Wednesday, February 13, 2013

ശലഭ മഴ .............















കിനാവ് പൊട്ടി വീണ രാവിന്റെ വരമ്പത്ത്
ദിനരാത്രങ്ങളുടെ കാത്തിരിപ്പിന് വിരാമം ...!
വേനല്‍ കവര്‍ന്ന നിറങ്ങളിലേക്ക്
പ്രണയവര്‍ണ്ണങ്ങളുടെ " ശലഭ മഴ " ....
നിന്നില്‍ ഉദിക്കുകയും എന്നില്‍ അസ്തമിക്കുകയും
ചെയ്യുന്ന നമ്മുക്കിടിയിലെ പകലാണ് പ്രണയം ....
രാവ് തേഞ്ഞ് തീരും മുന്നേ നിന്നില്‍ മാത്രം
തീരാന്‍ കൊതിക്കുന്ന തപിക്കുന്ന സ്വപ്നമാണ് നീയെന്നില്‍ ..

സമ്മതിക്കുന്നു , എനിക്ക് നിന്നോട് പ്രണയമുണ്ട് ........!
അമ്മയോട് ...? ഉണ്ട് അമ്മയോട് കുഞ്ഞിലേ തൊട്ടേ പ്രണയത്തിലാണ് ഞാന്‍ ..!
മഴ ? എന്നോ എപ്പൊഴോ തോന്നിയൊരു പ്രണയം മഴയോടുണ്ട് ....!
ഇതെന്തു കഥ , കണ്ണില്‍ കാണുന്ന എല്ലാത്തിനോടും പ്രണയം ..?
അപ്പൊള്‍ പിന്നേ എന്നോട് എന്താണ് ?

തേഞ്ഞ് തീരുന്ന വിളക്കിനറ്റത്ത് .. ഒരു ശലഭമുണ്ട്
തേടി വരുന്നത് സന്ധ്യയുടെ വിശുദ്ധയാമങ്ങളില്‍ ..
മാറ് കരിഞ്ഞ ഒരു അമ്മയുണ്ട് ,
നെഞ്ചു നീറുന്നൊരച്ഛനും ...
വീര്‍ത്ത കണ്‍തടങ്ങളില്‍ കഥപൂക്കുന്ന ലോകമുണ്ട് ..
കരള്‍കുത്തി വിളിച്ചിട്ടും കൈമലര്‍ത്തുന്ന-
ദൈവമുഖങ്ങളുമുണ്ട് .
വരകളും വരികളും , പുകയുന്ന മനസ്സും
പകര്‍ത്തി വച്ച കാര്‍മേഘമുണ്ട് ..
നാളെയുടെ മഴയില്‍ പെയ്തൊഴിയാന്‍
കിടപ്പാടം പുതു കഥയുടെ " ബീജം " തേടുന്നു ..

അതിജീവനത്തിന്റെ നാട്ടില്‍ ,
സുര്‍ക്കയിട്ട നാരങ്ങത്തോടില്‍
രാവും പകലും വിശപ്പിനെ മുട്ടിക്കുമ്പോഴും ..
എന്നുള്ളില്‍ അടയിരിക്കുന്ന നിന്നോട് " പ്രണയമുണ്ട് "....
വേനലാളലില്‍ നിന്നെ കരംചേര്‍ത്തു നിര്‍ത്താന്‍
പോന്നൊരു ശുഷ്ക്കിച്ച നെഞ്ചിന്‍ കൂടുമുണ്ട്

ഉണ്ട് , നിനക്കെന്നോട് പ്രണയത്തിനപ്പുറം ചിലതുണ്ട് ..
ചുരങ്ങള്‍ തഴുകി വരുന്ന കാറ്റിനൊപ്പം
നിന്നെ കെട്ടിപ്പുണരുമ്പോള്‍ ഞാന്‍ അറിഞ്ഞ
നിന്റെ ഉള്‍ച്ചൂട് മതി , എനിക്ക് .............!

ഇതു കൊള്ളാം . നീ എന്റെ ഉള്‍ച്ചൂടറിഞ്ഞെന്നോ ..
എന്നിട്ടും എന്തേ പരന്നൊഴുകുന്നില്ലാന്ന് പരാതി സഖീ ..?
നിന്റെ പ്രണയം " ശലഭമഴ " പോലെയാണ് ....
നിന്റെ ജീവന്റെ തിരിതുമ്പത്ത് , ആന കറുപ്പില്‍ ,
കടല്‍നീലയില്‍ , അമ്മമടിയില്‍ .. നീ പൊഴിക്കുന്ന ശലഭമഴ ..
അത് ...... എത്ര കിട്ടിയാലാണ് മതി വരുക ..?

നിന്റെ സ്നേഹയൊപ്പ് കൊണ്ട കത്ത് ഇന്നാണ് കിട്ടുന്നത് ...
നിന്റെ അക്ഷരങ്ങളില്‍ നക്ഷത്രങ്ങളുടെ മിനുക്കമുണ്ടായിരുന്നു
വായിക്കുമ്പോള്‍ പൊടിമഴ പെയ്തു മുറ്റത്ത് ..
പുഴ എന്നിലേക്ക് വഴി മാറി ഒഴുകി ..
പതിവ് തെറ്റി നേരത്തേ കണിക്കൊന്ന പൂത്തു മനസ്സില്‍ ..
ഇനി എന്നാണ് നിന്നെ ഒന്നു കാണുക ..?

പ്രീയദേ , നന്മ വറ്റിത്തുടങ്ങുന്ന ഊടുവഴികളില്‍ ...
കണക്ക് പറഞ്ഞ് സ്നേഹം പോലും പകുത്തെടുക്കുന്ന
സ്വപ്നങ്ങള്‍ നഷ്ടമായ പകലറുതിയില്‍...
ലാവമുഖങ്ങള്‍ അവശേഷിപ്പിച്ച തെരുവിലെ
ചാരങ്ങളില്‍ പൊതിഞ്ഞ് പോയ മനസ്സില്‍...
ഒരു തുള്ളി ഇരുട്ടില്‍ ഒറ്റിക്കൊടുക്കുന്ന മൗനത്തില്‍ ..
നീയും നിന്റെ ചൂടും അകതാരിലുണ്ട് ... ദൂരം കാലമാണ് ..
അതിനെ കണ്ടില്ലെന്നു നടിക്കുക , സമയത്തെ കാലം കൊണ്ടു തരും ..
അന്നു കാലത്തെ കവര്‍ന്നെടുത്ത് , നിറഞ്ഞലിയുക .........!

കാട്ട് വള്ളികള്‍ ചുറ്റി പിണയുന്ന , ഉരുളന്‍ കല്ലുകളുള്ള -
നടവഴികളില്‍ ദൈവ സാന്നിധ്യത്തിന്റെ സ്പര്‍ശം ...
നീയും ഞാനും ഒന്നിച്ച് കേട്ടത് , അരുവിയുടെ ചിരിയാണോ ?
നിനക്കെന്നൊട് എത്ര ഇഷ്ടം ? ദേ ഇത്ര , ഈ ആമ്പലോളം ......
ദേ ഇത്ര ..എപ്പൊഴും നനവാര്‍ന്ന് കാണുന്ന കൈവിരല്‍ തുമ്പോളം ...

ഒരു പാട്ടിന്റെ തുടക്കത്തില്‍ മയങ്ങി പോകുന്നത് ..
എത്ര ആഴമുള്ള മയക്കത്തിലും ഉണരുന്നത് ..
വറ്റെടുത്ത് വെള്ളമൂറ്റി കാന്താരിക്കൊപ്പം നാവില്‍ ചേര്‍ത്തത് ..
ഒരു ചൂരല്‍ കസേരയില്‍ ലോകം തീര്‍ത്തത്
കാലവേവുകളെ ചങ്കുറപ്പോടെ നെഞ്ചേറ്റാന്‍ പ്രാപ്തമാക്കിയത്
ഒരൊറ്റ ചുബനം കൊണ്ട് സ്നേഹം മുഴുവന്‍ പകര്‍ത്തുന്നത്.......!

പ്രണയമെന്നല്ല , താല്‍ക്കാലികമായ അഭിനിവേശമല്ല
കെട്ടു പോകുന്നതല്ല , പരത്തി പറയുന്നതുമല്ല ..
കാലങ്ങളായി കാത്തിരിന്നൂന്നുള്ള വീണ്‍ വാക്കുമില്ല ..
കാല്പനികതയുടെ ലോകത്ത് ജീവിക്കുന്നുമില്ല .........!
ഒന്ന് ...ഒന്നോട് ചേര്‍ന്നത് ... ഒന്നായത് .....!

കണ്ണ് തുറക്കൂ , നീയിപ്പോള്‍ എവിടെയാണ് ..
മലകളെ പുല്‍കുന്ന മേഘങ്ങളേ കണ്ടുവോ .. ?
താഴത്ത് നിറയുന്ന വന്യസുഗന്ധമുള്ള പൂക്കളുടെ
ഗന്ധവും പേറി വരുന്ന " ശലഭങ്ങളേ " കണ്ടുവോ ..?
ഒന്നെത്തി നോക്കൂ , ആഴത്തില്‍ നിന്നും കാറ്റേറി വരുന്നത് ..
വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് , ഒരൊ അടിവാരങ്ങള്‍ക്കുമില്ലേ ..?

കണ്ണേ ..! ഇടക്ക് ചിന്തകളുടെ കൂമ്പാരത്തില്‍
നിന്റെ ചോദ്യങ്ങളെ അവഗണിക്കുന്നു എന്നു കരുതരുത് ...!
കയ്പ്പേറിയ അനുഭവങ്ങളുടെ ആകേത്തുകയാകാം ജീവിതം ..
ഇടക്ക് മഴയും , നനുത്ത കാറ്റും , വേവും, ഉഷ്ണവും , ഇലകൊഴിയലും
ഒക്കെ മാറി മാറി വരുന്ന ജീവിതം .. നാം നമ്മേ മറന്നു പോകുന്ന -
ചില നിമിഷങ്ങളുണ്ട് , ജീവിക്കണമെന്ന മോഹം മരവിച്ച് പോകുന്നത് ..
ചിലരേ നാം തേടി ചെല്ലും , ചിലര്‍ വന്നു ചേരും ..
ചിലര്‍ മൊട്ടിടും , പൂവാകും , കൊഴിയും ...
ചിലര്‍ നീല കുറിഞ്ഞി പോലെ കാലമെടുത്ത് പൂക്കും
ഒരിക്കലും നഷ്ടമാകാതെ ആ നിറവ് അടുത്ത വരവ് വരെ തങ്ങി നിര്‍ത്തും ..
മഴ ചാറ്റല്‍ പോലെ ചിലരുണ്ട് , എക്കാലവും ഉള്ളില്‍
ഇങ്ങനെ പെയ്തു പെയ്തു നില്‍ക്കും ...
പെരുമഴ തീര്‍ക്കുന്നവരുമുണ്ട് , പോകുമ്പോള്‍
വലിയ മുറിവിന്റെ ചാലുകള്‍ കാണാം ..

നിനക്ക് .. നിന്നോളം .. ഞാന്‍ എന്താണ് പറയുക .....

വരൂ ..... രാവ് പൂത്ത് തുടങ്ങീ , മലയിറങ്ങീ പോകേണ്ടവര്‍ നാം ..
കൈകള്‍ കോര്‍ക്കുമ്പോള്‍ മനസ്സ് ചേര്‍ത്ത് വയ്ക്കുന്നു എന്നു കരുതേണം ...
കൈകുമ്പിളില്‍ ഒതുക്കി വയ്ക്കണം നമ്മുക്ക് കിട്ടിയ ശലഭത്തെ
പ്രണയച്ചൂട് കൊടുത്ത് , ആയിരങ്ങളെ പുനര്‍ ജീവിപ്പിക്കണം ..
നമ്മുടെ മുറ്റത്ത് നിലക്കാത്ത " ശലഭ മഴ " തീര്‍ക്കാന്‍ ......!


















ഈ വര്‍ഷമേഘമിങ്ങനെ പെയ്തു കൊണ്ടിരിക്കും ,
വിരഹ വേവു സമ്മാനിച്ച്
എനിക്കു മാത്രം , ഇത്തിരി അകലേ .....
ഉള്ളിലെ പ്രണയത്തിന് ഒരു ദിനവും കല്പ്പിച്ച്
കൊടുത്തിട്ടില്ല എങ്കിലും , പ്രണയാത്മാക്കളുടെ
ഈ ദിനത്തില്‍ വെറുതെ ...................

42 comments:

  1. സുന്ദരം സഖേ പ്രണയം പോല്‍ സുന്ദരമീ വാക്കുകള്‍...
    ഓരോ രാവ് പുലരുമ്പോഴും നിനക്കായ് കാത്തു നിന്ന നിമിഷങ്ങള്‍... നിന്റെ വിളിക്കായ്... നീ കയ്യൊപ്പ് പതിച്ച സ്നേഹാക്ഷരങ്ങളുടെ താളുകള്‍ക്കായ്... വഴിയരികില്‍, മരച്ചുവട്ടില്‍.. കാത്തുനിന്നത്... തേടി വന്നത്... ഓര്‍മ്മകളില്‍ പോലും എത്ര സുന്ദരം ആ നിമിഷങ്ങള്‍....

    ഇന്ന് പെയ്ത മഴയില്‍ കൂട്ടുകാരന്റെ വാക്കുകള്‍ ഏറെ മനോഹരം... ഇനിയെന്ന് കാണും എന്ന ചിന്തകള്‍ക്കുമപ്പുറം എന്നും കാണുന്ന മനസ്സെന്ന ജാലകം തുറന്നിടുമ്പോള്‍ പ്രിയമുള്ളവര്‍ എന്നും അരികെ തന്നെ...

    നീലക്കുറിഞ്ഞികള്‍ പോലെ പ്രണയം... വിടര്‍ന്നു വര്‍ഷങ്ങളോളം മനസ്സില്‍ പതിയുന്ന നീലക്കുറിഞ്ഞി....
    പ്രണയത്തിനായ്‌ എല്ലാ ദിവസവും നല്‍കുക.... ഓരോ ദിവസവും എല്ലാത്തിനുമായ് നല്‍കുക അല്ലെ സഖേ...

    ദൂരെ നിലാവ് പൂക്കുമ്പോള്‍ വിടരുന്ന ചിരിയില്‍ ഓര്‍മ്മകള്‍... ഒരു വ്യാഴവട്ടക്കാലത്തിന്റെ ഓര്‍മ്മകള്‍...!!

    പ്രണയദിനാശംസകള്‍... പ്രണയത്തിന്റെ മാസ്മരിക വാക്കുകള്‍ പൊഴിക്കുന്ന കൂട്ടുകാരനും കൂട്ടുകാരന്റെ വാക്കുകളെ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും...

    ReplyDelete
    Replies
    1. നിന്റെയും എന്റെയും നിലാവില്‍ , പ്രണയാംശമുണ്ട്
      നിനക്കുമെനിക്കുമിടയില്‍ ജ്വലിക്കുന്ന ചിലതുണ്ട്
      വിരഹത്തിന്റെ വേവും കാലത്തിന്റെ അകലവും ഉണ്ട് ..
      എങ്കിലും നാം ഒന്നായി ഇരിക്കുന്നവര്‍ ..........
      ദൂരം കാലമാണ് , ആ കാലം തന്നെ നമ്മേ ഒന്നാക്കും ..
      ഇന്നിന്റെ മഴയുടെ നിറവാകില്ല , നാളേയുടെ മഞ്ഞിന്
      മാറ്റങ്ങളില്‍ നാം അറിയാതെ ചെന്നു പെടും , അതിലൂടെ ഒഴുകും ..
      ജീവിതമിങ്ങനെയൊക്കെയല്ലേ സഖേ ..............!
      കാത്തിരിപ്പിന്റെ സുഖമുള്ള ഓര്‍മകള്‍..ഇന്ന് അരികിലെത്തിയതൊ
      അകലേക്ക് പൊയതൊ ....... പ്രണയത്തിന്റെ വിഭിന്ന തലങ്ങളിലൂടെ
      പ്രീയ കൂട്ടുകാരനും , ആ വരികള്‍ക്കും , ആ വിരഹ നൊമ്പരങ്ങള്‍ക്കും
      ഈ സന്ധ്യ ഞാന്‍ പകരം നല്‍കുന്നു .................സ്നേഹം സഖേ ..!

      Delete
  2. "മഴ ചാറ്റല്‍ പോലെ ചിലരുണ്ട് , എക്കാലവും ഉള്ളില്‍
    ഇങ്ങനെ പെയ്തു പെയ്തു നില്‍ക്കും ...
    പെരുമഴ തീര്‍ക്കുന്നവരുമുണ്ട് , പോകുമ്പോള്‍
    വലിയ മുറിവിന്റെ ചാലുകള്‍ കാണാം .." പ്രണയ ഭാവങ്ങള്‍ പകര്‍ത്തിയ റിനിയുടെ ഈ കുറിപ്പില്‍ എനിക്കേറെ ഇഷ്ടായത് ഈ വരികളാണ്...ആശംസകള്‍

    ReplyDelete
    Replies
    1. ചില വരികളൊടുള്ള , ഏറിയ ഇഷ്ടത്തിന്.........
      ചിലരങ്ങനെയാണ് , നമ്മളില്‍ പെരുമഴ തീര്‍ക്കും ..
      അടിമുടി കുളിര്‍ത്തു പൊകും നാം .....
      പൊടുന്നനേ മറയും , പിന്നീട് പോയ വഴികളില്‍
      നിറയേ നോവിന്റെ ചാലുകള്‍ മാത്രം .
      എത്ര കാലം വേണം അതൊന്നു മൂട പെടാന്‍ ...
      സ്നേഹവും സന്തൊഷവും മുബീ ..

      Delete
  3. വരൂ ..... രാവ് പൂത്ത് തുടങ്ങീ , മലയിറങ്ങീ പോകേണ്ടവര്‍ നാം ..

    കലക്കി .... ഈ feb 14 ന് പറ്റിയ ഒരു കുറിപ്പ്

    ReplyDelete
    Replies
    1. ഈ പേര് എനിക്കൊരുപാടിഷ്ടം സഖേ ..!
      അതെ മലയിറങ്ങി പൊകേണ്ടവര്‍ നാം ..
      കാഴ്ച്കള്‍ക്ക് ഭംഗം വരുത്തി അസ്തമയം പൂത്ത് തുടങ്ങീ ..
      നേരിന്റെ ശലഭ മഴകളിലേക്ക് ഇരങ്ങി പൊകേണ്ടവര്‍ നാം ..
      കൂടേ കൂട്ടൂവാന്‍ കൈവെള്ളയില്‍ ചേക്കേറുന്ന ജീവിത ശലഭങ്ങളുണ്ട് ..
      സ്നേഹം , സന്തൊഷം കൂട്ടുകാര ...!

      Delete
  4. "ചിലരേ നാം തേടി ചെല്ലും , ചിലര്‍ വന്നു ചേരും ..
    ചിലര്‍ മൊട്ടിടും , പൂവാകും , കൊഴിയും ...
    ചിലര്‍ നീല കുറിഞ്ഞി പോലെ കാലമെടുത്ത് പൂക്കും
    ഒരിക്കലും നഷ്ടമാകാതെ ആ നിറവ് അടുത്ത വരവ് വരെ തങ്ങി നിര്‍ത്തും .."

    പ്രണയമഴ നന്നായി പെയ്തിറങ്ങി..!ആ മഴത്തുള്ളികള്‍ ഒരിക്കലും ഇറ്റുവീണു പോവാതിരിക്കട്ടെ ..

    ReplyDelete
    Replies
    1. അറിയില്ലേ , എത്ര കാലമകലെയെങ്കിലും
      എത്ര കാലം കൂടി കാണുന്നുവെങ്കിലും
      മനസ്സില്‍ നിറയുന്ന ചിലരുണ്ട് , മിക്കപ്പൊഴും ഓര്‍ക്കുന്നവര്‍ ..
      നിരന്തര സമ്പര്‍ക്കമൊന്നുമില്ലെങ്കില്‍ , നമ്മുടെ മനസ്സുമായി
      സമ്പര്‍ക്കപെടുന്നവര്‍ , അവരൊട് ഒന്നു മിണ്ടുവാന്‍
      മനസ്സെപ്പൊഴും കൊതിക്കും , അവര്‍ നീല കുറിഞ്ഞി പൊലെയാണ് .....
      സ്നേഹത്തിന്റെ മഴ എന്നും പെയ്തിറങ്ങട്ടെ , നിലക്കാതെ ..
      സന്തൊഷവും സ്നേഹവും തുളസീ ..

      Delete
  5. നാം നമ്മേ മറന്നു പോകുന്ന -
    ചില നിമിഷങ്ങളുണ്ട്

    ശലഭമഴ നന്നായി ശോഭിക്കുന്നു.

    ReplyDelete
    Replies
    1. ചില നിമിഷങ്ങള്‍ അങ്ങനെയാണ് റാംജീ ...
      നാം എന്താണെന്നും എവിടെയാണെന്നും മറന്ന് പൊകുന്നത് ...!
      നമ്മുക്കിടയില്‍ തങ്ങി നില്‍ക്കുന്നതില്‍ നിന്ന്
      വ്യതിചലിച്ച് അറിയപെടാത്ത തലങ്ങളിലേക്ക്
      തള്ളപെട്ടു പൊകുന്ന അവസ്ഥ ... ഈ മഴയില്‍ നനഞ്ഞതിന്
      സ്നേഹവും സന്തൊഷവും ഏട്ടാ ...!

      Delete
  6. മിനിപിസിFebruary 13, 2013 at 11:10 PM

    നമുക്ക് കിട്ടിയ പ്രണയ ശലഭത്തെ കൈക്കുമ്പിളില്‍ വെച്ച് ,ചൂട് കൊടുത്ത്..............മനോഹരം !

    ReplyDelete
    Replies
    1. പ്രണയത്തിന്റെ സായം സന്ധ്യയില്‍ , കൈകള്‍ ചേര്‍ത്ത്
      സ്നേഹഗിരികളിറങ്ങുമ്പൊള്‍ കൂടേ കൂട്ടാന്‍ നാം തീര്‍ത്ത
      പ്രണയ ശലങ്ങള്‍ ഉണ്ട് , ഞങ്ങളുടെ മുറ്റത്ത് നിറഞ്ഞ് പടരാന്‍ ..
      സ്നേഹം സന്തൊഷം മിനി ..

      Delete
  7. പ്രണയം എന്ന മഷിയില്‍ മുക്കി എഴുതുന്നതാണ് റിനിയുടെ പോസ്റ്റുകള്‍ .
    അതില്‍ തെളിയുന്ന അക്ഷരങ്ങളില്‍ നിറയുന്നത് അതിന്‍റെ വിഭിന്ന നിറങ്ങളാണ്.
    കൊടുത്തും പറഞ്ഞും എഴുതിയും തീരാത്ത പ്രണയം. വാങ്ങിച്ചും അനുഭവിച്ചും വായിച്ചും മതിയാവാത്ത പ്രണയം .
    ലോകം പ്രണയ പ്രപഞ്ചമാവട്ടെ . അവിടത്തെ ഓരോ അണുവും സ്നേഹമന്ത്രങ്ങള്‍ ഉരുവിടട്ടെ .
    ഈ മനോഹര വരികള്‍ക്ക് എന്‍റെ സ്നേഹാശംസകള്‍ റിനീ

    ReplyDelete
    Replies
    1. ഹൃദയത്തില്‍ നിന്നും അവളൊടുള്ള സ്നേഹം
      പ്രണയമായിങ്ങനെ ഒഴുകുമ്പൊള്‍, വരുന്ന
      വരികള്‍ക്കും അതിന്റെ നിറമുണ്ടാകും മന്‍സൂവേ ..!
      തന്നാലും തന്നാലും തീരാത്തത് , അവളുടെ പ്രണയം
      കൊടുത്തലും കൊടുത്താലും തീരാത്തത് , അവളൊടുള്ളത്
      എഴുതിയാലും എഴുതിയാലും മതിവരാത്തത് നമ്മുടെ പ്രണയത്തിന്റെ വരികള്‍ ...
      എന്റെയും നിന്റെയും അവരുടെയും ഹൃദയം പ്രണയമാത്രമാകട്ടെ ..
      ആശംസകള്‍ക്ക് .. സന്തൊഷവും സ്നേഹവും മന്‍സുവേ ...

      Delete
  8. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തു ...
    'പ്രണയ കവിതകളുടെ രാജകുമാരാ' എന്ന് എപ്പോഴും വിളിച്ചിരുന്ന രുക്കു ചേച്ചിയെ ....

    'നിന്നില്‍ ഉദിക്കുകയും എന്നില്‍ അസ്തമിക്കുകയും
    ചെയ്യുന്ന നമ്മുക്കിടിയിലെ പകലാണ് പ്രണയം ....'
    ഈ നിര്‍വചനം എത്ര സുന്ദരം ...
    ഇതിലെ ഓരോ പ്രണയ വരികളോടും എനിക്കിപ്പോള്‍ പ്രണയം തന്നെ ..

    കൈവിരലുകളില്‍ കവിതയുടെ നാമ്പും,
    മനസ്സില്‍ ചിന്തയുടെ കനലും,
    ഹൃത്തില്‍ പ്രണയത്തിന്റെ തുടിപ്പും...
    നിനക്ക് നല്‍കിയത് കാലം...
    കാലവേവുകളെ അകറ്റുവാന്‍ ആര്‍ദ്രമായ വരികള്ക്കാകും ...
    പ്രണയം ഒരിക്കലും മറഞ്ഞു പോകില്ല..നിലനില്‍ക്കും യുഗാന്തരങ്ങളോളം ...

    നീ എത്രയോ ദൂരെയെങ്കിലും , ഞാന്‍ അത്രക്ക് അടുത്തുമാണ്..
    നീ മഴ പോലെ സാമീപ്യമരുളുമ്പോള്‍
    ഞാന്‍ കാറ്റായി നിന്നെ തഴുകുന്നുണ്ട് ..
    'ഈ വര്‍ഷമേഘമിങ്ങനെ
    പെയ്തു കൊണ്ടിരിക്കട്ടെ , വിരഹ വേവു സമ്മാനിച്ച്
    എനിക്കു മാത്രം , ഇത്തിരി അകലേ .....'

    .... ഹാപ്പി വാലന്റയിന്‍സ്‌ ഡേ ....
    ഒരു ദിനം മാത്രം കൊണ്ടു നിന്നെ ഞാന്‍ എങ്ങനെ പ്രണയിച്ചു തീര്‍ക്കും ?

    ReplyDelete
    Replies
    1. പ്രണയാദ്രമാണല്ലൊ റോസൂട്ടീ കമന്റ് മുഴുവന്‍ ..!
      രുക്കു ചേച്ചീ .... ശാന്തമായ എവിടെയോ ഇരുന്ന്
      എന്റെ അക്ഷരങ്ങളേ തലോടുന്നുണ്ടാവാം ..
      ആ വാല്‍സല്യ നിമിഷങ്ങള്‍ മരിക്കാതെ മനസ്സിലുണ്ട് ..!
      കത്തുന്ന പകലിലും , മഴയുള്ള കുളിരിലും
      നിറയുന്ന ഒന്ന് തന്നെ അവളൊടുള്ളത് .....
      പേരിട്ട് വിളിക്കാനാവത്തതെങ്കിലും , പ്രണയമെന്ന വികാരത്തില്‍
      തളച്ചിട്ടേ എഴുതുവാനാകുകയുള്ളൂ ...അതു നില്‍ക്കാത്ത ഒഴുകും ..
      ""കൈവിരലുകളില്‍ കവിതയുടെ നാമ്പും,
      മനസ്സില്‍ ചിന്തയുടെ കനലും,
      ഹൃത്തില്‍ പ്രണയത്തിന്റെ തുടിപ്പും...
      നിനക്ക് നല്‍കിയത് കാലം...
      കാലവേവുകളെ അകറ്റുവാന്‍ ആര്‍ദ്രമായ വരികള്ക്കാകും ...
      പ്രണയം ഒരിക്കലും മറഞ്ഞു പോകില്ല..നിലനില്‍ക്കും യുഗാന്തരങ്ങളോളം ""
      നിന്റെ ഈ വരികളൊട് ഇഷ്ടം .. ഉള്ളറിയുന്നതിന് സ്നേഹം ..
      ഒരു ദിനം കൊണ്ട് തീരുന്നതല്ല , തീര്‍ക്കാവുന്നതല്ല
      നിന്നൊടുള്ള ഒന്നും .....! സ്നേഹം സന്തൊഷം ..

      Delete
  9. നിനക്കൊര്‍മ്മയില്ലേ അപരിചിതരാവേണ്ടി വന്ന ആ ദിനം !!
    കഥ പറയാന്‍ വെമ്പിയ കണ്ണുകളെ വിദൂരതയില്‍ നാം അലയാന്‍ വിട്ടത്...
    ഒതുക്കിനിര്‍ത്തിയിട്ടും പുറത്തേക്ക് വീണ ചെല്ലപ്പേര് കേട്ട് അടക്കിചിരിച്ചു കണ്ണുനിറച്ചത്..
    പൂഴിപ്പരപ്പില്‍ ഓടിപ്പിടുത്തം കളിച്ചു മറിഞ്ഞു വീണത്‌...
    ആനപ്പുറത്ത് കയറ്റി അസ്തമയനം കാട്ടിത്തന്നത്...
    ഇളനീര്‍ വില്‍ക്കുന്ന ആള്‍ ഭാര്യയോട്‌ പിണങ്ങിയത്.... അത് കണ്ടു നമ്മള്‍, നമ്മളിലേക്ക് നോക്കി ചിരിച്ചത്..
    ആദ്യ ദിനത്തില്‍, നിന്നെ ഊട്ടുമ്പോള്‍ "ആ ചോറിനെ ഞെക്കികൊല്ലല്ലേ" എന്ന നിന്റെ ചൊല്ലില്‍ ഞാന്‍ ചൂളിയത് ...
    വാക്കുകള്‍ കൊണ്ട് പോലും പകുക്കാന്‍ അനുവദിക്കാതെ ചേര്‍ത്ത് നിര്‍ത്തുന്നത്...
    നിന്‍റെ ഏതൊരു പിണക്കപ്പൊരിയും എന്‍റെ ഒരു തുള്ളി കണ്ണുനീരില്‍ അണയുന്നത്‌..
    എന്‍റെ കള്ളത്തരങ്ങളും കുറുമ്പുകളും "കടത്തല്ലേ " എന്ന ഒറ്റ വാക്കില്‍ നെഞ്ജെറ്റുന്നത്....
    നിന്നെ മെരുക്കാനുള്ള തന്ത്രങ്ങള്‍ എന്നെ പറഞ്ഞു പഠിപ്പിക്കുന്നത്‌ ....

    അങ്ങനെ അങ്ങനെ വിരഹ രാവുകളില്‍ ഓര്‍ത്തു കിടക്കാന്‍....എന്തോക്കെയാണ് അവനെനിക്ക് നല്‍കുന്നത് ...ശലഭമഴയിലൂടെ ഞാന്‍ ഞങ്ങളെ കാണുകയായിരുന്നു...

    മുപ്പതു വര്‍ഷത്തിനിടെ ആദ്യമായി ഇന്നത്തെ ദിനത്തില്‍ തീര്‍ത്തും അപ്രതീക്ഷിതമായി എന്നെ തേടി എത്തിയ പ്രണയ പുഷ്പങ്ങള്‍.. സുവര്‍ണ മിട്ടായിപ്പൊതികള്‍ !!! അതെ നീ മഴയാണ് കണ്ണ് പൊത്തിക്കളിച്ച് അറിയാതെ പെയ്തു നിറയ്ക്കുന്ന എന്റെ പ്രണയ മഴ !!!
    മാറോട് ചേര്‍ത്ത് വച്ചിട്ടുണ്ട് ഞാന്‍ നീ തന്ന പ്രണയ ശലഭത്തെ, ജീവിത മുറ്റം നിറയെ ശലഭമഴ പെയ്യിക്കാന്‍ !

    റിനി ഇതിലും വലിയ ഒരു പ്രണയസമ്മാനം എന്താണ് നിനക്ക് തരാന്‍ കഴിയുക...?!
    ഒരുപാട് സ്നേഹം..

    ReplyDelete
    Replies
    1. ഈ വരികളില്‍ മനസ്സിന്റെ തിരതല്ലല്‍ പൂത്ത് നില്‍ക്കുന്നു ...
      ജീവിതത്തില്‍ ആദ്യമായ് ഹൃദയം തൊട്ട സമ്മാനം
      നിന്നേ തേടി വന്നിരിക്കുന്നു , എന്റെ വരികള്‍
      ആ സന്തൊഷത്തില്‍ പങ്ക് ചേര്‍ന്നു എന്നുള്ളത് സന്തൊഷം തന്നെ ..
      കൂടേ ഈ വരികള്‍ പ്രണയസമ്മാനമായി സ്വീകരിച്ചതില്‍ .......!
      എനിക്കൊര്‍മയുണ്ട് സഖീ , ഒരൊറ്റ ദിനം നാം അന്യരായി പൊയത് ..
      എന്നിട്ടും നിനക്കുമെനിക്കുമിടയിലേ അഭിനയമൂഹൂര്‍ത്തങ്ങളേ
      വിജയിപ്പിക്കുവാന്‍ ഇടക്കൊക്കെ പരാജയപെട്ടു പൊയത് ..
      നീയായിരിക്കാം കൂടുതല്‍ ശോഭിച്ചത് , എന്നെ അല്‍ഭുതപെടുത്തിയത് ..
      അസ്തമയം കാട്ടി തന്ന നിമിഷങ്ങളില്‍ , നിന്റെ കൈകളില്‍
      കൈ ചേര്‍ത്ത് മഴ പൂത്ത വനവഴികളിലൂടെ മലയിറങ്ങിയത് ...
      മയക്കം നിറഞ്ഞ മിഴികളേ വഴിവക്കില്‍ മയങ്ങാന്‍ വിട്ടത്..
      അന്ന് ഹൃദ്യത്തിലേക്ക് പറന്ന് വന്ന പ്രണയ ശലഭങ്ങളേ
      കൂടേ കൂട്ടീ ഇന്നും താരാട്ട് പാടുന്നത് ..... വിരഹ വേവില്‍ .. ഓര്‍മകള്‍ക്ക് എന്തു ശോഭ ..!
      ഒരുപാട് സ്നേഹം കീയകുട്ടീ ..

      Delete
  10. സൌന്ദര്യം നിറഞ്ഞുതുളുമ്പുന്ന വരികള്‍..
    മനോഹരമായിരിക്കുന്നു ഈ രചന
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രണയ സൗന്ദര്യത്തിന്റെ ഒരു നുള്ള്
      ഈ ജേഷ്ടഹൃദയത്തിലേക്ക് വീണുവെങ്കില്‍ ....
      സന്തൊഷം തന്നെ .. വരികളില്‍ വഹിക്കുന്ന
      ചിലതുണ്ടെന്നു എഴുതി കാണുമ്പൊള്‍ ...
      സ്നേഹം ഏട്ടാ ...!

      Delete
  11. ഈ അക്ഷരങ്ങളെ എങ്ങിനെ പ്രണയിക്കാ തിരിക്കും അത്രക്കും മനോഹരമായില്ലേ ഈ പ്രണയം. പ്രണയാക്ഷരങ്ങള്‍ വിതറിയ കവിതയുടെ വിത്തുകള്‍ ഹൃദയത്തില്‍ മുളച്ചു പൊന്തുന്നു .എന്‍ പ്രണയമേ നീ എഴുതുക എഴുതി എഴുതി എന്നിലേ പ്രണയം നീ പകുതെടുക്കൂ ....ആശംസകള്‍ റിനി ചേട്ടാ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
    Replies
    1. പ്രണയാക്ഷരങ്ങളുടെ വിത്തുകള്‍ ഉള്ളില്‍
      നിറഞ്ഞിരിപ്പുണ്ട് പ്രീയ മയില്പീലി ..
      ആവര്‍ത്തനങ്ങളുടെ പ്രണയപാടത്തും
      ഈ വിത്തുകളില്‍ നിന്നുള്ളില്‍ മുളപൊട്ടുന്നത്
      ഹൃദയത്തില്‍ സന്തൊഷം നല്‍കുന്നു ........
      എഴുതി എഴുതി തീര്‍ന്നു പൊകുന്നതല്ല
      നിന്നൊടുള്ളത് , നിന്നൊളം സ്വായത്തമാക്കിയത് ......
      സ്നേഹം ഒരുപാട് . ഷാജീ ..

      Delete
  12. ഐ ലവ് ദിസ് വേര്‍ഡ്സ്

    ReplyDelete
    Replies
    1. ഐ ലവ് യൂ ..അജിത്തേട്ടാ :)

      Delete
  13. സുപ്രഭാതം റിനീ..
    സൗമ്യമായ വാക്കുകൾ കൊണ്ട്‌ പ്രണയമെന്തെന്ന് കൂടുതലറിയുന്നു ഞാൻ..
    വായിച്ചിരിക്കുമ്പോൾ ഞാനറിയാതെ തന്നെ മഴമേഘങ്ങൾ വർഷിക്കുന്നതും,
    സ്നേഹം മഴത്തുള്ളികളായ്‌ സ്പർശിക്കുന്നതും അറിയാനാവുന്നൂ..
    ന്റെ ആനന്ദം അറിഞ്ഞ ചിത്രശലഭങ്ങളല്ലേ ചുറ്റിനും എനിക്കുവേണ്ടി മാത്രം പ്രഭയൊരുക്കുന്നത്‌..
    ഇനി എനിക്കെന്തു വേണം..
    റിനീ..ശുദ്ധമായ മനസ്സറിനുഞ്ഞ്‌ ഞാൻ പോവുകയാണു..
    ഹൃദയം നിറഞ്ഞ സന്തോഷത്തോടെ..
    നന്ദി ട്ടൊ..!

    ReplyDelete
    Replies
    1. വര്‍ഷമേഘം , പെയ്തൊഴിയുന്നില്ല ......
      പ്രണയഭാരമേറ്റ് ചിണുങ്ങി ചിണുങ്ങി ഇങ്ങനെ ...!
      നിന്റെയും എന്റെയും പ്രണയമുറ്റത്ത് ....
      ശുദ്ധപ്രണയയത്തിന്റെ ചിലതുണ്ട് ഉള്ളില്‍
      വേര്‍തിരിക്കാന്‍ ആവാത്ത പലത്തിന്റെയും കൂടിചേരല്‍ ..
      പ്രണയാനന്ദത്തിന്റെ പ്രഭ ചൊരിഞ്ഞ് എന്നുമെന്നും
      ആ പ്രണയ ശലഭങ്ങള്‍ നിന്നൊടൊപ്പൊം ഉണ്ടാകും ..
      ശുഭരാത്രീ .. മഴ സഖീ ...

      Delete
  14. പലതവണ വായിച്ചു !
    വായിച്ചുവന്നപ്പോള്‍ ഒരു പാട്ട് പെട്ടെന്ന് മനസ്സിലേക്ക് കേറിവന്നു
    'മൗനം നിറയെ പ്രണയം, നിന്‍ മൗനം നിന്‍ പ്രണയം'..................
    എന്താപ്പോ പറയ്യാ എനിക്ക് അടിമുടി ഇഷ്ട്ടായി !
    നല്ല രസ്സമുണ്ട് വായിക്കാനെന്നു എല്ലായിപ്പോഴും പറയണ്ട കാര്യമില്ലെങ്കിലും
    പറയാതെ വയ്യ വളരെ ഇഷ്ട്ടായി !
    ശരിക്കും ഈ ശലഭമഴാന്നു പറഞ്ഞാല്‍ എന്തുവാ ഏട്ടാ :):) ?
    കാവ്യഭാഷയാകും ല്ലേ ?

    " കണ്ണേ ..! ഇടക്ക് ചിന്തകളുടെ കൂമ്പാരത്തില്‍
    നിന്റെ ചോദ്യങ്ങളെ അവഗണിക്കുന്നു എന്നു കരുതരുത് ...!
    കയ്പ്പേറിയ അനുഭവങ്ങളുടെ ആകേത്തുകയാകാം ജീവിതം ..
    ഇടക്ക് മഴയും , നനുത്ത കാറ്റും , വേവും, ഉഷ്ണവും , ഇലകൊഴിയലും
    ഒക്കെ മാറി മാറി വരുന്ന ജീവിതം .. നാം നമ്മേ മറന്നു പോകുന്ന -
    ചില നിമിഷങ്ങളുണ്ട് , ജീവിക്കണമെന്ന മോഹം മരവിച്ച് പോകുന്നത് .."

    ഈ വരികളില്‍ മറഞ്ഞു കിടക്കുന്നല്ലോ എന്തൊക്കെയോ നൊമ്പരങ്ങള്‍ !!
    ശരിയാണ് ജീവിത പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍ എങ്ങനെ പ്രണയത്തിനു പരന്നൊഴുകുവാനാകും?
    എന്നാലും ചില നേരത്തെ മൗനം അതിത്തിരി കടുപ്പം തന്നെയാ !
    നീറുന്ന നെഞ്ചില്‍ നിറയെ പ്രണയമെന്നറിയുന്നെങ്കിലും ,
    ചില നേരങ്ങളില്‍ മൗനം മരണത്തോളം വേദനാജനകം !
    പ്രണയത്തിലെ വില്ലന്‍ഭാവം എന്താണെന്നറിയ്യോ ? ഈ മൗനം തന്നെ !!

    "വരൂ ..... രാവ് പൂത്ത് തുടങ്ങീ , മലയിറങ്ങീ പോകേണ്ടവര്‍ നാം ..
    കൈകള്‍ കോര്‍ക്കുമ്പോള്‍ മനസ്സ് ചേര്‍ത്ത് വയ്ക്കുന്നു എന്നു കരുതേണം ..."
    എനിക്ക് വളരെ വളരെ ഇഷ്ട്ടപ്പെട്ടു ഈ വരികള്‍ കൂടെ
    എന്തിനോ എന്തോ മനസ്സിലെവിടെയോ ഒരു കുഞ്ഞി സങ്കടവും ഫീല്‍ ചെയ്തു !!

    *****************************************************************************
    NB: അതേയ് ഒരു മുട്ടന്‍ റിപ്ല്യ്‌ ഇട്ടോളുട്ടോ :P

    ReplyDelete
    Replies
    1. സത്യം പറയാലൊ ആശകുട്ടീ ,
      ഈ ശലഭ മഴ എന്തുട്ടാണെന്ന് എനിക്കുമറിയൂല്ലാ :)
      പിന്നെ ഒരു സുഖല്ലേ ..." ശലഭമഴ പൊഴിയുമീ "
      മൗനവും , പ്രണയത്തില്‍ ഉണര്‍ന്ന് പകര്‍ത്തും ..
      നെടുവീര്‍പ്പുകള്‍ക്കിടയില്‍ വിരഹവേവിനുമപ്പുറം
      നേരുകളുടെ പുതുമഴ കൊള്ളും ..
      ജീവിതത്തിന്റെ പരുക്കന്‍ പ്രതലങ്ങളില്‍ , ഉള്ളില്‍ -
      മരിക്കാത്ത പ്രണയം , പ്രണയത്തിന്റെ വരികള്‍ ..
      അവള്‍ തരുന്ന പ്രണയ മഴകളില്‍ ഞാന്‍ എങ്ങനെ
      നനയാതിരിക്കും , അവളില്‍ എങ്ങനെ അലിയാതിരിക്കും ...!
      മനോഹരമായ കാഴ്ചകള്‍ക്ക് വിരാമമിട്ട് , ഒരൊ അസ്തമയങ്ങളിലും
      സ്വന്തമായീ , ഒനായീ മനസ്സിലേക്ക് ചേക്കേറുന്ന മനസ്സ് ...
      ഇരങ്ങി പൊകാതെ എങ്ങനെ , കൂടേ ആ കരങ്ങളില്ലാതെയും ..
      സ്നേഹം , അനുജത്തി കുട്ടീ ..

      Delete
  15. നന്നായീട്ടോ എനിക്കും ഇഷ്ടമായി.

    ReplyDelete
    Replies
    1. ഇഷ്ടമാകുന്നതില്‍ .. സന്തൊഷം ശ്രീ ..

      Delete
  16. Replies
    1. വരികളില്‍ മായാജാലം തീര്‍ക്കുവാന്‍
      പാകമുണ്ടൊ എനിക്ക് ഷബീ ...?
      നന്ദി , എനിക്ക് ചേരാത്ത ഈ വര്‍ണ്ണനക്ക് :)
      സ്നേഹം സന്തൊഷം ...

      Delete
  17. അതെ, പ്രണയ മാജിക്

    ReplyDelete
    Replies
    1. വരികളില്‍ മായാജാലം തീര്‍ക്കുവാന്‍
      പാകമുണ്ടൊ എനിക്ക് കലേച്ചീ ...?
      നന്ദി , എനിക്ക് ചേരാത്ത ഈ വര്‍ണ്ണനക്ക് :)
      സ്നേഹം സന്തൊഷം ...

      Delete
  18. പ്രീയപ്പെട്ട റിനി ,നാളുകള്‍ക്കു ശേഷമുള്ള എന്റെ ഈ വരവില്‍ ആദ്യം വായിച്ചതു റിനിയുടെ പോസ്റ്റ്‌ ആണ്.
    വായിക്കാതെ പോയതെല്ലാം വായിച്ചു...റിനി ഒരിക്കലും നിരാശപ്പെടുത്താറില്ല.. മനസിന്‌ സന്തോഷം തരുന്ന വായന.. പലതവണ വായിപ്പിക്കാന്‍ തോന്നിപ്പിക്കുന്ന തരമാണ് എഴുതുന്നതെല്ലാം.. അത് തന്നെയാണ് റിനിയുടെ വിജയവും. ഇനിയും ധാരാളം എഴുതണം ...എല്ലാ ആശംസകളും നേരുന്നു.

    "ഒരു തുള്ളി ഇരുട്ടില്‍ ഒറ്റിക്കൊടുക്കുന്ന മൗനത്തില്‍ ..
    നീയും നിന്റെ ചൂടും അകതാരിലുണ്ട് ... ദൂരം കാലമാണ് ..
    അതിനെ കണ്ടില്ലെന്നു നടിക്കുക , സമയത്തെ കാലം കൊണ്ടു തരും ..
    അന്നു കാലത്തെ കവര്‍ന്നെടുത്ത് , നിറഞ്ഞലിയുക .........!"
    സ്നേഹം ഉള്ളില്‍ നിറഞ്ഞു തുളുമ്പുമ്പോഴും പ്രകടിപ്പിക്കാന്‍ ആവാതെ പോകുന്ന ജീവിത സാഹചര്യങ്ങള്‍.
    പ്രീയെ നീയതറിയുക...നിന്നിലേ എനിക്ക് പൂര്‍ണ്ണതയുള്ളൂ.. റിനിയിലെ കാമുകന്‍ ,അവന്റെ തീഷ്ണമായ സ്നേഹം, നിസഹായത, നൊമ്പരങ്ങള്‍, പ്രതീക്ഷകള്‍ ,അങ്ങനെ എന്തെല്ലാം സത്യസന്ധമായ വരികളില്‍.
    നന്ദി റിനി ഈ നല്ല വായനക്ക്.

    ReplyDelete
    Replies
    1. നീലിമാ .. കുറേ നാളായല്ലൊ കണ്ടിട്ട് ..
      സത്യം പറഞ്ഞാല്‍ ഓര്‍ത്തില്ല കേട്ടൊ ..
      നട്ടില്‍ പൊയിട്ടൊക്കെ വന്നതാണ് .അമ്പേ മറന്നു പൊയി എന്നുള്ളത്
      സത്യം തന്നെ , എവിടെയായിരുന്നു വനവാസം ?
      എന്നിലേ കാമുകനേ അറിയുന്നതില്‍ , ആ വരികളറിയുന്നതില്‍
      ഒരുപാട് സന്തൊഷം തന്നെ , കൂടേ നന്ദിയും ..
      അവളില്ലാതേ എന്നില്‍ ജീവനില്ലെന്ന് ..
      അവളിലൂടെ എനിക്ക് വഴികളും ഉള്ളൂന്ന് ..
      ആവര്‍ത്തന വിരസമായ പ്രണയ വരികള്‍
      ആവര്‍ത്തിച്ച് വായിക്കുവാന്‍ തൊന്നുന്നു എന്നറിയുന്നത് ....
      സന്തൊഷം സ്നേഹം ...............

      Delete
    2. ആവര്‍ത്തന വിരസം എന്നൊന്നില്ല റിനി എഴുതുന്നതില്‍ എന്നാണു എനിക്ക് തോന്നീട്ടുള്ളത്. വിഷയം പ്രണയമാകുമ്പോള്‍ പ്രത്യേകിച്ചും.

      3 മാസക്കാലം അമ്മൂമ്മയുടെ കൂടെയായിരുന്നു. അവസാന നാളുകളില്‍ കൂട്ടിരിക്കാന്‍ സാധിച്ചത് എന്റെ പുണ്യം..

      Delete
    3. അമ്മുമ്മ മരണപെട്ടോ ......... ?

      Delete
    4. അമ്മൂമ്മ മരിച്ചിട്ടിപ്പോള്‍ മൂന്നു ആഴ്ചയായി റിനി .

      Delete
  19. വർഷമേഘങ്ങൾക്കിടയിൽ
    പ്രണയമേഘാവരണം മൂടി ,
    പ്രണയമഴ പെയ്യിക്കുവാൻ ഇന്നീ
    ബൂലോഗമലയാളത്തിൽ റിനിയെ കഴിഞ്ഞേ
    ആരും ഉള്ളൂ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണല്ലോ ഭായ് ഇവിടെ അല്ലേ

    ReplyDelete
    Replies
    1. ചാര്‍ത്തി തരുന്ന ,എനിക്ക് ചേരാത്ത ഈ വലിയ വലിയ
      വിശേഷണങ്ങള്‍ക്ക് , സ്നേഹം കൊണ്ട് നന്ദി പറയുന്നു ..
      കൂടേ ഹൃദയത്തില്‍ നിന്നു സ്നേഹവും ..

      Delete
  20. ആ വാക്കിനു വല്ലാത്തൊരു വശ്യതയുണ്ട്, ശലഭമഴ! മനസ്സില് നിന്ന് മാഞ്ഞുപോണെയില്ല ഈ വാക്ക്.
    മഴയോട് എപ്പോഴോ തോന്നിയൊരു പ്രണയം എന്നിലുമുണ്ട്. എങ്കിലും റിനിയുടെ ഓരോ പോസ്റ്റ്‌ വായിക്കുമ്പോഴും അതിന്റെ ആഴം കൂടിവരുന്നു, മഴയായ് പെയ്യാൻ മോഹം കൂടിവരുന്നു.

    ReplyDelete

ഒരു വരി .. അതു മതി ..