Thursday, June 24, 2010

മണ്ണിന്റെ മഴ ..























അണമുറിയാതേ പെയ്തൊരെന്‍ മഴ ഇന്നലെയുടെ
കാര്‍മേഘപൊലിരുണ്ടമനസ്സുകളില്‍
ഭൂമിയില്‍ വെള്ളനൂലിനാല്‍
മണ്ണിനും മഴക്കും താലികെട്ട്
നൊമ്പ് നൊറ്റിരുന്ന മണ്ണിന്റെ മാറിലേക്ക്
വര്‍ഷ കുളിരിന്റെ പ്രണയാദ്രമാം കരങ്ങള്‍
മഴതുള്ളികള്‍ പൂവിനേ തഴുകുമ്പൊള്‍
മനം വെന്ത മണ്ണിന്റെ വിഷാദഭാവം
കൊതിച്ചു വന്നൊരാ പ്രീയന്റെ മുത്തുകള്‍
കവര്‍ന്നെടുത്ത പൂവിനൊടെപ്പൊഴൊ -
മുള പൊട്ടിയ അസൂയ വിത്തിന്റെ ജനനം
കാമുക മഴയുടെ വികാരമാം തലൊടലില്‍
ഇതളറ്റ് നഗ്നയായീ പ്രണയപുഷ്പം
നിലക്കാത്ത നൃത്ത ചുവടുകളുമായീ
മണ്ണിന്റെ അന്തരാത്മാവിനേ തൊട്ടുണര്‍ത്തുന്ന
പ്രണയത്തിന്റെ നിറവും മണവുമുള്ള മഴ
ഏകാന്തതയുടെ തീച്ചൂളയില്‍ നീറുന്ന മണ്ണിനേ
വാരി പുണരുന്ന സ്നേഹാദ്രമീ മഴ
അന്ന് പെയ്ത് പൊയ വര്‍ഷദേവന്‍
മണ്ണിനുള്ളിലായ് നല്‍കിയ ഗര്‍ഭത്തിന്‍
നീര്‍ച്ചാലുകള്‍ ഇന്നിതാ അണപൊട്ടിയൊഴുകുന്നു
നിറഞ്ഞ് തൂവുന്നു ..

മഴയുടെ പ്രണയമീ മണ്ണിനേ നനക്കുമ്പൊള്‍
നനഞ്ഞ മണ്ണിനൊടിരക്കുന്നു പുഴയും കടലും
പ്രണയം പകുത്ത് നല്‍കാതേ
മടിച്ചു നില്‍ക്കുന്ന കുറുമ്പിക്ക്
ഉള്‍കൊള്ളാനാവുന്നതിനപ്പുറം
സ്നേഹം ചൊരിയുന്ന
മഴക്കുമൊണ്ടൊരു കള്ളകാമുകന്റെ
പരിവേഷം ...

ഒഴുകുന്നു പ്രണയം മണ്ണും
പുഴയും കടലും കവിഞ്ഞ്
മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് ...........

Sunday, May 23, 2010

മഴ മേഘങ്ങള്‍ മറച്ചയെന്റെ കാര്‍ത്തിക നക്ഷത്രം ...


മഴ പെയ്ത് തോര്‍ന്ന സന്ധ്യാ നേരം .. തുളസി തറയിലേക്ക് കൈയ്യില്‍ വിളക്കുമായീ , ശാലീന സുന്ദരിയായ് , മുടിയിഴകളില്‍ വീഴാറായ് നില്‍ക്കുന്ന തുളസികതിരുമായ് , നെറ്റിയില്‍ ഭസ്മം തൊട്ട , കാച്ചിയ എണ്ണയുടെ ഗന്ധമുള്ള എന്റെ എന്നത്തേയും പ്രീയ പ്രണയിനി ...

കത്തുന്ന ദീപത്തിന്‍ ഇത്തിരി വെളിച്ചത്തില്‍ മനസിലെ സ്നേഹത്തിന്‍ മഞ്ചിരാത് ഒരിക്കലും കെടരുതെ എന്ന് പ്രാര്‍ത്ഥിച്ചു തന്‍റെ എല്ലാമായ പ്രീയനേ മാത്രം ധ്യാനിച്ച്‌ അവള്‍ കണ്ണുകള്‍ പൂട്ടിനിന്നു .
തുളസി തറയോടു ചേര്‍ന്ന് നിന്ന ചെമ്പക തയ്യില്‍ മഴ അവശേഷിപ്പിച്ചു പോയ നീര്‍ത്തുള്ളികള്‍ അപ്പോഴും അനുഗ്രഹിക്കും പോലെ അവളുടെ ശിരസില്‍ മെല്ലെ പൊഴിയുന്നുണ്ടായിരുന്നു

അവള്‍... കണ്ണുകളില്‍ കാരുണ്യത്തിന്റെയും , പ്രണയതിന്റെയും പ്രഭ പൊഴിച്ച് എന്നരുകില്‍ വന്നിട്ട് വര്‍ഷങ്ങള്‍ കൊഴിഞ്ഞിരിക്കുന്നു .. എന്റെ നോവുകളെ ഒരു ചെറു വാക്കിനാല്‍ അകറ്റി നിര്‍ത്തിയുരുന്ന , മനസ്സില്‍ കനലെരിയുമ്പൊള്‍ കുളിര്‍ മഴയായ് പൊഴിഞ്ഞിരുന്ന , കാവിലേ ചെറു വെളിച്ചത്തില്‍ അവളുടെ സുഗന്ധം പുല്‍കുവാന്‍ മാറോട് ചേര്‍ത്തപ്പൊള്‍ നാണത്തോടെ എന്റെ കരവലയത്തില്‍ നിന്ന് കുതറിമാറീയാ എന്റെ പാവം നാട്ടിന്‍പുറത്ത് കാരീ ..

വേദനയുടെ നേരിപോട് പോലെ സ്നേഹത്തിന്റെ ശിലാവിഗ്രഹം പോലെ ഇതാ എന്റെ മുന്നില്‍ ...എന്റെ തൊട്ടടുത്ത്‌...അവളുടെ കൂമ്പിയ കണ്ണുകള്‍ പിടയുന്നത് എനിക്ക് വേണ്ടി ആണെന്നറിഞ്ഞിട്ടും എന്തിനെക്കെയോ വേണ്ടി ഞാന്‍ അകറ്റി നിര്‍ത്തിയ എന്റെ സ്വന്തം.. കാതങ്ങള്‍ക്കപ്പുറം ഇരുന്നു മനസ്സുകള്‍ സംവേദിചിരുന്നെങ്കിലും കണ്ടപ്പോള്‍ ഹൃദയത്തോടൊപ്പം ശരീരവും തളരുന്നു...

പടിപുരവാതിലില്‍ നിന്ന് അവളെ കാണുമ്പൊള്‍ എനിക്കുണ്ടായ നഷ്ടം കണക്കുകള്‍ക്കധീതമായിരുന്നു .. കണ്ണുകളില്‍ നിറഞ്ഞ് തൂവിയ മിഴിനീര് എന്നിലേ കാഴ്ച മറച്ചൂ .. തുളസി തറയിലേ ദീപം കണ്ണില്‍ പടര്‍ന്നു .. കാര്‍ത്തികേ എന്ന് വിളിക്കുവാന്‍ നാവ് പൊന്തിയെങ്കിലും .. കാറ്റിനൊപ്പം വീണ്ടും വന്ന മഴ ചാറ്റലുകളില്‍ അവള്‍ പതിയേ എന്നില്‍ നിന്നകന്ന് പോയീ ..

കൃത്രിമ തണുപ്പില്‍ വെളിയിലേക്ക് നോക്കുമ്പൊള്‍ ഇവിടെയും മഴചാര്‍ത്താണ് .. വിലകൂടിയ വാഹനങ്ങള്‍ മഴയില്‍ ആര്‍ത്തുല്ലസിക്കുന്ന പോലെ .. മനസ്സിനേ ഈ മഴപെയ്യും മരുഭൂവിലെക്ക് കൂട്ടുവാന്‍ കഴിയുന്നില്ല.... അകലെ .. ആ സായം സന്ധ്യയില്‍ എന്റെ പ്രണയിനിക്കൊപ്പം ആ പഴയ കുളിരിനൊപ്പം

എന്നുമവള്‍ ഉണരുന്നത് എനിക്ക് വേണ്ടിയാണ്...എന്നെ ഓര്‍ക്കാന്‍, എന്നെ സ്നേഹിക്കാന്‍,എനിക്ക് വേണ്ടി നോമ്പ് നോല്‍ക്കാന്‍....എന്‍റെ നന്മകള്‍ക്ക് കാരണമായത്‌ അവളുടെ പ്രാര്‍ത്ഥനയുടെ ശക്തി
അല്ലാതെ വേറെന്തായിരുന്നു ..കാവിലെ ദേവിയുടെ മുന്നില്‍ അവള്‍ എനിക്കായി ചൊരിഞ്ഞ കണ്ണീര്‍..

അതില്‍ ഞാന്‍ നേടിയത് ഇന്നത്തെ എന്‍റെയീ ജീവിതം ആണ്..മഴയുടെ നേര്‍ത്ത തൂവാനം പോലെ
എന്നെ സ്നേഹിച്ചവള്‍ .മനസിന്‍റെ ഓരോ അണുവിലും നിറഞ്ഞവള്‍..എന്നിട്ടും പ്രണയത്തിന്‍റെ കാണചെപ്പില്‍ ഞാന്‍ സൂക്ഷിച്ച ഒരു നുള്ള് കുങ്കുമം എന്തെ അവള്‍ക്കന്യമായി.കണ്ണീരില്‍ താഴ്ന്ന ഓര്‍മ്മകള്‍ വീണ്ടെടുത്തത് മോബിലെ പാട്ടാണ്..

"കൃഷ്ണാ നീ ബേഗനേ ബാരോ "..എന്‍റെ മീര ..അവളോടൊപ്പം തെളിഞ്ഞ എന്‍റെ മോളുടെ ചിത്രം
ഇന്നെന്‍റെ പ്രണയം അവരോടാണെന്ന തിരിച്ചറിവ് ...മനസ്സിനേ പതിയേ യാന്ത്രികതയുടെ ലോകത്തേക്ക് ഇടിച്ച് ഇറക്കി .....

ഇന്നലെയുടെ ഉല്‍സവകാഴ്ചകള്‍ ..


 
 
 
 
 
 
 
 
പൂരം ഒഴിഞ്ഞ അമ്പലപറമ്പ് കണ്ടിട്ടുണ്ടൊ ..

അമ്പലനടയിലൂടൊരുനാള്‍ ഏകനായ് നടക്കവേ
ഇന്നലേ വര്‍ണ്ണങ്ങള്‍ കത്തുന്ന തിരികളായ്
മനമൊരായിരം മേളപദങ്ങള്‍ കൊട്ടവേ
അച്ഛനുമ്മയ്ക്കും നടുവിലായ് ബലൂണ്‍
ഉച്ചത്തില്‍ പൊട്ടി തെറിക്കവേ ..
കരിവീരന്‍ തന്‍ മുകളിലായ് മേവും
ദേവന്റെ തിടമ്പില്‍ മുറുകേ പിടിക്കവേ
കുത്തിയോട്ടത്തിന്‍ ലഹരിയില്‍
കണ്ണും മെയ്യും മറന്നാടി കളിക്കവേ
കടലയും , കരിമ്പും, ഈന്തപഴവും
നാവില്‍ ഒരായിരം രസങ്ങള്‍ തീര്‍ക്കവേ
നാടകത്തിന്റെ ചുവന്ന വെളിച്ചത്തില്‍
ചേച്ചിയുടെ മടിയില്‍ കണ്ണുകള്‍ പൂഴ്ത്തവേ
പേടി മാറ്റുവാന്‍ ആനവാലിനായി
പപ്പാന്റെ പിറകില്‍ കാതങ്ങള്‍ നടക്കവേ
കളിയുടെ അന്ത്യം വഴക്കുമായി വന്നൊരു
കരക്കാരനോട് കണ്ണുരുട്ടുവാന്‍ കാത്തിരിക്കവേ
വര്‍ണ്ണവളകളും പൊട്ടും ചാന്തുമായ്
നിറയുമാ വഴികടകളില്‍ കണ്ണോടിക്കവേ
തന്നത്താന്‍ ഓടുന്ന കാറും ബസ്സും
കളിപ്പാട്ടമായ മിഴികളില്‍ തിളക്കം പടര്‍ത്തവേ
പേരറിയില്ലാ മിട്ടായുടെ ചുവപ്പ്
ചുണ്ടിലും നാവിലും രക്തവര്‍ണ്ണം ചാലിക്കവേ
ആള്‍കൂട്ടത്തിന്‍ നടുവിലായ് പാറി പറക്കുന്ന
മായ കുമിളകള്‍ അത്ഭുതം തീര്‍ക്കവേ
ആണ്ടിലൊരിക്കല്‍ നുണയുന്ന പഞ്ഞിമിട്ടായ്
നാവില്‍ പൊടുന്നനേ അലിഞ്ഞിറങ്ങവേ
വെടികെട്ടിന്‍ പ്രഭാപൂരത്തില്‍
കണ്ണും മിഴിച്ചിരിന്ന് ചെവിപൊത്തവെ
പാതിരയായിട്ടും ഉറങ്ങാത്ത ദേവനേ
കുമ്പിട്ട് വണങ്ങി കൈയ്യ് കൂപ്പി തൊഴുകവേ

ഇന്ന് .. പൂരം ഒഴിഞ്ഞ അമ്പലപറമ്പ് ..

ആനയുടെ ചൂരും , മേളത്തിന്‍ അടയാളങ്ങളും
ഉറക്കത്തിന്റെ ആലസ്യവുമായ്
നിറഞ്ഞ പുഴ വറ്റി വരണ്ട പോലെ
ശൂന്യമായ മനസ്സ് പോലെ .. ആരവങ്ങളില്ലാതേ ..

മനസ്സ് ഈ കാഴ്ചയില്‍ വല്ലാതേ നോവുന്നു
എന്നുമീ ദേവന് ഉല്‍സവങ്ങളായിരുന്നെങ്കില്‍ ..

ജീവിതം പോലെ... നമ്മളും ഒരിക്കല്‍ .....

Sunday, April 25, 2010

അവള്‍ കണ്ണനായ എന്നില്‍ രാധയായവള്‍ ......















എന്‍ കദനങ്ങളെല്ലാം കവിതയായ് മാറ്റിയവള്‍
ഹൃദയം നിറയും പ്രണയം പകര്‍ന്നവള്‍
എന്നുമീ കരങ്ങളില്‍ ചേര്‍ത്ത് പിടിച്ചവള്‍
ചുംബന മൊട്ടുകള്‍ കുളിരായി പൊഴിച്ചവള്‍..
കാതങ്ങളേറെ അരികിലായീ നടന്നവള്‍
രാത്രിയില്‍ പുണര്‍ന്ന് കൂട്ടായിരുന്നോള്‍
മനസ്സിനുള്ളില്‍ ദീപം തെളിച്ചവള്‍
ശോകാദ്രനിമിഷതില്‍ പൂക്കള്‍ വിരിയിച്ചവള്‍
നിനവിലും കനവിലും നിറഞ്ഞ് നിന്നോള്‍
ഉറങ്ങുവാന്‍ മെല്ലേ താരാട്ട് പാടിയവള്‍
അമ്മയായ് കണ്‍കളില്‍ വാല്‍സല്യം നിറചവള്‍
കൊഞ്ചുന്ന മൊഴികളാല്‍ മകളായി മാറിയോള്‍
നിദ്രയില്‍ മുഴുവനും സഖിയായ് ചേര്‍ന്നവള്‍
മിഴിനിറയും വേളയില്‍ അരുതേന്ന് പറഞ്ഞവള്‍
ഇടറീയെന്നാല്‍ തോഴിയായ് താങ്ങിയവള്‍
കൊതിക്കുന്ന നിമിഷത്തില്‍ മഴയായ് പെയ്തവള്‍
മനസ്സിന്റെ നാലമ്പലത്തില്‍ ദേവിയായ് മേവുവോള്‍
പ്രണയം പകര്‍ത്തുവാന്‍ വാക്കിനായ് പരതിയോള്‍
കണ്ണനായി മാറിയെന്നാല്‍ രാധയായ് ജനിച്ചവള്‍
അവസാന യാത്രയിലും കൂടെയായ് വരുന്നവള്‍
എങ്കിലുമിന്നുമെനിക്കന്യയായ് തീര്‍ന്നവള്‍
എന്നും അന്യയായീ തീര്‍ന്നവള്‍

Tuesday, April 20, 2010

ദില്‍ക്കി ............


 



പകല്‍ വെളിച്ചത്തില്‍
കത്തി നില്‍ക്കുന്ന സൂര്യന് നടുവില്‍
മരുഭൂവിലെ കാറ്റേറ്റ് വാടുന്ന പ്രീയ ദില്‍ക്കി ..
ഇന്നലെ രാത്രി നിന്നെ ഭക്ഷിച്ച വൃദ്ധന്
ഇന്നും വിശപ്പ് കെട്ടതില്ല ...

ജലാംശമേറ്റ് നീറുന്ന നിന്‍ അന്താരാത്മാവുകള്‍ക്ക്
ഒരു കിഴവന്റെ വൈകൃത ശാപമുണ്ടൊ...
ഇരുട്ടില്‍ നീ ഉതിര്‍ത്ത കണ്ണിനീരിന്
പക്ഷമാകാന്‍ ജീവനുള്ള വെളുത്ത രേഖയുണ്ടൊ ...

രാഹു കാലത്തില്‍ വലതുകാല്‍ വച്ച് വന്നത്
രാഹുനോക്കാതെ, അറിയാത്ത നൃത്തതിന്‍ -
താളചുവടുകളില്‍ അലിഞ്ഞ് ചേര്‍ന്ന്
പുലരുവോളം ക്രൂര ദംഷ്ട്രക്ക് പാത്രമാകാനോ...

കുഞ്ഞുപെങ്ങള്‍ തന്‍ മുഖമോര്‍ത്ത്
നീ കൈയ്യ് നീട്ടി വാങ്ങിയ പാപം
നിന്നെ വരിഞ്ഞ് മുറുക്കുന്ന നാഗങ്ങള്‍ക്ക്
ഉള്ളില്‍ വിഷഗ്രന്ധികള്‍ നിറക്കുന്നുവോ ....

ദൃഷ്ടി പതിഞ്ഞാല്‍ വിലക്കെടുക്കുവാന്‍
വട്ടം ചുറ്റിയ ചെന്നായ്ക്കളില്‍
നിന്റെ ദൃഷ്ടി പതിഞ്ഞത് അവരുടെ
കാമം മൂടിയ കനത്ത കീശയിലോ ...

അഴിക്കുന്തൊറും മുറുകുന്ന കെട്ടായി
ജീവിതത്തിന്റെ താളപിഴകളില്‍
അന്യര്‍ക്കായി സ്വന്തം രക്തം ചീന്തുന്ന
എന്റെ ദുഖമാകുന്നു പ്രീയ ദില്‍ക്കി ......

ദില്‍ക്കി : ഡാന്‍സ് ബാറുകളില്‍ ജീവിതം ഹോമിക്കുന്ന .. ഒട്ടനേകം പെണ്‍കുട്ടികളില്‍ ഒരുവള്‍ .. നാട്ടില്‍ നിന്നും പൈസ വാങ്ങി ഇവിടെ വന്ന് പുലരുവോളം നൃത്തമാടീ .. എന്നും അറിയാത്തതും അറിയുന്നതുമായ ആണിന്റെ കരങ്ങളില്‍ അമരാന്‍ വിധിക്കപെട്ട അനെകായിരം പേരുകളില്‍ ഒരുവള്‍ .. ഒരു അറബ് രാജ്യത്ത് ഒരിക്കലും സംഭവിച്ച് കൂടാത്തത് ... ഇതില്‍ പെട്ട് ആയിരകണക്കിന് പാപ്പരായ മലയാളികള്‍ അടക്കമുള്ള ചെറുപ്പക്കാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെ ... ഒരുപാട് പറയാനുണ്ട് .. മതിയാകില്ല വരികള്‍ എത്ര എഴുതിയാലും .......... എങ്കിലും എന്റെ പ്രീയ ദില്‍ക്കി .



Friday, February 19, 2010

ചെറിയ ലോകവും ... വലിയ മനുഷ്യരും ............

















അവള്‍ ..............രാത്രി അച്ഛനുമമ്മയുടെയും കണ്ണ് വെട്ടിച്ച് സ്വന്തം കിടപ്പ് മുറിയില്‍
ചാറ്റിലായി അലഞ്ഞു ..

നല്ലൊരു നാമം കണ്ണില്‍ തടഞ്ഞതും "ഹായ്" എന്ന് കൈകള്‍ ചലിച്ചതും ..

അവന്‍ ...............

അരികിലുറങ്ങുന്ന ഭാര്യേ നോക്കി പതിയേ ചാറ്റിലൂടെ തിരഞ്ഞു ...

പെട്ടന്ന് വന്നൊര "ഹായ്" കണ്ടവന്റേ ഹൃദയം തണുത്തതും

ശനിയാഴ്ച രാവുകള്‍ ഉണര്‍ന്നെന്ന് കരുതിയവന്‍

ഉഷാറായി തിരിച്ചങ്ങോട്ട് .....

പിന്നെ ....

രാവുകള്‍ കൊഴിഞ്ഞു ... കൂട്ടുകാരിയായ് , കാമുകിയായ് ,
കാമം നുരയുന്ന നിമിഷങ്ങളായ് പിന്നെ അടുക്കുവാന്‍ ആശിച്ച് ..
നേരിലായി കാണുവാന്‍ ദിനവും കുറിച്ച് ....

കുടുംബത്തേ മറന്നവന്‍ പാഞ്ഞു ആ ഹോട്ടല്‍ തന്‍ വഴിയോരത്ത്
കാത്ത് നില്‍ക്കുന്നൊരാ കാമാഗ്നി കത്തുന്ന വരികളെ പുല്‍കാന്‍ .........

പറഞ്ഞു കൊടുത്തൊരാ അടയാളവും തേടീ അലഞ്ഞു നടന്ന
ആ അച്ഛന്റെ കണ്ണിലായി തടഞ്ഞത് ..

കഴിഞ്ഞ ജന്മദിനത്തിന് മകള്‍ക്ക് വാങ്ങി കൊടുത്ത വര്‍ണ്ണങ്ങള്‍ നിറയുന്ന

ചുരിദാറിട്ട സുന്ദരിയില്‍ ...................

Wednesday, February 17, 2010

അന്തര്‍മുഖീ ............
















ഞാന്‍ മീരാ ... കൂട്ടുകളില്‍ നിന്ന് അകന്ന് മാറീ മഴയേ മാത്രം മനസ്സില്‍
പ്രണയിച്ച് ഹോസ്റ്റലിന്റെ ജനാലക്കരികില്‍ മഴയേ നോക്കി മിഴി നിറച്ചിരുന്ന
കുമാരീ മീരാ ... എന്നിട്ടും കൂടെ കൂടിയ ചുരുക്കും ചില സൗഹൃദങ്ങള്‍ വിട്ട്
പെട്ടെന്ന് തന്നെ ദാമ്പത്യത്തിലേക്ക് കാലെടുത്ത് വച്ച മിസിസ്സ് മീരാ.
സന്തോഷകരമായ , പുതുമ നിറഞ്ഞ ദിനങ്ങള്‍കിടയില്‍ കാലം വരുത്തി
വച്ച വിടവുകള്‍ എല്ലാം കരുണാമയന്‍ തട്ടി അകറ്റിയല്ലൊ എന്നാശ്വസിച്ചിരുന്ന ,
ജീവന്റെ തുടിപ്പ് ഉള്ളില്‍ പിടയുന്നു എന്ന സത്യം ഒരുപാട് ആഗ്രഹങ്ങളും
സന്തോഷങ്ങളും നിറച്ച് മാതാവാകാനായീ മനസ്സിനെ പാകപെടുത്തിയിരുന്ന
മീരയാണ് ഞാന്‍ ..
പൂര്‍ണ്ണ കാലമെത്തും മുന്നേ കുഞ്ഞിമീരയ്ക്ക് ജന്മം കൊടുക്കേണ്ടീ വന്ന ഹതഭാഗ്യ ...
പിറന്ന നിമിഷം ഞാനും എന്‍റെ കുഞ്ഞു മോളും കരഞ്ഞില്ല വേദന എന്നെ തൊട്ടു തീണ്ടീല്ല...
എന്‍റെ കുഞ്ഞെന്തേ കരയാത്തതെന്ന് ഞാന്‍ എല്ലാവരോടും ചോദിച്ചൂ ആരും ഉത്തരം തന്നില്ല ..
എന്‍റെ മുലപ്പാല് പോലും അവളുടെ ചുണ്ട് നനച്ചില്ല .. ചുരത്തി നിറഞ്ഞു മഞ്ഞ
കലര്‍ന്ന് ധാര പോലെ അത് ആര്‍ക്കോ വേണ്ടിയെന്‍ ഉടുപ്പിനേ നനച്ച് കൊണ്ടിരിന്നു
ഇന്നെന്റെ മകള്‍ വളര്‍ന്നു ..അയല്‍പക്കത്തിലെ കുട്ടികളെല്ലാം ഓടിചാടീ കളിക്കുമ്പൊള്‍
പണ്ട് എല്ലാരിലും നിന്ന് വിട്ടകന്ന് അന്തര്‍മുഖിയായിരുന്ന അവളുടെ അമ്മയേ പോലെ
എന്‍റെ മകളും ചിന്തയിലായിരുന്നു , മഴ ഇന്നും അവളുടെ മനസ്സിലും എന്‍റെ കണ്ണിലും
തോരാതെ പെയ്യുന്നു ..

ഇന്ന് ഈ ജീവിതം അവസാനിപ്പിക്കുവാന്‍ ഞാന്‍ കൊതിക്കാറുണ്ട് ,
ഏകാന്തത വേട്ടയാടുമ്പൊള്‍ദുഖം ആകുലതയ്ക്ക് വഴിമാറുമ്പൊള്‍ ഞാന്‍ ചിന്തിക്കാറുണ്ട് ,
എന്നാല്‍ എന്‍റെ മകള്‍ വീല്‍ചെയറില്‍ ഒന്നെഴുന്നേല്‍ക്കാന്‍ പോലുമാവാതേ വേദനിക്കുമ്പൊള്‍ ,
ഇടക്കെത്തുന്നഅപസ്മാരം അവളെ എന്നേക്കുമായീ എന്നില്‍ നിന്നകറ്റുമെന്ന തോന്നല്‍
വേദനയുണര്‍ത്തുന്നു .. ആ വേര്‍പാട് താങ്ങാന്‍ കഴിയില്ല എന്നറിയുകയാണ് ഞാന്‍...
ഇന്നിന്റെ വാര്‍ത്തകളില്‍ കണ്ണോടിക്കുമ്പൊള്‍ ഒരൊറ്റ ആശ്വാസ്സം മാത്രം...
എന്‍റെ മകളില്‍ കാമകഴുകമാരുടെ ആഴമേറിയ കണ്ണുകള്‍ പതിയില്ല ...
പറക്കമുറ്റാതെ അമ്മയാവുന്നവരുടെ കൂട്ടത്തില്‍ അവളുണ്ടാകില്ല ... ഇനിയുമൊരു ജീവന്റെ തുടുപ്പ്മാസം തികയാതെ അവളെ ദുഖത്തിലാഴ്ത്തില്ല ... ഞാനും എന്‍റെ മോളും സുഖായി ഉറങ്ങും .. എനിക്കവളും അവള്‍ക്ക് ഞാനും കൂട്ടിരിക്കും .. ഇന്നും നാളെയും .. പിന്നെ .