ചാലിയാറിന്റെ തീരങ്ങളില്‍ , മേട കാറ്റിനോട് സല്ലപിച്ച് ലഹരി നുണയുമ്പോള്‍
കരതലം ചേര്‍ത്ത് വച്ചവള്‍ മാറോട് ചാഞ്ഞ് വൈനിന്റെ ചുവന്ന പൊട്ടുകള്‍
കവിളിലും ചുണ്ടിലും തന്ന് ഒരു യാത്രയുടെ ആകുലതകളിലേക്ക് പതിയേ ചുവട് പിടിച്ച് മയക്കത്തിലേക്ക് ......നിന്റെ ചുണ്ടുകളിലെ മുന്തിരി മണത്തിലേക്ക് , നിന്നിലേക്ക് , നിന്നെ നുകര്‍ന്ന് പുലരും വരെ, പൊടിഞ്ഞു വീണ വേനല്‍ മഴക്ക് നമ്മളുടെ കൂട്ടൊരുക്കികൊടുത്ത് പ്രണയത്താല്‍ വീര്‍ത്ത കണ്‍തടങ്ങളുമായ് പ്രണയയാത്രയുടെ ചൂരിലേക്ക് ..!
മേടച്ചൂട് കുടഞ്ഞിട്ട ഇത്തിരി മധുര മഞ്ഞ്തുള്ളികള്‍ നുകര്‍ന്നാണ് കൂറ്റന്‍ വിമാനം പ്രണയഹൃദയങ്ങളുമായ് പറന്ന് പൊങ്ങിയത് .. അവള്‍ ഓര്‍മപ്പെടുത്താറുണ്ട് .. നിലം തൊടുവാനായുമ്പോഴും ,ഒരെ നിലയില്‍ നിന്നും വ്യതിചലിക്കുമ്പോഴും ആകാശ ഉച്ചിയിലേക്ക് പൊന്തുമ്പോഴും അവള്‍ക്കുണ്ടാകുന്ന വികാരവിസ്ഫോടനങ്ങള്‍ ..നീ നല്‍കുന്ന രതിമൂര്‍ച്ചക്കൊപ്പമെന്ന് കണ്ണുകള്‍ അടച്ചവള്‍ മൊഴിയും ..മേഘപാളികളില്‍ ഓരോന്നുമെണ്ണി , പ്രണയം നുകര്‍ന്നാണ് അവളൊടൊപ്പമുള്ള ഓരോ യാത്രയും.. വല്ലപ്പോഴും കിട്ടുന്ന ഈ ദൂര യാത്രകളില്‍ സ്വയം മറന്നങ്ങനെ ...
യാത്രകളില്‍ എപ്പോഴും കൂടെ കരുതാറുള്ള ദൈവത്തിന്റെതെന്നു മനസ്സ്
സമാധാനപ്പെടുത്തുന്ന മുത്തുകള്‍ കോര്‍ത്ത മാല എടുക്കാന്‍ മറന്നിരിക്കുന്നു ...
കൈകള്‍ അറിയാതെ അതിലേക്ക് ചെന്നതാകാം , ഒരു ഭീതി ജനിക്കുന്നുണ്ടുള്ളില്‍ ..
പെട്ടെന്നാണ് എടുത്തടിച്ചത് പോലെ വിമാനം തിരിഞ്ഞത് .. മുഴുവന്‍ പ്രകാശങ്ങളും
കെട്ട് കൂപ്പ് കുത്തുന്ന പോലെ , നിയന്ത്രണം നഷ്ടപ്പെട്ട പറവയേ പോലെ ..
നിലവിളികളുടെ കൂട്ടത്തില്‍ വേറിട്ടറിയുന്നുണ്ടായിരുന്നു അവളുടെ നേര്‍ത്ത ശബ്ദത്തെ ..
പ്രണയത്തിന്റെ കൊടുമുടികളില്‍ നിന്നും നേരുകളുടെ ക്ഷണികതയിലേക്കിനി എത്ര നേരം ..?
വിളറിയ ചുണ്ടില്‍ ഉപ്പുരസത്തിന്റെ നീറ്റല്‍ .. അനായാസമായി ഉയര്‍ന്ന് പൊങ്ങുന്ന ഹൃദയം
ശ്വാസ്സഗതികളില്‍ നേരിയ മാറ്റം പോലുമില്ലാതെ , നീണ്ടമയക്കത്തിനൊടുവിലെ ഉണര്‍വ്..
ശ്വാസ്സ കുമിളകള്‍ വലം വയ്ക്കുന്നുണ്ട് ഇരുപുറവും , പിന്നില്‍ നിന്നും വയറ്റിലൂടെയുള്ള
കെട്ടിപ്പിടുത്തം ,അവള്‍ കൂടെയുണ്ട് .. കാലത്തിന്റെ അനിവാര്യതയിലേക്ക് കൂപ്പ് കുത്താതെ ..
കണ്ണാ .. നീയറിയുന്നുണ്ടൊ .. ? നീലാഴികളുടെ തടവറയിലാണ് നാം , കാലമോ ദേശമോ
ദിക്കോ അറിയാതെ ഇനി പുലരേണ്ടവര്‍ .. നമ്മുടെ പ്രണയ ജീവിതത്തിന്റെ തുടര്‍ചലനങ്ങള്‍ക്ക്
കാതോര്‍ക്കാന്‍ , ഒളിഞ്ഞ് നോട്ടങ്ങള്‍ക്ക് മിഴി കൊടുക്കാന്‍ ഇനിയാര്‍ക്കാണാവുക ..?
ഒരു വന്‍തിരയില്‍ പെട്ട് എങ്ങോ ഏതോ ദേശത്ത് ഏതോ തീരത്ത് രണ്ടായ് പോയ്
പിറക്കുവാന്‍ കാലത്തിന് കരങ്ങള്‍ കൊടുക്കേണ്ടി വരുക ഇനി വയ്യ , ഇനിയൊരു കണ്ടു മുട്ടലിനായുള്ള ഒടുങ്ങാത്ത കാത്തിരിപ്പും വയ്യ ..
ഒരു ചുംബനമധുരം കൊണ്ടെന്നെ ഉണര്‍ത്തുക
മെഴുക്കുള്ള കൈവിരലാല്‍ മൃദുവായ് തലോടുക
ഉള്ളറകളില്‍ നിറയും ലവണരസത്തിന്‍ കൂട്ടുകളില്‍
നിന്റെ മധുരപ്രണയം മുറ്റി നില്‍ക്കട്ടെ ....!
ജീവനും ജീവിതത്തിനുടിയിലെ ദൂരമെത്ര ... ?
നാളെയുടെ അറിയപ്പെടാത്ത തുരുത്തിലേക്ക്
പറന്ന് പോകുമ്പോള്‍ നമ്മുക്കിടയിലേക്ക്
ജീവിതത്തിന്റെ ജീവന്റെ ദൂരാംശം ഉണ്ടാകരുത് ...
ഇന്നലെയും ഇന്നും നാളെയും നിന്റെതായ് , നമ്മുടേതായ
ഉദയാസ്മനങ്ങള്‍ മാത്രമാകുന്നൊരു ചിന്തയാണ് ഉള്ളം മുഴുവനും ..
അവസ്സാന ശ്വാസത്തിന്റെ പ്രണയ കുമിളകള്‍ നിന്നിലേക്ക് -
നിറച്ച് അഗാധതയിലേക്ക് പോകുമ്പൊഴും നീ ഉണ്ടായിരുന്നു കൂടേ ..
കെട്ടി വരിഞ്ഞ് ഒരെ താളമോടെ മിടിച്ച് ,ഹൃദയം ഒന്നായ് മൗനം പൂകുമ്പോള്‍ ...
നാം എന്ന നേര് .. ഇവിടെ പുതു ജീവിതം നിറക്കുന്നു ..
" ആകാശത്തിനും , ഭൂമിക്കും ഇടയില്‍ ആഴിക്ക് മദ്ധ്യേ നമ്മുടെ ദേശം "
അന്തിമുല്ലകള്‍ പൂക്കുന്ന നമ്മുടേത് മാത്രമായ ദേശം
" സമര്‍പ്പണം : ( നിനക്ക് ) നൂറ് ദിവസങ്ങള്‍ പിന്നിട്ടിട്ടും , അറിയപ്പെടാത്ത
ഏതൊ തുരുത്തില്‍ പ്രതീക്ഷളുടെ പൊട്ടുമായ് , ഒരു ദിനം തിരികെ വരുമെന്ന് കാക്കുന്നപ്രണയഹൃദങ്ങളെ പേറിയ മലേഷ്യന്‍ വിമാനത്തിലെ യാത്രികര്‍ക്ക് "