Wednesday, January 14, 2009

മടക്കമില്ലാത്ത നന്‍മകള്‍



ഗുരു പാദ പൂജയില്‍ നിര്‍വ്രിതി നേടി
വിദ്യ്യില്‍ ലയിക്കുന്ന ജന്മങ്ങള്‍
അഗ്രഹാര ഇരുളില്‍ ജീര്‍ണിക്കും മുഖങ്ങളില്‍
ജ്വലിക്കാത്ത രതികള്‍
പാവനമാം മനസ്സില്‍ പൂക്കുന്ന
പ്രണയമാം പൂവും
അമ്മതന്‍ കൈയ്യ് വെള്ളയില്‍ ഉരുളുന്ന
ചോറിനായി കൊതിയ്ക്കുന്ന മക്കളും
അറിവില്ലാത്ത പിതാമഹന്മാര്‍ക്ക്
നിറകണ്ണുകളാല്‍ ബലിയിടും യുവത്വം
ആലിംഗനതിനൊടുവിലായി നെറുകയില്‍
കാമമില്ലാത്ത ചുംബനകൂട്ടുകള്‍
സൂര്യന്‍ മറഞ്ഞാല്‍ മയങ്ങുന്ന
ഗ്രാമത്തിന്‍ വിശുദ്ധി
പുഴതന്‍ അടിതട്ടിലേ
തിളങ്ങുന്ന തെളിനീരു

അലങ്കാരചുവ സ്പര്‍ശിക്കാത്ത
മിഴിതാഴ്ന്ന മനുഷ്യ കോലങ്ങള്‍
ആധുനികത എത്തിനോക്കാത്ത
തണുതുറഞ്ഞ മണ്‍വീഥി
നിലാവില്‍ പൂക്കുന്ന പാലയില്‍
പരക്കുന്ന സുഗന്ധം
പ്രേത ബാധയില്‍ കടന്നു കയറുവാന്‍
വിറകൊള്ളുന്ന കുങ്കുമ രാത്രികള്‍
വിരളമായി മിഴിനിറക്കും
വാര്‍ദ്ധക്യ മരണങ്ങള്‍
ചേറിന്ടെ ചൂരുള്ള
ചെറുമ പെണ്‍കൊടികള്‍
ശബ്ദ ഗാംഭീരമില്ലാത്ത
ഓല മേഞ്ഞ സിനിമാ കൊട്ടകകള്‍
നിരാലംബര്‍ക്ക് തണലായി
ഓടിയെത്തും സമൂഹമനസാക്ഷി


നാടന്‍ ശീലുകള്‍ തിങ്ങി നില്‍ക്കും
പകുതെടുകാത്ത നെല്‍പാടങ്ങള്‍
കടുത്ത ദാരിദ്ര്യ കൂരക്ക് കീഴിലും
അണമുറിയാത്ത മന്ദസ്മിതത്തിന്‍ വദനങ്ങള്‍
കുര്‍ബാനയും തക്ബിര്‍ ധ്വനികളും ദീപാരാധനയും
ഒന്നായി ഉള്‍കൊണ്ട വിഷംവിതക്കാത്ത മനസ്സുകള്‍

പണ്ടെങ്ങൊ പൊലിഞ്ഞുപൊയെന്‍ ഗ്രാമത്തിന്‍
നന്മയാണു മേല്‍ ചൊല്ലിയത്
ഇന്നതില്‍ ഒരു കാഴ്‌ച പോലും
എന്‍ കണ്ണുകള്‍ക്ക് വിരുന്നാകില്ല
പരാതിയില്ല പരിഭവവുമില്ല
പരിതപ്പിച്ചിട്ട് കാര്യവുമില്ല....

2 comments:

  1. നല്ല കവിതകള്‍ മാഷേ...
    തുടര്‍ന്നും എഴുതൂ... ആശംസകള്‍

    ReplyDelete
  2. കുര്‍ബാനയും തക്ബിര്‍ ധ്വനികളും ദീപാരാധനയും
    ഒന്നായി ഉള്‍കൊണ്ട വിഷംവിതക്കാത്ത മനസ്സുകള്‍
    നന്നായിട്ടുണ്ട്‌, ആശംസകൾ

    ReplyDelete

ഒരു വരി .. അതു മതി ..