താനാളുന്ന എണ്ണ മണമാണ് ...എത്രയെത്ര സുഗന്ധങ്ങളുടെ വളയമാണ് ജീവിതം , അമ്മിഞ്ഞ മണത്തില്‍ തുടങ്ങി വാല്‍സല്യ സുഗന്ധത്തില്‍ ജീവിച്ച് , കുറുമ്പ് മണമായി
ബാല്യനിറങ്ങളുടെ ചൂര് നല്‍കി , കൗമാരമഴകളുടെ സൗരഭ്യം നുകര്‍ന്ന് , ദാമ്പത്യത്തിന്റെ താമര പരിമളത്തില്‍ വീണ്ടും പാല്‍മണം നുകരുന്ന ജീവിതം ..
ജീവിതമെന്നതിന് , ചിലര്‍ക്ക് അര്‍ത്ഥങ്ങളുണ്ടൊ എന്നതാണെന്നെ അലട്ടുന്ന ഏറ്റവും വലിയ ചിന്ത , വെറുതേ ജീവിച്ച് മരിക്കുന്ന അനേകായിരങ്ങളില്‍ ഒരുവന്‍ , അവിടെ പട്ടിണിയോ , രോഗമോ അല്ല , ജീവിക്കാനുള്ള ചുറ്റുപാടുകളില്ലാതല്ല , അതിനൊക്കെ അപ്പുറം ...അനാഥനായി പോകുക , എല്ലാമുണ്ടായിട്ടും ആ പ്രകാശത്തിനെ ഒരു കുഞ്ഞു തിരിയിലേക്ക് തെളിയിക്കുവാന്‍ വിളക്കില്ലാത്ത ജീവിതം ..അത് തന്നെയാവാം ഞാന്‍ എന്നത് .. എങ്കിലും മനസ്സിന്റെ ഈ പിന്‍ വിളിക്ക്
പിന്നില്‍ എന്തോ ഉണ്ടാകാം , എന്നുറച്ച് വിശ്വസ്സിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ട് ഞാന്‍ ...!
പ്രവാസത്തില്‍ നിന്നുള്ള ഓരോ യാത്രയും , പ്രവാസിക്ക് മഴയാണ് ..തിരിച്ച് വരവിന്റെ വേനല്‍ , ഈ മഴയിലും പൊള്ളിക്കുന്ന ഓര്‍മ നല്‍കുമെങ്കിലും മനസ്സിനെ ആ പച്ചപ്പിന്റെ കുളിര്‍മയിലേക്ക് അലിയിപ്പിക്കുകയാണ് ഓരോ പ്രവാസിയും ചെയ്യുക , ഉന്മേഷത്തിന്റെ ഉല്‍സാഹത്തിന്റെ തിരതല്ലല്‍ ,
ആധിയും , വ്യാധിയും മനസ്സും ശരീരവും മറച്ച് വച്ച് നമ്മേ ഏതോ മുന്‍ജ്ന്മ സുകൃതത്തിന്റെ സാഫല്യത്തിലെക്ക് നടത്തും ആ നിമിഷങ്ങള്‍ ..... ഒന്നുണ്ട് നിറഞ്ഞുണ്ണുന്നവന് മഴയും , പുഴയും , കടലും ഗൃഹാതുരമായ സ്മരണകളാണ് അന്നം തടയപ്പെട്ടവന് അതൊക്കെ ജീവിത്തിലെ നരച്ച കാഴ്ചകളും ...!
രാമേട്ടന് ഒരുപാട് വയസ്സായിരിക്കുന്നു , കാലം പടര്‍ത്തിയ വെള്ള നൂലുകള് ചുണ്ടിലെ പഴയ ചിരി മായ്ച്ചിട്ടില്ല , ജലരേഖകള്‍ പടര്‍ന്നൊഴുകിയ കവിള്‍ ചേര്‍ത്ത് വച്ച് , എനിക്ക് വേണ്ടിയൊരു മനസ്സുണ്ടെന്ന ചിന്തകളെ ശക്തമാക്കി ആ മനസ്സെന്നെ പലവട്ടം ഹൃദയത്തിലേക്ക് ചേര്‍ത്തു പിടിച്ചു , തറവാട്ടിലേക്കുള്ള വഴികള്‍ മുഴുവനും മാറി പോയിരിക്കുന്നു , പാടത്തിന് നടുവിലൂടെയുള്ള മണ്‍ റോഡുകള്‍ ടാര്‍ ചെയ്ത്തിട്ടുണ്ട് , പാടം കളകള്‍ നിറഞ്ഞ ഭൂമിയായ് കിടക്കുന്നു , അങ്ങിങ്ങായ് ചെറിയ കയ്യേറ്റങ്ങളുടെ അടയാളങ്ങള്‍.... മനസ്സ് വല്ലാതെ ഭാരപ്പെടുന്നു , പൊടുന്നനെ ഒരു മഴ വന്ന് തൊട്ടു , രാമേട്ടന്‍ പെട്ടെന്ന് കാറിന്റെ ചില്ലുകള്‍ മുഴുവനും പൊക്കി വച്ചു , തുള്ളികള്‍ പാറി വീഴുന്നു , ഓര്‍മകളുടെ മഴക്കാലം ...കാഴ്ച മറച്ച് മഴയെന്ന കള്ളി എന്റെ ദുഖങ്ങളെ പകുതി മായ്ച്ചിരിക്കുന്നു ..
മഴവെള്ളം നിറഞ്ഞ മണ്‍റോഡിലേക്ക് കാറ് തിരിഞ്ഞ് രാമേട്ടന്റെ വീട്ടിലേക്ക് കേറുമ്പോള്‍ നേരെ പച്ചപ്പിന്റെ ഇരുള്‍മൂടിയ ന്റെ ഓര്‍മകളുറങ്ങുന്ന തറവാടിന്റെ ഗേറ്റ് ...ഒരു ആന്തലാണ് ആദ്യം ഉണ്ടായത് ....... ..!
മഴ തോര്‍ന്നിട്ടേയില്ല , ഇലയില്‍ ഇട്ട കുത്തരി ചോറിന്റെ ആവി മണം കൊണ്ട് വയറു നിറയേ
കഴിച്ചൊന്ന് ഉറങ്ങാന്‍ കിടന്നതാണ് , ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ മഴ ഒന്നു പുണരാന്‍
കൊതിച്ച് ഇപ്പൊഴും പെയ്തുകൊണ്ടിരിക്കുന്നു , ഒരു കുട എടുത്ത് പതിയെ നടന്നൂ , കാലുകളില്‍ ഒഴുകുന്ന കലങ്ങിയ മഴവെള്ളം വല്ലാതെ വന്നു കൊതിപ്പിക്കുന്നു ..തുരുമ്പിച്ച താഴ് തക്കോലിട്ട് തുറക്കുമ്പോള്‍ , ഒരു കുഞ്ഞന്‍ കാറ്റ് വന്ന് കുട മറിച്ചതും ഇലമരങ്ങള്‍ പൊഴിച്ച മഴപ്രണയതുള്ളികള്‍ നെറുകില്‍ ഇത്രനാല്‍ കൊണ്ട വേവിന്റെ മുകളില്‍ കുളിരിന്റെ മഴക്കാലം തീര്‍ത്തതും ഒരുമിച്ചായിരുന്നു ........
കണ്ണുകള്‍ , നിറഞ്ഞൊഴുകുന്നുണ്ട് , മുന്നിലൂടെ പതിയെ വഴിമാറി പോയ പാമ്പ് , തൂണുകള്‍ മാറി മാറി വലകള്‍ നെയ്ത എട്ടുകാലി , ഓടിന്റെ മറവിലെവിടെയോ കുറുകുന്ന പ്രാവ് , പാതി മുറിഞ്ഞ മുത്തശ്ശി മാവിന്റെ ഒരു ചില്ലയില്‍ മഴവെള്ളം തോര്‍ത്തി കളയുന്നൊരു കാക്ക,ഇനിയും കണ്ണെത്താത്ത ഒരു പാട് ജീവനുകള്‍ ഉണ്ടിവിടെ .. ന്റെ തറവാട് അന്യം നിന്നു പോയിട്ടില്ല എനിക്കു വേണ്ടീ ഒഴിഞ്ഞ് മാറുവാന്‍ കാത്തിരിക്കുന്ന ഒരുപാട് ജീവന്റെ തുടുപ്പുകളിവിടെ ഉണ്ട് പിറക് വശത്തേക്കുള്ള വഴിയില്‍ മുഴുവനും വിദേശ മദ്യങ്ങളുടെയും ഒഴിഞ്ഞ കുപ്പികള്‍, മഴത്തുള്ളികളെ വേര്‍പ്പെടുത്തി എണ്ണമയമുള്ള , വിവിധ വര്‍ണ്ണങ്ങളുള്ള എനിക്ക് പരിചിതമല്ലാത്ത ഗര്‍ഭ നിരോധന ഉറകളുടെ കീറിയ കവറുകള്‍ ...
നിന്റെ ഓര്‍മകളെ നീ ഇവിടെ തനിച്ചാക്കി പോകുമ്പോള്‍ , ഒറ്റപ്പെട്ടു പോകുന്ന ആത്മാക്കളുടെ കരച്ചില്‍ നീ കേട്ടില്ലേ ..? എന്നാരൊ പിറകില്‍ നിന്നും ചോദിക്കുന്ന പോലെ .. ഒരു സ്മാരകം പോലെ കരിഞ്ഞ് വിള്ളല്‍ വീണ ഭിത്തിയിലൂടെ മഴവെള്ളം എങ്ങോ പോകുന്നുണ്ട് , തൊണ്ടയില്‍ ഒരു ഗദ്ഗദം , അമ്മേന്ന് ഒരു വിളി ...ജനിച്ചു പോയി എന്നൊരു തെറ്റിന് , കാലമെനിക്കേകിയ തീരാ ദുഖങ്ങള്‍ , ആരൊക്കെ , എന്തൊക്കെ വന്നു ചേര്‍ന്നാലും എനിക്കുണ്ടായ വിടവുകള്‍ക്ക് , ഈ ജീവിതത്തില്‍ നിറവുണ്ടാകുമോ .......?കുളത്തിലെ പച്ച പായലിന്റെ ആധിക്യത്തിലും മഴതുള്ളികള്‍ വെള്ളത്തെ തെളിയിക്കുന്നുണ്ട് ...കല്പടവുകളില്‍ വെറുതെ ഇരുന്നു , നനഞ്ഞ വെട്ടുകല്ലുകളില്‍ അമ്മയുടെ നനുത്ത തണുപ്പ് ..ദിലൂന്റെ കൊഞ്ചലുകള്‍ , ചിറ്റയുടെ സ്നേഹാകുലതകള്‍ ....
പിന്നില്‍ നിന്നുമൊരു കൊലുസിന്റെ നേര്‍ത്ത സ്വരം .......... നെയ്യ് പായസത്തിന്റെ മണം ....
വലതു കൈയ്യിലേക്ക് , കൈവിരലുകള്‍ തിരുകി കേറ്റി ചേര്‍ന്ന് നില്‍ക്കുന്നൊരു സാമിപ്യം ...
മുല്ലപ്പൂവിന്റെ മാസ്മരിക ഗന്ധം , മഴതുള്ളികള്‍ പൊഴിഞ്ഞ് നിറഞ്ഞ മുടിയിഴകള്‍
ദിനൂ , എന്നൊരു വിളിയില്‍ , ഇനിയുള്ള മഴക്കാലം മുഴുവനും സ്വന്തമാക്കിയ ആഴം ...........!
കാത്തിരിപ്പിന്റെ പ്രതീക്ഷയുടെ മഴ , ഇന്ന് സാഫല്യമായി നിനക്കുമെനിക്കുമിടയില്‍ ..!
മഴയേറ്റ് നിറഞ്ഞ ഒരില ....
കാറ്റേറ്റ ഒരു പൂവ് ...
ഊര്‍ന്ന് വീഴാറായ ഒരു തുളസി കതിര്‍....
മിഴിക്ക് ഗര്‍ഭമേകിയ വിരഹം -
കവിളില്‍ പിറന്ന് വീണ കണ്ണീര്‍ തുള്ളി....
നമ്മളെന്നത് ദൂരമാകാം , കാലമെന്നത് കാരണമാകാം
ഒരേ മഴ നിന്നിലും എന്നിലും മനം നിറക്കാം
ഏത് ശോകാകുലമായ നിമിഷത്തിലും
നീയാണ് ഓര്‍മ ,നീയാണ് മഴ, നീയാണ് സ്നേഹം .......................
" മഴ മണക്കുന്ന , മുല്ലമൊട്ടിന്റെ സുഗന്ധമുള്ള ...... ഒരു രാവ് ....."
എണ്ണമണമുള്ള പുലരി , ഒരു അലാറത്തിന്റെ തുടര്‍ച്ചയായുള്ള ശ്ബദം .........!
" പ്രവാസം ഒരിക്കലും കരയെത്താന്‍ കഴിയാത്ത തുരുത്താണ് "