Monday, February 13, 2012

ഓര്‍മ്മകളിലെ കൊങ്ങിണി പൂക്കള്‍ ..




 ഒരു വള കിലുക്കം കേള്‍ക്കുന്നുണ്ട് മഴ വീണ റെയില്‍ പാളങ്ങളില്‍....
പാറക്കഷ്ണങ്ങളില്‍ അലിഞ്ഞു പോയ
ചില ഓര്‍മകളുടെ കൊങ്ങിണി പൂവുകള്‍ പയ്യെ മനസ്സിലേക്ക് തിരതല്ലി വരുന്നുണ്ട് ..







യാദൃശ്ചികമായി ഗൂഗ്ഗിളിനെ അഭയം പ്രാപിച്ചത് ഒരു സന്ധ്യക്കാണ് ..
കൂട്ടുകാരന്‍ ചോദിച്ച ഒരു പൂവിന്‍റെ പേരു തപ്പാന്‍ ..
മുന്നില്‍ വന്നു പെട്ട ചിത്രം കണ്ടപ്പൊള്‍ മനസ്സോടിയത്
വര്‍ഷങ്ങളുടെ റെയില്‍ പ്പാളങ്ങളിലൂടെയാണ് ..
ചേച്ചിയും ഞാനും ഈ കൊങ്ങിണി പൂവും ..
എത്ര വലുതായാലും നമ്മളില്‍ നിന്നും ചിലത് മരിക്കില്ല എന്നതിന്‍റെ
തെളിവാണ് ഇങ്ങനെ ചില ഓര്‍മകള്‍ .. ഞാന്‍ ഒരിക്കലും,
എഴുതാന്‍ കഴിയുമെന്നൊ , അല്ലെങ്കില്‍ ഓര്‍ക്കാന്‍ ശ്രമിച്ചതൊ
അല്ലാത്ത ചിലതു വരെ വരികളാകുന്നു , സന്തോഷം തന്നെ ..


തറവാടിന്‍റെ അകത്തളങ്ങളില്‍ എവിടെയോ അപ്പുപ്പനും അമ്മുമ്മയും വച്ചൊഴിഞ്ഞു പൊയ സ്നേഹവാല്‍സാല്യങ്ങളെ നുണയുവാന്‍ അറിയാതെ മനസ്സ് ചെന്നെത്തുന്ന നിമിഷങ്ങളില്‍ ,
ഇടപ്പുരയില്‍ നിന്നും എനിക്ക് കിട്ടിയ ഒരു കൂട്ടം വളപൊട്ടുകള്‍ എനിക്കന്ന് നല്‍കിയത് ഈ കൊങ്ങിണി പൂവിന്‍റെ മണമായിരുന്നു എന്നറിയുവാന്‍ എനിക്കൊരുപാട്
കാത്തിരിക്കേണ്ടി വന്നുവോ ..





" ഗീതയേച്ചി" എന്ന കൊങ്ങിണി പൂവ് .. ആര്‍ക്കൊവേണ്ടീ , എന്തിനോ വേണ്ടീ എന്നേയുംചേച്ചിയേയും എന്നും കാത്ത്
നിന്ന അവരുടെ മുഖം മനസിലുണ്ട് അവ്യക്തമായി ..പ്രതിഫലമോ , കരുണയോ സ്നേഹമോ കാംഷിക്കാതെ നമ്മുക്കായി കാത്തിരിക്കുവാന്‍ പാകത്തില്‍ ഈ യുഗത്തില്‍ ആരുണ്ടാകുമെന്ന ചിന്ത അലോസരപ്പെടുത്തുന്നുണ്ട് ....
കാലം വിഷച്ചൂരേകിയ മനസ്സുകളുടെ എണ്ണം കണ്ണില്‍ കൊള്ളാത്ത പെരുകുന്ന ഈ കാലത്ത് ഓര്‍മകളിലെ ഈ നന്മമനസ്സുകള്‍ മൂല്യമര്‍ഹിക്കുന്നു.....അവര്‍ക്കൊരു വരി എഴുതാതെ പൊയാല്‍ ജന്മം പൂര്‍ണമാകില്ല എന്നൊരു തൊന്നല്‍ അലട്ടുന്നത് കൊണ്ട് മാത്രം ..




വൈകുന്നേരങ്ങളിലെ മടക്കം കായലും കടലും

പൊഴി മുറിക്കുന്ന കാഴ്ചകള്‍ക്കും,ഇപ്പുറം
ആമ്പലിന്‍റെ വര്‍ണ്ണാഭമായ കുളക്കരക്കും നടുവിലൂടെ,ഇടക്കിടെ കൂകി പായുന്ന തീവണ്ടികള്‍ക്കരുകിലൂടെ,കൊങ്ങിണി പൂവുകളുടെ ഗന്ധമുള്ള പാവം മനസ്സിന്‍റെ, വിശാലമായ ലോകം സൃഷ്ടിക്കുന്ന കഥകള്‍ക്ക് ചെവിയോര്‍ത്ത് എത്രയോ സന്ധ്യകള്‍ ..
ഇരുവശവും പൂത്തു നില്‍ക്കുന്ന കൊങ്ങിണി പൂവുകളുടെ പ്രത്യേക വാസന ഗീത്യേച്ചിക്കും വരുവാന്‍ കാരണമുണ്ട്.. ഞങ്ങളെ കാത്തു നില്‍ക്കുന്ന നിമിഷങ്ങളില്‍ അരികില്‍ നില്‍ക്കുന്ന പൂവുകള്‍ മിക്കതും ചേച്ചിയുടെ കൈയ്യിലാകും..
ഒരു പ്രത്യേക സുഖമോടെ ഇറുന്നു വരുന്ന അതിന്‍റെ ഇതളുകള്‍ വല്ലാത്തൊരു സുഖാണ് നല്‍കുക ..
പിന്നീട് ഓണപ്പുലരികളില്‍ പൂക്കളങ്ങളില്‍
നിറയുന്ന ഈ പൂവ് പോലും എന്നെ ആ പഴയ
ഓര്‍മകളില്‍ തളച്ചിട്ടില്ല എന്നത് സത്യമാണ്......


അച്ഛന്‍ വന്നു സ്കൂളില്‍ നിന്ന് കൂട്ടി കൊണ്ട് പോയ ദിവസ്സം ,
ഞങ്ങളെ കാത്തു നിന്നു വിഷമിച്ച്,
രാത്രി വരെ വീടിന് ഉമ്മറത്തിരുന്ന ഗീത്യേച്ചിയുടെ
അരികില്‍ മുഴുവനും ആ പൂവിന്‍ ഗന്ധമായിരുന്നുവോ ..
എത്ര പൂക്കളിലേക്കന്ന് ആ കൈകള്‍ ചലിച്ചു പോയിരിക്കാം ,,
അന്നത്തെ സന്ധ്യകളില്‍ അലിഞ്ഞു ചേര്‍ന്ന കുങ്കുമക്കൂട്ടുകളില്‍
ഒരു തുള്ളി മനസ്സിന്‍റെ ഉള്‍നീര്‍ ചാലിച്ചിട്ടുണ്ടാവാം...

കാലം സമ്മാനിച്ച നിമിഷങ്ങളിലൂടെ
ഞങ്ങള്‍ ഒരുമിച്ചു നടന്നു കേറിയത്
പല സംശയങ്ങളുടെ നിലവറകളിലേക്കാണ്..
പക്ഷേ ഒന്നിനും വ്യക്തമായ മറുപടി നല്‍കാതെ
മനസ്സിലേക്ക് മിന്നാമിനുങ്ങിന്‍റെ വെട്ടം പോലെ
എന്തൊക്കെയോ നല്‍കി പോയ ആ ചേച്ചി
ഉള്ളില്‍ വച്ചു പഴുപ്പിച്ചത് തിരിച്ചറിയാന്‍ കഴിയാത്ത
മധുരതരമായ ഓര്‍മകളാണ് ..
കാരമില്‍ക്കിന്‍റെ മിഠായി വളരെ ഇഷ്ടമായിരുന്ന ഗീതയേച്ചിയെ ഞങ്ങള്‍ നല്ലവണ്ണം ചൂഷണം ചെയ്തിരുന്നു എന്നാണ് എന്‍റെ അവ്യക്തമായ ഓര്‍മ .. ( ചേച്ചിയെ വിളിച്ചു ഇപ്പോള്‍ , ആ ഓര്‍മകള്‍ക്ക് വെളിച്ചമേകാന്‍ )
ഒരോ മിഠായിക്കും ഞങ്ങളെ എടുക്കണം... ,
എന്നെ എടുക്കുന്നത് സഹിക്കാം , ചേച്ചിയെ എടുത്ത് നടന്നിരുന്നത്
ആലോചിക്കുമ്പോള്‍ ഇപ്പോളൊരു സങ്കടം തോന്നുന്നു .. പാളങ്ങളില്‍ നിന്നും ചിതറി വീണ
പാറക്കഷ്ണങ്ങളിലൂടെ നടക്കുക പ്രയാസമാണ്
എങ്കിലും തൊട്ടിലാട്ടും പോലെ , എന്നെ എടുത്തിരുന്ന ആ ശരീരം ഉലയുമായിരുന്നു ,
വിയര്‍പ്പിന്‍റെ ഗന്ധത്തിനപ്പുറം അവരില്‍ എന്നെയുണര്‍ത്തിയ
സ്നേഹത്തിന്‍റെയും പൂവിന്‍റെയും മണമുണ്ടായിരുന്നു ..
അതാകാം ഇന്നും അസ്തമിക്കാതെ കാക്കുന്നത് ഈ ഓര്‍മകളുടെ കണങ്ങളെ... .
അപ്പുറവും ഇപ്പുറം ഇടതൂര്‍ന്ന ഒതളങ്ങ കായ്കള്‍
തിങ്ങിയ മരങ്ങള്‍ , കായലിന്‍റെ ചെറു ഓളങ്ങള്‍...
ഇതിനിടയില്‍ ഞങ്ങള്‍ തിരിഞ്ഞു പോകുന്നിടം വരെ
നിറഞ്ഞു നില്‍ക്കുന്ന കൊങ്ങിണി പൂവുകള്‍....
ഇടക്കെപ്പൊഴോ ഒരു ട്രെയിന്‍ യാത്രയില്‍
എനിക്കനുഭവ്പെട്ടിരുന്നു, കാറ്റ് കൊണ്ടൊ,
ഇരുമ്പ് ചക്രം കൊണ്ടൊ ഞെരിഞ്ഞു പോയ കൊങ്ങിണിപ്പൂവിന്‍റെ ഗന്ധം


ഒരു ദിവസ്സം തൊട്ട് ഗീതേച്ചിയെ കണ്ടില്ല ...പിന്നീട് പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചൂ. കയറു പിരിക്കുന്ന പലയിടങ്ങളിലും ഞാന്‍ നോട്ടം എറിയാറുണ്ട്...
ചേച്ചിയുണ്ടൊന്ന് നോക്കാറുണ്ട് ..
ആരൊടും ചോദിച്ചില്ല , പക്ഷേ ഞങ്ങള്‍ക്കിടയില്‍
ഒരു മൂകത വന്നു നിറഞ്ഞിരിന്നു ...
അന്യൊന്യം ഒന്നും ചോദിച്ചില്ല എങ്കിലും ഞങ്ങള്‍ രണ്ടു പേരും ആ സാന്നിധ്യമാഗ്രഹിച്ചിരുന്നു ..
പിന്നീടുള്ള വൈകുന്നേരങ്ങള്‍ നിറം
മങ്ങി എങ്ങോ ഞങ്ങളറിയാതെ തേങ്ങിയിരിക്കാം ..





മഴ പൂത്തു നിന്ന വര്‍ഷകാലത്തിന്‍റെ
ഒരു ദിനം...പുതുമയുടെ മണം കൊണ്ട പുസ്തകങ്ങളും ഉടുപ്പും കുടയുമായി , നനഞ്ഞ പാളങ്ങള്‍ക്കും , മഴ പ്രണയം കൊണ്ടു കുതിര്‍ത്ത
കൊങ്ങിണിപൂവുകള്‍ക്കും അരികിലൂടെ പുതിയ വിശേഷങ്ങളും പങ്കു വച്ച് ,ഗീതയേച്ചി എന്ന മനസ്സിനെ ,ഒരു വാക്ക് കൊണ്ടൊ ഉള്ളു കൊണ്ടോ ഓര്‍ക്കാതെ,
മഴയെ പുണര്‍ന്ന് ,കുടയില്‍ നിന്നുതിരുന്ന മഴതുള്ളികളെ കൈത്തുമ്പിലേക്ക് പകര്‍ന്ന്
മുന്നോട്ടു നീങ്ങവെ കാലിലേക്ക് തട്ടി കേറിയത് ചുവന്ന കുപ്പിവളകളുടെ പൊട്ടുകളാണ് ..
കുറച്ചപ്പുറം മഴവെള്ളത്തിലേക്ക് പടര്‍ന്ന ചുവന്ന നിറം ..
എന്‍റെ കൊങ്ങിണി പൂവ് ഞെട്ടറ്റ് കിടക്കുന്നു ....
മഴ കവര്‍ന്നു പോയതോ , അതോ ദൈവം കട്ടെടുത്തതോ , അറിയില്ല ..

പ്രണയം പൂക്കുന്ന , പ്രണയത്തിനായുള്ള ഒരു ദിനം വന്നണയുന്നു ...

ഈ ദിനത്തില്‍ അവ്യക്തമായ ആരുടെയോ പ്രണയം കൊണ്ട ഒരു പൂവ്
കാലങ്ങള്‍ക്കപ്പുറം ആര്‍ക്കും പരിഭവമില്ലാതെ മറഞ്ഞു പൊയിരിക്കുന്നു ..
അന്ന് ഒരു തുള്ളി മിഴിപ്പൂക്കള്‍ നല്‍കുവാന്‍ പോലും
കാലമെനിക്ക് ആര്‍ജ്ജവം തന്നില്ല .. പക്ഷേ ഇന്ന് പ്രണയമെന്ന
വികാരം എത്തി നില്‍ക്കുന്ന തലം തന്നെ വ്യത്യസ്ഥമായിരിക്കുന്നു....
ഈ പ്രണയദിനത്തില്‍ എന്‍റെ ഓര്‍മകളും , ഒരായിരം കൊങ്ങിണി പൂക്കളും,
സ്നേഹസുഗന്ധമായി മഴയിലലിഞ്ഞു പോയ ആ മനസ്സിന് സമര്‍പ്പിക്കുന്നു ..
അന്നുമിന്നും പ്രണയം വിഷം ചുമക്കുന്നു , പ്രണയം കുളിരും നല്‍കുന്നു ..
എന്നും മനസില്‍ നിറയട്ടെ മഴ പോലെ പവിത്രമാം പ്രണയം ..








71 comments:

  1. എങ്ങനെയോ ഞെട്ടറ്റ് വീണ തളിരിന്റെ, കിലുങ്ങും മുന്‍പ് ഉടഞ്ഞു പോയ പളുങ്ക് വളകളുടെ ഗദ്ഗദം, വിരിയും മുന്‍പ് കരിഞ്ഞു പോയ ഒരു പൂമൊട്ടിന്റെ വേദന..!!
    ഉടഞ്ഞ വളപ്പൊട്ടുകള്‍ തട്ടി മനസ്സ് മുറിയുന്നു അല്ലെ... ഓര്‍മ്മകള്‍...

    ReplyDelete
    Replies
    1. പ്രീയപെട്ട അവന്തിക .. ആദ്യ വായനക്ക് നന്ദീ ..
      മനസ്സിന്റെ കോണിലെവിടെയോ ആ വളപൊട്ടുകള്‍
      കൊണ്ടുള്ള മുറിവില്‍ നിന്നും ചോരപൊടിയുന്നുണ്ട്
      ഓര്‍മകളില്‍ ഒരു നേര്‍ത്ത തേങ്ങലായീ ആ പൂമൊട്ട്
      ഇന്നും ഉള്ളിലുണ്ട് ..ഒരിക്കല്‍ കൂടീ നന്ദീ കൂട്ടുകാരീ ..

      Delete
  2. ഈ കൊങ്ങിണി പൂവിന്റെ ഗന്ധം
    നിറഞ്ഞ പോസ്റ്റ്‌ മനസ്സില്‍ ഒത്തിരി ഓര്‍മകളെ
    ഉണര്‍ത്തി..നന്നായി എഴുതി മനസിന്റെ മായാത്ത
    വളപ്പൊട്ടുകളുടെ ഓര്‍മ്മകള്‍...ആശംസകള്‍..

    ReplyDelete
    Replies
    1. പ്രീയപെട്ട കൂട്ടുകാര നന്ദീ വായനക്ക് , വരികള്‍ക്ക് ..
      മനസ്സിലേ മായത്ത ചിത്രങ്ങളെ പകര്‍ത്തുമ്പൊള്‍
      വേവു കുറയാം , ചില നിമിഷങ്ങളില്‍ ചില ഓര്‍മകള്‍
      വല്ലാതെ വേദനിപ്പിക്കും അതു ഈ മനസിലേക്കും
      പകര്‍ന്നുവെങ്കില്‍ വരികളില്‍ അതു വായിച്ചെടുക്കാന്‍
      ഈമനസ്സിന് സാധിച്ചുവെന്നാണ് അര്‍ത്ഥം ..
      ഞാനീ കൂട്ടുകാരന്റെ ബ്രൂണിയേ വായിക്കുന്നു ..

      Delete
  3. ഈ വായന മനസ്സിനെ ഒന്നുലച്ചു, അനുഭവത്തിന്‍റെ നേരിന് മറ്റെന്തിനെക്കാളും തിളക്കമുണ്ടാകുന്നത് കൊണ്ടാകും നടന്നു കയറുകയായിരുന്നു ഓരോ വരികളില്‍ കൂടെയും. അപൂര്‍ണ്ണമായൊരു പ്രണയത്തിന്‍റെ മനസ്സുമായാണോ ആ പൂവ് ഞെട്ടറ്റു വീണത്‌.. അതോ പൂര്‍ണ്ണതയുടെ ത്യാഗമോ.. ഒരു ജീവനെടുക്കുന്നതും പ്രണയം ഒരു ജീവനേകുന്നതും പ്രണയം. ഓര്‍മ്മകളില്‍ നിന്നുതിരുന്ന ഈ മിഴിനീര്‍ പൂക്കള്‍ അവര്‍ക്കുള്ള സമര്‍പ്പണമാകട്ടെ, മനസ്സില്‍ തങ്ങി നില്‍ക്കുന്ന നൊമ്പരത്തോടെ ആണെങ്കിലും ഈ വരികള്‍ നന്നായീന്ന് പറയാതിരിക്കാന്‍ വയ്യാ,, ചിത്രങ്ങളും. ഒരു കാഴ്ച ഒരുക്കുന്നുണ്ട്, വേവുകളുടെ കാഠിന്യം വാക്കുകളെ നെഞ്ചോടു ചേര്‍ക്കാന്‍ മാത്രം കരുത്തുള്ളതാക്കുന്നുണ്ട്..

    ReplyDelete
    Replies
    1. പ്രീയപെട്ട ധന്യാ .. അനുഭവത്തിലൂടെ നമ്മളില്‍
      ചേര്‍ന്നു നിന്ന ചിലതൊക്കെ അകന്നു പൊകുമ്പൊള്‍
      അല്ലെങ്കില്‍ ആ അകല്‍ച്ച പ്രായം കൊണ്ട് തിരിച്ചറിയപെടാതിരിക്കുകയും
      പിന്നീട് അതൊര്‍ക്കുമ്പൊള്‍ ഒരു നുള്ളു നോവ് വന്നു
      വീഴുകയും ചെയ്യുമ്പൊള്‍ അറിയാതെ കുറിച്ച വരികള്‍
      തന്നെ ഇത് , ത്രഡ് പൊലെ വന്നു വീണെന്ന് പറയുവാന്‍
      കഴിയില്ല , ആക്സ്മികമായീ എഴുതിയ വരികള്‍
      നോവിലും , ഇഷ്ടം അറിയിച്ചതില്‍ നന്ദീ ..

      Delete
  4. സുപ്രഭാതം റിനീ..
    ഈ സ്നേഹ ദിനത്തിലെ പോസ്റ്റ് കാണാന്‍ ഓടി വന്നതാ..
    ഒന്നോടിച്ച് വായിച്ചു,
    സ്ക്കൂളില്‍ പോകാന്‍ സമയായി...
    വിശദ വായന വന്നിട്ട് ട്ടൊ..

    ഇവിടെ വന്നതില് എനിയ്ക്ക് ഒരു സമ്മാനം കിട്ടി..
    അതെ, കൊങ്ങിണിപ്പൂ തന്നെ...
    ഇവിടെ മറുപടി ഇടും മുന്നെ ഞാന്‍ കൊങ്ങിണിപൂവിനെ ന്റ്റെ പൂങ്കാവനത്തില്‍ നടാന്‍ പോയി...
    സമയം കിട്ടുമ്പോള്‍ വന്നു നോക്കു ട്ടൊ...
    http://kutitharangal.blogspot.in/2012/01/blog-post_1527.html

    നല്ലഒരു ദിനം ആശംസിയ്ക്കുന്നു....!

    ReplyDelete
    Replies
    1. അങ്ങൊട്ടും ഒരു നല്ല രാത്രീ ആശംസിക്കുന്നു ..
      കുട്ടിത്തരങ്ങളില്‍ പൊയീ കേട്ടൊ .. കണ്ടൂ ..
      വിശദമായീ അടുത്ത കമന്റില്‍ :)

      Delete
  5. വളരെ മനോഹരമായിരിക്കുന്നു രചന.
    മനസ്സിനുള്ളില്‍ നൊമ്പരപൂവിരിയിയ്ക്കുന്നു!
    മനോഹരമായ ചിത്രങ്ങള്‍
    പ്രണയത്തെ പാടിപുകഴ്ത്തുന്ന ദിനത്തില്‍ ഈ
    രചന നക്ഷത്രശോഭയായ് തിളങ്ങുന്നു!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
    Replies
    1. പ്രീയമുള്ള ഏട്ടാ .. പൊസ്റ്റു ചെയ്ത
      ആദ്യ നിമിഷങ്ങളില്‍ തന്നെ വന്നു വായിച്ചു
      ഒരു വരി കുറിക്കുന്ന ഈ സ്നേഹത്തിന് നന്ദീ
      ഈ വരികള്‍ പ്രചോദനം നല്‍കുന്നു കൂടുതല്‍ എഴുതുവാന്‍
      ഈ സ്നേഹം ചാരെ നില്‍ക്കുന്നു എന്നുമെന്നും ..

      Delete
  6. നിറയെ പല വര്‍ണ്ണത്തിലെ കൊങ്ങിണികള്‍ പൂത്തു നില്‍ക്കുന്ന
    ഒരു തോട്ടത്തിന്‍റെ മുന്നിലെത്തിയ പോലുണ്ടായിരുന്നു ഈ പോസ്റ്റ്‌ തുറക്കുമ്പോള്‍...
    ഗേറ്റ് തുറന്നു ഉള്ളിലേക്ക് എത്തിയപ്പോള്‍ കാണാന്‍ എന്തൊരു ശേലായിരുന്നു ...
    കുറച്ചു മുന്നോട്ടു നടന്നപ്പോള്‍ ,ഏതോ കശ്മലന്‍ ചവുട്ടി അരച്ചു കളഞ്ഞ
    ഒരു പാവം പൂവിനെ കണ്ടു....
    ആരോടും പരിഭവമില്ലാതെ ഒന്നും പറയാതെ മറഞ്ഞു പോയ അതിന്‍റെ കണ്ണീരു കണ്ടു....
    ഒരുപക്ഷെ ഇന്നും കൊഴിയാതെ നില്‍ക്കുമായിരുന്ന ആ പൂവിന്‍റെ കഥ
    നേരിയ നൊമ്പരം ഉളവാക്കി ....

    വായിച്ചു പോകുമ്പോള്‍ ഒരു ക്യാന്‍വാസില്‍ എന്ന പോലെ
    മനസ്സില്‍ തെളിയുന്നുണ്ടായിരുന്നു ആ റെയില്‍പ്പാളവും,
    ഇരുവശവും കൊങ്ങിണിപ്പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന നടപ്പാതയും,
    അതിലൂടെ വിശേഷങ്ങള്‍ പറഞ്ഞു സ്കൂളിലേക്ക് പോകുന്ന രണ്ടു കുസൃതി കുട്ടികളും ,
    എന്നും അവരെക്കാത്തു നില്‍ക്കുന്ന സ്നേഹമയിയായ ഗീതയേച്ചിയും....

    ഈ പ്രണയ ദിനത്തില്‍ വ്യത്യസ്തമായൊരു പോസ്റ്റ്‌....
    കൊങ്ങിണിപ്പൂവിന്‍റെ മണമുള്ള ഈ ഓര്‍മ്മകള്‍ക്ക് നന്ദി ,നല്ലൊരു വായന സുഖം തന്നതിന്...
    (പിന്നെ ചേച്ചിയോട് പറയണം കേട്ടോ ആ പാവത്തിനെക്കൊണ്ട് എടുത്താല്‍ പൊങ്ങാത്ത ഭാരം ചുമപ്പിച്ചത് ഇത്തിരി കടുപ്പമായിപ്പോയെന്നു..കുട്ടിക്കാലത്തെ കുസൃതികളല്ലേ ക്ഷമിക്കാം ല്ലേ)

    ReplyDelete
    Replies
    1. റോസേ .. പ്രീയ കൂട്ടുകാരീ .. നന്ദീ
      അന്നുമിന്നും ഹൃദയം വിങ്ങുമ്പൊള്‍
      ഒരു മഴയായ് ഈ കൂട്ട് ഓടി വന്നിട്ടുണ്ട് ..
      മറഞ്ഞു പൊയൊരു കൊങ്ങിണീ പൂവ്
      അറിയാതെ എപ്പൊഴോ വിങ്ങലുണ്ടാക്കി മനസ്സിന്
      അതിനേ വരികളിലേക്ക് പകര്‍ത്തുമ്പൊള്‍
      ഇടക്കൊക്കെ മനസ്സും പതറീ .. ഒരു ക്യാന്‍വാസിലെന്ന
      പൊലെ ആ നടവഴികള്‍ എന്റേ മനസ്സില്‍ പതിഞ്ഞ്
      പൊയിട്ടുണ്ട് , ഒരിക്കല്‍ കൂടീ പൊകാന്‍ മനസ്സ് ആഗ്രഹിക്കുന്നുമുണ്ട്
      ചേച്ചിക്ക് ഇപ്പൊഴും കുറുമ്പ് തീര്‍ന്നിട്ടില്ല അവളിപ്പൊഴും
      ചിലപ്പൊല്‍ ചിപ്പിയേ കൊണ്ടു വരെ അവളെ എടുപ്പിക്കും :)
      ഞാന്‍ പറഞ്ഞേട്ടൊ പറഞ്ഞത് ഒന്നു വിളിച്ചൊളു ..

      Delete
  7. പ്രിയപ്പെട്ട റിനി,
    മനോഹരമായ നിറങ്ങളില്‍ മോഹിപ്പിക്കുന്ന കൊങ്ങിണിപൂക്കള്‍, എന്നെ ഒരു വിസ്മയ ലോകത്തിലേക്ക് കൂട്ടികൊണ്ട് പോയി....! ഈ പ്രണയ ദിനത്തില്‍ മനസ്സില്‍ സങ്കടം ബാക്കി നിര്‍ത്തി പോയ,റിനിയുടെ ഗീതേച്ചിക്ക്, ആത്മാര്‍ഥമായ ഈ സമര്‍പ്പണം,അവസരോചിതമായി!
    ആ ചാരു കസേരയില്‍ കിടന്നു, മുന്‍പിലെ പച്ചപ്പിന്റെ സൌന്ദര്യം ആസ്വദിച്ചു, ഒരു ചായ കുടിക്കാന്‍ തോന്നുന്നു.എന്റെ അച്ഛന്റെ വീടിന്റെ മുന്‍പില്‍ പാടമായിരുന്നു.പാടത്തിന്റെ വരമ്പിലൂടെ നടന്നതും, ചിറയിലെ വെള്ളം തട്ടി തെറിപ്പിച്ചു നടന്നതും ,താറാവിനെ ഇഷ്ട്ടപ്പെടാന്‍ തുടങ്ങിയതും, അച്ഛന്റെ നാട്ടില്‍ വെച്ചായിരുന്നു.
    എല്ലാ പ്രണയങ്ങളും സത്യസന്ധമല്ല...ഗീതേച്ചി ഒരു ബലിയാടായി...!
    വന്ന വഴി മറക്കല്ലേ എന്ന് പറയാറുണ്ട്‌...!
    നമ്മുടെ ജീവിതത്തില്‍ മിന്നാനിനുങ്ങിന്റെ നുറുങ്ങു വെട്ടവുമായി വന്നവര്‍...
    കൊങ്ങിണിപൂക്കളുടെ സൗന്ദര്യവും സൌരഭ്യവും നല്‍കിയവര്‍....
    മഴതുള്ളികിലുക്കം ഹൃദയത്തിലേക്ക് പകര്‍ന്നു തന്നവര്‍...
    തളരുന്ന സാഹചര്യങ്ങളില്‍,ശ്ക്തിസ്രോതസ്സായി മാറിയവര്‍....
    ആരെയും, മറക്കല്ലേ .................
    നന്ദിയും സ്നേഹവും നിറഞ്ഞ ഒരു ഹൃദയം ഒരു പെരുമഴയിലും ഒളിച്ചു പോകാന്‍ സമ്മതിക്കല്ലേ..!
    സുഹൃത്തേ,പ്രണയദിനാശംസകള്‍..!
    ഹൃദയത്തിലെ വരികള്‍ക്ക് അഭിനന്ദനങ്ങള്‍...!
    മനോഹരമായ ഒരു സായാഹ്നം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. പ്രീയപെട്ട അനൂ ..
      ഈ മനൊഹരമായ വരികള്‍ക്ക് നന്ദീ ഒരുപാട് ..
      നമ്മുക്കായി താങ്ങായി നിന്നവര്‍ , നമ്മുക്ക് ഏതു
      പ്രതിസന്ധിയേയും തരണം ചെയ്യാന്‍ മനശക്തി തന്നവര്‍
      ബന്ധങ്ങള്‍ക്ക് ആഴം നല്‍കാതെ ഇന്നു കണ്ടു നാളെ
      മറക്കുന്നവരാകുന്ന ഈ കലിയുഗത്തില്‍ അങ്ങനെയൊരു
      മനസ്സില്ലാതിരിക്കട്ടെ ഈ കൂട്ടുകാരിക്കും .. വന്ന വഴി മറക്കുന്നത്
      നല്ലതല്ല തന്നെ .. വായിക്കുന്ന ഒരൊ വരികളും ഹൃദയത്തിലേറ്റുക
      വരികള്‍ വിസ്മയ ലൊകത്തേക്ക് കൂട്ടി കൊണ്ടു പോയത്
      ആ മനസ്സില്‍ നിന്നടുരുന്ന കുളിരുള്ള വരികളൂടെ ആര്‍ജവം കൊണ്ടാകാം

      Delete
  8. മറന്നു കിടക്കുന്ന പല ഓര്‍മകളും,
    നിനച്ചിരിക്കാത്ത സമയത്താവും മനസിലേക്ക് കയറി വരിക !!!
    ഈ ഗീത ചേച്ചിയെ ഓര്‍മിക്കാന്‍ ആ സുഹൃത്ത് ഒരു നിമിത്തമായി !!!
    എനിക്ക് ഈ കൊങ്ങിണിപ്പൂ വളരെ ഇഷ്ട്ടപ്പെട്ടു !!!
    ദുഃഖം നിറഞ്ഞ ഓര്‍മയാണെങ്കിലും ഇഷ്ട്ടായി!!!
    കുട്ടിക്കാല കുസൃതികളും ഇഷ്ട്ടായി !!!
    ഇങ്ങനെ കാണുമ്പോ ഈ പൂക്കള്ക്കൊക്കെ എന്ത് ഭംഗിയാ !!!
    പുട്ടിനു പീര പോലെ ഇടയ്ക്കിടെ കൊടുക്കുന്ന പടങ്ങള്‍
    വായനയില്‍ മുഷിച്ചില്‍ തോന്നാതിരിക്കാന്‍ സാഹായിക്കും !!!
    എന്ന് വെച്ച് തീരെ മുഷിച്ചില്‍ ഇല്ലാട്ടോ ഈ എഴുത്തിനു :)
    വ്യത്യസ്തതയുണ്ട് ഓരോ പോസ്റ്റിനും !!!
    കടുകട്ടിയല്ലാത്ത എഴുത്തിനോടാണ് എനിക്കിഷ്ട്ടം !!!
    ഇനിയും വരൂ പുതിയ പോസ്റ്റുകളുമായി ഈ വഴി !!!
    എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട് !!!

    ReplyDelete
    Replies
    1. ആശകുട്ടീ .. എന്റെ വരികള്‍ക്ക്
      വന്നൊന്നു കുറിക്കുന്നതിനും , വായിക്കുന്നതിനും
      ഒരുപാട് നന്ദിയുണ്ടേട്ടൊ .. എന്റേ ഒരു രക്തബന്ധങ്ങളും
      സത്യത്തിലിതൊന്നും പ്രൊല്‍സാഹിപ്പിക്കാറില്ല ..
      പഠിക്കുന്ന സമയത്ത് നാലക്ഷരം പഠിക്കാനും
      ഇപ്പൊള്‍ ചുമ്മാ എഴുതി നടക്കാതെ ജീവിതം നോക്കാനും
      ഉപദേശിക്കുന്ന രക്തബന്ധങ്ങള്‍ക്കിടയില്‍ ഈ അനിയത്തികുട്ടി
      ഉള്ളത് എന്റേ ഭാഗ്യം തന്നെ .. എന്റേ കുടുംബത്തില്‍
      നിന്നൊരാള്‍ കൂടെയുണ്ടല്ലൊ , സന്തൊഷം ആശേ ..
      വ്യത്യസ്ഥമായ വരികളെഴുതാന്‍ പ്രചോനമാവട്ടെ ഈ വരികള്‍ ..

      Delete
  9. റിനീ..
    വേർപ്പാടുകൾ മനസ്സിന്റെ വിങ്ങലുകളല്ലേ...
    ഇത് കാലങ്ങളായി നമ്മൾ കാണുകയും കേൾക്കുകയും അനുഭവിയ്ക്കുകയും ചെയ്യുന്ന സത്യങ്ങൾ..
    കൊങ്ങിണിപ്പൂവുകളിലൂടെ പെയ്തിറങ്ങിയ ഈ നൊമ്പരപ്പെടുത്തും ഓർമ്മകൾ നീറ്റൽ ഉണ്ടാക്കുന്നല്ലോ സ്നേഹിതാ..
    ഞാൻ മുന്നേയും പറഞ്ഞിട്ടുണ്ട്..
    തൂലികയ്ക്ക് വേദനകൾ അകറ്റാൻ കഴിയുന്നുവെൻകിൽ നമ്മൾ ഒരു തരത്തിൽ വിജയിച്ചു എന്നല്ലേ..
    എന്തിനോട്, ആരോട് എന്ന് എന്നോട് ചോദിയ്ക്കല്ലേ...ഉത്തരമില്ല.. :(

    കൊങ്ങിണിപൂക്കൾ ന്റേയും സുന്ദരി പൂക്കൾ ആണ്‍ ട്ടൊ...നല്ല ഓർമ്മകൾ നൽകി..
    മതിലിന്റെ ഓരത്തെല്ലാം കൊങ്ങിണി ചെടികൾ വളർത്തുന്നത് അമ്മയ്ക്ക് ഒരു ഹരമായിരുന്നു..
    അപ്പുറത്തു നിന്ന് കാണുന്നവർക്ക് പല നിറങ്ങളിലുള്ള കൊങ്ങിണിപൂക്കൾ മാത്രം കാണാം..
    നല്ല സുന്ദര കാഴ്ച്ച...പൂക്കളുള്ള വീട് എന്നെല്ലാം വഴിയാത്രക്കാർ പറയുമായിരുന്നു..
    ന്റെ കളിമുറ്റത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുപോയ സ്നേഹിതന്‍ നന്ദി അറിയിയ്ക്കട്ടെ...സന്തോഷം ട്ടൊ...!

    ReplyDelete
    Replies
    1. പ്രീയപെട്ട വര്‍ഷിണീ , ആത്മാര്‍ത്ഥമായ വരികള്‍ക്ക് നന്ദി ..
      മനസ്സ് ആ പൂന്തൊട്ടത്തിലേക്ക് കൊണ്ടു പൊകുവാന്‍
      എന്റെ വരികള്‍ക്ക് ആയെങ്കില്‍ സന്തൊഷം കൂട്ടുകാരീ ..
      തൂലികക്ക് വേദനകള്‍ അകറ്റാന്‍ കഴിയുമെന്നത് നേരു തന്നെ
      പക്ഷേ ആ പിറവിയുടെ സമയം ഒരുപാട് നോവും
      ചിലപ്പൊള്‍ ആ വരികളിലൂടെ നടക്കുമ്പൊള്‍ മറ്റു മനസ്സുകള്‍ക്കും ..
      നീറുന്ന ഓര്‍മകള്‍ക്ക് കാലമേകുന്ന മരുന്നു കൊണ്ട് നമ്മുക്ക്
      കുളിര്‍ കൊടുക്കാം .. നന്ദി ഒരിക്കല്‍ കൂടീ സഖീ ..

      Delete
  10. ഇന്ന് വായിച്ച എല്ലാ പ്രണയ പോസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായ ഒരു പോസ്റ്റ്‌,
    കവിത പോല്‍ മനോഹരം, ചിത്രങ്ങളും നന്നായിട്ടുണ്ട്...
    വേദനിപ്പിക്കുന്ന ഓര്‍മകളിലൂടെ, പലരും പാടി പുകഴ്ത്തുന്ന പ്രണയത്തിന്റെ മറ്റൊരു മുഖം. ...പ്രണയത്തിനു മറ്റൊരു നിര്‍വചനം കൂടി....
    ഇന്നത്തെ ദിവസത്തിന് പറ്റിയ പോസ്റ്റ്‌..

    ReplyDelete
    Replies
    1. ഖാദൂ . സത്യസന്ധമായ അഭിപ്രായത്തിന് നന്ദീ സഖേ
      പ്രണയത്തിലൂടെ നടന്ന് , പ്രണയത്തില്‍ നിറഞ്ഞ്
      പിന്നീട് അതിലൂടെ തന്നെ മറയുന്ന ഒട്ടനവധിപേര്‍
      പ്രണയദിനത്തില്‍ അവര്‍ക്കുമൊരുക്കേണ്ടേ ഒരു സ്മരണ
      ഓര്‍മ വന്നിട്ടല്ലേ യാദൃശ്ശികമായി വന്നതാണീ വേവുകള്‍
      വായനക്കും വരികള്‍ക്കും ഒരിക്കല്‍ കൂടീ നന്ദീ സഖേ ..

      Delete
  11. മനസ്സിനെ വീണ്ടൂം ഉലച്ചല്ലോ കൂട്ടുകാരാ..!
    ഒരു പൂവ്, ഒരു നമ്മിഷം,കുറെ ഓർമ്മകൾ..!
    എഴുത്ത് മനോഹരം...!!
    ആശംസകളോടെ..പുലരി

    ReplyDelete
    Replies
    1. പ്രീയ കൂട്ടുകാര .. വായനക്കും വരികള്‍ക്കും നന്ദീ ..
      മനസ്സിലേ ഉള്‍ വേവുകള്‍ പകര്‍ത്തിയപ്പൊല്‍
      ഒന്നുലഞ്ഞു പൊയത് ഈ നാട്ടുപുറത്തുകരന്റെ
      മനസ്സിന്റേ നൈര്‍മല്യം ഒന്നു കൊണ്ടാവാം ..
      കുഞ്ഞു മഴ കൊതിച്ചു പൊകുന്ന മനസ്സുകളിലേക്ക്
      ഒരു പെരുമഴ ഒരുക്കുന്ന കാലം ചിലപ്പൊഴൊക്കെ
      ചിലത് നിശബ്ദമായീ കവര്‍ന്നെടുക്കും ..

      Delete
  12. റിനീ ,
    വാക്കുകളെ ചേര്‍ത്ത് വെച്ച് ഇവിടെ ഒരു അഭിപ്രായം പറയുന്നതിന് പകരം , ഞാനിവിടെ രണ്ടിറ്റു കണ്ണുനീര്‍ കമ്മന്റായി ഇട്ടോട്ടെ. എന്തോ മനസ്സിലെ നൊമ്പരങ്ങളെ ചേര്‍ത്ത് വെച്ച് റിനി എഴുതിയ പോസ്റ്റ്‌ വായിച്ച് സങ്കടമായി എന്ന് പറയുന്നത് മനസ്സില്‍ തട്ടിയാണ്. സ്നേഹത്തിന്‍റെ കാരമില്‍ക്ക് മിഠായികളും സന്തോഷത്തിന്‍റെ കൊങ്ങിണി പൂക്കളും. പിന്നെപ്പോഴോ ആ കൊങ്ങിണി പൂക്കള്‍ നൊമ്പരപ്പൂകളായി അല്ലേ..? കുപ്പിവളപ്പൊട്ടുകള്‍ മനസ്സിനെയും മുറിപ്പെടുത്തിയല്ലേ.?
    റിനി എഴുതുമ്പോള്‍ വാക്കുകള്‍ വരുന്നത് ഹൃദയത്തില്‍ നിന്നാണ്. വായിച്ചതും ആ ഹൃദയത്തിലേക്ക് നോക്കിയാണ്.
    മനസ്സിനെ തൊട്ടു ഈ പോസ്റ്റ്‌.

    ReplyDelete
    Replies
    1. പ്രീയ മന്‍സൂര്‍ , ഹൃദയത്തില്‍ നിന്നുള്ള
      ഈ വരികള്‍ക്ക് ഹൃദയത്തില്‍ നിന്നു തന്നെ
      നന്ദി പറയുന്നു സഖേ ..
      കഴിഞ്ഞു പൊയ ചിലത് , ഓര്‍മകളില്‍
      വിങ്ങലായീ രൂപാന്തരപെടുമ്പൊള്‍
      അതറിയാതെ ഹൃദയത്തില്‍ നിന്ന്
      വരികളായീ പിറവി എടുക്കുമ്പൊള്‍
      ഈ സുമനസ്സുകളൂടെ നല്ല വാക്കുകള്‍
      വീണ്ടും എഴുതുവാന്‍ ശക്തി പകരുന്നു ..

      Delete
  13. റിനീ, എഴുത്ത് മനോഹരം.. ഒാര്‍മ്മകളുടെ ഈ കളിയോടത്തില്‍ കയറി ഞാനും പതുക്കെ സഞ്ചരിച്ചു. നൈര്‍മല്യമായ വരികളിലൂടെ വായനക്കാരനെ നടത്തി. ഗീതേച്ചി ഇപ്പോള്‍ എവിടെയാണ്‌. എല്ലാം ഭാവനകള്‍ തന്നെയാകുമല്ലോ അല്ലേ? പ്രണയം അത്‌ വേദനയാകും മിക്കപേറ്‍ക്കും നല്‍കുക.

    ReplyDelete
    Replies
    1. പ്രീയപെട്ട മോഹീ .. നന്ദീ ഈ വരികള്‍ക്ക്
      ഓര്‍മകളാം തോണിയില്‍ നമ്മളൊക്കെ
      ഇടക്കൊക്കെ സഞ്ചരിച്ചു പൊകുമല്ലേ
      ഒന്നും ഭാവനകള്‍ അല്ല മോഹീ
      സത്യം തന്നെ , അന്നു പകര്‍ത്തുവാന്‍
      കഴിയാത്ത എന്തൊക്കെയോ ഇന്നു
      പകര്‍ത്തിയെന്നു മാത്രം .. ഒരിക്കല്‍ കൂടീ നന്ദി

      Delete
  14. റിനിയുടെ ബ്ലോഗ്ഗില്‍ വന്നാല്‍ അല്‍പ്പം വേദന നെഞ്ചേറ്റിയെ തിരിച്ചു പോകാറുള്ളൂ . ഇത്തവണയും മറിച്ചല്ല. പ്രണയം സുന്ദരമെങ്കിലും ചിലപ്പോള്‍ വെദന പകരും.
    റിനിയുടെ വരികളില്‍ പ്രണയ നയ്ര്‍മല്യവും തീക്ഷ്ണതയും എല്ലാം ദര്‍ശിക്കാന്‍ കഴിഞ്ഞു
    ആശംസകള്‍

    ReplyDelete
    Replies
    1. വേണുവേട്ടാ .. ഒരുപാട് നന്ദീ ..
      പ്രണയം വേദന തിങ്ങുന്ന ഒന്നു തന്നെ
      എത്ര കുളിരെന്ന് പറഞ്ഞാലും
      അതിലെവിടെയോ വേവിന്റെ അംശം
      അടിഞ്ഞു പൊയിട്ടുണ്ട് ,
      ഇനി ഏട്ടന് തിരികെ പൊകുമ്പൊള്‍
      ഒരു കുളിരിന്റെ , പുഞ്ചിരിയുടെ കണം
      ഞാന്‍ പകരം നല്‍കാന്‍ ശ്രമിക്കാം കേട്ടൊ :)

      Delete
  15. മനോഹരമായ വരികള്‍.
    വേര്‍പാടിന്റെ നോവ്‌ മനോഹരമായി വരച്ചു കാട്ടി

    ReplyDelete
    Replies
    1. പ്രീയപെട്ട റോസാപൂക്കള്‍ ..
      ഗതകാല സ്മരണകള്‍ ഉണര്‍ത്തുന്ന
      വരികളിലൂടെ , ഇന്നിന്റെ ഹൃത്തിലേക്ക് -
      ഇന്നിന്റെ വേവിലേക്ക് വരികള്‍ നിറക്കുന്ന
      ഈ മനസ്സിനേ ഇവിടെ കണ്ടതില്‍ സന്തൊഷം
      അനുപമമായ വരികള്‍ പകര്‍ത്തുന്ന ഈ കൂട്ടുകാരിക്ക്
      ഈ വായനക്കും , വരികള്‍ക്കും നന്ദീ പറയുന്നു ..

      Delete
  16. പ്രിയപെട്ട റിനി
    ഞാന്‍ ആദ്യമായാ ഇവിടെ ,ഇത്രയും മനോഹരമായി കാവ്യശകലം പോലെ കുറിപ്പുകള്‍ എഴുതുന്നവര്‍ ബൂലോകത്തില്‍ വളരെ അപൂര്‍വ്വമാണ് ..അടിക്കുറിപ്പില്‍ പറഞ്ഞ പോലെ ഇത് വായനക്കാര്‍ക്കും റിനി യെ പോലെ ഹൃദയ വേവ് ആകുന്നു ..അത് തന്നെയാണ് ഈ പോസ്റ്റ്‌ന്റെ വിജയവും ....ആശംസകള്‍ ..

    ReplyDelete
    Replies
    1. പ്രീയ ഫൈസല്‍ .. ആദ്യ വരവിന്
      ആദ്യ വായനക്ക് , ആദ്യ വരികള്‍ക്ക് നന്ദീ ..
      അതും മുഷിപ്പിച്ചില്ല എന്നറിഞ്ഞതില്‍
      സന്തൊഷമുണ്ട് , അതു പങ്കുവയ്ക്കുന്നു ..
      ഹൃദയത്തിന്റേ വേവുകള്‍ പകരുമ്പൊള്‍
      അതു മറ്റൊരു ഹൃദയത്തേ സ്വാധീനിച്ചുവെങ്കില്‍
      അതാ ഹൃദയത്തിന്റെ നന്മ കൊണ്ടാകാം ..
      ഒരിക്കല്‍ കൂടീ നന്ദി സഖേ ..

      Delete
  17. ഓര്‍മ്മകളുടെ ഭംഗിയുള്ള അരികില്‍ പിടിച്ച് പഴയ മുറ്റത്തേക്ക് സഞ്ചരിക്കുന്നത് ഒരു പ്രത്യേക സുഖം നല്‍കും. ഓര്‍ക്കുമ്പോള്‍ മധുരമുള്ള സുഖവും മധുരമുള്ള ദുഖവും ആണ് പ്രണയം.

    "പക്ഷേ ഇന്ന് പ്രണയമെന്ന
    വികാരം എത്തി നില്‍ക്കുന്ന തലം തന്നെ വ്യത്യസ്ഥമായിരിക്കുന്നു...."
    ഇഷ്ടായി.

    ReplyDelete
    Replies
    1. പ്രീയപെട്ട റാംജീ .. ഓര്‍മകളൂടെ
      മണി മുറ്റത് കൂടീ ഒന്നു പിന്നോക്കം
      പോകുമ്പൊള്‍ ചിലപ്പൊള്‍ സുഖമുള്ള
      കുളിര് മനസ്സില്‍ വന്നു നിറയും
      ചിലപ്പൊള്‍ കൂര്‍ത്ത വക്കിനാല്‍
      ഹൃത്ത് മുറിയും , എങ്കിലും ഓര്‍മകളെ
      എങ്ങനെ മനസ്സിന്റെ പടിയിറക്കി വിടുമല്ലേ !
      വായനക്കും , വരികള്‍ക്കും ഒരുപാട് നന്ദീ ഏട്ടാ ..

      Delete
  18. ഇരിപ്പിടം വഴി ആണ് ഇവിടേക്ക് വന്നത് ,പോസ്റ്റ് വളരെ നന്നായി അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. പ്രീയമുള്ള നീലേഷ് ..
      വന്ന വഴികള്‍ എതായാലും
      വന്നിട്ട് ഒന്നു കുറിക്കാതെ പൊയില്ലല്ലൊ
      വായനക്കും , ഈ വരികള്‍ക്കും നന്ദി സഖേ ..
      ഹൃദയത്തിലാ " മൈന " ഇന്നും നില്പ്പുണ്ട്

      Delete
  19. വീണ്ടും വന്നു..സത്യം പറഞ്ഞാല്‍ ഈ പോസ്റ്റു
    വായിക്കുമ്പോള്‍ എനിക്ക് കൊങ്ങിണിപ്പൂവിന്റെ
    ആ പ്രത്യേക തരം ഗന്ധം മൂക്കില്‍ അടിച്ചു കയറുന്നു..
    അത് ഗ്രാമത്തിന്റെ വിശുദ്ധിയോ ഓര്‍മകളുടെ
    സുഗന്ധമോ എന്ന് സംശയം...ഇത്ര മനോഹരമായ
    ഈ രചനക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍...
    ഓരോ ദുഖവും ചിലപ്പോള്‍ ഓര്‍മകളില്‍ ഒരു
    സുഖം ആവാറുണ്ട്..ഗീതേച്ചിയുടെ ഓര്‍മ്മകള്‍
    അങ്ങനെ അല്ലെങ്കിലും അതില്‍ ആശ്വാസം കണ്ടെത്താന്‍
    കഴിയട്ടെ....

    ReplyDelete
    Replies
    1. പ്രീയ വിന്‍സന്റ് .. രണ്ടാമത്തേ
      വരവിനും ഒരുപാട് നന്ദിയേട്ടൊ ..
      ഇഷ്ടം കൊണ്ടുള്ള ഈ വരവിനേ
      സന്തൊഷപൂര്‍വം സ്വീകരിക്കുന്നു
      ഓര്‍മകള്‍ നല്‍കുന്നൊരു സുഖം ഉണ്ട്
      വേവായാലും അതിലിത്തിരി നനുത്ത
      കണ്ണീരിന്റെ നുള്ളു ചേര്‍ക്കുമ്പൊഴും
      എന്തോ , മനസ്സ് സഞ്ചരിക്കുന്നുണ്ട്
      (മെയില്‍ ഐ ഡീ : rinesabari@gmail.com )

      Delete
  20. കാവ്യമനോഹാരിതയോടെ ഒരുക്കിയ ഓര്‍മ്മക്കുറിപ്പ് ഭംഗിയായി..അതിനെ അഭിപ്രായം പറയാന്‍ പോലും എന്റെ വശം മനോഹരങ്ങളായ വരികളില്ല, വാക്കുകളുമില്ല..അത്രമാത്രം എന്നെ സ്പര്‍ശിച്ചിരിക്കുന്നു രചന..അവയ്ക്കൊത്ത ചിത്രങ്ങളും..beautiful...

    ReplyDelete
    Replies
    1. പ്രീയപെട്ട അനശ്വര ... നന്ദി ഈ വരികള്‍ക്ക്
      വരികള്‍ സ്പര്‍ശിച്ചു എന്നറിഞ്ഞതില്‍ സന്തൊഷം
      ഓര്‍മകളുടെ ഓളങ്ങളില്‍ നാം അറിയാതെ
      എത്തിപെടുന്ന തുരുത്തുകളുണ്ട് പിന്നീട് -
      അവിടെ ഒറ്റക്കിരിക്കുമ്പൊള്‍ മനസ്സിലേക്ക്
      വരുന്ന ചിന്തകളുടെ തലങ്ങള്‍ ..
      "വരണമാല്യത്തിന്റെ" ആകുലതകള്‍ പൊലെ
      വര്‍ണ്ണാഭമല്ലല്ലൊ സഖീ എന്റെ വരികള്‍ ..

      Delete
  21. ആദ്യമായാ ഇവിടെ .നന്നായി ,അഭിനന്ദനങ്ങള്‍ ..

    ReplyDelete
    Replies
    1. ആദ്യ വരവിനും , ആദ്യ വായനക്കും
      ആദ്യ വരികള്‍ക്കും നന്ദി സഖേ ..
      ഇനിയും വരുക ..

      Delete
  22. അരിപ്പൂവല്ലേ ഇത്, എനിക്കും ഒരുപാടിഷ്ടാണു ഈ പൂവിന്റെ മണം.ഒരു നൊസ്റ്റാള്‍ജിക് മണമാണു അതിനു.മഴേം വേണം ഒപ്പം.

    ഓര്‍മ്മക്കുറിപ്പ് മനോഹരം.നല്ല ചിത്രങ്ങളും.. ആശംസകള്‍...

    ReplyDelete
    Replies
    1. അരിപൂവാണോന്ന് അറിയില്ല മുല്ലേ ..
      കൊങ്ങിണി പൂവെന്നാ പറയാറ് ഞങ്ങള്‍ ..
      അതെന്തു തന്നെയായാലും ഇതിന്റെ
      മണം ഒരു സംഭവം തന്നെയാണ് ...
      ഞാന്‍ എന്റെ കൂട്ടുകാരിയോട്
      അദ്യം ഈ പൂവിനെ ക്കുറിച്ച്
      പറഞ്ഞപ്പൊള്‍ പറഞ്ഞത് ഇതിന്റെ മണത്തേ കുറിച്ചാണ്
      നന്ദി പ്രീയ കൂട്ടുകാരീ ..

      Delete
    2. അരിപ്പൂവെന്നും പറയാറുണ്ട്.. ഞങ്ങള്‍ ചുള്ളിപ്പൂവെന്നാണ് പറയുന്നത്.

      Delete
  23. സുപ്പര്‍ റിനി ഏട്ടാ....

    ReplyDelete
    Replies
    1. സന്തൊഷം ഷറഫേ ..
      തിരക്കിനിടയിലും
      മനസ്സിന്റെ സുഖമില്ല്യാമയിലും
      വന്നു വായിക്കുന്നതിനും , ഈ വരികള്‍ക്കും
      പ്രീയ അനുജന് നന്ദി കേട്ടൊ ..

      Delete
  24. സുപ്പര്‍ റിനി ഏട്ടാ...

    ReplyDelete
  25. ചങ്ങാതീ നിന്റെ ഓര്‍മ്മയുടെ കൂടെ നടക്കുമ്പോള്‍ - നീ കൊണ്ടെത്തിക്കുന്നത് ഏതൊക്കെയോ ഓര്‍മ്മകളുടെ തെളിച്ചം മങ്ങിയ ചിത്രങ്ങളിലെക്കാന്.. അവിടെയും ഉണ്ട് ഇത് ഗീത ചേച്ചിയും അംബിക ചേച്ചിയും ഒക്കെ..ചിലത് അങ്ങനെയാണ്.. മറക്കാനവാത്ത്തത് ..ചിലത് മറക്കരുതാത്ത്തത്.. ചിലത് മറക്കെണ്ടത്.. ചിലപ്പോള്‍ ഒരു കാര്യവും ഇല്ലാതെ എത്തി നോക്കുന്ന ഏതോ കാലത്തെ ഓര്‍മ്മകള്‍...മനസ്സിനെ ചില സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒരു വേള കണ്ണ് നനയിക്കുന്നതും ഒക്കെ...

    ReplyDelete
    Replies
    1. പ്രീയ റെജീ .. എന്റേ ഓര്‍മക്കുറിപ്പിലൂടെ
      ഈ മനസ്സും സഞ്ചരിച്ചുവെങ്കില്‍
      പഴയ പേരുകളും മുഖങ്ങളും തെളിഞ്ഞുവെങ്കില്‍
      സന്തൊഷം തന്നെ .. മറക്കേണ്ടതും , മറന്നു പൊയതും
      ഒരിക്കലും മറക്കാന്‍ പാടില്ലാത്തതും ഒക്കെ ഉണ്ടേലും
      അറിയാതെ മനസ്സിലേക്ക് വരുന്ന ചിലതില്ലേ !
      എഴുതുന്ന ഒരൊ വരികള്‍ക്കും നന്ദീ പ്രീയ കൂട്ടുകാരീ ..

      Delete
  26. പ്രിയപ്പെട്ട റിനി,

    വളരെ മനോഹരമായൊരു പോസ്റ്റ്‌. ഗീതേച്ചി കണ്മുന്നിലൂടെ പോവുന്നത് നോക്കിയിരിക്കുകയായിരുന്നു. തൂവാന്‍ വെമ്പി നില്‍ക്കുന്ന ഒരു സങ്കട മേഘം മുകളിലുള്ളതായി തോന്നി. ചോദിച്ചു വാങ്ങാതെ വന്നു ചേരുന്ന സ്നേഹത്തോളം വലുതായി എന്തുണ്ട്? അത് ഹൃദയത്തില്‍ വിതയ്ക്കുന്ന വിത്ത് ആയുസ്സ് മുഴുവന്‍ ഒരിത്തിരി തണലേകുന്ന ഒരു കല്പ വൃക്ഷമായി മാറാറുമുണ്ട്. നന്ദി പറയാനേ കഴിയൂ പലപ്പോഴും അവയുടെ കാരണക്കാര്‍ക്ക്.

    സ്നേഹപൂര്‍വ്വം
    അപ്പു

    ReplyDelete
    Replies
    1. ആദ്യമായി വന്നപ്പോള്‍ നിരാശപ്പെടുത്തിയില്ല.
      മനസ്സിനെ തഴുകുന്ന വാക്കുകളും വരികളും..
      വായിച്ചു കഴിഞ്ഞപ്പോള്‍ ആകെയൊരു സുഖദമായ ഫീലിംഗ്.

      Delete
    2. പ്രീയപെട്ട അപ്പു ...
      ഈ വരികള്‍ക്ക് നന്ദീ പ്രീയ സഹൊദര ..
      മുന്നിലേക്ക് തെളിഞ്ഞ ചിത്രത്തില്‍
      ഈ പേരു വന്നുവെങ്കില്‍ സന്തൊഷം സഖേ..
      നമ്മുടെയൊക്കെ ഓര്‍മകളില്‍ എവിടെയൊക്കെയോ
      പെയ്യാന്‍ വെമ്പുന്ന കാര്‍മേഘകൂട്ടുകളുണ്ട്
      ചിലപ്പൊല്‍ ചില വരികളായീ പെയ്തിറങ്ങാം ..

      Delete
    3. പ്രീയപെട്ട മെയ് ഫ്ലവേര്‍സ് ..
      ആദ്യ വരവില്‍ മനസ്സിനേ
      തഴുകിയ വരികളിലേക്ക്
      കണ്ണോടിച്ചതിന് നന്ദീ ..
      വായനയില്‍ എന്തെങ്കിലും
      മനസ്സില്‍ അവശേഷിപ്പിച്ചു പൊകുന്നുവെങ്കില്‍
      ഈ മനസ്സിന് അതിന്‍ വിശാലതയുണ്ടെന്ന് കരുതുന്നു

      Delete
  27. പ്രണയമാകുന്ന തീനാളത്തിന്റെ പ്രകാശം കണ്ടു അതിലേക്കു പറന്നടുത്തു ഒടുവില്‍ ചിറകറ്റു വീഴുന്ന ചിത്രശലഭങ്ങള്‍. വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സില്‍ ഒരു തേങ്ങല്‍ ബാക്കിയായി...ജീവിതത്തില്‍ പലപ്പോഴായി കണ്ടുമുട്ടി പിന്നീടു ഒരു യാത്ര പോലും പറയാതെ നടന്നകന്നവര്‍ ! മിഴിനീര്‍പൂക്കള്‍ കൊണ്ടുള്ള ഈ ഓര്‍മ്മകുറിപ്പ് എവിടെയോ മറഞ്ഞിരിക്കുന്ന കൊങ്ങിണി പൂവ് കാണാതിരിക്കില്ല..

    ReplyDelete
    Replies
    1. തുളസീ , വരികളിലേ നോവ്
      അതേ പടീ പകര്‍ത്തപെട്ടതില്‍
      സന്തൊഷമുണ്ട് , എഴുതിയത് അറിഞ്ഞ്
      വായിക്കുമ്പൊള്‍ , നമ്മുക്കുള്ളിലേ നോവ്
      പയ്യെ മഴയായ് പെയ്തിറങ്ങുന്നുണ്ട്
      എവിടെയൊ വീണലിഞ്ഞു പൊകുന്നുണ്ട്
      മനസ്സറിഞ്ഞ വരികള്‍ക്ക് നന്ദി ..

      Delete
  28. ഈ പോസ്റ്റ്‌ ഇതിപ്പോഴാണ് വായിച്ചത്.
    മുറിയുടെ ജനലിലൂടെ നോക്കിയാല്‍ കാണാം വെള്ളയും,മഞ്ഞയും,ഓറഞ്ചും,ചുവപ്പും,വയലറ്റും,നിറങ്ങളില്‍ ഉള്ള കൊങ്ങിണി പൂവുകള്‍.
    എന്നും കുറെ നേരം നോക്കി നില്ക്കാറും ഉണ്ട്.
    പക്ഷെ നാളെ നോക്കുമ്പോള്‍ അതില്‍ ഇതുവരെ കാണാത്ത ഒരു മുഖം,അതില്‍ വിടരുന്ന ചിരി ഒക്കെ കാണാനാവും.
    വാക്കുകള്‍ കൊണ്ട് അത്രയേറെ മനസ്സില്‍ നിറച്ചു ആ ചേച്ചിയെ.
    ആദ്യമായിട്ടാണ് കമന്റ്‌ ഇടുന്നത്.
    ഓരോ തവണയും വായിക്കുമ്പോള്‍ തോന്നും ഇടണമെന്ന്.
    പക്ഷെ അത് നന്നായില്ലെങ്കിലോ എന്ന സംശയം വേണ്ടെന്നു വെക്കും.
    ഈ പോസ്റ്റ്‌ അതിനു സമ്മതിച്ചില്ല.
    എനിക്ക് തന്ന കമന്റിനു അവിടെ ഞാന്‍ ഒരു മറുപടി ഇട്ടതിനു ശേഷമാണ് ഇത് വായിച്ചത്.
    ഈ വല്യേട്ടന്റെ ജീവിതം എന്നെന്നും മനോഹരമായിരിക്കട്ടെ.

    ReplyDelete
    Replies
    1. എന്റേ പ്രീയ അനുജത്തീ കുട്ടിയേ
      ഇവിടെ കണ്ടതില്‍ സന്തൊഷം ..
      മനസ്സ് ഒന്നു പിടച്ച വരികളില്‍
      കണ്ടു പൊയതാണ് , സുഖമല്ലെ ?
      ഈ ഏട്ടന്റേ കുറിപ്പുകള്‍ക്ക്
      എന്തെഴുതുവാനും മനസ്സ് മാറ്റി വയ്ക്കണ്ട
      തൊന്നുന്നത് എഴുതാം എപ്പൊഴും ..
      ഇനി കൊങ്ങിണി പൂവുകള്‍ കാണുമ്പൊള്‍
      വരികളിലേ മുഖം വന്നു പൊകുന്നുവെങ്കില്‍
      നാമൊക്കെ നഷ്ടമായ ചിലതിനേ വല്ലാണ്ട് സ്നേഹിക്കുന്നു
      എന്നല്ലേ .. വരികള്‍ക്ക് ഒരുപാട് നന്ദി കേട്ടൊ ..
      ഈ വല്ലേട്ടന്‍ വിളി ഇഷ്ടമായേട്ടൊ ...

      Delete
  29. പ്രിയപ്പെട്ട റിനി..
    ആദ്യമായിട്ടാണ് ഇവിടെ..,
    ഒരു..പാടിഷ്ടായിട്ടോ,,
    ഓര്‍മ്മകളിലെ ബാല്യ കാലം അറിയാതെ മനസ്സിലേക്കെത്തി..ഈ..പോസ്റ്റ്‌ വായിച്ചപ്പോള്‍...,
    ബാല്യത്തിലെ ഓണക്കാലത്ത് മുക്കുറ്റിയും,കണ്ണാന്തളിയും,തുമ്പയും,തേടി പാടത്തും,പറമ്പിലും,അലഞ്ഞു നടന്ന ഒരിക്കലും,തിരിച്ചു കിട്ടാത്ത ആ..സുന്ദര ബാല്യത്തിന്റെ ഓര്‍മ്മകളിലേക്ക് മനസ്സിനെ ഒന്ന് കൂടി കൊണ്ട് പോയതിനു ....ആശംസകള്‍..........

    ReplyDelete
    Replies
    1. പ്രീയ സഹീറ് ..
      ആദ്യ വരവിനും , വരികള്‍ക്കും നന്ദീ സഖേ ..
      നമ്മുടെ ഓര്മകളിലെവിടെയോ മറഞ്ഞു
      തുടങ്ങിയ ചിലതിനേ ഓര്‍മപെടുത്തുവാനീ
      വരികള്‍ സഹായമായെങ്കില്‍ സന്തൊഷം ഉണ്ട് ..
      പഴയ പൂവുകള്‍ നല്‍കിയ സുഗന്ധം മുന്നിലേക്ക്
      വരുമ്പൊള്‍ കൂടെ ചെറു നൊവിന്റെ ആഴം
      കാണാതെ പൊകുന്നതെങ്ങനെ , അതു കൊണ്ടു
      മാത്രമാണാ നോവും വന്നത് .. നന്ദി ഒരിക്കല്‍ കൂടീ ..

      Delete
  30. റിനിയെട്ടാ മുഴുവനും വായിച്ചു തീര്‍ന്നപ്പോള്‍ ഏട്ടനെ സന്ത്വനപ്പെടുത്താണോ അതോ എഴുത്തിനെ പ്രശംസിക്കണോ എന്നറിയുന്നില്ല..
    ഹൃദയത്തെ സ്പര്‍ശിച്ച കുറച്ചു വാചകങ്ങള്‍..കൂടെത്തും മുമ്പേ വീണുപോകുന്ന മിഥുനങ്ങള്‍..
    കാറ്റിനെ തോല്പിച്ച തീവണ്ടിയുടെ വേഗം ചുവപ്പിച്ച കിങ്ങിണിപൂവ്‌..അവ്യക്തതയിലും ഹേതുവായത് പ്രണയമെന്നറിയുമ്പോള്‍ ഒരു വിങ്ങല്‍..

    ReplyDelete
    Replies
    1. പ്രീയ അനുജാ .. തിരകിട്ട സമയത്തിലും
      വന്നതില്‍ വായിച്ചതില്‍ , കുറിച്ചതില്‍ നന്ദീ
      ഈ ഏട്ടനേ അറിയുന്നതിലും ..
      ഉദാത്തമായ ഒന്നത്രേ പ്രണയമെന്ന വികാരം
      അതില്‍ പെട്ടു പൊലിയുന്ന ജീവനേ കുറിച്ചോര്‍ക്കുമ്പൊള്‍
      എന്തു ചെയ്യും നാം .. എവിടെ തുടങ്ങും നാം !
      പ്രണയകാരണം കൊണ്ടു നഷ്ടപെടുന്ന ചിലത്
      വലിയ വിടവു തന്നെ .. ഒരിക്കലും നികത്താനാവാത്ത..
      നന്ദീ ദിനൂ ഒരുപാട് ..

      Delete
  31. കൊങ്ങിണി പൂവിന്‍റെ നറും മണമുള്ള ഓര്‍മ്മകള്‍ നൊമ്പരത്തോടെ വായിച്ചു ശബരി..
    ശബരിയുടെ കമന്റുകളുടെ ഭംഗി കണ്ടപ്പോള്‍ തന്നെ വിചാരിച്ചത ഇവിടെയെത്തി വായിക്കനംന്ന്‍..
    ഇനിയും വരാം വായനക്ക്..
    aashamsakal...

    ReplyDelete
    Replies
    1. പ്രീയപെട്ട കൂട്ടുകാരീ , നന്ദീ
      വായനക്ക് , വരികള്‍ക്ക് ..
      നല്ല വാക്കുകള്‍ക്ക് ..
      വാക്കുകളുടെ ഭംഗി അറിയുന്നത്
      അതു ഉള്‍കൊള്ളുന്ന ഹൃദയത്തിന്റെ
      നൈര്‍മല്യം കൊണ്ടാണ് .. അതെന്റെ കഴിവല്ല കേട്ടൊ ..
      ഈ ഓര്‍മകളില്‍ നനഞ്ഞ കടല്‍ കാറ്റിന് ഒരിക്കല്‍ കൂടീ
      നന്ദീ ..

      Delete
  32. ആദ്യ വരവിന് , ഒരുപാട് നന്ദി സഖേ
    വരവ് ഓര്‍മകളേ ഉണര്‍ത്തിയെങ്കില്‍ സന്തൊഷം
    കുഞ്ഞു മനസ്സിന്റെ താളം നമ്മുക്ക് നഷ്ടമാകുന്നുണ്ട്
    അതു കൈവരുവാന്‍ നമ്മുക്കീ ഓര്‍മകള്‍ കാരണമാകട്ടെ ..
    പേരുകള്‍ മാത്രം മാറുന്നുവെന്നു മാത്രം
    ഓര്‍മകള്‍ നമ്മുക്ക് ഒന്നു തന്നെയല്ലേ .. നന്ദീ ..

    ReplyDelete
  33. “ഈ ദിനത്തില്‍ അവ്യക്തമായ ആരുടെയോ പ്രണയം കൊണ്ട ഒരു പൂവ്
    കാലങ്ങള്‍ക്കപ്പുറം ആര്‍ക്കും പരിഭവമില്ലാതെ മറഞ്ഞു പൊയിരിക്കുന്നു ..
    അന്ന് ഒരു തുള്ളി മിഴിപ്പൂക്കള്‍ നല്‍കുവാന്‍ പോലും
    കാലമെനിക്ക് ആര്‍ജ്ജവം തന്നില്ല ..
    പക്ഷേ ഇന്ന് പ്രണയമെന്ന
    വികാരം എത്തി നില്‍ക്കുന്ന തലം തന്നെ വ്യത്യസ്ഥമായിരിക്കുന്നു....
    ഈ പ്രണയദിനത്തില്‍ എന്‍റെ ഓര്‍മകളും , ഒരായിരം കൊങ്ങിണി പൂക്കളും,
    സ്നേഹസുഗന്ധമായി മഴയിലലിഞ്ഞു പോയ ആ മനസ്സിന് സമര്‍പ്പിക്കുന്നു ..
    അന്നുമിന്നും പ്രണയം വിഷം ചുമക്കുന്നു , പ്രണയം കുളിരും നല്‍കുന്നു ..
    എന്നും മനസില്‍ നിറയട്ടെ മഴ പോലെ പവിത്രമാം പ്രണയം .. “

    മഴയുടെ ഈണം മീട്ടി,പൂക്കളൂടെ സുഗന്ധഭംഗികളോടെ
    പവിത്രമായ ഒരു പ്രണയവഴികളുലൂടെയുള്ള ഈ പിൻസഞ്ചാരത്തിന്റെ
    ആർജ്ജവം മുഴുവൻ മുകളിലെ ആ വരികളിൽ ദർശിക്കുവാൻ കഴിയുന്നു
    എന്നതാണ് മനോഹരമായ ഈ കുറിപ്പുകളുടെ മേന്മ കേട്ടൊ റിനി.

    അഭിനന്ദനങ്ങൾ...

    ReplyDelete
  34. ഗംഭീരം.............................എഴുത്തിന്റെ മനോഹാരിത വർണ്ണിക്കാൻ എനിക്കു വാക്കുകളില്ല.

    ഇവിടെ വരാൻ വൈകിയതിൽ കുറ്റബോധം ഉണ്ട്.
    പുതിയ പോസ്റ്റുകൾ ഇടുമ്പോൾ അറിയിക്കണേ..

    ReplyDelete
  35. http://grkaviyoor.blogspot.in/2011/02/blog-post_26.ഹ്ത്മ്ല്‍
    താങ്കളെ പോലെ ഞാന്‍ തിരഞ്ഞപ്പോള്‍ കിട്ടിയ പൂമുഖത്തെ കസേരയെ കുറിച്ച് കവിത എഴുതി
    തലമുറകളിലുടെ .......
    നീണ്ടു നിവര്‍ന്നു കിടന്ന്


    മുറുക്കി ചുവപ്പിച്ച്


    നീട്ടി തുപ്പി നാട്ടു വര്‍ത്തമാനങ്ങള്‍


    പങ്കുവച്ചും ഞാറ്റുവേലകളും


    പറ നിറകളും പൂക്കളങ്ങളും തുമ്പി തുള്ളലുകളും


    തിരുവാതിരയും കണ്ടു രസിച്ചും


    പല തീരുമാനങ്ങളുറപ്പിച്ച്


    അളന്നും എണ്ണിയും കൊടുത്തും


    എത്രയോ തലമുറകള്‍ മാറിയെത്തിയ


    നിന്നില്‍ ഇരുന്നു തീര്‍പ്പ്കല്‍പ്പിച്ചിരുന്നു


    ഇപ്പോള്‍ അവസാന കാരണവരും


    പോയി മറഞ്ഞപ്പോള്‍ വാര്‍ണിഷ് പുരട്ടി


    നിന്റെ കരി വീട്ടിയാര്‍ന്ന ശരീരം കണ്ട്


    പലരും വിലപേശിയപ്പോള്‍


    എനിക്ക് നിന്നെ വിട്ടകലാന്‍ ഒരു .................


    ............... മകള്‍ ചോദിച്ചു എന്താണച്ഛാ കണ്ണ് നിറഞ്ഞുവല്ലോ


    അപ്പോഴാണ് ഓര്‍ത്തത് ഞാനിരിക്കുന്നത്


    ഈ ചാരു കസേരയിലാണല്ലോയെന്ന്‍

    ReplyDelete
  36. ഞാനും സഞ്ചരിച്ചു എന്റെ ബാല്യകാല വഴികളിലൂടെ ...
    കാണുന്നതെന്തും കൌതുകമാവുന്ന ആ കാലത്തെ കുറിചോര്‍ത്തും
    താങ്കളുടെ വരികളില്‍ മുഴുകിയും എന്റെ മനസ്സും ആര്‍ദ്രമായി ...
    ഒരുപാട് ആശംസകള്‍ നന്ദി ...

    ReplyDelete
  37. സ്നേഹത്തിന്റെ ,ഓര്‍മകളുടെ ,നന്മനിറഞ്ഞ വിവരണം .ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.[പൊഴിയുടെ ചിത്രം കാണിച്ചത് നമ്മള്‍ ഏറണാകുളത്തിലേക്ക് തീവണ്ടിയില്‍ പോകുമ്പോള്‍ കാണുന്നതല്ലേ]
    വന്നതിനും കൈയൊപ്പ്‌ ചാര്‍ത്തിയതിനും നന്ദി .ആശംസകള്‍ .

    ReplyDelete
  38. വേര്‍പാടിന്റെ വേദന ,
    ചിതറി കിടക്കുന്ന കുപ്പിവളകള്‍ ,
    വായന പോലും വല്ലാതെ നൊമ്പരപ്പെടുത്തുന്നു ....
    കൂടുതല്‍ ഒന്നും എഴുതാന്‍ കഴിയുന്നില്ല ......:(

    ReplyDelete

ഒരു വരി .. അതു മതി ..