Tuesday, February 28, 2012

ദാമ്പത്യപുരാണം ..

















ഓഫീസ് വിട്ട് പതിവിലും വൈകിയാണ് അവനന്ന് വീട്ടില്‍ എത്തിയത് ..


തിരക്കിന്റെ ഇടയില്‍ നിന്നും വളരെ ക്ഷീണിതനായി തന്റെ ഷര്‍ട്ട് ഊരിയിട്ടതും
അവള്‍ അവന്റെ മോബൈയില്‍ ഫോണ്‍ കൈക്കലാക്കിയിരുന്നു ...
റിസീവിഡ് കാള്‍സ് എടുത്ത് നോക്കി അവള്‍ വര്‍ദ്ധിച്ച കോപത്തോടും
വിഷമത്തോടും അവനോടായി പറഞ്ഞു " ഇന്നും മറ്റവള്‍ വിളിച്ചിരുന്നില്ലേ " ??
ഒരു ചായ കിട്ടാന്‍ വെമ്പി നിന്ന നാവ് ഉത്തരത്തിനായി മൈലുകള്‍ ഓടീ .....

പിന്നെ അവന്‍ പതിവ് കള്ളചിരി വരുത്തി ...... നീ പോയി എന്തേലും കഴിക്കാന്‍ എടുത്ത് വച്ചേ ...

ഇവിടെ നിങ്ങള്‍ക്ക് തരാന്‍ ഒരു മണ്ണാകട്ടയുമില്ലാ ....

ഇതിന് ഉത്തരം പറയൂ .. അവളുമായി നിങ്ങള്‍ ഇന്നും സംസാരിച്ചു അല്ലെ ?
എനിക്കറിയാം എല്ലാം .. നിങ്ങള്‍ക്ക് അവളുമതി .. ഞാനിനി ജീവിച്ചിരിക്കില്ലാ , നോക്കിക്കോ .........
അവള്‍ അടുക്കളയിലേക്ക് പാഞ്ഞു .... സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികളെപോലെ
പമ്പ് സെറ്റ് വന്നപ്പൊള്‍ അനാഥമായ വെള്ളം കോരുന്ന കയറുമെടുത്ത് അവന്റെ
മുന്നിലൂടെ ഗസ്റ്റ് റൂമിലേക്ക് .......

പണിതീരാത്ത ഗസ്റ്റ്റൂമിന്റെ വാതില്‍ ഉറക്കേ കൊട്ടിയടച്ചവള്‍ ....

കുറെ നേരം അന്നത്തെ പത്രത്തില്‍ കണ്ണോടിച്ചു അവന്‍ ...

ഒരു അനക്കവുമില്ല , അവന് ചെറുതായി ഭയം ,
പതുക്കെ എണീറ്റ് പുതിയതായി വച്ച കതകിന് അരികിലൂടെ അകത്തേക്ക് നോക്കി ...
രക്ഷയില്ല ഒന്നും കാണുന്നില്ല ...

നിലത്ത് കിടന്നു കതകിന് അടിയില്‍ ടൈല്‍സ് പാകുവാനായി ഒഴിച്ചിട്ട വിടവിലൂടെ കണ്ണോടിച്ചു ...
എന്തെങ്കിലും ചെയ്തോ അവള്‍ ? കളി കാര്യമായോ ?

"അവന്റെ കണ്ണുകള്‍ ചെന്നുടക്കിയത് അവനെ തിരയുന്ന അവളുടെ ഉണ്ടകണ്ണുകളിലേക്കാണ്" :)

Monday, February 13, 2012

ഓര്‍മ്മകളിലെ കൊങ്ങിണി പൂക്കള്‍ ..




 ഒരു വള കിലുക്കം കേള്‍ക്കുന്നുണ്ട് മഴ വീണ റെയില്‍ പാളങ്ങളില്‍....
പാറക്കഷ്ണങ്ങളില്‍ അലിഞ്ഞു പോയ
ചില ഓര്‍മകളുടെ കൊങ്ങിണി പൂവുകള്‍ പയ്യെ മനസ്സിലേക്ക് തിരതല്ലി വരുന്നുണ്ട് ..







യാദൃശ്ചികമായി ഗൂഗ്ഗിളിനെ അഭയം പ്രാപിച്ചത് ഒരു സന്ധ്യക്കാണ് ..
കൂട്ടുകാരന്‍ ചോദിച്ച ഒരു പൂവിന്‍റെ പേരു തപ്പാന്‍ ..
മുന്നില്‍ വന്നു പെട്ട ചിത്രം കണ്ടപ്പൊള്‍ മനസ്സോടിയത്
വര്‍ഷങ്ങളുടെ റെയില്‍ പ്പാളങ്ങളിലൂടെയാണ് ..
ചേച്ചിയും ഞാനും ഈ കൊങ്ങിണി പൂവും ..
എത്ര വലുതായാലും നമ്മളില്‍ നിന്നും ചിലത് മരിക്കില്ല എന്നതിന്‍റെ
തെളിവാണ് ഇങ്ങനെ ചില ഓര്‍മകള്‍ .. ഞാന്‍ ഒരിക്കലും,
എഴുതാന്‍ കഴിയുമെന്നൊ , അല്ലെങ്കില്‍ ഓര്‍ക്കാന്‍ ശ്രമിച്ചതൊ
അല്ലാത്ത ചിലതു വരെ വരികളാകുന്നു , സന്തോഷം തന്നെ ..


തറവാടിന്‍റെ അകത്തളങ്ങളില്‍ എവിടെയോ അപ്പുപ്പനും അമ്മുമ്മയും വച്ചൊഴിഞ്ഞു പൊയ സ്നേഹവാല്‍സാല്യങ്ങളെ നുണയുവാന്‍ അറിയാതെ മനസ്സ് ചെന്നെത്തുന്ന നിമിഷങ്ങളില്‍ ,
ഇടപ്പുരയില്‍ നിന്നും എനിക്ക് കിട്ടിയ ഒരു കൂട്ടം വളപൊട്ടുകള്‍ എനിക്കന്ന് നല്‍കിയത് ഈ കൊങ്ങിണി പൂവിന്‍റെ മണമായിരുന്നു എന്നറിയുവാന്‍ എനിക്കൊരുപാട്
കാത്തിരിക്കേണ്ടി വന്നുവോ ..





" ഗീതയേച്ചി" എന്ന കൊങ്ങിണി പൂവ് .. ആര്‍ക്കൊവേണ്ടീ , എന്തിനോ വേണ്ടീ എന്നേയുംചേച്ചിയേയും എന്നും കാത്ത്
നിന്ന അവരുടെ മുഖം മനസിലുണ്ട് അവ്യക്തമായി ..പ്രതിഫലമോ , കരുണയോ സ്നേഹമോ കാംഷിക്കാതെ നമ്മുക്കായി കാത്തിരിക്കുവാന്‍ പാകത്തില്‍ ഈ യുഗത്തില്‍ ആരുണ്ടാകുമെന്ന ചിന്ത അലോസരപ്പെടുത്തുന്നുണ്ട് ....
കാലം വിഷച്ചൂരേകിയ മനസ്സുകളുടെ എണ്ണം കണ്ണില്‍ കൊള്ളാത്ത പെരുകുന്ന ഈ കാലത്ത് ഓര്‍മകളിലെ ഈ നന്മമനസ്സുകള്‍ മൂല്യമര്‍ഹിക്കുന്നു.....അവര്‍ക്കൊരു വരി എഴുതാതെ പൊയാല്‍ ജന്മം പൂര്‍ണമാകില്ല എന്നൊരു തൊന്നല്‍ അലട്ടുന്നത് കൊണ്ട് മാത്രം ..




വൈകുന്നേരങ്ങളിലെ മടക്കം കായലും കടലും

പൊഴി മുറിക്കുന്ന കാഴ്ചകള്‍ക്കും,ഇപ്പുറം
ആമ്പലിന്‍റെ വര്‍ണ്ണാഭമായ കുളക്കരക്കും നടുവിലൂടെ,ഇടക്കിടെ കൂകി പായുന്ന തീവണ്ടികള്‍ക്കരുകിലൂടെ,കൊങ്ങിണി പൂവുകളുടെ ഗന്ധമുള്ള പാവം മനസ്സിന്‍റെ, വിശാലമായ ലോകം സൃഷ്ടിക്കുന്ന കഥകള്‍ക്ക് ചെവിയോര്‍ത്ത് എത്രയോ സന്ധ്യകള്‍ ..
ഇരുവശവും പൂത്തു നില്‍ക്കുന്ന കൊങ്ങിണി പൂവുകളുടെ പ്രത്യേക വാസന ഗീത്യേച്ചിക്കും വരുവാന്‍ കാരണമുണ്ട്.. ഞങ്ങളെ കാത്തു നില്‍ക്കുന്ന നിമിഷങ്ങളില്‍ അരികില്‍ നില്‍ക്കുന്ന പൂവുകള്‍ മിക്കതും ചേച്ചിയുടെ കൈയ്യിലാകും..
ഒരു പ്രത്യേക സുഖമോടെ ഇറുന്നു വരുന്ന അതിന്‍റെ ഇതളുകള്‍ വല്ലാത്തൊരു സുഖാണ് നല്‍കുക ..
പിന്നീട് ഓണപ്പുലരികളില്‍ പൂക്കളങ്ങളില്‍
നിറയുന്ന ഈ പൂവ് പോലും എന്നെ ആ പഴയ
ഓര്‍മകളില്‍ തളച്ചിട്ടില്ല എന്നത് സത്യമാണ്......


അച്ഛന്‍ വന്നു സ്കൂളില്‍ നിന്ന് കൂട്ടി കൊണ്ട് പോയ ദിവസ്സം ,
ഞങ്ങളെ കാത്തു നിന്നു വിഷമിച്ച്,
രാത്രി വരെ വീടിന് ഉമ്മറത്തിരുന്ന ഗീത്യേച്ചിയുടെ
അരികില്‍ മുഴുവനും ആ പൂവിന്‍ ഗന്ധമായിരുന്നുവോ ..
എത്ര പൂക്കളിലേക്കന്ന് ആ കൈകള്‍ ചലിച്ചു പോയിരിക്കാം ,,
അന്നത്തെ സന്ധ്യകളില്‍ അലിഞ്ഞു ചേര്‍ന്ന കുങ്കുമക്കൂട്ടുകളില്‍
ഒരു തുള്ളി മനസ്സിന്‍റെ ഉള്‍നീര്‍ ചാലിച്ചിട്ടുണ്ടാവാം...

കാലം സമ്മാനിച്ച നിമിഷങ്ങളിലൂടെ
ഞങ്ങള്‍ ഒരുമിച്ചു നടന്നു കേറിയത്
പല സംശയങ്ങളുടെ നിലവറകളിലേക്കാണ്..
പക്ഷേ ഒന്നിനും വ്യക്തമായ മറുപടി നല്‍കാതെ
മനസ്സിലേക്ക് മിന്നാമിനുങ്ങിന്‍റെ വെട്ടം പോലെ
എന്തൊക്കെയോ നല്‍കി പോയ ആ ചേച്ചി
ഉള്ളില്‍ വച്ചു പഴുപ്പിച്ചത് തിരിച്ചറിയാന്‍ കഴിയാത്ത
മധുരതരമായ ഓര്‍മകളാണ് ..
കാരമില്‍ക്കിന്‍റെ മിഠായി വളരെ ഇഷ്ടമായിരുന്ന ഗീതയേച്ചിയെ ഞങ്ങള്‍ നല്ലവണ്ണം ചൂഷണം ചെയ്തിരുന്നു എന്നാണ് എന്‍റെ അവ്യക്തമായ ഓര്‍മ .. ( ചേച്ചിയെ വിളിച്ചു ഇപ്പോള്‍ , ആ ഓര്‍മകള്‍ക്ക് വെളിച്ചമേകാന്‍ )
ഒരോ മിഠായിക്കും ഞങ്ങളെ എടുക്കണം... ,
എന്നെ എടുക്കുന്നത് സഹിക്കാം , ചേച്ചിയെ എടുത്ത് നടന്നിരുന്നത്
ആലോചിക്കുമ്പോള്‍ ഇപ്പോളൊരു സങ്കടം തോന്നുന്നു .. പാളങ്ങളില്‍ നിന്നും ചിതറി വീണ
പാറക്കഷ്ണങ്ങളിലൂടെ നടക്കുക പ്രയാസമാണ്
എങ്കിലും തൊട്ടിലാട്ടും പോലെ , എന്നെ എടുത്തിരുന്ന ആ ശരീരം ഉലയുമായിരുന്നു ,
വിയര്‍പ്പിന്‍റെ ഗന്ധത്തിനപ്പുറം അവരില്‍ എന്നെയുണര്‍ത്തിയ
സ്നേഹത്തിന്‍റെയും പൂവിന്‍റെയും മണമുണ്ടായിരുന്നു ..
അതാകാം ഇന്നും അസ്തമിക്കാതെ കാക്കുന്നത് ഈ ഓര്‍മകളുടെ കണങ്ങളെ... .
അപ്പുറവും ഇപ്പുറം ഇടതൂര്‍ന്ന ഒതളങ്ങ കായ്കള്‍
തിങ്ങിയ മരങ്ങള്‍ , കായലിന്‍റെ ചെറു ഓളങ്ങള്‍...
ഇതിനിടയില്‍ ഞങ്ങള്‍ തിരിഞ്ഞു പോകുന്നിടം വരെ
നിറഞ്ഞു നില്‍ക്കുന്ന കൊങ്ങിണി പൂവുകള്‍....
ഇടക്കെപ്പൊഴോ ഒരു ട്രെയിന്‍ യാത്രയില്‍
എനിക്കനുഭവ്പെട്ടിരുന്നു, കാറ്റ് കൊണ്ടൊ,
ഇരുമ്പ് ചക്രം കൊണ്ടൊ ഞെരിഞ്ഞു പോയ കൊങ്ങിണിപ്പൂവിന്‍റെ ഗന്ധം


ഒരു ദിവസ്സം തൊട്ട് ഗീതേച്ചിയെ കണ്ടില്ല ...പിന്നീട് പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചൂ. കയറു പിരിക്കുന്ന പലയിടങ്ങളിലും ഞാന്‍ നോട്ടം എറിയാറുണ്ട്...
ചേച്ചിയുണ്ടൊന്ന് നോക്കാറുണ്ട് ..
ആരൊടും ചോദിച്ചില്ല , പക്ഷേ ഞങ്ങള്‍ക്കിടയില്‍
ഒരു മൂകത വന്നു നിറഞ്ഞിരിന്നു ...
അന്യൊന്യം ഒന്നും ചോദിച്ചില്ല എങ്കിലും ഞങ്ങള്‍ രണ്ടു പേരും ആ സാന്നിധ്യമാഗ്രഹിച്ചിരുന്നു ..
പിന്നീടുള്ള വൈകുന്നേരങ്ങള്‍ നിറം
മങ്ങി എങ്ങോ ഞങ്ങളറിയാതെ തേങ്ങിയിരിക്കാം ..





മഴ പൂത്തു നിന്ന വര്‍ഷകാലത്തിന്‍റെ
ഒരു ദിനം...പുതുമയുടെ മണം കൊണ്ട പുസ്തകങ്ങളും ഉടുപ്പും കുടയുമായി , നനഞ്ഞ പാളങ്ങള്‍ക്കും , മഴ പ്രണയം കൊണ്ടു കുതിര്‍ത്ത
കൊങ്ങിണിപൂവുകള്‍ക്കും അരികിലൂടെ പുതിയ വിശേഷങ്ങളും പങ്കു വച്ച് ,ഗീതയേച്ചി എന്ന മനസ്സിനെ ,ഒരു വാക്ക് കൊണ്ടൊ ഉള്ളു കൊണ്ടോ ഓര്‍ക്കാതെ,
മഴയെ പുണര്‍ന്ന് ,കുടയില്‍ നിന്നുതിരുന്ന മഴതുള്ളികളെ കൈത്തുമ്പിലേക്ക് പകര്‍ന്ന്
മുന്നോട്ടു നീങ്ങവെ കാലിലേക്ക് തട്ടി കേറിയത് ചുവന്ന കുപ്പിവളകളുടെ പൊട്ടുകളാണ് ..
കുറച്ചപ്പുറം മഴവെള്ളത്തിലേക്ക് പടര്‍ന്ന ചുവന്ന നിറം ..
എന്‍റെ കൊങ്ങിണി പൂവ് ഞെട്ടറ്റ് കിടക്കുന്നു ....
മഴ കവര്‍ന്നു പോയതോ , അതോ ദൈവം കട്ടെടുത്തതോ , അറിയില്ല ..

പ്രണയം പൂക്കുന്ന , പ്രണയത്തിനായുള്ള ഒരു ദിനം വന്നണയുന്നു ...

ഈ ദിനത്തില്‍ അവ്യക്തമായ ആരുടെയോ പ്രണയം കൊണ്ട ഒരു പൂവ്
കാലങ്ങള്‍ക്കപ്പുറം ആര്‍ക്കും പരിഭവമില്ലാതെ മറഞ്ഞു പൊയിരിക്കുന്നു ..
അന്ന് ഒരു തുള്ളി മിഴിപ്പൂക്കള്‍ നല്‍കുവാന്‍ പോലും
കാലമെനിക്ക് ആര്‍ജ്ജവം തന്നില്ല .. പക്ഷേ ഇന്ന് പ്രണയമെന്ന
വികാരം എത്തി നില്‍ക്കുന്ന തലം തന്നെ വ്യത്യസ്ഥമായിരിക്കുന്നു....
ഈ പ്രണയദിനത്തില്‍ എന്‍റെ ഓര്‍മകളും , ഒരായിരം കൊങ്ങിണി പൂക്കളും,
സ്നേഹസുഗന്ധമായി മഴയിലലിഞ്ഞു പോയ ആ മനസ്സിന് സമര്‍പ്പിക്കുന്നു ..
അന്നുമിന്നും പ്രണയം വിഷം ചുമക്കുന്നു , പ്രണയം കുളിരും നല്‍കുന്നു ..
എന്നും മനസില്‍ നിറയട്ടെ മഴ പോലെ പവിത്രമാം പ്രണയം ..








Monday, January 30, 2012

നീ പുഴയാകുക , ഞാന്‍ തുഴയാകാം ..




















( യാഥ്യാര്‍ത്ഥ്യത്തിന്‍റെ തോണിയില്‍
സഞ്ചരിക്കുവാന്‍ മനസ്സിപ്പോള്‍ അനുവദിക്കുന്നില്ല ..
ഞാനൊന്നു സങ്കല്പ്പ ലോകത്ത്
ഇത്തിരി നിമിഷം ജീവിച്ചോട്ടേ )

നിന്‍റെ നിറത്തില്‍ ഉറഞ്ഞു പോയ ചിലതുണ്ട്
മനസ്സാണോ ഹൃദയമാണോ എന്നറിയുവാന്‍
കഴിയാത്തത് കാലത്തിന്‍റെ മോടികളിലാവാം...
നിന്‍റെ നിറമെന്നത് മഴയാണോ കനവാണോ
പ്രണയമാണോ എന്ന തിരിച്ചറിവില്ലാത്തത്
എന്‍റെ ബലഹീനതയുമാകാം ..

നീ ഇന്നലെ രാവില്‍ പറഞ്ഞത്
കടവില്‍ മഴ തോര്ന്നില്ല എന്നും
മിഴികള്‍ അടഞ്ഞില്ല എന്നും
പ്രണയമോര്‍ത്ത് ഉറങ്ങിയില്ലെന്നുമാണ് ..
എന്നിട്ടും സ്നേഹമാം തോണി കടവ് തൊട്ട്
മറഞ്ഞു പോയത് മഴ മാത്രമറിഞ്ഞതെങ്ങനെ ?

ഇന്നിന്‍റെ വരണ്ട മണ്ണില്‍ നീ പ്രണയം പൊഴിക്കുമ്പൊള്‍
പുഴയുടെ നീണ്ട ഓളങ്ങള്‍ എന്നെ തഴുകുമ്പൊള്‍
നാം കണ്ട സ്വപ്നങ്ങളില്‍ എവിടെയൊ
നമ്മെ കൂട്ടാന്‍ വന്ന തോണി കടവത്തണഞ്ഞിട്ടുണ്ട്
എന്നിട്ടും എനിക്ക് കൂട്ടായി മഴ മാത്രം പൊഴിഞ്ഞതെങ്ങനെ ?

മേഘക്കീറുകളില്‍ ഒരു കുഞ്ഞു മഴ
ഗര്‍ഭം ധരിക്കുമ്പോള്‍ ..
നീ അകലേ മരചില്ലകള്‍ക്കിടയില്‍
പ്രണയമൊളിപ്പിക്കുന്ന തിരക്കിലായിരിക്കും
ഒന്ന് നനഞ്ഞാല്‍ അലിയുന്ന പ്രണയം
നി എന്നിലെത്ര നാള്‍ പകരുമിങ്ങനെ ?

നിനക്കുമെനിക്കുമുള്ള വ്യത്യാസമാകം ഇത്
ഞാന്‍ ഉള്ളില്‍ കാക്കുമ്പൊള്‍ നി അതിനേ
കൈവെള്ളയില്‍ പൊതിയുന്നു ..
ജീവിത തോണി ഒഴുകുന്നുണ്ട്
അതില്‍ നീയും നീ കാത്ത പ്രണയവും
എന്‍റെ പ്രണയചൂടും നിന്നെ മഞ്ഞിന്‍റെ
കുളിരില്‍ നിന്നും അകലേക്ക് മായ്ക്കും ..

ഈ തീരവും ഈ മനസ്സും
ഒരു തോണി കാത്തിരിപ്പുണ്ട്
നീയും ഞാനും പകരുന്ന പ്രണയചിന്തകളെ
കൊണ്ട് അകലേക്ക് ഒഴുകുന്നൊരു തോണി ..
നീ പുഴയാകുക , ഞാന്‍ തുഴയാകാം ..
കാലമാകുന്ന തോണിയില്‍ നമ്മുക്കൊന്നാവാം ..

Monday, January 23, 2012

മയില്‍പ്പീലി പൊഴിച്ച് മറഞ്ഞ ഹൃദയം ...


















ഒരു മഴ മനസ്സില്‍ പെയ്തു നിന്ന ദിനം ..
പ്രവാസത്തിന്‍റെ സ്ഥിരം മടുപ്പില്‍
ഒരു വീട് ,ഒരു ലോകം , ഒക്കെ തീര്‍ക്കുന്ന
പ്രീയമാകുന്ന , സ്വപ്നങ്ങളുറങ്ങുന്ന എന്‍റെ കട്ടിലില്‍
മയങ്ങുവാനായുമ്പോള്‍ .. അരികില്‍ കൂടെയുള്ളവന്‍
പതിയേ ചിലച്ചൂ .. " മന്ദാരം മലര്‍മഴ പൊഴിയും പാവന മാമലയില്‍"
കര്‍പ്പൂരം കതിരൊളീ വീശും നിന്‍ തിരു സന്നിധിയില്‍ "
പ്രീയ കൂട്ടുകാരിയുടെ നമ്പര്‍ ..
ഇതിപ്പൊള്‍ അവിടെ സമയമൊരുപാടായല്ലൊ.
കാര്യമില്ലാതെ ഒരു വിളി .. അതുണ്ടാവില്ല , അതും ഈ സമയത്ത് ..
മനസ്സ് ഒന്നു പിടച്ചിട്ടാണ് സംസാരിച്ച് തുടങ്ങിയത് ..
എന്തേ ...? ഒന്നുമില്ല .. സുഖമല്ലേ ? അതേ സുഖം .. അവിടെയോ?
വാക്കുകളില്‍ ഒരു കരട് തടയുന്നുണ്ട് ..
എന്നത്തേയും പോലല്ല ഇന്ന് , ഒഴുക്കില്ലാത്ത സംസാരം ..
വീണ്ടും ചോദിച്ചൂ .. എന്താടീ .. എന്തു പറ്റീ ? ഒന്നുമില്ലാന്നേ ..
അതേ അതേയ് ..ഞാനൊരു കാര്യം പറഞ്ഞാല്‍ വിഷമിക്കുമോ ?
ഒരു ഭാരം വന്നു നിറഞ്ഞു ഹൃദയത്തില്‍ .. ഉറപ്പിച്ചൂ , അപ്പൊള്‍ എന്തോ ഉണ്ട് ..
ഇടക്ക് വിളിച്ച് ചിരിയുടെ പൂത്തിരി കത്തിക്കുന്ന , പണി തരാന്‍ പി എച്ച് ഡി
എടുത്ത ആളാണ് മറു തലക്കല്‍ .. പക്ഷേ ഈ രാത്രി വിളിച്ചത് അതിനല്ല എന്ന് മനസിലായി ..


അവസ്സാനം അതു സംഭവിച്ചിരിക്കുന്നു.. .. .. കാത്തിരുന്നതല്ല എന്തായാലും ... ,
പ്രതീഷിച്ചതാണോന്ന് ചോദിച്ചാല്‍ അല്ലാന്ന് പറയുക തന്നെ വേണം ..
കാരണം ആ വാല്‍സല്യം അകലേക്ക് പൊയിട്ട് ഇത്തിരി കാലങ്ങളായെങ്കിലും ,
അതു അകലെ ഒരു ചിണുക്കം മഴ നല്‍കുന്നുണ്ട് എന്നു വിശ്വസ്സിക്കാന്‍ മനസ്സിനെ പഠിപ്പിച്ചിരുന്നു....
പക്ഷേ അതു എന്നേക്കുമായീ മാഞ്ഞുന്നറിഞ്ഞപ്പൊള്‍ ,
ആ പിന്‍മാറ്റം ഇതുവരെ അറിഞ്ഞിരുന്നില്ല എന്ന സത്യം നോവിച്ചു ഒരുപാട് ..

ഒരു വിളി കൊണ്ട് ഹൃത്താകേ മൂടിവര്‍...
ഒരു ദിനം കൊണ്ട് ഹൃത്തില്‍ നോവാകുന്നവര്‍ ...
ഒരു കാലം കൊണ്ട് ഹൃത്തിനെ വരിഞ്ഞവര്‍ ..
ഇന്നേതോ മഞ്ഞിന്‍ പാളികളില്‍ മറഞ്ഞിരിക്കുന്നവര്‍ ..
വാല്‍സല്യം മഴപോല്‍ പൊഴിച്ചവര്‍ ..
വാക്കിലും നാക്കിലും കരളിലും സ്നേഹം പകുത്തവര്‍ ..
ഒരു ഇല , ഒരു മഴ , ഒരു പുഴ ..
കൊഴിഞ്ഞും , പൊഴിഞ്ഞും , ഒഴുകിയും
എന്നെ കടന്നു പോയതൊക്കെയും
വീണ്ടും തളിര്‍ക്കുമെന്നും
കുളിര്‍ നിറച്ച മഴയാകുമെന്നും ,
ശാന്തമായീ ഒഴുകുമെന്നും
പ്രതീഷിക്കുന്നുണ്ട് , കാത്തിരിക്കുന്നുണ്ട് .. പക്ഷേ ..


റിനീ എന്നുള്ള വിളി കൊണ്ട് ..
മോനേ എന്ന വാല്‍സല്യ മൊഴി കൊണ്ട്
കാലം വെളുത്ത രേഖവരച്ച പുറം താളുകളില്‍
കടുത്ത ചായം തേക്കാതേ , മനസ്സില്‍ ചെറുപ്പത്തിന്‍റെ
വര്‍ണ്ണം നിറച്ച് , നാട്ടിന്‍പുറത്തിന്‍റെ സൗമ്യതയുള്ള
എന്‍റെ ജീവിത വഴികളിലെപ്പൊഴോ സ്നേഹമായി വന്ന
മയില്‍‌പ്പീലി നിറമുള്ളൊരു അമ്മ , ചേച്ചീ , കൂട്ടുകാരി ..
ഇന്നീ ലോകത്ത് ചിരിക്കുന്നില്ല , കരയുന്നില്ല , സങ്കടപ്പെടുന്നില്ല ...
അനിവാര്യമായ നേര് , ആയുസ്സ് കാര്‍ന്ന് തിന്നുന്ന രോഗം കൊണ്ടു പൊയത്
അന്നെന്നില്‍ പൊഴിച്ച മഴ മേഘപ്പീലികളെയാണ് ...


എത്ര നിസ്സാരരാണ് നാം .. ഒന്ന് ചിന്തിച്ചിട്ടുണ്ടോ ഈ ജീവിതത്തിന്‍റെ
അര്‍ത്ഥവും , വ്യാപ്തിയും .. ഇന്ന് നാം കാണുന്ന ഒന്നും ശാശ്വതമല്ല ..
ഒരു കുഞ്ഞു മഴയില്‍ അലിഞ്ഞില്ലാതാകും മണല്‍പ്പുറ്റുകള്‍ ..
ഒരു ചെറു കാറ്റില്‍ ദിക്കുകള്‍ താണ്ടും കരിയില കൂട്ടങ്ങള്‍ ..
പുലര്‍കാല മഞ്ഞുതുള്ളി എത്ര മനോഹരമാണ് ..
സൂര്യകിരണമേല്‍ക്കാതെ കാക്കുവാനാകുമോ ?
നാം ഒരിക്കലും തീര്‍ന്നു പോകരുതെന്ന് ആഗ്രഹിക്കുന്നത് എന്താണോ
അതു നേരത്തേ തന്നെ നമ്മേ വിട്ടു പിരിയും ..
ഒന്നും തടയുവാനോ , നിലനിര്‍ത്തുവാനോ നമ്മുക്കാവില്ല ...


കാലത്തിന്‍റെ ദ്രുതചക്രത്തില്‍ കൂടെ ചലിക്കാന്‍ മാത്രമുള്ള മനുഷ്യജന്മങ്ങള്‍
മുന്നിലൂടെ മറഞ്ഞു പോകുന്ന ഹൃദയ്ങ്ങള്‍ക്ക് , മഴക്ക് ..
ഒരായിരം മിഴിപ്പൂക്കള്‍ തന്നു പൊയ സ്നേഹത്തിന്‍ പീലീ
ഞാന്‍ സൂക്ഷിച്ച് വയ്ക്കും , എന്‍റെ ജീവന്‍ പൊലിഞ്ഞു പോയാലും ...
മഴ പെയ്യുന്ന രാവായാലും , സ്നേഹത്തിന്‍റെ ഒരു നുള്ളു ദീപത്തിന്‍
ചോട്ടില്‍ പഴയ വര്‍ണ്ണമോടെ എന്നുമെന്നും .. എന്‍റെ മയില്‍പ്പീലി ..

Thursday, January 5, 2012

പോ ...മിണ്ടണ്ട .. പിണക്കമാ ..























അമ്പലമുറ്റത്ത് നിന്നിറങ്ങുമ്പൊള്‍ അവള്‍ പൊഴിയുന്നുണ്ട് ..
എനിക്ക് കേള്‍ക്കുവാന്‍ , എനിക്ക് കാണുവാന്‍
എന്നരുകില്‍ ചേര്‍ന്ന് നില്പ്പാണവള്‍..
കാറിന്‍റെ ചില്ലുകള്‍ക്കപ്പുറം
അവളെന്നെ പിന്തുടരുന്നുണ്ട്
പാടത്തിന് നടുവിലെ ചിറമുറിച്ചവളെന്നെ
തൊടുവാന്‍ വെമ്പുന്നുണ്ട് ..
കിളിചുണ്ടന്‍ മാവിനെ കാറ്റാല്‍ കുലുക്കി
എന്‍റെ മേലേ പുല്‍കാന്‍ കൊതിക്കുന്നുണ്ടവള്‍
ഇന്ന് ഞാന്‍ അവളോട് പിണക്കമാണ്...
ഇന്നലെയെന്‍റെ വാഴയില വകഞ്ഞ്
നനച്ചു പോയവള്‍.....
ബാക്കി വച്ച് പോയ ഇലത്തുമ്പിലും
ഒരു നുള്ളു പ്രണയം നിറച്ചവള്‍...
ഇന്നലെ രാവില്‍ ഉറക്കമൊഴിച്ച് കാത്തിരിന്നിട്ടും
അരികില്‍ വരാതെ ദൂരെയെങ്ങോ പെയ്തലച്ചവള്‍
ഇന്ന് വന്നു ചിണുങ്ങുന്നത് കണ്ടാല്‍ ആരാ കൂട്ടു കൂട്ടുക.......

Friday, December 30, 2011

വരുന്നുണ്ടൊരു പുലരി , പുതുമഴ പോല്‍ പുല്‍കട്ടെ ..




എന്നേ തഴുകി , കാലത്തിന്റേ കുത്തൊഴുക്കില്‍ മറഞ്ഞു പോയ കൂട്ടുകള്‍ക്ക് .. നിലാവ് പൊലെ
അരികില്‍ നിറഞ്ഞ മായാത്ത സൗഹൃദങ്ങള്‍ക്ക് ..



നാളത്തെ രാവ് പുലര്‍ന്നാല്‍ , പുതു രശ്മിയുമായ്
പുതുവര്‍ഷം പിറക്കപ്പെടും .. ഇനിയും പൂക്കാത്ത
പൂവുകളൊക്കെ ചിലപ്പൊള്‍ ഈ പുലരിയിലോ
വരും പുലരികളിലൊ പൂത്തേക്കാം ..
വാടിയ ദലങ്ങളെ കാലം ഇറുത്തേക്കാം..
മണ്ണ് പ്രണയം കൊണ്ടു മൂടിയേക്കാം ..
കഴിഞ്ഞു പോകുന്നൊരു വര്‍ഷം . അതു ഒരുപാട്
നോവുകളൂടേയും , നഷ്ടങ്ങളുടേയും വര്‍ഷമാണ് ..
എന്നത്തേയും പോലെ കഴിഞ്ഞ് പോകുന്നത് എന്തും
നഷ്ടകണക്കുകളില്‍ തളച്ചിടാനാണ് നാമെപ്പൊഴും ശ്രമിക്കുക ..
എങ്കിലും ഇന്നലെയുടെ മഴയും , മഞ്ഞും നാളെയുടെതാവില്ല...
തളിര്‍ത്ത് പോയതിനെ വീണ്ടും മുളപ്പിക്കാനുമാവില്ല ..
അലിഞ്ഞ് പോയ ചിലതൊക്കെ ഹൃത്തില്‍ ചേര്‍ന്ന് നില്‍ക്കുന്നു..
മഴയിലൂടെ വന്ന് കുളിരേകിയ മനസ്സുകളും ..
വാക്കു പിരിഞ്ഞിരിക്കാം , കാലം ദൂരേക്ക് മായ്ച്ചേക്കാം ....
ഒരു വട്ടം പൂത്ത മാവുകള്‍ പിന്നെയും പൂക്കാം ...
അന്നാ മഴ കൊഴിച്ച സ്വപ്നങ്ങള്‍ ഇനിയും വരുകയില്ല ..
ഇന്നലെകളുടെ ഓര്‍മകള്‍ നോവും , നഷ്ടവും , സ്നേഹവും കലര്‍ന്നതാവാം ..
എങ്കിലും സ്നേഹം ചാലിച്ചൊരു സന്ധ്യ കൂടെയുണ്ട് ..
കൊഞ്ചുന്ന അധരങ്ങളാല്‍ ദൈവത്തിന്റെ സ്പര്‍ശവും അനുഗ്രഹിക്കപ്പെട്ട ,
ഈ പടിയിറങ്ങുന്ന സന്ധ്യയേ അങ്ങനെയൊന്നും തള്ളി കളയാനുമാവില്ല ..


ഒരു വര്‍ഷം കൊഴിയുന്നതും പൂക്കുന്നതും അറിയുന്നേയില്ല ..സത്യത്തില്‍ പണ്ടുള്ള ദിവസങ്ങള്‍ ഇപ്പൊള്‍ വര്‍ഷത്തിനില്ലെന്ന് തോന്നുമാറ് , ദിനവും നിമിഷങ്ങളും പായുന്നു .. എന്തിനൊക്കെയോ വേണ്ടി , എന്നിട്ടും എന്തു നേടുന്നൂ ..അവസ്സാനം എല്ലാം പൊഴിച്ച് , സ്നേഹമെന്ന നേരു മാത്രം നിലനിര്‍ത്തി പൊകുവാന്‍ പടുത്തുയര്‍ത്തിയ മനസ്സും ശരീരവും വെടിഞ്ഞ് ...
പെയ്തൊഴിഞ്ഞ മഴകളും , മഞ്ഞുകാലം പൊഴിച്ച നിനവുകളും ,ഒരു തുണ്ട് നിലാവ് കടം തന്ന വിണ്ണിനും , ആമ്പലിനും , മുല്ലക്കും , പുഴക്കും കടലിനും , ഇനി പുതുരാവിന്റെ ,പുലരിയുടെ പട്ടുടുത്ത് കാണുവാനാശയുണ്ടാവാം.പിന്നെ എന്റേ മിഴികള്‍ മാത്രമെന്തിനത് വേണ്ടെന്ന് വയ്ക്കുന്നു ..
നറുവെണ്‍ പുലരിയുടെ തങ്കരശ്മികള്‍ മനസ്സിനും , ഹൃത്തിനും ഉണര്‍വേകട്ടെ...
പ്രീയ സൗഹൃദങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്നും .. സ്നേഹപുര്‍വം റിനീ ..



എന്റേ മുന്നില്‍ പൊഴിഞ്ഞ മഴത്തുള്ളിക്കും , ഒഴുകിയപുഴക്കും
തിരതല്ലിയ കടലിനും , ഒരു നുള്ള് നിലാവ് തന്ന ചന്ദ്രനും , തേനൂറുന്ന പുഞ്ചിരിക്കും
കാത്തു നിന്ന പ്രണയത്തിനും , അകലേക്ക് മാഞ്ഞ കുങ്കുമ സന്ധ്യകള്‍ക്കും .. നന്ദി ..
ഇനിയുമെന്‍റെ വഴികളില്‍ , പുതു വര്‍ഷ ദിനങ്ങളില്‍ നോവായി , കുളിരായി നിറയുക ..

"എന്റേ വഴിയിലേ വെയിലിനും നന്ദീ ..എന്റേ തോളിലേ ചുമടിനും നന്ദീ
എന്റേ വഴിയിലേ തണലിനും ..മരകൊമ്പിലേ കൊച്ച് കുയിലിനും നന്ദീ
വഴിയിലേ കൂര്‍ത്ത നോവിനും നന്ദീ .. മിഴി ചുവപ്പിച്ച സൂര്യനും നന്ദീ
നീളുമീ വഴി ചുമട് താങ്ങി തന്‍ തൊളിനും വഴികിണറിനും നന്ദീ ..
നീട്ടിയൊരു കൈകുമ്പിളില്‍ ജലം വാര്‍ത്തു തന്ന നിന്‍ കനിവിനും നന്ദീ
ഇരുളിലേ ചതി കുണ്ടിനും പോയോരിരവിലെ നിലാകുളിരും നന്ദീ " ( സുഗതകുമാരീ )

പുതുവല്‍സരാശംസ്കള്‍ .. സ്നേഹത്തോടെ ...

Monday, December 26, 2011

ഗൃഹാതുരമാം പ്രണയം ..
















"ഒരു മിഴിമഴ കൊണ്ട കവിള്‍തടങ്ങള്‍
കനവിലേ മഞ്ഞില്‍ വിറക്കുന്നുണ്ട് ..
ഒരു മൊഴിമഴ കൊണ്ട മനസ്സിന്‍ കണങ്ങള്‍
നിലാവില്‍ പ്രണയം കൊണ്ട് നനയുന്നുണ്ട് ..
എന്‍റെ ഗൃഹാതുരമായ പ്രണയമേ
ഇന്നെന്‍ മുറ്റത്തേ മുല്ലയാകുക ..
രാവില്‍ മഞ്ഞായി പൊഴിയുക..
നോവു പെയ്യുന്ന കരള്‍ തടങ്ങളില്‍
വേവുമാശ്വാസ്സത്തിന്‍ മഴകുളിരാകുക" ..

പ്രണയം എഴുതണ്ടാന്ന് കരുതും , മനസ്സിലെ മണല്‍ തരികള്‍
സ്നേഹ തലോടലേറ്റ് മുന്നിലെ മോണിറ്ററിലേക്ക് പറ്റി പിടിക്കും വരെ ..
ഇന്നിന്‍റെ സന്ധ്യ ദൂരെ മഞ്ഞിന്‍റെ മാറില്‍ വിഷാദമോടേ പൊലിയുന്നത്
കാണുമ്പൊള്‍ വല്ലാത്തൊരു വിരഹം മൂടും , എഴുതാമെന്ന് കരുതും..
എഴുതുമ്പൊള്‍ അതു പ്രണയമാകുന്നു , ഒരു മഴ അരികില്‍ പെയ്യുന്നു ..
നഷ്ടമാകുന്ന നിമിഷങ്ങളില്‍ ഈയിടെയായി പ്രണയം കൂടി വരുന്നുണ്ട് ...
എത്ര കാതമകലേയായാലും പ്രണയമുള്ള മനസ്സുകള്‍ ഒന്നാണെന്നു കരുതാം..
അവിടെ രണ്ടു ഹൃദയങ്ങളുടെ വര്‍ണ്ണങ്ങള്‍ അന്യോന്യം പകരാം...
പക്ഷേ എന്തൊ , എന്‍റെ പ്രണയം പൂര്‍ണമാകാതെ പോകുന്ന പോലെ..
ഒന്ന് ചേര്‍ന്ന് നടക്കാന്‍ , ഒരിറ്റ് കണ്ണീര്‍ പൊഴിച്ച് ഒരുമിച്ച് സന്ധ്യകളെ വരവേല്‍ക്കാന്‍,
മഴയില്‍ ഒന്നായി അലിയാന്‍ ഒക്കെ സാധിക്കാതെ വരുന്നവന്‍റെ നൊമ്പരം ..
പ്രണയവും ഗൃഹാതുരമായ ചിന്തകള്‍ പകരുന്നുണ്ട് ..