"ആപ്പിള്‍ തിന്നുന്ന പാമ്പിനു" പകരം , ഇത്തിരി പുരൊഗമിക്കാന്‍ തീരുമാനിച്ച
ശശിയണ്ണന്‍ ഇന്നലെ ഇട്ട " ദേഷ്യമുള്ള കിളികള്‍ " സ്വന്തം ഫോണില്‍ കളിച്ച്
കൊണ്ടിരിക്കുമ്പൊഴാണ് അലാവുദ്ദീന്റെ വീട്ടീന്ന് വിളി വന്നത് ...
ജ്ജ് നാളേ ഇബിടെ വരെയൊന്ന് ബരണം ...ഇച്ചി പണിയുണ്ടേ ...
മലപ്പുറത്തൂന്ന് കൊല്ലത്ത് കണവന്റെ വീട്ടിലേക്ക് കുടിയേറിയ സഫിയാത്ത.
യൂ ട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് , എം പി ത്രീ ഫോര്‍മാറ്റിലേക്ക്
മാറ്റിയ വെങ്കിട്ടേശ്വര സുപ്രഭാതം കേട്ടാണ് "എട്ട് മണിക്ക് " ശശി മേസ്തരി ഉണര്‍ന്നത് ....
പല്ലിന് പുളിപ്പ് തോന്നി തുടങ്ങിയേ പിന്നേ ദന്തരക്ഷകന്‍ പറഞ്ഞ പ്രകാരം
ഇപ്പോള്‍ എന്നും രാവിലെ "സെന്‍സോഡേയിന്‍ " ഇട്ടേ അണ്ണന്‍ പല്ലു തേക്കൂ ...
കാരസോപ്പിട്ട് കുളിച്ച് കുളിച്ച് ചൊറി പിടിച്ചേ പിന്നേ ഈയിടയായി
പീയേര്‍സിലേക്ക് ചേക്കേറിയിട്ടുണ്ട് , അതില്‍ പിന്നേ " വെയിലിനെ "
കാണാം രാത്രിയും ശശിയണ്ണനില്ലെന്നാ ചേച്ചി പറയുന്നത് ...!
നിന്ന നില്പ്പിന് വസുമതി ചേച്ചി ഉണ്ടാക്കി കൊടുത്ത മാഗി ന്യൂഡില്‍സും കഴിച്ച്
സാധനസാമഗ്രികളുമായി അണ്ണന്‍ തന്റെ ജൈത്രയാത്ര ആരംഭിച്ചൂ ...
ഇന്നലത്തെ രാത്രിയില്‍ വെയില്‍ ഉദിച്ചതിന്റെ ക്ഷീണത്തില്‍ ബസ്സിലിരുന്ന്
അണ്ണന്‍ ഒരിത്തിരി മയങ്ങി പോയി , പെട്ടെന്ന് വല്ലാത്തൊരു ആരവം കേട്ടാണ്
ശശിയണ്ണന്‍ ഞെട്ടി എഴുന്നേറ്റത് ....
" കേറ്റിയ അണ്ടി ഇറക്കൂല്ലാ ...ഇറക്കിയ അണ്ടി കേറ്റൂല്ലാ ...
ശമ്പളം കൂട്ടീ തന്നില്ലെങ്കില്‍ മുതലാളിടെ അണ്ടി കയറ്റൂല്ലാ .."
ഇതു കേട്ട് അണ്ണന്‍ ഞെട്ടി , ഹൃദയത്തില്‍ പെരുമ്പറ മുഴുങ്ങി ..
കണ്ണുകള്‍ വിടര്‍ത്തി ഒന്നൂടെ വെളിയിലേക്ക് നോക്കി , അപ്പൊളാണൊരു സമാധാനം
കൈവന്നത് .." കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികള്‍ പണിമുടക്കിലാണ്"
ബസ്സിറങ്ങീ പുഴവക്കിലൂടേ സഞ്ചിയും തൂക്കി അണ്ണന്‍ പ്രകൃതി ഭംഗി ആസ്വദിച്ച്
ദുബൈക്കാരന്‍ അലാവുദ്ദീന്റെ വലിയ വീട് ഉന്നം വച്ച് നടന്നു ...
ഇടത് വശത്തേ വലിയ പാടം മുറിച്ച് കടന്ന് വരുന്ന ആളെ കണ്ട് അണ്ണന്റെ
മുട്ടുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി, നെഞ്ചിന്റെ ഉള്ളീന്നൊരു കിളി പറന്നു പോയി ..
" ജാനകി " .....പണ്ട് മെക്കാട് പണിക്ക് പോകുന്ന സമയത്ത് , വസുമതി ചേച്ചി മണ്ണപ്പം
ചുട്ട് കളിക്കുന്ന സമയത്ത് , കണ്ണും കണ്ണും കഥകള്‍ കൈമാറിയ സമയത്ത് ,
പണിക്കാരെല്ലാം ഉച്ചമയക്കത്തിലാകുമ്പോള്‍ ജാനകിയില്‍ വാര്‍ക്കുകയാകുമണ്ണന്‍ ..
സിമന്റ് കൂട്ടിപിടിച്ച് നെറുകില്‍ വച്ച് ഉള്ളില്‍ തുടിക്കുന്നതിനോടൊപ്പം
ജാനകിയേയും കൂടെ കൂട്ടാമെന്ന് പറഞ്ഞ ശശിയണ്ണനെ
പിന്നെ മഷി ഇട്ട് നോക്കിയിട്ടു പോലും ജാനകിക്ക് കണ്ടുകിട്ടിയില്ല ,
ബേപ്പൂരില്‍ ഉരു ഉണ്ടാക്കാന്‍ വാസുവിന്റെ കൂടെ പോയ
ശശിയണ്ണന് പിന്നേ തിരിഞ്ഞൊ മറിഞ്ഞൊ നേക്കേണ്ടി വന്നിട്ടില്ല ..
തിരിഞ്ഞ് നോക്കാതിരുന്ന ശശിയണ്ണന് ജാനുനേ കാണാനും പറ്റിയില്ല .. കൂടെ വരാനുള്ള
ത്രാണി ജാനൂന് ഇല്ലാതിരുന്നത് അണ്ണന്റെ ഒടുക്കത്തെ ഓട്ടം കൊണ്ടാണെന്ന് ജനസംസാരം ..
സംഗതി എന്തായാലും കല്യാണി ഡോക്ടറുടെ കരവിരുതില്‍ , അയലത്തെ മാധവേട്ടന്‍
കൊടുത്ത പച്ച നോട്ടിലും , അണ്ണന്റെ ആദ്യകുരുന്നു ജീവന്‍ അകാലചരമമടഞ്ഞൂ......
ഇത് പഴം കഥ , ഇന്നിപ്പൊള്‍ എന്തേലും നടക്കും , ജാനകിയുടെ മുന്നില്‍ പെടാതിരിക്കാന്‍
എപ്പൊഴും ശ്രദ്ധിക്കാറുള്ള അണ്ണന് ഇന്നു പണി കിട്ടും .....
രണ്ടും കല്പ്പിച്ച് അണ്ണന്‍ മുന്നോട്ട് നടന്നൂ ,,
ജാനകീ കാര്‍ക്കിച്ചൊന്ന് നീട്ടി തുപ്പി .. തീര്‍ന്നു .. അതിനപ്പുറം ജാനു എന്തു ചെയ്യാന്‍ ..
ആദ്യമായി അറിഞ്ഞ പുരുഷനേ ......!
ഓര്‍മകളുടെ ഉരസലില്‍ , ഇടക്കാരോ ഇക്കിളിയിട്ട പോലെ ചിരിച്ചു നിന്ന ശശിയണ്ണന്റെ
എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് കൊണ്ട് ജാനൂ അരയില്‍ തിരുകിയ
പുല്ല് ചെത്തുന്ന അരിവാള്‍ എടുത്തു വീശീ .. എന്തു ചെയ്യണമെന്നറിയാതെ
പതറിയ അണ്ണന്‍ ,മനശക്തി വീണ്ടെടുത്ത് പാഞ്ഞു .. പിറകില്‍ ജാനൂ ... മുന്നില്‍ അണ്ണന്‍ ..
വഴുക്കല്‍ ഉള്ള വരമ്പില്‍ നിന്നും , കാല് തെറ്റി അണ്ണന്റെ മനോഹര ലാന്‍ഡിംഗ്
പശുവിനെ കെട്ടാന്‍ പാടത്ത് അടിച്ച് വച്ചിരുന്ന മരകുറ്റിയുടെ മുകളിലേക്ക് ..
ആസ്ഥാനം തകര്‍ന്ന അണ്ണനെ കണ്ട് , തെല്ലാശ്വാസ്സത്തോടെ പിന്നിലേക്ക് മറഞ്ഞു ജാനു ..
എത്ര പിടിച്ച് നിന്നിട്ടും , കഴിയാതെ വന്ന അലാവുദ്ദീന്‍
തന്റെ ആത്മ മിത്രത്തെ കാണുവാനായി ദുബൈയില്‍ നിന്നും തിരിച്ചു ..
രണ്ട് വട്ടം ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തപ്പോഴും
വസുമതി ചേച്ചിയുടെ നിലവിളിയാണ് അലാവുദ്ദീന്‍ കേട്ടത് ...
ഞാനിനി എന്തോ ചെയ്യും , എല്ലാം പോയില്ലേ .. എന്ന രോദനം
അലാവൂദ്ദിന്റെ കാതില്‍ പ്രകമ്പനം കൊണ്ടു , അപ്പോള്‍ വസുമതി ചേച്ചിയോട്
അലവു പറഞ്ഞു , എന്തിനപ്പോള്‍ വിഷമിച്ചിട്ട് നമ്മളൊക്കെ ഇല്ലേന്ന് ..
നിങ്ങളൊക്കെ ഉണ്ടായിട്ട് എനിക്കെന്താ കാര്യം എന്ന മറു ചോദ്യത്തില്‍ ,
ഇത്തിരി നേരം ചിന്തിച്ചിട്ട് ഒരു ദീര്‍ഘനിശ്വാസ്സം മാത്രം പകരം നല്‍കീ അലാവുദ്ദീന്‍ ..
വിമാനത്തില്‍ ഇരിക്കുമ്പോള്‍ ,ശശിയേട്ടനേ കുറിച്ചായിരുന്നു
അലാവുദ്ദിന്റെ ചിന്തകള്‍ മുഴുവന്‍ , കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന പഴമൊഴി
അന്വര്‍ത്ഥമാക്കി കൊണ്ട് , വീടും കുടിയുമൊന്നുമില്ലാതെ ( കുടിയുണ്ടായിരുന്നോ ആവോ )
തന്നിഷ്ടത്തിന് നടന്നിരുന്ന അലാവുദ്ദീന്റെ ബാപ്പ, പ്രായം ചെന്ന മകനെ പ്രായമുള്ള വള്ളി ചൂരലിന്
പൊട്ടിച്ചാണ് ഫറൂക്കിലേക്ക് നാട് കടത്തിയത് , അലാവുദ്ദിന്റെ ഉമ്മയുടെ വീട്ടില്‍ നിന്നും
തടി വ്യാപ്യാരം നടത്തി പരിചയ സമ്പത്ത് നേടാന്‍ .. അവസ്സാനം തിരൂരങ്ങാടിക്കാരി സഫിയയുടെ
"തടി" തേടി കണ്ടു പിടിച്ച് മൊഹബത്തിലായ അലാവുദ്ദീന്‍ നന്നാവാന്‍ തീരുമാനിച്ചു ..
എന്നും രാവിലെ കുളിച്ചൊരുങ്ങി , പല പല ബൈക്കുകളില്‍ സഫിയെ കാണാന്‍ വരുന്ന
അലാവുദ്ദീന്‍, അവള്‍ക്കൊരു രാജകുമാരനായിരുന്നു .. ആയിടക്കാണ് ബേപ്പൂരില്‍ ഉരുവിന്റെ
പണിക്കായി ശശിയേട്ടന്‍ എത്തുന്നത് , നാട്ടുകാരനില്‍ കവിഞ്ഞൊന്നും അവരു തമ്മില്‍ ഇല്ലാതിരുന്ന കാലത്ത് ഫറൊക്ക് അങ്ങാടിയില്‍ വച്ച് യാദൃശ്ശികമായി അവര്‍ കണ്ടു മുട്ടിയിരുന്നു ..
ഒരിക്കല്‍ ഉമ്മയുടെ വീട്ടിലേക്ക് വരാന്‍ ക്ഷണിക്കുകയും ചെയ്തു അലാവുദ്ദീന്‍ ..
കേട്ട പാതി കേള്‍ക്കാത്ത പാതി , ശശിയേട്ടന്‍ ചാടി ബൈക്കില്‍ കേറി ..
വഴിയില്‍ വച്ച് ഒരു പൊതി ഒരാള്‍ കാറ് നിര്‍ത്തി അലാവൂദ്ദീന്റെ
കൈയ്യില്‍ വച്ച് കൊടുത്തു .. അലാവൂദ്ദീന്‍ അത് ശശിയേട്ടന്റെ
കൈയ്യില്‍ കൊടുത്തിട്ട് സൂക്ഷിച്ച് പിടിക്കാന്‍ പറഞ്ഞു , ഇടക്ക് വച്ച് ഇറച്ചി
വാങ്ങാന്‍ ബൈക്ക് നിറ്ത്തി അലാവുദ്ദീന്‍ റോഡ് ക്രോസ് ചെയ്തു
അപ്പുറത്തേക്ക് പോയി , ബൈക്ക് കണ്ടതും , കുരങ്ങന് പൂമാല
കിട്ടിയ പോലെ ബൈക്കില്‍ കേറി ഇരുന്ന് കളി തുടങ്ങി ശശിയണ്ണന്‍ ,
ഉരുട്ടി കളിക്കുന്ന ശശിയേട്ടനു മുന്നില്‍ കാക്കിയിട്ട കശ്മലന്മാര്‍ വന്നിറങ്ങി ,
ലൈസന്‍സ് ഇല്ലാത്ത ശശിയണ്ണന്‍ വിയര്‍ത്തൂ , മുണ്ട് മൊത്തത്തില്‍
അഴിഞ്ഞു താഴെ വീണു, ഇവിടെ വാടാ ... എന്നത് മാത്രമേ അണ്ണന്‍ കേട്ടൂള്ളൂ ..
പിന്നെ അഴിയെണ്ണുന്ന അണ്ണനെ ആണ് കണ്ടത് ..
"കുഴപണവീരന്‍ " ശശി പിടിയില്‍ .. തെക്കന്‍ കേരളത്തിലും മലബാറിലും
ശൃംഖലകളുള്ള കുഴല്‍പ്പണ റാക്കറ്റിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ ശശിയണ്ണന്‍ ..
തമിഴന്മാര്‍ അടിച്ച് കൊടുക്കുന്ന, കുഴല്‍ കിണറിനോടൊപ്പമല്ലാതെ
കുഴലെന്നു പോലും കേള്‍ക്കാത്ത പാവം ശശിയേട്ടന്‍ , അലാവൂദ്ദീനു വേണ്ടീ മൗനിയായ് ..
അലാവൂദ്ദീന്‍ ശശിയേട്ടനെ മറന്നില്ല അന്നും ഇന്നും ........................
പക്ഷേ നാലു കാലില്‍ ഇടി കൊണ്ട് നിലത്തിരുന്ന അണ്ണനെ ഒരു മുന്നറിയിപ്പു
പോലും കൊടുക്കാതെ കയറിട്ട് മേലോട്ട് വലിച്ചിട്ട് ഇടിച്ച പൊലീസുകാരെ
ശശിയണ്ണന്‍ മറന്നു , ഓര്‍ത്തിരുന്ന സമയം മുഴുവന്‍ അറിയാതെ പലതും പോകുന്ന
അവ്സഥയായിരുന്നു അണ്ണന്റെ ..
എയര്‍പോര്‍ട്ടില്‍ നിന്നും ആശുപത്രിയിലേക്ക് തിരിക്കും മുന്നേ അലാവൂദ്ദീന്‍
ശശിയണ്ണനായിട്ട് രണ്ട് കിലോ " കുളിരുള്ള ആപ്പിള്‍ " വാങ്ങി വച്ചു ,
പുതപ്പിട്ട വളരെ പനിചൂടുള്ള ഈ ആപ്പിള്‍ തന്നെയാകണം അണ്ണന്
കൊടുക്കേണ്ടതെന്ന് അലാവുദ്ദീന്‍ ഉറപ്പിച്ചൂ ..
വാര്‍ഡില്‍ കിടക്കുന്ന ശശിയണ്ണനെ കണ്ട് അലാവൂദ്ദിന്റെ കരള്‍ വിങ്ങി
" ഗുരുശിഷ്യന്‍ " സിനിമയില്‍ രാജന്‍ പീ ദേവ് രണ്ടു കാലും പൊക്കി പ്ലാസ്റ്റിറിട്ട്
കിടക്കുമ്പോലെ നിസ്സഹായനായീ ശശിയണ്ണന്‍ , ഈ ഹീന പ്രവര്‍ത്തി ചെയ്തവരോടുള്ള
പ്രതികാരം അലവുന്റെ ഉള്ളില്‍ നുരഞ്ഞു പൊങ്ങിയെങ്കിലും മനസ്സിന് രണ്ടടി കൊടുത്ത്
" അടങ്ങ് അടങ്ങ് " എന്ന് പറഞ്ഞ് പഠിപ്പിച്ചു , അടക്കിയിരുത്തി ..
സത്യം, അപ്പുറം ജാനുവാണെന്നുള്ളതാണെന്ന് ആര്‍ക്കുമറിയില്ലേലും ശശിയണ്ണനറിയാം
" കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ "
ജാനുനെ കുറിച്ച് കൂടുതലറിഞ്ഞ വസുമതി ചേച്ചീ കിടന്ന കിടപ്പില്‍ അണ്ണനെതിരേ
ചോദ്യ ശരങ്ങള്‍ എറിഞ്ഞു അണ്ടി കളഞ്ഞ അണ്ണാനെ പോലെ എന്തു
ചെയ്യണമെന്നറിയാതെ അണ്ണന്‍ നിന്നു വിയര്‍ത്തു , സോറി കിടന്നു വിയര്‍ത്തു ..
അവസ്സാനം അണ്ണന്‍ ഒരു വെടി പൊട്ടിച്ചു , അലാവുദ്ദിന്റെ പഴയ കേസാണതെന്നും ,
അലാവുദ്ദീനായാല്‍ എന്തൊക്കെയോ ആയെന്നും , അതിനാല്‍ ആണ് അവനെ ബാപ്പ നാടു കടത്തിയതെന്നും , അവനെ കിട്ടാത്തതിന്റെ ദേഷ്യം കൂട്ടുകാരനെന്ന് പേരു കൊണ്ട്
മാത്രം ഇത്ര നാളുകള്‍ക്ക് ശേഷം കണ്ടപ്പോള്‍ വഴക്ക് കൂടിയതാണെന്നും ,
തനിച്ചു വരമ്പിലൂടെ നടന്നു പോകുമ്പോള്‍ തലകറക്കം അനുഭവപ്പെട്ട് താഴേക്ക്
വീണു പോയതാണെന്നും പറഞ്ഞ് അണ്ണന്‍ തടി തപ്പി ..
വസുമതി ചേച്ചി ഇരുത്തി ഒന്നു മൂളുകയും പതുക്കെ അടി വയറു നോക്കി
ഒരു കുത്തും കൊടുത്തു , നക്ഷത്രമെണ്ണിയ അണ്ണന്‍ ഉള്ളില്‍ സമാധാനിച്ചു ,
അന്ന് ഏറ്റെടുത്ത അലവുന്റെ കാര്യത്തിന് ഇന്നൊരു പരിഹാരം ഉണ്ടായല്ലൊ സന്തോഷം .!
കുറ്റി ബാക്കിയിരുന്ന അറ്റവും കൊണ്ട് " കുറ്റി ശശിയായ് " അണ്ണന്‍ ആശുപത്രി വിട്ടു ..
നടക്കാനോ , കിടക്കാനോ , നേരെ ഇരിക്കനോ കഴിയാതെ ജീവിതം വഴിമുട്ടി ..
അലാവുദ്ദിനോടുള്ള ചതി വസുമതി ചേച്ചി വഴി നാട്ടില്‍ പാട്ടായി , ആ പാട്ട് കേട്ട്
അലാവുദ്ദീന്റെ ഹൂറി കെട്ട് കെട്ടി .. ഇനി നാട്ടിലേക്കില്ലെന്ന് പറഞ്ഞ് അലാവുദ്ദിനും ........
അങ്ങനെ ഒരു കുറ്റി പറ്റിച്ച പണിയില്‍ എല്ലാം ഒരു വഴിയായ് ...
അറ്റമില്ലാത്ത സൗഹൃദം കുറ്റിയില്‍ തട്ടി പൊട്ടി ..
എല്ലാ പ്രതീക്ഷയും നശിച്ച വസുമതി ചേച്ചി , മെക്കാട് പണിക്ക് പോയി തുടങ്ങീ ..
ഇടക്കിടേ ജാനൂന്റെ മണം വസുമതിയില്‍ അടിച്ച അണ്ണന്‍ കിടന്നു കൊണ്ട് പ്രാകി ...
പ്രാകല്‍ സഹിക്കാന്‍ വയ്യാതകുമ്പോള്‍ കട്ടിലോടെ എടുത്തണ്ണനെ തോട്ടിലിടും
നാട്ടുകാര്‍ക്ക് അതൊരു " കുളിപ്പിക്കല്‍ " ചടങ്ങാണ് ...
എല്ലം തുറന്നെഴുതിയ കത്തില്‍ അലാവുദ്ദീന്‍ വെണ്ണ പോലെ അലിഞ്ഞു ..
കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെ ചികില്‍സ കഴിഞ്ഞെത്തിയ ശശിയണ്ണന്‍ പൂര്‍ണ ആരോഗ്യവാനായി ..കിട്ടിയ വഴിക്കൊക്കെ അണ്ണന്‍ ജാനൂനെ തപ്പി ,
തപ്പല്‍ മടുത്ത് ജാനൂ നാടു വിട്ടു .. സഫിയാത്ത കുണുങ്ങി കുണുങ്ങി തിരികേ വന്നു ,
ശശിയണ്ണനും , വസുമതി ചേച്ചിയും ഉമ്മറുത്തുന്ന് പുതു മണവാട്ടിയെ സ്വീകരിച്ചൂ ,
ഇതറിഞ്ഞ് അലാവുദ്ദീന് ശശിയേട്ടനുള്ള കുളിരുള്ള ആപ്പിളുമായീ പറന്നിറങ്ങി ,
നേരില്‍ കണ്ട് കെട്ടി പിടിച്ച് , ഉരുണ്ട് മറിഞ്ഞു ഇരുവരും ..
അങ്ങനെ ശശിയേട്ടനും അലാവുദ്ദീനും വീണ്ടും അണ്ടിയും മുന്തിരിയുമായി
പുഴവക്കില്‍ സൊറ പറഞ്ഞിരിക്കുന്ന വൈകുന്നേരത്ത് ഒരു ചോദ്യം അലാവുദ്ദീന്‍ ചോദിച്ചു ,
നമ്മുടെ ശശിയണ്ണനോട് ..
" അല്ല ശശീ ,, നീ സത്യം പറ .. നീ എങ്ങനെ അറിഞ്ഞു ഞാനും ജാനുവും തമ്മിലുള്ള ബന്ധം " ???
{ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്നും }





