Monday, October 21, 2013

നിന്നെ അറിയുമ്പൊള്‍ ...!

















എന്റെ നെഞ്ചിലേക്കൊരൊറ്റ  മിന്നല്‍ പിണര്‍ 
ഒരൊറ്റ നോട്ടത്തില്‍ , നാവ് കൊണ്ടുള്ള കവിള്‍ സ്പര്‍ശത്തില്‍ 
ആസക്തനാകുന്നത് എന്റെ അബോധമണ്ഡലമാണ് ...

ചുരമേറുന്ന തണുപ്പിനെ കൈകുമ്പിളില്‍ 
വച്ചു തന്ന് പ്രണയിക്കൂ എന്ന് പറഞ്ഞത് നീയാണ് ..
നിന്നെ എന്നല്ല , നിന്നെ ചുറ്റുന്ന ലോകത്തെ പോലും 
പ്രണയിക്കാന്‍ എന്നെ പഠിപ്പിച്ചത് , ആ കുളിരാണ്...!

തിരയെണ്ണുന്ന മിഴികളില്‍ 
ഒളിയെറിയുന്ന പ്രണയത്തെ 
വലിച്ച് കീറീ , ഒരുമയിലെത്തിച്ചത് , 
ഒരൊറ്റ സ്വാദില്‍ , കൈവിരല്‍ തുമ്പിലൂടെ 
നീ ഊട്ടിയ പ്രണയം ...!

ആള്‍കൂട്ടത്തിന് നടുവിലും , നിന്നെയോ എന്നെയൊ 
തിരയാതെ , നമ്മളെ കണ്ട മദ്ധ്യാഹ്നം ..
വീണ്ടും വീണ്ടും വിടപറയലിന്റെ വേദികള്‍ 
തീര്‍ക്കുന്ന , അസ്തമയം തൊട്ട് തീണ്ടാത്ത 
നമ്മുടെ പ്രണയ സാമ്രാജ്യം ..!

കാലത്തെ അതിജീവിക്കാന്‍ , പ്രണയിക്കു എന്ന് പറയുമ്പോള്‍ 
എന്റെ ജീവനടരുന്നത്  സ്നേഹമൂര്‍ദ്ധാവിലെ 
നിന്റെ ചുംബനത്തിലെന്നവള്‍ ... അരികില്‍ വന്നൊന്നു തൊടൂ 
എന്ന് പതം ചൊല്ലുമ്പോള്‍ .. ഹൃത്തിലേ അലകള്‍
നിന്നെ കടന്ന് പോകുന്നത് അറിയുന്നില്ലെന്നവള്‍ ..!

പരല്‍മീനുകള്‍ അടക്കം പറയുന്ന പഞ്ചാരമണലിലും 
മാമലകള്‍ പരസ്പരം കൈമാറുന്ന പ്രണയകാറ്റിലും 
ഹിമകണങ്ങള്‍ പ്രണയം പൊഴിക്കുന്ന മരച്ചോട്ടിലും 
പെരുമഴകള്‍ മണ്ണില്‍ വീണലിയുന്ന അന്തിച്ചുവപ്പിലും 
നിനക്കെന്നെ നഷ്ടമാകുന്നുവെന്നത് .... നിന്റെ ഹൃദയ
വാതിലുകള്‍ എന്റെ സ്നേഹപൊലിമയാല്‍ ചേര്‍ത്തു വച്ചൂന്നാണ് ...!

ഒരൊറ്റ പുതപ്പില്‍ , മഞ്ഞിനേ മുറിച്ച് 
ഉറക്കം തങ്ങുന്ന മിഴികളടച്ച് 
ശീതകാറ്റിന്റെ പഴുതുകളടച്ച്
പുലരി പൊതിയുന്ന ചെറു ഇരുളില്‍ 
നിശബ്ദം ചേര്‍ത്ത ചൂരിന്റെ ചൂടിന്റെ ലഹരി 
നിനക്കപ്പുറം ഞാന്‍ കണ്ട ചുരമേതാണ് 
നിനക്കപ്പുറം ഞാന്‍ നനഞ്ഞ മഴയേതാണ് ..
നിനക്കപ്പുറം കുളിര്‍ കൊണ്ട് പുഴയേതാണ് ..
ഒരൊ തിരിവും നിന്നിലേക്കും എന്നിലേക്കും 
പരസ്പരം  പങ്ക് വച്ച സ്നേഹത്തിന്റെ 
ആധികാരികതയാണ് , നമ്മുടെ ഈ യാത്ര...!

ചിത്രം : ഗൂഗിളില്‍ നിന്നും ...