Tuesday, July 21, 2009

കണ്ണാ ... ഈ ദാസനെ അറിഞ്ഞാലും ...


കണ്ണാ
....
അഗതികള്‍ നിറയും നിന്‍ സവിധത്തില്‍
സ്വര്‍ണ്ണവിഭൂഷിതര്‍ കേഴും നിന്‍ തിരുമുന്നില്‍
ഏകനായി അലയും ഞാനൊരുനാള്‍
അരികിലായി കേട്ടു നിന്‍ മുരളീരവം


തിരുമുഖം പാര്‍ക്കുവാന്‍ വന്നയെന്‍
മുഖമൊന്നു കണ്ട്തും ....
നിന്‍ഭക്തര്‍ തന്‍ കരങ്ങള്‍ വേഗത്തില്‍ ചലിച്ചതും
ഭക്തസാന്ദ്രമെന്‍ വരികളെന്നൊതി -
കരങ്ങളില്‍ താളപിടിച്ചവര്‍
അതെ കരങ്ങളാല്‍ എന്നെ തടഞ്ഞ് നിര്‍ത്തുന്നു ..


കണ്ണാ നിനക്കില്ലാതൊരു അയിത്തമെന്തെന്നറിഞ്ഞില്ല
ഹിന്ദുവല്ലതൊരു ദേഹവും അണയരുതെന്ന -
വരികളും എന്‍ കാഴ്ചയില്‍ പതിഞ്ഞീല്ല
എത്ര കാലം നിനക്കായി ഏകിയ ഈ നാദം
ഒരുവേള തിരുമുന്നില്‍ അര്‍പ്പിക്കുക എന്‍ സ്വപ്നം ..


ഈ ദാസന്റെ സ്വര രാഗങ്ങള്‍ കര്‍ണ്ണങ്ങളില്‍
നിറഞ്ഞിട്ടും എന്തേ ഉണരാത്തു ...കണ്ണാ
നീ വെറും ശിലയായ് ഉറഞ്ഞുവോ ...
ജന്മകൊണ്ട് ഹൈന്ദവനല്ല ഞാന്‍
കര്‍മ്മം കൊണ്ട് നിന്നെ സ്തുതികുമ്പൊള്‍
എന്‍ നാദതിനില്ലാത്ത അയിത്തമെന്‍ ദേഹതിനെങ്ങനെ കണ്ണാ ...


നിന്നിലര്‍പ്പിക്കുന്ന കനകവും , പൂക്കളും
കുന്നുകൂടുന്ന കടലാസ് മൂല്യങ്ങളും
കട്ട് മുടിക്കുന്ന കപടതോഴരും
നിന്‍ നാമത്തേ വിറ്റ് മദിക്കുന്ന ദുസ്ത്ഥിതി
ഇതിനൊന്നുമേ ഇല്ലാത്ത തീണ്ടലും
കണ്ടു നീ എന്തേ നിര്‍ജീവമായിരിപ്പൂ


മനസ്സില്‍ വിശ്വാസ്സമായി നിറയുമ്പൊള്‍
ഓടിയെത്തുന്ന ആശ്വാസമാണ് നീ
കണ്ണാ നിന്നെ പഴിച്ചിട്ടെന്തു ഗുണം
നാലമ്പലതിനുള്ളില്‍ നിന്നെ തളച്ചിരിക്കുന്നല്ലൊ സത്യം


ദൂരെ ഞാന്‍ കൈകൂപ്പി നില്‍ക്കുന്നു ഭവാന്‍
തിരികെ മടങ്ങുന്നു മനസ്സില്‍ നിന്നെയും പേറീ
ഒരു തേങ്ങലില്‍ നിന്റെ ദുര്‍ വിധിയും
മറുകാഴ്ചയില്‍ ഈ ലോകമെന്‍ മുന്നില്‍-
നിന്റെ നാലമ്പലമൊഴികേ .......

ദാസേട്ടാ പൊറുക്കുക..... രേഖകളില്‍ ഞാനുമൊരു ഹൈന്ദവന്‍ .......

Monday, June 29, 2009

എന്റെ ഏകാകിനി ..................ഇതെന്ടെ പ്രീയ പ്രണയിനിക്ക്...... എന്ടെ ഏകാകിനിക്ക്... കണ്ണുകളില്‍ വിരഹം മാത്രം സൂക്ഷിക്കുന്ന എന്ടെ എല്ലാമായ...............കുളിരുള്ള കരങ്ങളില്‍ പ്രണയതിന്ടെ പൂമ്പൊടി..
നിലാവില്‍ ഏകയായി എന്‍ കൂട്ടുകാരി..
മന്ത്ര ചരടുകള്‍ കൊണ്ടവളെ-
കൂടെ ചേര്‍ക്കുവാന്‍ മോഹിച്ചെങ്കിലും
മനസ്സു തുറക്കാതെ എന്നരുകില്‍
കൂടാതെ ഏകയായി എന്‍ പ്രീയ പ്രണയിനി..
പിന്നിട്ട വഴികളില്‍ സുഗന്ധമായി അവള്‍ അണഞ്ഞില്ലെങ്കിലും ..
വസന്തങ്ങളില്‍ കൂട്ടായി ഇരുന്നതില്ലെങ്കിലും
മുടിയിഴകളില്‍ എന്‍ വിരലുകള്‍ തഴുകിയത്
അറിഞ്ഞിട്ടും അറിയാതെ കുണുങ്ങി നിന്നയെന്‍ കൂട്ടുകാരി
നിമിഷങ്ങളില്‍ പൂത്തിരിയായി ചിരി പടര്‍ത്തുന്ന
മിഴികളില്‍ നിറഞ്ഞൊഴുകുന്ന വിരഹമുള്ള
മൊഴികളില്‍ പ്രണയം ഒളിച്ചു വയ്ക്കുന്ന
എന്ടെ എന്നതേയും പ്രീയ പ്രണയിനി...

കണ്ണാരപൊത്തി കളിക്കുന്ന ബാല്യകാലത്തില്‍ കൂട്ടായി നീ വന്നിലെങ്കിലും ......
സ്നേഹം സ്ഫുരിക്കും നാളില്‍ പ്രണയ മഴയായി നീ പെയ്തില്ലെങ്കിലും
കതിര്‍മണ്ടപത്തില്‍ നിന്നെ ഞാന്‍ കാത്തിരിന്നുവെങ്കിലും
എന്നിലേക്ക് അടുക്കാതെ അകന്ന എന്‍ പ്രീയ പ്രണയിനി ..
എന്‍ കൈത്തലം ഞാന്‍ നീട്ടിയെങ്കിലും പ്രീയേ
നീ നല്‍കാതെ പോയ പ്രണയത്തിന്‍ കണങ്ങള്‍
ഉള്ളില്‍ തേങ്ങലായി, രൂപമായി നിറയുന്നതറിഞ്ഞാലും


ഒരുമിച്ചു ചേര്‍ന്നു കിനാവു കാണുവാന്‍
തോളൊട് തോള്‍ തൊട്ടുരുമി പോകുവാന്‍
തേന്‍ ഒളിപ്പിച്ച കൂട്ടിലെ മധുരം നുകരുവാന്‍
അലസമായി പാറിയ നിന്‍ മുടിയിഴകല്‍ ഒതുക്കുവാന്‍
കണ്ണില്‍ നിന്നടര്‍ന്നു വീണ മിഴിനീരു തുടയ്ക്കുവാന്‍
മണല്‍പരപ്പിലെന്‍ കാലടികള്‍ പിന്തുടരുവാന്‍
കാവിലെ നിറവെളിച്ചതില്‍ നിന്‍ സ്വര്‍ണ്ണ വര്‍ണ്ണം കാണുവാന്‍
മഴവീഴും രാവില്‍ സ്നേഹ ചുംബനം ഏകുവാന്‍
വന്നതില്ല ,, നിന്നതില്ല എന്‍ പ്രീയ കാമുകി ..

പ്രണയത്തിന്‍ അര്‍ത്ഥമെന്തെന്ന് ചൊല്‍വതില്ല ഞാന്‍
പ്രണയതിന്‍ അളവെന്തെന്ന് കാട്ടതില്ല ഞാന്‍
പ്രണയതിന്‍ ഭാഷയെന്തെന്ന് എഴുവതില്ല ഞാന്‍
എങ്കിലും പ്രണയമാണു നിന്നൊടുള്ള വികാരമെന്നറിയുന്നു ഞാന്‍


എന്‍ മനസ്സില്‍ സുക്ഷിക്കാം നിന്നൊടുള്ള അനുരാഗമത്രയും
ഒരു മയില്‍പീലിയായ് കരുതിവയ്ക്കാം മഴമേഘം കാണാതെ എന്നും ...
വരും ജന്മമെന്നത് സത്യമൊ മിഥ്യയോ
സത്യമെങ്കില്‍ അന്നും പ്രീയെ നീ നിലാവില്‍ ഏകയാകരുതേ ..............

Wednesday, June 24, 2009

നിഗൂഡത നിഴലിക്കുന്നൊരു സ്വപ്നം ....
ഇതൊരു കഥയല്ല , എന്റെ പ്രവാസ ജീവിതത്തിലെ ഒരു രാത്രി എനിക്ക് സമ്മാനിച്ച സ്വപ്നത്തിന്റെ ആഴങ്ങള്‍ തേടീയുള്ള വരികളാണ്....

യുക്തി ചിന്തകള്‍ക്ക് ഇത് യാദൃച്ഛികമായി തോന്നാം , ചെങ്കൊടിയുടെ പിന്നില്‍ മാറ്വിരിച്ച് നിന്ന കാലം മനസ്സില്‍ മായാതെ നില്‍ക്കുന്നതിനാല്‍ എനിക്കും ഇപ്പൊഴും ഇത് എന്താണെന്ന് വ്യക്ത്മാകുന്നില്ല , എന്നാല്‍ നമ്മുക്കറിയാത്ത എന്തൊക്കെയോ ഈ ഭൂവില്‍ ഉണ്ടെന്ന സത്യം മനസ്സില്‍ പടര്‍ത്തുന്നത് ഒട്ടേറെ നീഗൂഡതകളാണ് ..

നിങ്ങളുടെ അനുമതിയോടെ തുടങ്ങുന്നു , വായനയുടെ അവസാനം എന്താണ് നിങ്ങളില്‍ ഉരിത്തിരിയുന്നത് അത് കുറിച്ചാലും , എന്റെ വെറും സ്വപ്നമായ് , യദൃച്ഛികമായി ഇത് തള്ളികളയില്ല എന്ന വിശ്വാസത്തോടെ ...

നാല് വര്‍ഷങ്ങള്‍ക്ക് മുന്നേ ഓവര്‍ ഡ്യൂട്ടിയുടെ ക്ഷീണത്തില്‍ വളരെ നേരത്തേ ഞാന്‍ ഉറങ്ങാന്‍ കിടന്നു , ഇടയ്ക്ക് എന്റെ റൂമിലേ സഹവാസികളുടെ ശബ്ദങ്ങള്‍ കേട്ട് കൊണ്ട് പതിയേ മയക്കത്തില്‍ നിന്നും അഗാദമായ നിദ്രയിലേക്ക് കൂപ്പ് കുത്തി ... പണ്ടേ ഇടതൂര്‍ന്ന നീളമുള്ള മുടിയുള്ള പെണ്‍കുട്ടികളേ എനിക്ക് വലിയ ഇഷ്ടമാണേട്ടൊ .. തെറ്റിദ്ധാരണ വേണ്ട , എന്റെ കലാലയ ജീവിതത്തില്‍ ഞാനേറെ സ്നേഹിച്ചിരുന്ന പ്രീയ കൂട്ടുകാരിയ്ക്കും എന്റെ പ്രീയ സഖിക്കും ഈ സമാനതകള്‍ ഉണ്ടായിരുന്നു ..

ആഗ്രഹങ്ങള്‍ , കൊതിക്കുന്ന കാഴ്ചകള്‍ ,അറിയപെടാത്ത സ്ഥലങ്ങള്‍ , രതിക്രീഡകള്‍ ഇങ്ങനെ പലതും നാം സ്വപനത്തില്‍ ദര്‍ശിക്കാറുണ്ട് .. നിങ്ങള്‍ കൂടെയില്ലെങ്കില്‍ ഞാന്‍ എന്തായാലും കാണാറുണ്ട് ...

എന്റെ കിടക്കയുടെ അടുത്ത് ഒരു പെണ്‍കുട്ടി ... മുന്നേ പറഞ്ഞ പോലെ നിറയേ മുടിയുള്ള,, മുഖം വ്യക്ത്മാകാതെ , അഥവാ വ്യക്ത്മാണെങ്കിലും സ്വപ്നതിന് ശേഷം ആ മുഖമെനിക്ക് ഓര്‍ത്തെടുക്കാന്‍ സാധിച്ചിരുന്നില്ല ... എന്നെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ആ വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടി എന്നൊട് എഴുന്നേല്‍ക്കു എന്ന് പല ആവര്‍ത്തി പറയുന്നുണ്ട് ..ഞാന്‍ എണീറ്റിരുന്നു.. ചോദ്യങ്ങളായിരുന്നു പിന്നീട് ...എന്താ എന്നെ മറന്നോ ? നീ എന്തിനാ എന്നില്‍ നിന്നകലുന്നത് ? എനിക്കുത്തരം നല്‍കാന്‍ കഴിയുന്നില്ല. നാവ് വഴങ്ങുന്നില്ല , എന്തൊക്കെയോ പറയണമെന്നുണ്ട് ... ഞാന്‍ പൊട്ടി കരഞ്ഞ് അവളുടെ മുന്നില്‍ ക്ഷമാപണം പോലെ ഞാന്‍ ഇരുന്നു ..

എന്നെ ആശ്വസിപ്പിക്കുന്ന പോലെ എന്റെ മുഖം അവളിലേക്ക് ചേര്‍ത്തു വച്ചു , ആ സുഗന്ധം , ആ ചൂട് ഇന്നും മറഞ്ഞിട്ടില്ല എന്നില്‍ ....ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു അവളുടെ പരിഭവം നിറഞ്ഞ വാക്കുകള്‍ അവളോട് ചേര്‍ന്ന് ഞാന്‍ വേറുമൊരു കേള്വിക്കാരാന്‍ മാത്രമായി .. എത്ര കാതമലഞ്ഞു ഞാന്‍ നിന്നെയും തേടീ .. എന്തിനാണ് എന്നില്‍ നിന്നും ഒളിച്ച് പോയത് നീ ഇല്ലാതെ എനിക്ക് .............അവളുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു , ......സ്നേഹ മൂര്‍ദ്ധന്യവേളയില്‍ എന്നെയും കൊണ്ടവള്‍ കട്ടിലിലേക്ക് ചാഞ്ഞൂ ...എന്റെ അമ്മയുടെ വാല്‍സല്യമോ .. സഖിയുടെ സ്നേഹമോ അറിയില്ലെനിക്ക് അവളെന്നില്‍ നിറയുകയായിരുന്നു .. ശ്വാസോശ്വാസ്സം ഉയര്‍ന്ന വേളയില്‍ എന്നില്‍ നിന്നവല്‍ അകന്ന് പോയിരുന്നു ഞാന്‍ തളരുകയായിരുന്നു എന്റെ പ്രാണന്‍ എന്നില്‍നിന്നടര്‍ന്ന് പോകുമ്പോല്‍, എനിക്കവളെ തടയണമെന്നുണ്ട് പിറകേ പോകണമെന്നുണ്ട് എന്നെ കൊണ്ടാവുവിധം ഞാന്‍ ശ്രമിച്ചു കഴിയുന്നില്ല ശരീരം തളര്‍ന്ന് കിടക്കുന്ന പോലെ ..

പെട്ടെന്നാണ് എന്നെ സങ്കടകടലിലാഴ്ത്തീ മൊബൈയില്‍ അലാറം വലിയ ശബ്ദത്തോടെ ഉണര്‍ത്തിയത് ..കുറെ നേരം അങ്ങനെ തന്നെ കിടന്നു ഞാന്‍ , എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല , മനസ്സിന് വല്ലാത്ത ഭാരം .
വെറുതെ തിരിഞ്ഞ് കിടന്നു അടുത്ത് കിടക്കുന്ന കൂട്ടുകാരനോട് കുളി കഴിഞ്ഞോ എന്ന ചോദ്യത്തിനോടൊപ്പം തന്നെ എന്റെ കൈയ്യിലേക്ക് നോക്കി എന്തോ അരിച്ചിറങ്ങുന്ന പോലെ " നീളമുള്ള ഒരു മുടി " സത്യമാണോ അതൊ മിഥ്യയാണോ എന്നറിയാന്‍ കഴിയാത്ത അവസ്ഥത , സത്യത്തില്‍ ഈ മുടി കണ്ടപ്പോള്‍ ഞാന്‍ കഴിഞ്ഞ സ്വപ്നത്തില്‍ കൂടി വീണ്ടും മനസ്സിനെ സഞ്ചരിപ്പിച്ചു .. ആ മുടി ഞാനിന്നും എന്റെ ഡയറിയില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട് .. എങ്ങനെ വന്നുന്ന് എനിക്കറിയില്ല കേട്ടൊ .. യാദൃച്ഛികമാകാം എങ്കിലും ഇത് രണ്ടും കൂടി കൂട്ടി വായിക്കുമ്പൊള്‍ വന്ന സാഹചര്യം അവ്യക്തം ... ഈ അവ്യക്തതയില്‍ നിന്നാണ് എന്റെ ചോദ്യമുയരുന്നത് .. ഈ ഭൂവിം നാം അറിയാത്തതായി , നമ്മുടെ അറിവിന്റെ മുകളില്‍ എന്തേലും ഉണ്ടൊ ?

Sunday, June 14, 2009

യാത്ര .....


നിശാശലഭത്തിന്‍ ചിറകിലേറി ,
കിനാവിന്റെ സ്ഫുരിക്കുന്ന നിമിഷങ്ങള്‍ മനതാരിലേറ്റി
നോവായ ഓര്‍മ്മകളില്‍ ഇടറി വീണ്
മങ്ങിയ വെളിച്ചത്തിന്‍ പിന്നിലൂടെ
കാണാത്ത വീഥിയില്‍ പരീക്ഷണനായി
ഒഴുകുന്ന മേഘത്തിന്‍ മുകളിലൂടെ
വര്‍ണ്ണങ്ങള്‍ നിറയുന്ന താഴ്വരയിലേക്ക്
മടങ്ങി ചെല്ലുവാനൊരു ദീര്‍ഘയാത്ര ....

കാലത്തിന്‍ ഒഴുക്കില്‍ എവിടെയോ മറന്ന് നന്മയും
പ്രായത്തിന്‍ കുസൃതിയില്‍ കൈയ്യിലൊളിപ്പിച്ച വികൃതിയും
മനസ്സുകളുടെ ശാപത്തില്‍ നിന്നുയരുന്ന അഗ്നിയില്‍
എന്റെ പുനര്‍ജന്മം മുഴുവനും -
ശുദ്ധികരിക്കുവാന്‍ ഒരു മടക്കയാത്ര .........

കണ്മുന്നില്‍ മുഴുവനും നിറമുള്ള കാഴ്ചകള്‍
കണ്ണില്‍ നിറഞ്ഞൊതെരിയുന്ന നൊംബരം
ആശകള്‍ ഇല്ലാതിരിന്നിട്ടും
എന്നിലെ മോഹങ്ങള്‍ മുഴുവനും തീര്‍ന്നിട്ടും
മനസ്സിന്റെ താളങ്ങളില്‍ നൊംബരമുണര്‍ത്തുവാന്‍
പിന്‍ന്തുടര്‍ന്ന വേഷങ്ങളില്‍ നിന്ന് മുക്തി നേടുവാന്‍
ആരും കൊതിക്കുന്നൊരു തീര്‍ത്ഥയാത്ര ......

അരികിലായി എരിയുന്ന മിത്രതെയും വിട്ട്
മാറിലായി ഉരുകുന്ന സഖിയേയും വിട്ട്
കണ്ണിലായി പിടയുന്ന മാതാവിനേയും വിട്ട്
കാലം എനിക്കേകിയ പിതൃത്വത്തെയും വിട്ട്
ആരെയും കാണാതെ , ആരെയും കേള്‍ക്കാതെ
എല്ലാം ഉപേക്ഷിച്ചൊരു സന്യാസയാത്ര .........

ഒറ്റപെടുന്ന ബാല്യത്തിന്‍ നൊംബരം പേറി
വെട്ടെറ്റ് വീഴുന്ന യുവത്വത്തിന്‍ രോദനം പേറീ
പിച്ചിചീന്തിയ മാനത്തിന്‍ വിലയും പേറി
ഒഴിവാക്കിയ വൃദ്ധരുടെ കണ്ണുനീര്‍ പേറീ
ജീവിതസത്യത്തിന്‍ വേദനയും പേറി
എല്ലാം ഉള്‍കൊണ്ടൊരു നിശബ്ദ യാത്ര

എന്റെ ഭാരത്തിനാല്‍ ചിറക് തളര്‍ന്ന ശലഭം
എന്നെ ശപിക്കുന്ന മാത്രയില്‍ .........
താഴ്വരയില്‍ കാണുന്ന കാഴ്ചകള്‍ക്കുമപ്പുറം
കാണുന്നു വിരഹത്തിന്‍ നിലക്കാത്ത നൊംബരം
തിരിഞ്ഞ് മടങ്ങുവാന്‍ ആശിച്ച മനസ്സിലൊ
കാലം വരുത്തിയ വെള്ളരേഖകള്‍ പടര്‍ന്നിരിക്കുന്നു ............

Tuesday, March 24, 2009

പ്രവാസ മുഖങ്ങള്‍ ....‍
കനവില്‍ പുതുമഴപെയ്തിറങ്ങുന്നു
മനം പോള്ളുന്ന വിരഹം
ദൂരെ ഒട്ടേറെ മുഖങ്ങള്‍
ഒരു തുള്ളി ജലത്തിനായി കാത്തിരിക്കുന്നു
ഒരൊ തുള്ളിയും ഒപ്പിയെടുത്ത്
കരങ്ങള്‍ക്കുള്ളില്‍ ചേര്‌ത്ത് വച്ച്
മാസാരംഭത്തില്‍ എന്‍ രക്തവും ചേര്‍ത്തയ്ക്കുന്നു
ദാഹമടക്കാന്‍ തികയില്ലെങ്കിലും
തല്‍ക്കാല നിര്‍‌വൃതി നേടിയെങ്കില്‍ മനം നിറഞ്ഞു ..
ആണ്‍ തുണയില്ലാത്ത വയറ് വീര്‍ത്ത രണ്ട് മുഖങ്ങള്‍
വറ്റിയ മുലപാലിനാല്‍ ഒരു മുഖം
കാമം തിന്നു തീര്‍ത്ത മൂന്ന് കുഞ്ഞ് മുഖങ്ങള്‍
സാക്ഷികളായി വാടിതളര്‍ന്ന രണ്ട് വാര്‍ദ്ധക്യമുഖങ്ങളും
പണ്ട് മന്ത്ര ചരടുകള്‍ വരിഞ്ഞ് മുറുക്കിയിരുന്നു....
രക്ഷകായുള്ള ഈശ്വരന്‍ പണമുള്ളവനെ തേടിപോയി

ഈ മുഖത്തേ ആരറിയുന്നു
ഈ വേദന ആരുകാണുന്നു
താങ്ങില്ലാതെ വീണുടയുന്ന ജന്മങ്ങള്‍ .....

തിരികെപോയിട്ടെന്തു ഫലം
ഇവിടെ നരകിച്ചിട്ട് ആര്‍ക്കു ജയം
മായകള്‍ തിങ്ങുമീ ലോകതിനപ്പുറം
ശാന്തിയുള്ളൊരു തീരമുണ്ടാകുമൊ .....

അവസാന താങ്ങും സ്വയമൊടുങ്ങുമ്പൊള്‍
ചീര്‍ത്തയെന്‍ മുഖത്തിനെ നോക്കിയൊന്ന്
കരയുവാന്‍ ആ മുഖങ്ങളില്‍ മിഴിനീരുണ്ടാകുമോ ......?

ഒടുങ്ങാത്ത പ്രവാസ നോവിന് ... ശാന്തി തേടി ആ മുഖമിന്നുമലയുന്നു ........

Tuesday, March 3, 2009

ക്ഷീരൊല്പാദക സഹകരണ സംഘം ...............
എണ്ടെ കൗമാരകാലം , പത്താം തരം കഴിഞ്ഞ് കോളേജില്‍ ചേരാന്‍ നില്‍ക്കുന്ന സമയം , മേല്‍ചുണ്ടിന് മുകളിലേ പൊടി മീശക്ക് കട്ടിവച്ച് തുടങ്ങിയ , മനസ്സില്‍ ഒരു പുരുഷസങ്കല്‍പ്പമൊക്കെ മൊട്ടിട്ട് തുടങ്ങിയ വലിയ കോളേജ്കുമാരനൊക്കെയായി എന്നു കരുതി തുടങ്ങിയ കാലം ..

തറവാട്ടിലേ മുത്തുവും , നന്ദിനിയുമൊക്കെ ( അഴകുള്ള പശുക്കളാനേട്ടൊ ) പാല്‍ ധാരാളമായി ചുരത്തിയിരുന്ന സമയമായത് കൊണ്ടും , എനിക്ക് വേനലവധി ആയതുകൊണ്ടും അപ്പുപ്പന്‍ടെ നിര്‍ദേശപ്രകാരം സഹകരണ സംഘത്തില്‍ പാല്‍ കൊണ്ട് കൊടുക്കുന്നത് എണ്ടെ തലയില്‍ വന്നു വീണു എന്നും പാല്‍ കൊടുത്തു കൊണ്ടിരുന്ന ഇരവിമാമന് ( പണിക്കാരന്‍) ‍വേറെ പണി ഏല്‍പ്പിച്ചു അപ്പുപ്പന്‍ ....

ഈ കാര്യം പറഞ്ഞ് അച്ഛണ്ടെ കൈനെറ്റിക്‍ ഹോണ്ടയുമായി കറങ്ങാലോ എന്ന ചിന്ത സന്തോഷത്തോടെ എന്നെ ഈ ദൗത്യത്തിന് പ്രെരിപ്പിച്ചു ( ലൈസന്‍സ്സ് ഇല്ല അത് വെറൊരു സത്യം ) ...സംഗതി പാല്‍ നിറഞ്ഞ പാത്രവുമായി പോയി വരി നിന്ന് സംഘത്തില്‍ കൊടുക്കണം , കുറെ ആളുകള്‍ ഇങ്ങനേ പാല്‍ പാത്രവുമായി വരിവരിയായ് നില്‍ക്കുന്നത് ട്യുഷന് പോകുമ്പൊള്‍ കണ്ടിട്ടുണ്ട് , എന്തൊ അന്നൊക്കെ വലിയ ചമ്മലായിട്ട തോന്നിയിരുന്നത് , കാരണമറിയാത്ത ചമ്മല്‍ ...

എന്തായാലും മൂന്ന് നാല് ദിവസങ്ങള്‍ കഴിഞ്ഞപ്പൊള്‍ ഞാന്‍ കുടുങ്ങി എന്നെനിക്ക് മനസ്സിലായി , കാരണം രാവിലെ ആറ് മണിക്ക് പാല്‍ കൊണ്ട് അവിടെ എത്തണം , ഏഴ് മണിയായിട്ടേ തിരിച്ചു വരാന്‍ കഴിയുകയുള്ളു , കറങ്ങാന്‍ പോകാമെന്ന് വച്ചാല്‍ ഈ പണ്ടാരം പാലിണ്ടെ പാത്രം മധ്യത്ത് , പിന്നേ വൈകിയാല്‍ അചഛന്‍ വിളിച്ചു ചോദിക്കും എങ്കില്‍ ശിക്ഷ തന്നെ ......

എല്ലാം കൊണ്ടും കുടുങ്ങിയിരിക്കേ ഒരു ദിവസം ഈ പാല്‍ പാത്രവുമായി പതിവ് ശൈലിയില്‍ നമ്മുടെ രാജകീയ വാഹനം നിര്‍ത്തി ഇറങ്ങുമ്പൊള്‍ വരിയുടെ ഏറ്റവും അറ്റത്ത് ഒരു ഇരുനിറക്കാരി സുന്ദരി ... നേരെ പോയി അവളുടെ പിറക് വശത്ത് പോയി നിന്നു , നല്ല ചമ്മലും ഉന്ടെട്ടൊ ( ഈ ചമ്മലിനൊക്കെ കാരണവുമുണ്ട് അവിടെ പാല്‍ കൊണ്ട വരുന്നതില്‍ ഏക കൗമാരകാരന്‍ ഞാനാണ് ) നീളമുള്ള മുടിയിഴകളില്‍ നിന്നും വെള്ളം ധാരയായ് അടര്‍‌ന്ന് വീഴുന്നു ,, കുളിച്ച് വന്നതിണ്ടെ സുഗന്ധം

ആദ്യം പാവം തോന്നി സ്കൂളില്‍ പോകുന്നതിന് മുന്നേ വീട്ടിലേ പ്രാരാബ്ധം കൊണ്ട ഓടി വന്നതാകാം എന്നൊക്കെ ചിന്തിച്ച് നിന്ന ഞാന്‍ കാല് വേദനിപ്പിച്ചപ്പൊള്‍ ഒരു കാല്മുട്ട് പൊക്കി എന്റെ പാല്‍ പാത്രത്തിന് മുകളില്‍ വച്ചു , ദാ കിടക്കുന്നു പാത്രത്തിണ്ടെ മൂടി തെറിച്ചു പാത്രം മറിഞ്ഞു , എനിക്ക് എന്തു ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പൊല്‍ ഈ കുട്ടി പാത്രം പൊക്കി വച്ചു കഴിഞ്ഞിരിന്നു , ഒരു അഭ്യാസിയേപൊലെ , എന്നിട്ട് എന്നെ നോക്കി ഒന്നു ചിരിചിട്ട് പറഞ്ഞു " അതെ പാല്‍ പോകുന്നത് കണ്ടാലും ഒന്ന് എടുത്ത് വച്ചുകൂടെ , മാസപടിക്കാരാ " ( ഇതെണ്ടെ തറവാടിനേ പറ്റി പറയുന്നതാണ് ) ഞാന്‍ ഒന്ന് വിറച്ചു . ഇവള്‍ക്കെന്നേ അറിയാമോ ? പിന്നെയൊരു നാണം ഇടക്കിടെ ഒരു നോട്ടം ,,,,, ആര് .. അവളല്ല ഞാന്‍ ............

അനുരാഗം മൊട്ടിട്ട പോലെ , അന്നൊക്കെ ഒരു പെണ്‍കുട്ടി നോക്കി ഒന്ന് ചിരിച്ചാല്‍ പിന്നേ ലോകം വെട്ടി പിടിച്ച അനുഭൂതിയാണ് .. പിന്നെ പിന്നെ അവള്‍ വരും വരെ കാക്കും പോയാല്‍ പിറകേ വച്ച് കത്തിക്കും ( ഇതൊക്കെ കെട്ടാല്‍ തോന്നും ബി എം ഡബ്ലു കാറൊ , യമഹ പുതിയ ബൈക്കൊ മറ്റൊ ആവുമെന്ന് ഒന്നുമല്ല നമ്മുദെ സ്വന്തം കൈനെറ്റിക്‍ ) വണ്ടിയില്‍ പോകുമ്പൊല്‍ ഈ തിരിഞ്ഞ് പെണ്‍കുട്ടികളെ നോക്കാന്‍ പേടിയാ ഇന്നും അന്നും . എങ്കിലും അവള്‍ നോക്കുനുണ്ടൊ എന്ന് കഷ്ടപെട്ട് നോക്കി ഉറപ്പിക്കും ,

അവളുടെ കണ്ണുകളില്‍ നിഴച്ചിരുന്ന കുസൃതിക്കുമപ്പുറം ദാരിദ്ര്യം ഉണ്ടെന്ന് അറിയും വരെ അനുരാഗമായിരുന്നു , പിന്നെ അത് വല്ലാത്തൊരു ഇഷ്ടമായി , ഒരു ദിനം കാണാതിരുന്നാല്‍ എന്തൊ കളഞ്ഞ് പോയ പോലെ , ചുണ്ടില്‍ അന്യോന്യം പുഞ്ചിരി വിടര്‍ന്നു , മേടമാസത്തിലെ ചൂടിലും അവളുടെ അധരങ്ങള്‍ നിറഞ്ഞു കവിഞ്ഞു , മനസ്സ് ആര്‍‌ദ്രമായി , കാണാതിരിക്കാന്‍ പറ്റാത്ത അവസ്ത്ഥ , അവള്‍ക്കുണ്ടൊ എന്നറിയില്ല കേട്ടൊ ... എന്റെ പുഞ്ചിരിക്കുള്ള മറുപടീയായ് നല്‍കുന്ന ആ മന്ദസ്മിതമുണ്ടല്ലൊ ... പറഞ്ഞറിയിക്കാന്‍ കഴിയില്ല അന്ന് ഇതൊക്കെ മനസ്സില്‍ തന്ന കുളിര്‍ കണങ്ങള്‍ ... ഇതെല്ലാം കൂടി ഒരു അന്‍മ്പത് ദിവസത്തേ കാര്യങ്ങളാണ് ....

വര്‍‌‍ഷങ്ങള്‍ കഴിഞ്ഞു , എന്ടെ അപ്പുപ്പനും , ഇരവി മാമനും , പാടവും , മുത്തുവും , നന്ദിനിയും , മണ്‍പാതകളും എല്ലാം പോയി മറഞ്ഞു , പക്ഷെ ഇപ്പൊഴും ഞങ്ങളുടെ കൂടെ ആ പാവം കൈനെറ്റിക്‍ ഹോണ്ട ഉണ്ടെട്ടൊ , ഉഷാറായി തന്നെ...........

മുത്തശ്ശിയുടെ മരണം , മരണ കര്‍മ്മങ്ങള്‍ ചെയ്യുന്ന ദിവസം കരക്കാരെ മുഴുവന്‍ വിളിക്കണം എന്നാണ് നിയമം , എന്റെ മോളുനെയും കൂട്ടി ക്ഷീരൊല്പാദക സഹകരണ സംഘത്തിണ്ടെ ഉടമ ഗോപിയെട്ടനേ വിളിക്കുവാന്‍ വെണ്ടി പൊയി , വീട്ടില്‍ ചെന്നപ്പൊള്‍‍ സംഘത്തിലുണ്ടെന്ന് പറഞ്ഞു . അവിടെ ചെന്ന് മോളുനേ എടുത്ത് കാറില്‍ നിന്നിറങ്ങുമ്പൊള്‍ , സംഘത്തിനുള്ളിലെ കസേരയില്‍ പഴയ മുഖം .......

പണ്ടെന്നൊട് പുഞ്ചിരി തൂകിയ അതേ മുഖം ...ഗോപിയേട്ടണ്ടെ ഭാര്യ ... എനിക്ക് നല്‍കിയതിനെക്കാള്‍ പുഞ്ചിരി അവള്‍ അയാള്‍ക്ക് നല്‍കിയെന്ന് പിന്നിടാരോ പറഞ്ഞു കേട്ടു ..... പാല്‍ പാത്രത്തിന് പകരം എണ്ടെ മോളുട്ടിയുമായി ഞാന്‍ ആ പഴയ കൗമാരകാരണ്ടെ നാണത്തൊടെ ക്ഷീരൊല്പാദക സഹകരണ സംഘത്തിണ്ടെ പടിയിറങ്ങി ..........

Thursday, February 26, 2009

നിങ്ങള്‍ പറയൂ ..........മിസ്സ് കാള്‍ ... വീണ്ടും വീണ്ടും .......
സമയം കൊല്ലുവാന്‍ തിരിച്ചങ്ങൊട്ട്
ചെറുപ്പവാക്കുകളില്‍ അശ്ലീലം
ആദ്യമാദ്യം നാണം ..
പിന്നെ പിന്നെ ത്വര സിരകളില്‍
വിരലുകള്‍ താനേ ചലിച്ചതിന്‍ പിന്നാലെ ..
താലികെട്ടിയവന്‍ വിസ്മ്രിതിയില്‍
അക്ഷരം തേടീ പോയ മകള്‍ അമ്മയേ തേടി ..
കണ്ടതില്ല ,, കാമുകന്‍ കട്ടോണ്ട് പോയി ...
പുതുമ നശിച്ചരാവില്‍ പുതിയ കാമുകന്‍
തുടരേ ഉറക്കമില്ലാത്ത രാത്രികള്‍ ...
ശരീരം പുറംതള്ളുന്ന നിണം പോലും
തടഞ്ഞ് നിര്‍ത്തിയ കാമുകന്‍ ..
നല്ലൊരു കച്ചവടകാരന്‍ .
രക്ഷപെട്ടൊടി വന്നപ്പൊള്‍
മകളുടെ കൈയ്യില്‍ സ്വന്തം അച്ഛണ്ടെ മകന്‍ ...
അമ്മയില്ലാത്ത രാത്രികളില്‍ മകള്‍ക്ക് അച്ഛണ്ടെ സമ്മാനം ..
തെറ്റ് ,,, ആരുടെ .... നിങ്ങള്‍ പറയൂ ...

Saturday, February 21, 2009

തത്വമസ്സി ....
നിശബ്ദമീ ഭൂമി ....
കരങ്ങളില്‍ ദൈന്യത ....
നിലാവില്‍ ഭീകരം
ദേവനീ ഇരുട്ടില്‍ അനാഥനാണ് ....... ഞാനും

പറക്കമുറ്റാത്ത നിശാശലഭങ്ങള്‍
ഭ്രാന്തമായി അലറുന്ന ചീവീടുകള്‍
പകല്‍ വെളിച്ചം കടക്കാത്ത ശ്രീകോവില്‍
ദേവാ നീ അനാഥനാണ് ...... ഞാനും

കാട്ടുപൂക്കളെന്‍ കരങ്ങളില്‍
അര്‍പ്പിക്കാന്‍ വെള്ളനൂലില്ല
വെളിച്ചമെന്‍ കണ്‍കളില്‍
നള്‍കുവാന്‍ ശുദ്ധുയില്ലാ
ദേവാ നീയും ഞാനും അനാഥനാണ് .......

മാറാലകെട്ടിയ കളഭകൂട്ടുകള്‍
കൂത്താടി നുരയുന്ന തീര്‍‌ത്ഥകുടം
ചിതലരിച്ച പുരാണങ്ങള്‍
ഓവിലിഴയുന്ന വിഷങ്ങള്‍
ദേവാ നിന്നെ പോലെ ഞാനും തീര്‍ത്തുമനാഥനാണ് .......

ചുറ്റമ്പലത്തില്‍ തളംകെട്ടികിടന്ന ഭക്തിയെവിടെ
ശീവേലിക്ക് തിടമ്പേറ്റിയ ഗജരാജനെവിടേ
നിറമാല കെട്ടിയ പെണ്‍കരങ്ങളെവിടേ
ഊട്ടപുരയില്‍ നിന്നുയരുന്ന നിവേദ്യരുചിയെവിടേ
ദേവാ ആരുമില്ലാതലയുന്ന ഞാനും നീയും അനാഥനാണ് ......

ഒത്തുതീര്‍‌പ്പാകാതെ കരകള്‍
കോടതികളില്‍ ദേവസാന്നിദ്ധ്യം
വ്യവഹാരങ്ങളില്‍ മനമുടക്കി
ധനസ്ഥിതിക്ക് മങ്ങലെല്‍‍ക്കുമ്പൊള്‍
ചുവപ്പ് നാടയില്‍ കുരുങ്ങുമീ ഞാനും നീയും

തത്വമസ്സി .......... അറിവതില്ല എനിക്കിപ്പൊഴുമിതിനര്‍‌ത്ഥം

Monday, January 26, 2009

സദനങ്ങള്‍ നിറയുവതെന്തിന് .......................................


നന്മ ചൊല്ലി പിരിഞ്ഞൊരാ മുത്തഛ്ചനും മുത്തഛ്ചിയും ..........
കാലഹരണപെട്ട കളിപ്പാട്ടങ്ങളായി
ബന്ധങ്ങള്‍ക്ക് ദ്രിഡത ഏകുവാന്‍
നിഴല്‍ മാത്രം സമ്മാനിക്കുന്നവര്‍
കഥകള്‍ ചൊല്ലി കൂടെ ഉറങ്ങുവാന്‍
പേരകിടാങ്ങള്‍ക്ക് താങ്ങയിരുന്നവര്‍ ...
വിശുദ്ധ യുദ്ധതിന്‍ അവസാന നാളില്‍
വേര്‍പിരിഞ്ഞ മൂത്തവര്‍ , ഇളയതുകളുടെ കണ്ണീര്‍ കണ്ടില്ല

ദൂരേ ഉറ്റപെടലിന്ടെ മടിതട്ടില്‍
കാശെണ്ണി തിട്ടപെടുത്തിയ മേലാളന്മാര്‍
അവര്‍ക്ക് സദനങ്ങല്‍ ഒരുക്കിയതും
വരിവരിയായി.... പണ്ട്
പള്ളികൂടത്തില്‍ ചേര്‍ത്ത സമം പോല്‍
കൊഴിയാന്‍ വെമ്പുന്ന പ്രായത്തില്‍ തണലാകേണ്ടവര്‍
അവര്‍ക്ക് ഒന്നിച്ചുറങ്ങുവാന്‍ നിരാലമ്പസമൂഹമൊരുക്കുന്നു


ബാല്യമനസ്സുകളില്‍ നിറങ്ങള്‍ നിറക്കേണ്ടവര്‍
ശരീരപുഷ്ടിക്ക് വേദമൊതേണ്ടവര്‍
തെറ്റായ ദിശകള്‍ക്ക് പഴമൊഴി കാക്കേണ്ടവര്‍
ദൈവനാമങ്ങല്‍ നാവില്‍ വിളക്കായി പകരേണ്ടവര്‍
പുഴുക്കല്‍ മദിക്കുന്ന പാഴ് ജന്മങ്ങളായി
അഞ്ജാത ശവങ്ങളായി വിധിയാല്‍ -
പേരമക്കള്‍ക്ക് പഠനോപാധിയായി
കര്‍മ്മങ്ങളൊന്നുമില്ലാതെ തെരുവില്‍
വീണുടയുന്ന പഴയ പ്രതാപ ബിബംങ്ങള്‍

കണ്ണുതുറക്കേണം .. തുറന്നു വച്ച് കാണേണം
നേരു കണ്ടു പഠിക്കുന്ന ബാല്യങ്ങല്‍
നിങ്ങള്‍ക്കുമുണ്ടെന്നൊര്‍ക്കേണം
ഇക്കഴിഞ്ഞ വസന്തം പുമ്പൊടി വിതറിയെന്നാലും
അടുത്ത നിമിഷം ഇലപൊഴിയുമെന്നറിഞ്ഞാലും
മുലപാലിനു വേതനം കൊടുക്കുവാന്‍
നിങ്ങളെ തേടുന്ന ബാല്യങ്ങള്‍ വിദൂരമല്ലെന്നോര്‍ക്കേണം

Wednesday, January 21, 2009

ആദ്യരാത്രി......ആദ്യ കാഴ്‌ച്ചയില്‍ സ്വന്തമാക്കാന്‍ കൊതിച്ചതാണീ പൊന്നിനെ
മണവാട്ടി ആകുമെന്ന് നിനച്ചിതില്ല ഒരിക്കലും
മൈലാഞ്ചി കൈയാല്‍ മെല്ലെ വാതില്‍ തുറന്നവള്‍
ഖല്‍ബിന്‍ ഒളിവായി മണിയറയില്‍ കടന്നവള്‍
കരിവള കിലുക്കങ്ങളാല്‍ പുതു സംഗീതമുണര്‍ത്തി
വെളുത്ത പൂവിന്‍ സുഗന്ധവുമായി അരികിലണഞ്ഞവള്‍

പ്രവാസ നോവിനു വര്‍ണ്ണങ്ങളേകുവാന്‍
ക്ഷണികമെന്നാലും നിറചാര്‍ത്ത് പകരുവാന്‍
ഗര്‍വാലേ സ്വപ്‌ന തേരിനെ മടക്കി
ഹ്രിദയമിടിപ്പാലേ ചാരത്തണഞ്ഞവന്‍

അധരം കൊതിക്കുവതെന്തിനോ
കരങ്ങള്‍ വിറക്കുവതെന്തിനോ
മിണ്ടുവതില്ലൊന്നും , മുഖം കാണ്‍മതില്ല
ചൊല്ലിയവള്‍ എനിക്കിന്ന് സുഖമില്ലെന്ന്
വാടി തളൊര്‍ന്നാര മുഖമൊട്ടു കണ്ടവന്‍
ഒന്നുമേ ഉരിയാടാതെ തിരിഞ്ഞു നിന്നവന്‍

കാരണമറിയേണം ,, ചൊല്‍വതില്ലവള്‍
ചോദിപ്പുവാന്‍ ശക്തി ക്ഷയിച്ചപോല്‍
മാസ മുറയെന്ന് ചിന്തിച്ചു നിന്നവന്‍
കഴിഞ്ഞ നിമിഷം ഉള്ളില്‍ നിറഞ്ഞ വര്‍ണ്ണങ്ങള്‍
ജലരേഘയായി വീണലിഞ്ഞു പോയി ..


രണ്ടാം രാത്രിയും അവനരികിലെത്തി
അവള്‍ മാത്രം അരികത്തണഞ്ഞില്ല
മാറി കിടന്നു മയങ്ങുന്നവളുടെ
പാതി അടഞ്ഞ കണ്ണില്‍ ദീനമല്ല
നിഗൂഡതയുടെ അംശങ്ങളാനവന്‍കണ്ടത്


മൂന്നാം നാള്‍ ഉമ്മ ചൊല്ലിയത് കെട്ടവന്ടേ
നെഞ്ചകം തകര്‍ന്നെന്നാലും
പുറമെ അവന്‍ ഭ്രാന്തമായി ചിരിതൂകി
കൂടെ ഇരിക്കെണ്ടവള്‍ തിരികെ പോയത്
നാട്ടാരെല്ലാം വാതോരാതെ പാടിയെന്നാലും
കുത്തു വാക്കുകള്‍ അവനെ തളര്‍ത്തിയെന്നാലും
അവളെ കൂട്ടുവാന്‍ തിരികെ പോയതില്ലവന്‍

കാരണവുമായി കാരണോര്‍ എത്തിയ നാള്‍
കാരണമറിഞ്ഞിട്ടവന്‍ കണ്ണീര്‍ തൂവിയില്ല
ഒന്നിനും കഴിവില്ലാത്തവന്‍ എന്നൊതിയ കാരണോര്‍
എന്‍ കഴിവുകള്‍ കാണിപ്പാതിരുന്നതെന്‍ തെറ്റെന്നവന്‍ ചൊല്ലിയില്ല
വെറുക്കുവാന്‍ ആവതില്ലവനവളേ
എണ്ണി തിട്ടപെടുത്തിയ ഒഴിവ് ദിനങ്ങളും
മണിയറക്കുള്ളില്‍ അവളുടെ സുഗന്ധവും
മടങ്ങി പോകുവാന്‍ തോന്നിയെന്നാലും
അവളുടെ പാതി മയങ്ങിയ കണ്ണിലെ ചതിയോര്‍ത്തവന്‍
ഇടക്കെപ്പോഴൊ കണ്ണുനീര്‍ പൊഴിച്ചു

കണ്ട മാത്രയില്‍ ചോദിച്ചതാണവന്‍
ഉത്തരം പറയാതെ നാണിച്ചു നിന്നവള്‍
വീണ്ടുമാ ചോദ്യത്തിന്‍ ഉത്തരമായവള്‍
കുസ്രുതി ചിരിയാലെ ഓടി മറഞ്ഞെങ്ങോ...

കാമുകബുദ്ധിയില്‍ വിരിഞ്ഞതാണീ ചതിയെന്നറിയാതെ
മഹര്‍ കൊടുത്തവന്‍ നേടിയതെന്തെന്നറിഞ്ഞില്ല
പൂത്തുലയുവാന്‍ വെമ്പി നിന്ന മനസ്സുമായി
അവളുടെ പാതി മയങ്ങിയ കണ്ണുകളെ
സ്വതന്ത്രയാക്കി പരിഭവമില്ലാതെയവന്‍
മണിയറയില്‍ അവളുദെ സുഗന്ധത്തില്‍
ഏകനായി ഇന്നുമുരുകുന്നു ...............

ഇതെന്ടെ പ്രീയ മിത്രതിനു ഉണ്ടായ ദുരനുഭവം ആണു ,, എല്ലാം ഇവിടെ ഉള്‍പെടുത്തിയിട്ടില്ല എങ്കില്‍ കൂടി ,,
അവന്ടെ മനസ്സിന്ടെ പച്ചയായ അവിഷ്കാരം ..മൊഴിചൊല്ലി പിരിഞ്ഞു പോയവള്‍ ,, ഒരു യുവാവിന്ടെ ജീവിതം തകര്‍ത്തവള്‍ .... ഇന്നും
സുഖമായോ , അസുഖകരമായോ ജീവിക്കുന്നുണ്ടാവണം ​,, പക്ഷെ ഇവനിന്നും ......

Wednesday, January 14, 2009

മടക്കമില്ലാത്ത നന്‍മകള്‍ഗുരു പാദ പൂജയില്‍ നിര്‍വ്രിതി നേടി
വിദ്യ്യില്‍ ലയിക്കുന്ന ജന്മങ്ങള്‍
അഗ്രഹാര ഇരുളില്‍ ജീര്‍ണിക്കും മുഖങ്ങളില്‍
ജ്വലിക്കാത്ത രതികള്‍
പാവനമാം മനസ്സില്‍ പൂക്കുന്ന
പ്രണയമാം പൂവും
അമ്മതന്‍ കൈയ്യ് വെള്ളയില്‍ ഉരുളുന്ന
ചോറിനായി കൊതിയ്ക്കുന്ന മക്കളും
അറിവില്ലാത്ത പിതാമഹന്മാര്‍ക്ക്
നിറകണ്ണുകളാല്‍ ബലിയിടും യുവത്വം
ആലിംഗനതിനൊടുവിലായി നെറുകയില്‍
കാമമില്ലാത്ത ചുംബനകൂട്ടുകള്‍
സൂര്യന്‍ മറഞ്ഞാല്‍ മയങ്ങുന്ന
ഗ്രാമത്തിന്‍ വിശുദ്ധി
പുഴതന്‍ അടിതട്ടിലേ
തിളങ്ങുന്ന തെളിനീരു

അലങ്കാരചുവ സ്പര്‍ശിക്കാത്ത
മിഴിതാഴ്ന്ന മനുഷ്യ കോലങ്ങള്‍
ആധുനികത എത്തിനോക്കാത്ത
തണുതുറഞ്ഞ മണ്‍വീഥി
നിലാവില്‍ പൂക്കുന്ന പാലയില്‍
പരക്കുന്ന സുഗന്ധം
പ്രേത ബാധയില്‍ കടന്നു കയറുവാന്‍
വിറകൊള്ളുന്ന കുങ്കുമ രാത്രികള്‍
വിരളമായി മിഴിനിറക്കും
വാര്‍ദ്ധക്യ മരണങ്ങള്‍
ചേറിന്ടെ ചൂരുള്ള
ചെറുമ പെണ്‍കൊടികള്‍
ശബ്ദ ഗാംഭീരമില്ലാത്ത
ഓല മേഞ്ഞ സിനിമാ കൊട്ടകകള്‍
നിരാലംബര്‍ക്ക് തണലായി
ഓടിയെത്തും സമൂഹമനസാക്ഷി


നാടന്‍ ശീലുകള്‍ തിങ്ങി നില്‍ക്കും
പകുതെടുകാത്ത നെല്‍പാടങ്ങള്‍
കടുത്ത ദാരിദ്ര്യ കൂരക്ക് കീഴിലും
അണമുറിയാത്ത മന്ദസ്മിതത്തിന്‍ വദനങ്ങള്‍
കുര്‍ബാനയും തക്ബിര്‍ ധ്വനികളും ദീപാരാധനയും
ഒന്നായി ഉള്‍കൊണ്ട വിഷംവിതക്കാത്ത മനസ്സുകള്‍

പണ്ടെങ്ങൊ പൊലിഞ്ഞുപൊയെന്‍ ഗ്രാമത്തിന്‍
നന്മയാണു മേല്‍ ചൊല്ലിയത്
ഇന്നതില്‍ ഒരു കാഴ്‌ച പോലും
എന്‍ കണ്ണുകള്‍ക്ക് വിരുന്നാകില്ല
പരാതിയില്ല പരിഭവവുമില്ല
പരിതപ്പിച്ചിട്ട് കാര്യവുമില്ല....

Monday, January 5, 2009

സൈബര്‍ താരാട്ട്...............മകളെ നീ നന്നായി വളരേണം
കാമമുള്ള കണ്ണുകള്‍ തിരിച്ചറിയേണം
പ്രണയവാക്കുകള്‍ ചിരിച്ചു തള്ളേണം
തുറിച്ചു നോട്ടങ്ങള്‍ എതിരിടേണം
സ്പര്‍ശന കരങ്ങളെ ചെറുത്തു നില്‍ക്കേണം
മിസ്സ് കാളുകളെ കണ്ടില്ലെന്നു നടിക്കേണം
ഇമെയില്‍ സന്ദേശങ്ങള്‍ ഇരയാണെന്ന് കരുതേണം
സൈബര്‍ കഫേകളില്‍ ചതിയുണ്ടെന്നറിയേണം
ക്യാമറ കണ്ണുകള്‍ പതിയാതെ നോക്കേണം
സൌഹ്രിദത്തിനു അതിര്‍ വരമ്പ് കാക്കേണം
മധുരം നുകരുമ്പോള്‍ സൂക്ഷിച്ച് കഴിക്കേണം
യുവജനൊല്‍സവത്തിനു പോകാതിരിക്കേണം
ടൂറിനു വിളിക്കുമ്പോല്‍ പൈസയില്ലെന്നോതേണം
വേഷങ്ങല്‍ പേരിനു മാത്രമാകാതിരിക്കേണം
റിയാലിറ്റി ഷോകള്‍ കാപട്യമാണെന്നൊര്‍ക്കേണം
സിനിമയും രാഷ്ട്രീയവും മനസ്സില്‍ പതിയാതിരിക്കേണം
കാണുന്ന ചിത്രങ്ങള്‍ മിക്കതും മോര്‍ഫിങ്ങാണെന്ന് അറിവുണ്ടാകേണം
റയില്‍വേ ട്രാക്കുകള്‍ ഒന്നിനും പരിഹാരമല്ലെന്നു ചിന്തിക്കേണം
പരിശുദ്ധി മനസ്സിലും ശരീരത്തിലുമാണെന്ന് ധരിക്കേണം
ഇതെല്ലാമേ ശ്രദ്ധിച്ചു കൊണ്ടുള്ള ജീവിതം കഷ്ടമാണെന്നൊര്‍ക്കേണം
കഴിയില്ലെങ്കില്‍ വീണ്ടുമാ ഗര്‍ഭപാത്രത്തില്‍ പെണ്ണായി പിറക്കാതിരിക്കേണം ...